mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

‌ പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു, പതുക്കെ, വളരെപ്പതുക്കെ അവന്റെ ചിരി പോലെ നിശബ്ദമായി.... തണുപ്പ് കൂടിക്കൂടി വരികയാണ്. തണുത്തുറഞ്ഞ എന്റെ ശരീരത്തെ കുടുതൽ മരവിപ്പിക്കാനെന്നോണം. നീണ്ട കാത്തിരിപ്പിനൊടുവിൽ അവൻ വരികയാണ് അവസാനമായി എന്നെക്കാണാൻ. കട്ടപിടിച്ച ഈ മൂടൽമഞ്ഞിനിടയിലൂടെ രാവ് പുലരാൻ പോലും നേരമില്ലാതെ കാറ്റിനേപ്പോലും കാത്തു നിൽക്കാതെ

പറന്നു വരികയാണവൻ എനിക്കായി... അവസാനമായി..... അതേ ഒരിക്കൽ കൂടി മാത്രം അവന്റെ പ്രണയിനിയായ ഭൂമിയിലെ ഈ മാലാഖയെക്കാണാൻ...

‌സാധാരണയായി രാമേട്ടൻ ചുണ്ടിൽ എരിയുന്ന ബീഡിയുമായി പുറത്ത് അക്ഷമയോടെ ഉലാത്താറാണ് പതിവ്. പക്ഷേ ഇപ്പോൾ പതിവുകളൊക്കെ മാറിയിപ്പോയല്ലോ പി പി ഇ കിറ്റിനുള്ളിൽ വിയർത്ത് വിറങ്ങലിച്ച് പോയിരിക്കുന്നു അദ്ദേഹം. എന്നിട്ടും ഇരിക്കപ്പൊറുതിയില്ലാതെ മോർച്ചറക്കു മുന്നിൽ ഉലാത്തുക തന്നെയാണ്. പെട്ടെന്ന് എന്തോ ഓർത്തതുപോലെ വാതിലിനരികെ വന്നു നിൽക്കും വീണ്ടും നടത്തം തന്നെ. ഇടയ്ക്ക് ചെവിയോർക്കും ആരെങ്കിലും വരുന്നുണ്ടോ എങ്കിൽ പരിചിതമല്ലാത്ത ഈ കുപ്പായത്തിൽ നിന്ന് ഒന്നു വേഗം രക്ഷപ്പെടാമല്ലോ.

‌ അവിടമാകെ പതഞ്ഞു പൊന്തിയ നിശ്ശബ്ദതയെ ഭഞ്ജിച്ചു ഒരു തണുത്ത കാറ്റ് ചൂളം കുത്തിക്കൊണ്ട് പറന്നു പോയി. ഞങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് വരാന്തയുടെ അങ്ങേയറ്റത്തു നിന്നും പതുക്കെ കാൽപ്പെരുമാറ്റം കേൾക്കാറായി. അതടുത്തടുത്ത് വരികയാണ്. പതിവിലും വിപരീതമായി രാമേട്ടൻ വാതിൽ താഴിട്ട് പൂട്ടിയിരുന്നു. ഇരുട്ടിന്റെ നിറമുള്ള ഈ ഗുഹയിൽ ഞാൻ തനിച്ച് കിടക്കാൻ തുടങ്ങിയിട്ട് മണിക്കൂർ നാലാകുന്നു. ഒന്ന് വേഗം തുറക്കൂ.... എനിക്ക് അനൂപിനെക്കാണാൻ കൊതിയാകുന്നു. എന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നി. പുറത്തു നിന്ന് അവരെന്തൊക്കെയോ അടക്കം പറയുന്നുണ്ട്. ഈ പ്ലാസ്റ്റിക് കവറിനുള്ളിൽ എന്നെ അവർ കെട്ടി വച്ചതിനാൽ ഒന്നും കേൾക്കാൻ വയ്യ. പൂട്ടിനുള്ളിൽ താഴ് വീണു കഴിഞ്ഞു. വാതിൽ കരകരാ ശബ്ദത്തോടെ വലിച്ചു തുറക്കപ്പെട്ടു. രാമേട്ടനായിരിക്കണം ആദ്യം കയറിയത്. ലൈറ്റിട്ടതും അദ്ദേഹമായിരുന്നു. പിന്നാലെ വന്നത് ഹെഡ് നേഴ്സ് വിനീത മേഡവും സൂപ്രണ്ട് രാമചന്ദ്രൻ സാറുമാണ്. അവൻ ഇപ്പഴും പുറത്ത് നിൽപ്പാണ്. തലകുനിച്ച്... രാമചന്ദ്രൻ സാർ കൈ കാണിച്ച പ്പോൾ അവൻ പതുക്കെ അകത്തേക്ക് കടന്നു. പിന്നെ എന്റെ അടുത്തേക്ക്.... അവന്റെ മുഖത്ത് ഇപ്പോൾ ഏത് ഭാവമാണെന്ന് എനിക്ക് പറയാൻ വയ്യ. കണ്ണടയും മാസ്കും ഗ്ലാസ്സ് ഷീൽഡും കടന്ന് എന്റെ നോട്ടം അവന്റെ ആ നീലക്കണ്ണുകളിൽ എത്തുന്നതേയില്ലല്ലോ...

