mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

"അരി നാളേയ്ക്കു കൂടിയുണ്ടാകും കാപ്പിപ്പൊടിയും പഞ്ചസാരയും തീര്‍ന്നു", പുറത്തേക്കിറങ്ങുമ്പോള്‍ ഭാര്യ ഓര്‍മ്മിപ്പിച്ചു. "പിന്നെ മോന് ഒരു ബാഗു വാങ്ങണം കൊറേ ദിവസമായി അവന്‍ പറയണൂ ഒക്കെ

കീറിതുടങ്ങിയിരിക്കണൂ... അമ്മയ്ക്ക് കുഴമ്പ് വാങ്ങിക്കാനുമുണ്ട്... മറക്കേണ്ട...’’ ഇനിയൊന്നുമില്ലേ എന്നറിയാനായി രാമന്‍കുട്ടി മാഷ് കാത്തു നിന്നു.  ശംബള ദിവസം എത്തിയിട്ടില്ല, അതിനു മുന്‍പേ ആവശ്യങ്ങളുടെ പട്ടിക എത്തികഴിഞ്ഞിരിക്കുന്നു. ശംബള ദിവസത്തിന്‍റന്ന് പേടിയാണ്. കിട്ടുന്നത് വീതം വച്ചുകൊടുക്കാനേ തികയില്ല. പലചരക്കുസാധനങ്ങളും, പച്ചക്കറികളും ശങ്കരങ്കുട്ടിയുടെ കടയില്‍നിന്നാണ് വാങ്ങുന്നത്. മൊത്തമായി ഒരു മാസത്തേക്ക് വാങ്ങിക്കുന്ന ഒരുശീലമില്ലായിരുന്നു. ആവശ്യം വരുമ്പോള്‍ ചെന്നുവാങ്ങും. ശംബളം കിട്ടിയാല്‍ ഒന്നിച്ചു കിട്ടുമെന്നറിയാമായിരുന്നതുകൊണ്ട് കടം കൊടുക്കാന്‍ കടക്കാരന് ഉല്‍സാഹമായിരുന്നു.

വീടിന്‍റെ ലോണ്‍ മുറതെറ്റാതെ ബാങ്കിലടയ്ക്കണം, മോന്‍റെ ഫീസ്‌, പുസ്തകങ്ങള്‍ , മരുന്ന് അതിനു പുറമേ ആവശ്യങ്ങളുടെ പട്ടിക വേറെയും. രാമന്‍കുട്ടി മാഷ് അസ്വസ്തതയാല്‍ മേശയില്‍ തലതാഴ്ത്തിയിരുന്നു.
സ്റ്റാഫ്‌റൂമില്‍ മറ്റുള്ളവരെല്ലാം പോയികഴിഞ്ഞിരുന്നു. പ്യൂണ്‍ സുകുമാരന്‍ ക്ലാസ്സ്‌മുറികളടച്ച് വന്നെത്തി.
‘’എന്താ മാഷേ ഇന്നിവിടെ കൂടാന്‍ തന്നെയാണോ തീരുമാനം.....’
സുകുമാരന്‍റെ ശബ്ദമാണ് ചിന്തയില്‍നിന്നുമുണര്‍ത്തിയത്. സുകുമാരന് മാഷുടെ കഷപ്പാട് നല്ലവണ്ണം അറിയാം പലപ്പോഴും സുകുമാരനോടാണ് കടം ചോദിക്കുക. തിരിച്ചുകൊടുക്കുന്നതില്‍ മാഷ്‌കണിശകാരനായിരുന്നു. സുകുമാരന്‍ അവിവാഹിതനാണ്. ഭൂസ്വത്ത് ധാരാളമുണ്ട് . അമ്മയും അച്ഛനും ഉദ്യോഗസ്ഥര്‍ ഒറ്റമകനും. പിന്നെയെന്ത് ഭാരം.

