mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ട്യൂഷൻ ക്ലാസിൽ ഇരിക്കുമ്പോഴും അപ്പുവിൻ്റെ മനസ്സുനിറയെ പഞ്ചവർണ്ണ തത്തയും അതിൻ്റെ കുഞ്ഞുങ്ങളും ആയിരുന്നു. മധ്യവേനലവധിക്കാലം തുടങ്ങിയപ്പോൾ അവധിക്കാലം അടിച്ചു പൊളിക്കാം,

കളിക്കാം എന്ന് കരുതിയപ്പോഴാണ് അമ്മയുടെ ഓർഡർ 'ട്യൂഷന് പോണം' എന്ന്. അടുത്ത വർഷം ഹൈസ്ക്കൂളിലേക്കല്ലേ കുറച്ച് ഗ്രാമർ ഒക്കെ പഠിച്ചിരിക്കുന്നതു നല്ലതാണെന്നു പറഞ്ഞ് നിർബന്ധിച്ചു. അങ്ങനാണ് ഇഷ്ടമില്ലെങ്കിലും ചാന്ദ്നി ടീച്ചറിൻ്റെ വീട്ടിൽ ട്യൂഷന് പോയി തുടങ്ങിയത്.

പത്ത് മിനിറ്റ് നടന്നാലേ ടീച്ചറിൻ്റെ വീട്ടിലെത്തൂ. നാട്ടുവഴിയിലൂടെയുള്ള യാത്രയിൽ പല പല കൗതുക കാഴ്ചകളും കാണാം. ട്യൂഷൻ ക്ലാസ് ഇഷ്ടമില്ലെങ്കിലും ആ യാത്ര അപ്പു ആസ്വദിച്ചു തുടങ്ങിയിരുന്നു .

ടീച്ചറുടെ വീടിനടുത്തുള്ള തോട്ടത്തിലൂടെ പോയാൽ അവിടെങ്ങും പലയിനം പക്ഷികളും പൂമ്പാറ്റകളും തുമ്പികളും പാറിപ്പറക്കുന്നതു കാണാം. അവയെ നിരീക്ഷിക്കുകയും പിൻതുടരുകയും ചെയ്യുക അപ്പുവിൻ്റെ ഇഷ്ടവിനോദങ്ങളിൽ ഒന്നാണ്. ആ നിരീക്ഷണത്തിനൊടുവിലാണ് ഒരു മണ്ട പോയ തെങ്ങും, അതിനുള്ളിലെ പൊത്തിൽ കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ കയറിയിറങ്ങുന്ന തത്തയും അവൻ്റെ ശ്രദ്ധയിൽപെട്ടത്.

ഒരു 'തത്തമ്മകുഞ്ഞിനെ ' വളർത്തണമെന്നത് ഏറെക്കാലമായുള്ള അവൻ്റെ മോഹമാണ് .

കൂട്ടുകാരൻ ഗോപുവിൻ്റെ വീട്ടിൽ ഒരു തത്തമ്മയുണ്ട്. അവിടെ ചെല്ലുമ്പോൾ അത് മനുഷ്യരെപ്പോലെ സംസാരിക്കും. കുട്ടികളെപ്പോലെ പൊട്ടിച്ചിരിക്കും. കരയും. കൂട്ടുകാരൻ ചൂളം വിളിക്കുമ്പോലെ അത് കാതിനിമ്പമായി ചൂളം കുത്തും.

കിരണിൻ്റെ വീട്ടിലും ഉണ്ട് സംസാരിക്കുന്ന ഒരു മൈന. അവർ പൊന്നു എന്നു വിളിക്കുന്ന ഒരു കറുമ്പിമൈന.

തത്തക്കുഞ്ഞിനെ കിട്ടിയാൽ നല്ലൊരു പേരിട്ട് ഓമനിച്ച് വളർത്തണം .അപ്പുവും അമ്മുവും കൂടി അതിനായ് നല്ലൊരു പേരൊക്കെ കണ്ടു വെച്ചിട്ടുണ്ട്.