‌അവന് സങ്കടം വന്നു കാണും അല്ലേ....? അതായിരിക്കണം അവൻ പെട്ടെന്ന് പുറത്തേക്ക് കടന്നത്. പിന്നാലെ അവർ മൂന്നു പേരും. എന്നെ ഇവിടെ തനിച്ചാക്കി പോവുകയാണോ നീ എന്ന് ചോദിക്കാൻ എന്റെ മനസ്സു വെമ്പി. അത് വായിച്ചിട്ടെന്നപോലെ അവസാനമായി അവനെന്നെ തിരിഞ്ഞു നോക്കി. സ്പന്ദനമറ്റ എന്റെ ഹൃദയത്തെ അത് തൊടുന്നതായി ഞാനറിഞ്ഞു.

ബസ്സിറങ്ങി മെയിൽ റോഡിലൂടെ നേരെ പോയി ഇടതു വശത്തു കാണുന്ന കനാൽപ്പാലത്തിലൂടെ കുറച്ച് നടന്നാൽ ആദ്യം കാണുന്ന ഇളം നീല പെയ്ന്റടിച്ച ഗെയ്റ്റില്ലാത്ത വീടായിരുന്നു എന്റേത്...... പക്ഷേ.. പക്ഷേ ഇപ്പോൾ അല്ലെന്ന് വേണമെങ്കിൽ പറയാം. കൊറോണ രോഗികളുടെ വാർഡിലേക്ക് മാറ്റം കിട്ടിയതിൽപ്പിന്നെ അവർക്കെന്നെ ഭയമായിരുന്നു പിന്നീടത് വെറുപ്പിലേക്ക് വഴി മാറിയപ്പോൾ എനിക്ക് ഒരു ലേഡീസ് ഹോസ്റ്റലിക്ക് താമസം മാറേണ്ടി വന്നു. അവർക്ക് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാൻ ഉണ്ടായിരുന്നില്ല പക്ഷേ എനിക്ക് അങ്ങനെയല്ലാ.., എനിക്കെന്റെ കുടുംബം എന്തിനേക്കാളും വലുതായിരുന്നു. നാടും, വീടും എന്നും എനിക്ക് പ്രിയപ്പെട്ടവയായിരുന്നു. ഡ്യൂട്ടി സമയത്ത് വൈകുന്നേരങ്ങളിലെ മടക്കയാത്രയിൽ എന്നും കേൾക്കുന്ന അന്ത്രു മാന്റെ ബാങ്ക് വിളിയും, കണ്ണേട്ടന്റെ ചായക്കട യിൽ എനിക്കിപ്പോഴും പ്രായം പതിനെട്ടാണെന്ന് നീരീച്ചിരിക്കുന്ന വയസ്സൻ വാസുവേട്ടന്റെ കമന്റടികളും, കള്ളുകുടിക്കാൻ നേരം വൈകി ഉറഞ്ഞു തുള്ളി ഓടുന്ന കുമാരൻ കോമരവും ഒക്കെ ഇപ്പോൾ എന്റെ ഓർമ്മയിൽ മാത്രം ഓളം തള്ളി നിൽക്കുകയാണ്. വൈകുന്നേരങ്ങളിൽ വീടുവരെ യാതൊരു പരിചയവും ഇല്ലാത്തവരേപ്പോലെ പരസ്പരം നോക്കുക പോലും ചെയ്യാതെ അനൂപിനൊപ്പം ഉള്ള നടത്തം. ഒക്കെ തിരികേ കിട്ടണമെങ്കിൽ അവരെന്നെ തിരിച്ചു വിളിക്കണമായിരുന്നു.....