മാഷുടെ ജീവിതമാണെങ്കിലോ ദുരിതം നിറഞ്ഞതായിരുന്നു. സാമ്പത്തിക പരാധീനതയും വീട്ടിലെ പ്രശ്നങ്ങളും മാഷെ വല്ലാതെ നോവിച്ചിരുന്നു. വേണ്ടരീതിയില്‍ അന്വേഷിച്ചു നടത്താത്ത ഒരു വിവാഹമായിരുന്നു മാഷുടേത്. പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഇഷ്ടമായി വലിയ വീട്ടുകാര്‍ ഇഷ്ടംപോലെ സ്വത്ത്‌, ബന്ധുക്കളാണെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരും. തനിക്കു സ്വപ്നം കാണാന്‍ കഴിയുന്നതിനെക്കാള്‍ അപ്പുറമൊരു ബന്ധമാണെന്ന് മാഷ്‌ തെറ്റിദ്ധരിച്ചുപോയി.

അന്വേഷിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും ആരുമുണ്ടായിരുന്നില്ല. സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ സ്ത്രീധനതുകയുടെ കുറവിനെ ചൊല്ലിയും തറവാട് കിട്ടണമെന്നുള്ള വാശിയാലും അവളും ഭര്‍ത്താവും പിണങ്ങി നില്‍ക്കുന്ന സമയം. പ്രായമായ അമ്മയ്ക്ക് കാര്യങ്ങള്‍ നടത്താനുള്ള കഴിവുകുറവ്. ബന്ധുബലവുമില്ല. ഒരു സുഹൃത്ത്‌ മുഖേനയാണ് മാഷ്‌ പെണ്ണുകാണാന്‍ പോയതുതന്നെ. ഇരുകൂട്ടര്‍ക്കും ബോധിച്ചു, പെട്ടെന്നുതന്നെ വിവാഹവും നടന്നു.

ആദ്യകാഴ്ചയിലെ സൗന്ദര്യമായിരുന്നില്ല വിവാഹം കഴിഞ്ഞ് പിന്നിട്ട നാളുകളില്‍ ഉണ്ടായത്. എന്തിനും ഏതിനും സംശയിക്കുന്ന, കലഹിക്കുന്ന ഭാര്യ. അസ്വാരസ്യങ്ങള്‍ നിറഞ്ഞ ദിനരാത്രങ്ങള്‍. താന്‍ ചതിയ്ക്കപ്പെടുകയായിരുന്നോ എന്ന് മാഷ്ക്ക് തോന്നി. വീട്ടിലെ അസ്വസ്തയ്ക്കുള്ള കാരണം തന്‍റെ പെരുമാറ്റമാണെന്നുള്ള ഭാര്യവീട്ടുകാരുടെ പഴിചാരലും അതിനെതുടര്‍ന്നുള്ള അവരുടെ നിസ്സഹകരണവും അവഗണനയും മാഷെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു.

അതിനിടയിലാണ് തറവാട്ടുസ്വത്ത്‌ ഭാഗം വച്ചുകിട്ടണമെന്നുള്ള സഹോദരിയുടേയും ഭര്‍ത്താവിന്‍റെയും പടപ്പുറപ്പാട്. എല്ലാം മാഷുടെ ജീവിതത്തെ അസ്വസ്തതയുടെ കൂമ്പാരമാക്കി.
ഒരു ദിവസം ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഹെഡ്മിസ്‌ട്രസ്സ് വിളിപ്പിച്ചത്. ഓഫീസ്മുറിയില്‍ ചെന്നപ്പോളാണ് എച്ച്.എം സംഭവം വിവരിച്ചത്. അപ്പോള്‍ തന്നെ വീട്ടിലേയ്ക്കോടി. ഭാര്യ എന്തോ വിഷദ്രാവകം കഴിച്ച് അബോധാവസ്ഥയിലായിരിക്കുന്നു. ഉടനെ തന്നെ ആശുപത്രിയിലാക്കി. രക്ഷപ്പെട്ടത് ഭാഗ്യമെന്നെ പറയേണ്ടു. ആരും തിരിഞ്ഞുനോക്കാനുണ്ടായില്ല. ഭാര്യവീട്ടുകാര്‍ പിന്നിടങ്ങോട്ട് മാഷോട് ഒരു ശത്രുവിനോടെന്നതുപോലെയാണ് പെരുമാറിയത്.