ഇന്ന് ക്ലാസ് കഴിഞ്ഞിട്ട് വേണം തെങ്ങിൽ കയറി തത്തകുഞ്ഞുങ്ങളെ സ്വന്തമാക്കാൻ. രണ്ടുദിവസമായി കുഞ്ഞുങ്ങളുടെ കലപിലശബ്ദം കേൾക്കുന്നതു കൊണ്ട് എടുക്കാൻ പ്രായമായി എന്നാണ് ഗോപു പറഞ്ഞത്.
ഇനി വൈകിയാൽ അവറ്റകൾ പറന്നുപോകുമത്രേ. ഇപ്പോൾ എടുത്തു വളർത്തിയാൽ അവ നന്നായി ഇണങ്ങും .
ക്ലാസ് കഴിഞ്ഞു വെളിയിൽ ഇറങ്ങിയ അപ്പു അനിയത്തിയോട് പറഞ്ഞു .

"അമ്മൂ നീ നടന്നോ, ഞാൻ തത്തക്കുട്ടിയെ എടുത്തിട്ട് വരാം."

"വേണ്ട ചേട്ടാ നമുക്ക് ഒരുമിച്ചു പോകാം .എനിക്കും കാണണം തത്തമ്മകുട്ടിയെ എടുക്കുന്നത്. "

"ഡാ അവളും നമ്മുടെ കൂടെ വന്നോട്ടെ. ഒറ്റയ്ക്ക് വിടേണ്ട. വല്ല പട്ടിയേം കണ്ട് പേടിച്ചാലോ ?", ഗോപു അവളുടെ രക്ഷയ്ക്കെത്തി.

മൂന്നാളും കൂടി ആ തെങ്ങിൻചുവട്ടിലെത്തി. തെങ്ങ് മൊത്തം നിരീക്ഷിച്ചിട്ട് ഗോപു പറഞ്ഞു .

"ഡാ അപ്പൂ ഇതിൽ കയറുക അത്ര എളുപ്പമല്ല. മണ്ട പോയ തെങ്ങാണ്. മൊത്തം ഉണങ്ങി നിൽക്കുകയയാണ്.ഇതിൽ കയറുന്നത് അപകടമാണ് ."

"കയറാതെ പിന്നെ, മറ്റ് എന്താ ഒരു വഴി ?" അപ്പു ആലോചനയിൽ മുഴുകി.

"എടാ നമ്മൾ കയറുമ്പോൾ തെങ്ങ് മറിഞ്ഞു വീണാലോ ?"ഗോപു ചോദിച്ചു.

"അയ്യോ ,തെങ്ങ് മറിഞ്ഞു വീഴുമോ? , എങ്കിൽ തത്തക്കുഞ്ഞ് വേണ്ട ചേട്ടാ, നമുക്ക് വീട്ടിൽ പോകാം."
അനിയത്തി സങ്കടത്തോടെ പറഞ്ഞു.

അപ്പു പക്ഷേ വിട്ടു കളയാൻ ഒരുക്കമായിരുന്നില്ല.'എന്താ ഒരു വഴി' അവൻചുറ്റുപാടും നിരീക്ഷിച്ചു. കുറച്ചു ദൂരെ കിടന്ന ഒരു വലിയ മുളയുടെ കമ്പുമായി അവൻ വന്നു.
''ഗോപു നമുക്ക് ഈ കമ്പ് വെച്ച് മെല്ലെ തട്ടി നോക്കിയാലോ. അപ്പോൾ കുഞ്ഞുങ്ങൾ വെളിയിൽ വരും. 'താഴെ വീഴാതെ പിടിച്ച് എടുത്താൽ മതി."