‌"നീയിങ്ങനെ പലതരം രോഗികളുമായി ഇടപഴകുമ്പോൾ ഞങ്ങളെങ്ങനെയാ സമാധാനത്തിൽ കഴിയുക? തൽക്കാലം ഇതൊക്കെ ശരിയാവുന്നതു വരെ നീയൊന്ന് മാറി നിന്നേ പറ്റൂ"
‌എന്നച്ഛൻ പറഞ്ഞപ്പോൾ ആദ്യം എനിക്കൊന്നും മനസ്സിലായില്ല. അവർക്കെന്റ ജോലിയോടു മാത്രമായിരുന്നു വെറുപ്പ് ഞാൻ മാസം തോറും അച്ഛന്റെ അക്കൗണ്ട് വഴി അയക്കുന്ന പണം അവർക്കെന്നും പ്രിയപ്പെട്ടതു തന്നെയായിരുന്നു. അവരേയും കുറ്റം പറയാൻ കഴിയില്ല രോഗം കൂടിക്കൊണ്ടിരിക്കുകയാണ്. അമിത വൃത്തിയും ഭയവും അവരെ മനോരോഗികളാക്കി മാറ്റുമോ എന്നുകൂടി ഞാൻ ഭയപ്പെടുന്നു. എന്റെകാര്യം വീട്ടിൽ പറഞ്ഞിട്ടുണ്ടെന്ന് സൂപ്രണ്ട് സാർ അനൂപിനോട് പറയുന്നുണ്ടായിരുന്നു. ഇല്ല.., വരില്ല.... അവസാനമായി എന്നെ ഒരു നോക്ക് കാണാൻ അവർ വരില്ല കൊറോണ വന്ന് മരിച്ചു പോയ ഒരു നേഴ്സിന്റെ മൃതശരീരത്തോട് അർക്കെന്ത് കമ്മിറ്റ്മെന്റാണുള്ളത്.

അതേ ഞാൻ ഒരു കൊറോണ പേഷ്യന്റ് ആയിരുന്നു. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൻ കൊറോണ വാർഡിൽ മാത്രം ഡ്യൂട്ടി കിട്ടിയ ഒരു മാലാഖ.... അതേ, ചിറകുകൾ ഇല്ലാത്ത മായാജാലം കൈവശമില്ലാത്ത പഴകി മഞ്ഞച്ചുപോയ വെളുത്ത വസ്ത്രം ധരിച്ച വെറുമൊരു നേഴ്സ്.

ഞാൻ അനുരാധ, കൂട്ടുകാരുടെ അരു, അനൂപിന്റെ രാധു. പഠിക്കാൻ മിടുക്കിയായിരുന്നു. അച്ചന്റെ പ്രാരാബ്ധം എന്നെ പ്ലസ്ടു കഴിഞ്ഞ് നേരെ നേഴ്സിംഗിലേക്ക് വഴി തിരിച്ചു വിട്ടു. ആദ്യമൊക്കെ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു വെങ്കിലും പഠിച്ചിറങ്ങിയപാടേ ടൗണിലുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ (ആരുടെയൊക്കെ യോ കാലുപിടിച്ചു) ജോലിക്ക് കയറാൻ കഴിഞ്ഞു. ഹോസ്പിറ്റലിലാവട്ടെ സീനിയേഴ്സ് ഞങ്ങൾ ജൂനിയേഴ്സിനെ എന്നും ബുദ്ധിമുട്ടിച്ചു കൊണ്ടേയിരുന്നു.

ഷിഫ്റ്റിനു പുറമെ ഓവർ ഡ്യൂട്ടിയും ഹോളിഡേയ്സ് ഡ്യൂട്ടിയും എടുക്കേണ്ടി വരും എങ്കിലും രോഗം ഭേദമായി ഓരോരുത്തരും അവരുടെ ലോകത്തേക്ക് മടങ്ങുമ്പോൾ മനസ്സ് നിറയ്ക്കുന്ന ഒരായിരം പുഞ്ചിരി സമ്മാനിക്കുമായിരുന്നു.