പലതും മൂടിവച്ചെങ്കിലും എങ്ങിനെയോ പലരുടേയും കാതിലെത്തി. സഹപ്രവര്‍ത്തകര്‍ കാര്യങ്ങളറിഞ്ഞ് കുത്തി കുത്തി ചോദിച്ചുകൊണ്ടിരുന്നു . അന്വേഷിക്കാതെ വിവാഹം കഴിച്ചതിനെ കുറിച്ചു പറഞ്ഞ് പലരും കുറ്റപ്പെടുത്തുമ്പോള്‍ മനസ്സിലാകെ അസ്വസ്ഥതയുടെ പെരുമ്പറ മുഴങ്ങും. ഭാര്യയെ സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടി വന്നു. നീണ്ട ചികിത്സകള്‍ ഒരിക്കലും മുടക്കാന്‍ കഴിയാത്ത മരുന്നുകള്‍ .....ഉറക്കം കെടുത്തുന്ന രാവുകള്‍ .....

''മാഷ്ക്ക് എന്നും ആലോചനകളാണല്ലോ...''
സുകുമാരന്‍റെ ശബ്ദം വീണ്ടും ചിന്തകളെ മുറിച്ചു. ബാഗും കുടയുമെടുത്ത് മാഷ്‌ പുറത്തിറങ്ങി
പോസ്റ്റോഫീസിനപ്പുറത്താണ് ശങ്കരന്‍കുട്ടിയുടെ കട. സാധനങ്ങളുടെ ലിസ്റ്റും സഞ്ചിയും കടയില്‍ കൊടുത്തേല്‍പ്പിച്ചിട്ടാണ് രാവിലെ സ്കൂളിലേക്ക് പുറപ്പെട്ടത്‌ .തിരിച്ചു പോകുമ്പോള്‍ വാങ്ങികൊണ്ടുപോകലാണ് പതിവ്.

ബസ്സുകാത്തു നില്‍ക്കുമ്പോളാണ് പോസ്റ്റ്മാന്‍ ഉണ്ണി സൈക്കിളില്‍ വന്നത്. മാഷ്ക്ക് ഒരുകത്തുണ്ട് ...ഇന്നലെതരാന്‍ പറ്റിയില്ല ... കത്തുവാങ്ങി.തുറന്നുനോക്കി. നേരിയ ഒരു വിറയലുണ്ടായി.
ലോണ്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ബാങ്കില്‍നിന്നുമുള്ള രണ്ടാം അറിയിപ്പായിരുന്നു അത്.
തറവാട്‌ ഭാഗം വച്ചപ്പോള്‍ കിട്ടിയ കുറച്ചുകാശുംകൊണ്ടാണ് വീടുവിട്ടിറങ്ങിയത്. അമ്മയും തന്‍റെയൊപ്പമിറങ്ങിപോന്നു. പുതിയൊരു വീടുവാങ്ങാന്‍ ലോണെടുക്കേണ്ടിവന്നു. ഓര്‍ക്കാപ്പുറത്ത് സംഭവിക്കുന്ന പലതും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടിരുന്നു. രാവിലെ വീട്ടില്‍ നിന്നുമിറങ്ങുമ്പോള്‍ ഭാര്യ പറഞ്ഞ ആവശ്യങ്ങളുടെ പട്ടിക മാഷോര്‍ത്തു. എന്നും എന്തെങ്കിലും ഒരുകൂട്ടം വാങ്ങാനുണ്ടാകും. വരവെത്രയെന്നുള്ള യാതൊരു ചിന്തയുമില്ലാതെയാണ് ഭാര്യയുടെ ഓരോദിവസത്തേയും പുറപ്പാട്. എന്നും വാങ്ങാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് അവളുടെ കൈവശമുണ്ടാകും അശാന്തിയുടെ ദിനങ്ങളാണ് കടന്നുപോയ്കൊണ്ടിരിക്കുന്നത്. എവിടെയാണിതിന്‍റെ അന്ത്യം. വരുമാനത്തിന് വര്‍ദ്ധനവില്ല .ചെലവാണെങ്കില്‍ ഓരോദിവസവും ഏറിവരുന്നു.
ചെമ്മണ്‍വഴി തിരിഞ്ഞ് മൈതാനത്തിന്‍റെ തെക്കു ഭാഗത്തേയ്ക്ക് നടന്നു. അവിടെ കുട ചൂടി നില്‍ക്കുകയാണ് വാകമരങ്ങള്‍. കുറച്ചുനേരം ഈ തണലിലിരിക്കാം. നേരത്തെ വീട്ടില്‍ പോയിട്ടെന്തിനാണ് . വീട്ടിലേയ്ക്കുള്ള വഴിയിലെന്നും മുള്ളുകളും കല്ലുകളുമാണ്...