അവൻ ആ കമ്പ് മരപ്പൊത്തിൽ എത്തുമോ എന്ന് നോക്കി. ആ കമ്പിന് കുറച്ചു നീളം കൂടി ഉണ്ടായിരുന്നെങ്കിൽ! ഒരു രക്ഷയുമില്ല. ഒരു കമ്പും കൂടി ഉണ്ടെങ്കിൽ വെച്ച് കെട്ടി അതുകൊണ്ട് തട്ടിയാൽ തത്ത കുഞ്ഞിനെകിട്ടുമോ എന്ന് നോക്കാം. അപ്പുവും ഗോപുവും രണ്ടു വഴിക്കായി കമ്പ് അന്വേഷിച്ചു നടന്നു.

"എടാ അപ്പൂ, ഞാനാ പൊട്ടക്കിണറിൻ്റെ അടുത്ത് വല്ല കമ്പും കിട്ടുമോ എന്ന് നോക്കട്ടെ." ഗോപു കമ്പുമായി വരുമ്പോഴേയ്ക്കും അത് വെച്ചു കെട്ടാനുള്ള വള്ളിയ്ക്കായി അപ്പു അടുത്തുള്ള വാഴയിൽ നിന്ന് ഉണങ്ങിയ വാഴപ്പോളകൾ പൊളിച്ചെടുത്തു.

"ഡാ അപ്പൂ.. അപ്പൂ.. ഇങ്ങോട്ടു വാടാ വേഗം .. " ഗോപുവിൻ്റെ ഉച്ചത്തിലുള്ള വിളി കേട്ട് അപ്പു അവിടേയ്ക്കോടി. പിന്നാലെ അമ്മുവും.
''എന്താടാ ?'' അപ്പുവും അനിയത്തിയും ഓടി അവൻ്റെ അടുത്തെത്തി.

അവിടെ വഴിയരികിലായ് ഒരു വലിയ പൊട്ടക്കിണർ ഉണ്ട്. എല്ലാവരും വെയ്സ്റ്റ് കൊണ്ടുവന്ന് ഇടുന്ന അത് നിറയാറായി.അതിലേക്ക് നോക്കി ഗോപു ചൂണ്ടിക്കാണിച്ചു. "ഡാ അപ്പൂ നോക്ക് നിൻ്റെ ഉടുപ്പല്ലേ അത്. "

അപ്പു നോക്കിയപ്പോൾ ശരിയാണ്. അവൻ്റെ മഞ്ഞയിൽ വെള്ള വരകളുള്ള ബനിയൻ അതാ പൊട്ടക്കിണറ്റിൽ കിടക്കുന്നു. അടുത്തുതന്നെ അമ്മുവിൻ്റെ നീല ഫ്രോക്കും ഉണ്ട്.

"ചേട്ടാ എൻ്റെ ഉടുപ്പ് ." നീല ഉടുപ്പ് ചൂണ്ടിക്കാട്ടിയ അമ്മുവിൻ്റെ മുഖത്താകെ സങ്കടം. അവർ മൂന്നുപേരും പരസ്പരം മുഖത്തോടു മുഖം നോക്കി. ഇതെങ്ങനെ ഇവിടെ വന്നു .

"ഇതു വല്ല കള്ളന്മാരും മോഷ്ടിച്ചു കൊണ്ടു വന്നതാണോ ?" ഗോപു ചോദിച്ചു. അപ്പു ചിന്തയിലാണ്ടു. "അങ്ങനാണേൽ എന്തിനാ പൊട്ടക്കിണറ്റിൽ ഇടുന്നത് ?"

"എൻ്റെ നല്ല ഉടുപ്പായിരുന്നു." അമ്മു പറഞ്ഞു കൊണ്ടേയിരുന്നു.
"അമ്മൂ കിണറിൻ്റെ സൈഡിൽ നിക്കണ്ടാ, വീണാലോ. അപ്പൂ വാ നമുക്ക് പോകാം. വീട്ടിൽച്ചെന്ന് പറയാം."
ഗോപുവിനോടൊപ്പം അപ്പുവും അമ്മുവും അസ്വസ്ഥമായ മനസ്സോടെ നടന്നു .