അതുപോലൊരു പുഞ്ചിരിയുമായാണ് അവൾ ആദ്യമായ് അമ്മയുടെ തോളിൽ ചാഞ്ഞു കിടന്നു കൊണ്ട് എന്റടുത്തേക്ക് വന്നത്. ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു ജൂൺ 5 അതൊരു വെള്ളിയാഴ്ചയായിരുന്നു മിനി സിസ്റ്റർ അവധിയായതിനാൽ അന്നെനിക്ക് കൊറോണ ടെസ്റ്റ് ചെയ്യുന്ന ഡ്യൂട്ടി കൂടി ഉണ്ടായിരുന്നു. ആദ്യമൊന്നും അമ്മയുടെ കൈയ്യിൽ നിന്നും അവൾ ഞങ്ങളിലേക്ക് വന്നതേയില്ല. ആന്റീജൻ ടെസ്റ്റ് നടത്താൻ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. ഒടുവിൽ എന്റെ ബാഗിലെ ഓറിയോ ബിസ്ക്കറ്റിനു മുന്നിൽ ഒരു കള്ളച്ചിരിയോടെ അവൾ വഴങ്ങി.

അവളിൽ നിന്നും ശേഖരിച്ച സ്രവത്തിന് പുറത്ത് മനോഹരമായ കൈപ്പടയിൽ ഞാൻ എഴുതി ആരാധ്യ. അവളൊരു കൊച്ചു സുന്ദരിതന്നെയായിരുന്നു. പക്ഷിത്തൂവൽ പോലെ മിനുസമാർന്ന മുടിയിഴകൾ പോണീടൈ മോഡലിലാണ് കെട്ടിവച്ചിരുന്നത്. മഞ്ഞയിൽ കറുത്ത പുള്ളികൾ ഉള്ള ഒരു ഫ്രോക്കായിരുന്നു അവളുടെ വേഷം. ആരാധ്യയുടെ ടെസ്റ്റ് റിസൾട്ട് പോസറ്റീവ് ആയിരുന്നു അമ്മയുടേത് നെഗറ്റീവും. അവളൊരു ആസ്ത്മ പേഷ്യന്റ് കൂടിയായിരുന്നു. പെട്ടെന്ന് തന്നെ അവളെ അഡ്മിറ്റ് ചെയ്തു. കൊച്ചു കുഞ്ഞായിട്ടുകൂടി കൂടെ ആരെയും നിർത്താൻ അനുമതി ഉണ്ടായിരുന്നില്ല. വീട്ടിൽ അറിയിച്ചമുറയ്ക്ക് അവളുടെ അച്ഛൻ വന്ന് അമ്മയെ കൂട്ടിക്കൊണ്ടു പോയി. അപ്പോൾ ആ സ്ത്രീ നിലവിളിക്കുകയായിരുന്നെന്നും കണ്ടു നിൽക്കാൻ കഴിഞ്ഞില്ലയെന്നും വിനീത മേഡം പറയുന്നുണ്ടായിരുന്നു.

പിറ്റേന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഡ്യൂട്ടി ഡോക്ടറും സൂപ്രണ്ടും നിന്നെ അന്വേഷിക്കുന്നു എന്ന് പറഞ്ഞപ്പോൾ തെല്ലൊരമ്പരപ്പോടെയാണ് കേമ്പിനിലേക്ക് ചെന്നത്.