മൈതാനത്ത് പിള്ളേര്‍ കാല്‍പന്തു കളിക്കുന്നുണ്ട് . എങ്ങിനെയെങ്കിലും കുറച്ചു നേരം സ്വസ്ഥമായിട്ടിരിക്കണം. സര്‍ക്കാര്‍ ജോലിക്കാരന് കൈനിറയെ കാശാണ് എന്നൊരു മൂഡ വിശ്വാസമാണ് പലര്‍ക്കും. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് അവരെന്ന് പലര്‍ക്കുമറിഞ്ഞുകൂടാ. ഇടത്തട്ടുകാര്‍ വല്ലാത്തൊരു വിഷമാവസ്ഥയിലാണെപ്പോഴും. താഴേക്കു അധ:പതിച്ചു ജീവിക്കാന്‍ വയ്യാത്തതുകൊണ്ട് പലതും മൂടിവച്ച് മുഖത്തണിഞ്ഞുവയ്ക്കുന്നു വേഷങ്ങള്‍.

മൈതാനത്തിന്‍റെ അരികുപറ്റി നടന്നുവരുന്ന ആ യുവതിയെ അപ്പോഴാണ്‌ കണ്ടത്. മനസ്സുമിടിക്കാന്‍ തുടങ്ങി. കൂനിന്മേല്‍ കുരു എന്നപോലോന്ന്‍. പ്രശ്നങ്ങള്‍ വരുമ്പോള്‍ ഒക്കെകൂടി ഒന്നിച്ചാണ് വരവ്. വിടാതെ പിന്തുടരുന്ന ഒരു നിഴലായിരുന്നു അവള്‍. അടുത്തു വരുമ്പോള്‍ പരിഭ്രമം. തൊണ്ടയില്‍ ജലനഷ്ടവും. അവള്‍ കാണരുതേയെന്ന പ്രാര്‍ഥനയോടെ കളികാണുകയാണെന്ന നാട്യത്തോടെയിരുന്നു. എന്നാല്‍ അവള്‍ കണ്ടിരിക്കുന്നു. നീലസാരി, കൈയ്യില്‍ ചായാന്‍ തുടങ്ങുന്ന വെയിലിനെ മറയ്ക്കാന്‍ നിവര്‍ത്തി പിടിച്ച പുള്ളിക്കുട. തോളില്‍ ബ്രൌണ്‍നിറത്തിലുള്ള വാനിറ്റി ബാഗ്. അവളും ഒരുദ്യോഗസ്ഥയാണ്. മാഷുടെ തൊട്ടടുത്തെത്തി അവള്‍ ചിരിച്ചു. വിദേശ സ്പ്രേയുടെ പരിമളം നാസാരന്ധ്രങ്ങളിലടിച്ചുകയറി
"എന്താ മാഷേ വീട്ടില്‍ പോകാതെ കളികണ്ടിരിക്കയാണോ?"