വീട്ടിൽ ചെന്ന് അച്ഛനോടും അമ്മയോടും പറയണം . ഇനി എന്തൊക്കെ കള്ളൻ കൊണ്ടു പോയിട്ടുണ്ടാകും.അപ്പുവിൻ്റെ മനസാകെ കലുഷിതമായി.

അവർ മൂവരും ഓടിയാണ് വീട്ടിലെത്തിയത് .

"അമ്മെ .. അമ്മെ .."
അമ്മയെ വിളച്ചു കൊണ്ട് അപ്പു ഓടി മുറികളിലും അടുക്കളയിലും കയറി നോക്കി. അമ്മയെ കാണുന്നില്ല.

" മുത്തശ്ശീ അമ്മയെവിടെ?"

"അയൽക്കൂട്ടത്തിന് പോയതാ. എന്താ മോനെ ചായ വേണോ ?ഞാൻ എടുത്തു തരാം." മുത്തശ്ശി പറഞ്ഞു.

''അതല്ല മുത്തശ്ശി , നമ്മുടെ വീട്ടിൽ കള്ളൻ കയറി."

"കള്ളനോ? എവിടെ?" മുത്തശ്ശി ഉൽക്കണ്ഠയോടെ ചോദിച്ചു.

"എൻ്റെ ബനിയനും അമ്മുവിൻ്റെ ഉടുപ്പും ഒക്കെ കള്ളൻ കൊണ്ടുപോയി."

"അയ്യോ മോനേ.. നേരാണോ ?

"മുത്തശ്ശീ ടീച്ചറിൻ്റെ വീടിനടുത്തുള്ള പൊട്ടക്കിണറ്റിൽ ഡ്രസ്സ് കിടക്കുന്നതു ഞങ്ങൾ കണ്ടതാ."
അപ്പു ഒറ്റശ്വാസത്തിൽ പറഞ്ഞു.

"കള്ളനോ.. നീ ഒന്നു പോടാ." മുത്തശ്ശി അവനെ കളിയാക്കി.

'അമ്മ ഒന്ന് വന്നിരുന്നെങ്കിൽ.. ഒരു അയൽക്കൂട്ടം .'
അമ്മയെ കണ്ട് വിവരം പറയാൻ അപ്പുവിന് ധൃതിയായി.

അപ്പോഴേക്കും മാർക്കറ്റിൽ പോയ അച്ഛൻ കുറേ സാധനങ്ങളുമായി വന്നു കയറി .വന്നപാടെ അച്ഛൻ രണ്ടാൾക്കും ഉള്ള പലഹാര പായ്ക്കറ്റ് നീട്ടി. അവർക്ക് ഇന്ന് അതൊന്നും വേണമെന്നില്ല.

"അച്ഛാ നമ്മുടെ വീട്ടിൽ കള്ളൻ കയറി. നമ്മുടെ ഉടുപ്പൊക്കെ കള്ളൻ കട്ടോണ്ടു പോയി. ടീച്ചറിൻ്റെ വീടിനടുത്തുള്ള പൊട്ടക്കിണറ്റിൽ കൊണ്ടിട്ടിട്ടുണ്ട്. "

അനിയത്തിയുടെ വാക്കുകൾ അപ്പു പിന്താങ്ങി .

"ശരിയാണച്ഛാ, ഞങ്ങൾ കണ്ടതാ. "

"ആഹാ എന്നാൽ ഒന്ന് പോയി നോക്കണമല്ലോ ?" അച്ഛൻ പറഞ്ഞു.

"എന്നാൽ പോകാം അച്ഛാ?" അപ്പു മുന്നിൽ ഇറങ്ങിക്കഴിഞ്ഞു.

അപ്പോഴാണ് അയൽക്കൂട്ടം കഴിഞ്ഞു അമ്മയും അടുത്ത വീട്ടിലെ സരോജിനിയും വർത്തമാനം
പറഞ്ഞു ചിരിച്ച് വരുന്നതു കണ്ടത്.