"സീ അനുരാധ പുതിയൊരു പേഷ്യന്റ് ചെറിയ കുഞ്ഞാണ് ആരു പറഞ്ഞിട്ടും കേൾക്കുന്നില്ല സൂപ്രണ്ട് പറയുന്നു നീയാണ് അവളുടെ ടെസ്റ്റ് ഒക്കെ നടത്തിയതെന്ന്"
"യെസ് ഐ തിങ് ഷീ റിമമ്പർ ഹർ " സൂപ്രണ്ട് കൂട്ടിച്ചേർത്തു.
അങ്ങനെ എനിക്ക് പുതിയൊരു പേഷ്യന്റിനെക്കൂടി കിട്ടി. എന്റെ പേഷ്യന്റ്സിനൊക്കെ മരുന്ന് കൊടുത്ത് ഞാൻ മടങ്ങിയതേ ഉണ്ടായിരുന്നുള്ള ഭാഗ്യത്തിന് പിപിഇകിറ്റ് അഴിച്ചിരുന്നില്ല. ഞാൻ ചെന്നപ്പോഴേക്കും അവൾ ഉറക്കം പിടിച്ചിരുന്നു. പാവം ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. ഉറക്കത്തിലും ചുമ അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അത് ആ കുഞ്ഞ് നെഞ്ചിൻ കൂടിനെ വല്ലാതെ ഉലച്ചു കൊണ്ടിരുന്നു. ആഴ്ചകൾ പലതും കഴിഞ്ഞു, എന്റെ പേഷ്യന്റ് സിൽ ചിലർ സുഖം പ്രാപിക്കുകയും പ്രായമായ മറ്റുചിലർ മരണപ്പെടുകയും ചെയ്തു. മരുന്നും ഭക്ഷണ വുമൊക്കെ കൃത്യമായി കഴിച്ചിരുന്നുവെങ്കിലും ആരാധ്യയുടെ സ്ഥിതി വളരെ മോശമായിത്തുടർന്നു. പതിവില്ലാതെ വീണ്ടും എന്നെ വിനീത മേഡം.......... മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ ആരാധ്യ യുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ആ സ്ത്രീ വല്ലാതെ ക്ഷീണിച്ചു പോയിരുന്നു
മകളെ കാണണം എന്ന ആ അമ്മയുടെ ആവശ്യം അംഗീകരിക്കാൻ ഡോക്ടർ തയ്യാറായില്ല. പകരം അവരെന്നെ ആ സ്ത്രീക്ക് പരിചയപ്പെടുത്തി.

"സീ ഇത് അനുരാധ സിസ്റ്റർ നിങ്ങളുടെ മകളുടെ മുഴുവൻ കാര്യങ്ങളും ഏറ്റെടുത്തു നടത്തുന്നു, ശരിക്കും ഒരു അമ്മേയപ്പോലെ പേടിക്കാനൊന്നുമില്ല, പൂർണ ആരോഗ്യത്തോടെ നിങ്ങളുടെ മകളെ അവൾ തിരിച്ചു തരും" വിനീത മേഡം പറഞ്ഞു നിർത്തി. ആ വാക്കുകൾ എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. മകളെ കാണാതെ തിരിച്ചു പോകുമ്പോൾ അവരെന്റെ കൈ പിടിച്ചു," എനിക്ക് വിശ്വാസമാണ്" എന്ന് പതുക്കെ പറഞ്ഞപ്പോൾ അവരുടെ കണ്ണിലെ പ്രതീക്ഷ യുടെ തിളക്കം ഞാൻ കണ്ടു.

അന്നെനിക്ക് ഡേ ഡ്യൂട്ടി ആയിരുന്നു വെങ്കിലും ആരാധ്യയ്ക്ക് പനി കൂടുതൽ ആയതിനാൽ അവിടെത്തന്നെ
നിൽക്കേണ്ടി വന്നു. രാത്രിയിൽ അവൾ ഉറങ്ങാതെ ബഹളം വച്ചു. ചുമച്ച് ചുമച്ച് അവശയായിപ്പോയിരുന്നു. അവൾക്ക് കട്ടിലിൽ കിടന്നുറങ്ങാൻ വയ്യായിരുന്നു. ടെംപറേച്ചർ വളരെ കൂടുതലായി. എനിക്ക് ഭയം തോന്നി ഞാൻ ബസ്സറിൽ ശക്തിയായി അമർത്തി ഡ്യൂട്ടി ഡോക്ടറും സൂപ്രണ്ടും മറ്റ് രണ്ട് സിസ്റ്റർ മാരും മുറിയിൽ എത്തി. ഡോക്ടർ കുറച്ച് നേരത്തെ പരിശോധനയ്ക്ക് ശേഷം പറഞ്ഞു, "ഇതിൽക്കൂടൂതലൊന്നും ഞങ്ങൾക്ക് ചെയ്യാൻ കഴിയില്ല, ഈ കുട്ടിയൊരു സിവ്യർ ആത്സ്മ പേഷ്യന്റ് ആണ്, അനുരാധ പുലരും വരെ ഇവിടെ ഇരിക്കൂ, എന്തും നേരിടാൻ ഉള്ള മനസ്സോടെ"