അവള്‍ , നീലസാരി നിന്ന് ചിരിക്കുകയാണ്. തൊണ്ടയില്‍ ശബ്ദം കുരുങ്ങിക്കിടന്നു. ഒരു വാക്കുപോലും മറുത്തുപറയാന്‍ പററാതെ നിന്നു. വിടാതെ ഒരു നിഴലായി പിന്നെയും പിന്തുടരുകയാണ് അവള്‍ .
കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പാണ് അവള്‍ സ്കൂളില്‍ വന്നത് അന്ന് പരിചയപ്പെട്ടുപോയതാണ് കുഴപ്പമായത്. പിന്നീട് പലതവണ അവളെ കാണേണ്ടി വന്നു. അപ്പോഴോക്കെ നിര്‍ബന്ധിക്കും. പക്ഷെ പല ഒഴികഴിവും പറഞ്ഞു മുങ്ങി നടന്നു. പക്ഷെ അവളുണ്ടോ വിടുന്നു. ഇപ്പോള്‍ തീര്‍ത്തും പിടിവീണിരിക്കുന്നു. അവളുടെ ചിരിയില്‍ പൊതിഞ്ഞ വാചാലതയില്‍ മയങ്ങി പോയിരിക്കുന്നു. തിരിച്ചു പറയാനൊന്നും കഴിയില്ല. അങ്ങിനെയായിപോയി. ദുര്‍ബ്ബലന്‍.

‘’മാഷ്‌ എത്ര തവണയായി ഒഴിഞ്ഞു മാറാന്‍ നോക്കുന്നു...ഇത്തവണ ഒന്നും പറയേണ്ട’’
എന്തൊരു തന്‍റേടമാണവള്‍ക്ക്. എന്തൊരു സമര്‍ത്ഥ. പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും മറ്റുള്ളവര റിയരുതെന്ന് പലര്‍ക്കുമുണ്ട്. ഇടത്തട്ടുകാരന്‍റെ ദുരഭിമാനം മാഷെയും പിടികൂടിയിട്ടുണ്ട് .
''മാഷ് .....എന്താ ..ആലോചിക്കുന്നേ ....
''വേണോ ...
''വേണം മാഷേ ....
‘’ചെറിയതല്ലേ മാഷേ... പറയണൂള്ളൂ... എത്രതവണയായി ഞാന്‍ ........
ഒരു ലക്ഷത്തിന്‍റെയെങ്കിലും. കുട്ടികളൊക്കെ വലുതായി വരല്ലേ. പിന്നെ ശംബളത്തിന്ന് പിടിക്കാലോ... ഇതിനായിട്ട്‌ നീക്കി വയ്ക്കേം വേണ്ട. അതൊക്കെയങ്ങ് അടഞ്ഞുപോയ്ക്കോളും മാഷേ.....’’

ഒന്നും മറുത്തു പറയാന്‍ കഴിയാതെ നിന്നു. അവള്‍ നീട്ടിയ കടലാസുകളില്‍ യാന്ത്രികമായി ഒപ്പിട്ടു
‘’അടുത്ത ദിവസം സ്കൂളില്‍ വരണ്ട്...ബാക്കിയൊക്കെ പൂരിപ്പിക്കാന്‍... അവള്‍ മന്ദഹാസത്തോടെ പറഞ്ഞു.
മനം മയക്കുന്ന അവളുടെ ചിരിയിലാണ് ഓരോബിസിനസ്സിന്‍റെയും വര്‍ദ്ധന.
തനിക്കാണെങ്കിലോ ലോണ്‍, ഫീസ്, മരുന്ന്, ആശുപത്രി.... മറ്റുആവശ്യങ്ങള്‍... മാഷ് ചെലവുകളുടെ വര്‍ദ്ധന കണക്കുകൂട്ടുകയായിരുന്നു.