"അമ്മേ ഒന്ന് വേഗം വായോ ?" അപ്പു ഉറക്കെ വിളിച്ചു.

"എന്താടാ ഇത്ര അത്യാവശ്യം?"

"അമ്മേ നമ്മുടെ വീട്ടിൽ കള്ളൻ കേറി ."
"ങേ.. കള്ളനോ? " അമ്മ ചോദിച്ചു.
"കള്ളനോ.. "
അമ്മയോടൊപ്പം സരോജിനിയും ചോദിച്ചു.

"അമ്മെ എൻ്റെ മഞ്ഞ ബനിയനും അമ്മൂൻ്റെ നീല ഉടുപ്പും ടീച്ചറിൻ്റ വീടിനടുത്തുള്ള പൊട്ടക്കിണറ്റിൽ കിടക്കുന്നുണ്ട്. ഞങ്ങൾ ഇപ്പോൾ കണ്ടിട്ട് വന്നതാ ." അപ്പു പറഞ്ഞു.

"ദേവീ നിന്നോട് ഞാൻ പറഞ്ഞതല്ലേ, അവന് ഒന്നും കൊടുക്കരുത് എന്ന്. അവൻ പെരുംകള്ളനാണ്. ഇപ്പോൾ നിനക്ക് മനസിലായോ ?" സരോജിനി പറഞ്ഞു.

"എന്താ സരോജിനീ കാര്യം? ആരാ കള്ളൻ ?" അച്ഛൻ ചോദിച്ചു.

"കാല് വയ്യാത്ത ഒരു മനുഷ്യൻ രാവിലെ വന്നു.' ഒരു അപകടത്തിൽ കാലിന് പരുക്ക് പറ്റി. ആറുമാസമായി ജോലിക്കൊന്നും പോകാൻ പറ്റുന്നില്ല. മക്കൾ പഠിക്കുന്നത് കൊണ്ട് അവർക്ക് ഫീസ് വേണം. ഡ്രസ്സ് വേണം. ഭാര്യ മരിച്ചു പോയി. കുറച്ചു പൈസ തന്നു സഹായിക്കണം' എന്നൊക്കെ പറഞ്ഞു. ഇവിടെ പണമില്ലായിരുന്നതു കൊണ്ട് കുട്ടികളുടെ രണ്ടാളുടേം പുതിയ ഡ്രസ്സ്‌ കൊടുത്തു. രണ്ടു പഴയ ഉടുപ്പുകളും എടുത്തുകൊടുത്തു.ചേട്ടായിക്ക് ക്രിസ്മസിന് വാങ്ങിയ ആ പുതിയ ഷർട്ടും മുണ്ടും കൂടി ഞാൻ എടുത്തു കൊടുത്തു." ദേവി പറഞ്ഞു.

"ബാക്കി ഞാൻ പറയാം." തുടർന്നു പറഞ്ഞത് സരോജിനിയാണ്.

"ഞാൻ ഇവളോട് പറഞ്ഞതാ ചേട്ടാ . 'അവൻ കള്ളനാണ്. അവൻ്റെ കാലിലെ പരുക്കും ചട്ടും ഒക്കെ കള്ളമാണ്, അവന് ഒന്നും കൊടുക്കരുതെന്നും.' പക്ഷേ ദേവീടെ മനസലിഞ്ഞു. നല്ല ഡ്രസ്സുകൾ എല്ലാം അവൻ എടുത്തു. എന്നിട്ട് പഴയ ഡ്രസ്സ് അവൻ പൊട്ടക്കിണറ്റിലിട്ടു."

"ശ്ശെ.. നമ്മുടെ തത്ത കുഞ്ഞുങ്ങൾ .."

അപ്പുവും അമ്മുവും ഗോപുവും മുഖത്തോട് മുഖം നോക്കി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