‘അടുത്ത മാസത്തില്‍ രണ്ടു ഗഡ് പിടിക്കേണ്ടിവരുംട്ടോ.. അവള്‍ പറഞ്ഞു. മാഷ് ശിലാപ്രതിമപോലെ നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. പരിമള ഗന്ധം മെല്ലെ അകന്നുപോയി. വേവലാതിപിടിച്ച മനസ്സുമായി മാഷ്‌ വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്കും നടന്നു.

ഇരുട്ട് കടന്നു വന്നപ്പോഴാണ് മാഷ്‌ വീട്ടിലെത്തിയത് സാധനങ്ങളൊന്നും വാങ്ങിക്കാതെ ഒഴിഞ്ഞ കൈയ്യുമായി വന്ന മാഷേ കണ്ട് ഭാര്യ ചോദിച്ചു,
''ഒന്നും വാങ്ങീല്ലേ...
മാഷൊന്നൂം മിണ്ടിയില്ല ..
..നിങ്ങക്കെന്താ ..പറ്റിത് ...
അതിനും മാഷ് മറുപടിപറയാതെ നിന്നു. പിന്നെ മിണ്ടാതെ ഇറയത്തെ ചാരുകസേരയില്‍ പോയികിടന്നു.
അവന്‍ വന്നോ ....കൊഴമ്പ്... കിട്ട്യോ ആവോ ....
അകത്തുനിന്നും അമ്മയുടെ സ്വരം മാഷ് കേട്ടില്ല .
പഠിപ്പിനിടയില്‍ അച്ഛന്‍ വന്നതറിഞ്ഞ് തനിക്കു നാളളെ പുതിയ ബാഗും കൊണ്ടുപോകാമെന്നു വിചാരിച്ച് മകനോടിയെത്തി.
മാഷ് ആരേയും ശ്രദ്ധിച്ചില്ല .
കണക്കു പഠിക്കുന്ന കുട്ടിയെപോലെ വിരലില്‍ കൂട്ടാനും കിഴിക്കാനും ഗുണിക്കാനും തുടങ്ങുകയാണ് മാഷുടെ വിരലുകള്‍ . എവിടെയുമെത്തി നില്‍ക്കാത്ത കണക്കുകള്‍.
നിങ്ങളെന്താ .....ഇന്നിങ്ങനെ .....
ഭാര്യ മുഖം കനപ്പിച്ച് അകത്തേയ്ക്കുപോയി.
"അച്ഛാ..." മകന്‍ മാഷുടെ അരികിലായ് നിന്നു. ഒന്നും മിണ്ടാതെയിരിക്കുന്നതുകണ്ട് അവനു വിഷമമായി. അവന്‍ പതുക്കെ അകത്തേയ്ക്കു നടന്നു. അടുക്കളയില്‍ ദേഷ്യത്താലെന്തോ വീണുടഞ്ഞു. പിറുപിറുക്കലും.
അല്‍പ്പനേരം കഴിഞ്ഞതും ടിന്നില്‍ കുറച്ചു ബാക്കിയുണ്ടായിരുന്ന കാപ്പിപൊടിയും, പഞ്ചസാരയും തട്ടികുടഞ്ഞുണ്ടാക്കിയ ചവര്‍പ്പുള്ള കാപ്പിയുമായി മാഷുടെ ഭാര്യ വന്നു. പക്ഷേ മാഷ്‌ ഒന്നും അറിഞ്ഞില്ല. അയാള്‍ എപ്പോഴോ കണക്കു കൂട്ടലിന്‍റെ കയങ്ങളിലേക്ക് നിലതെറ്റി ആഴ്ന്നു പോയികഴിഞ്ഞിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