എല്ലാവരും എന്നെ ആ സങ്കടക്കടലിലേക്ക് തള്ളി വിട്ട് തിരികെ പോയി. സമയം പന്ത്രണ്ട് മണിയോടടുത്തു, ആ കുഞ്ഞ് പനിയുടെ കാഠിന്യത്തിൽ എന്തൊക്കെയോ പിറുപിറുത്തു അവ്യക്തമായി അമ്മ എന്നെ എടുക്കൂ എന്ന് പറഞ്ഞു കൊണ്ടിരുന്നു.

ഞാൻ ആകെ അസ്വസ്ഥയായിരുന്നു. കാലം എന്നിലെ അമ്മയ്ക്കായി കരുതി വച്ച ആദ്യത്തേയും അവസാനത്തേതുമായ താരാട്ട് പാട്ട് പതുക്കെ ഞാൻ അവൾക്കായി പാടി. ഷീൽഡ് ഗ്ലാസും, കണ്ണടയും, മാസ്കും ഞാൻ അഴിച്ചു വച്ചു. ഗ്ലൗസും കാലുറകളും നീക്കി, ഞാൻ എന്നെത്തന്നെ പിപിഇ കിറ്റിൽ നിന്നും മോചിതയാക്കി. എന്തൊരാശ്വാസം! പതുക്കെ അവളെ എന്റെ നെഞ്ചോട് ചേർത്ത് കിടത്തി........ അമ്മത്താരാട്ടിൽ അവളുറങ്ങി. ഉറക്കത്തിൽ അവൾ ചിരിച്ചു ഞാൻ പതിയെ അവളുടെ കവിളിൽ ഉമ്മ വച്ചു. അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രിർത്ഥിച്ചു. നേരം പുലർന്നു അവൾക്കൊന്നും സംഭവിച്ചില്ല. എല്ലാവർക്കും അത്ഭുതമായിരുന്നു. രണ്ടാഴ്ചയ്ക്കകം അവൾ പൂർണ്ണ ആരോഗ്യവതിയായി. അമ്മയുടേയും അച്ഛന്റെയും കൈ പിടിച്ച് പുതു ജീവിതത്തിലേക്ക് മടങ്ങി. ഞാനാണ് അവളെ മരണത്തിന്റെ കയ്യിൽ നിന്നും തിരികെ കൊണ്ടുവന്നതെന്ന് എല്ലാവരും പറഞ്ഞു.

ദിവസങ്ങൾ കടന്നു പോയി, ഒരു ദിവസം ചെറിയ തലവേദന പിന്നീടത് ശരീരം മുഴുവനും ഉള്ള വേദനയായി മാറി, കുളിരും പനിയും, ഭക്ഷണത്തിന് രുചി ക്കുറവും കൂടിയായപ്പോൾ ഞാൻ തന്നെ മിനി സിസ്റ്ററോട് പറഞ്ഞ് ടെസ്റ്റ് നടത്തി. റിസൽട്ട് പ്രതീക്ഷിച്ചതു പോലെ പോസറ്റീവ് ആയിരുന്നു. വിഷമത്തോടെയാണ് അനൂപിനെ വിളിച്ചത്. അടുത്തയാഴ്ച ഞാനും അമ്മയും നിന്നെ കൂട്ടിക്കൊണ്ടു പോകാൻ വരും എന്നായിരുന്നു അവൻ അവസാനമായി കണ്ടപ്പോൾ പറഞ്ഞത്.

പിന്നെ അമ്പലത്തിൽ വച്ച് താലികെട്ട് ചെറിയൊരു സദ്യ അത്രയും മതിയെന്ന് അവൻ ഇടയ്ക്കിടെ പറയുമായിരുന്നു. എനിക്കും അത് സമ്മതമായിരുന്നു............
പിറ്റേന്നു തന്നെ അവനെന്നെക്കാണാൻ വന്നുവെങ്കിലും ഡോക്ടർ സന്ദർശനാനുമതി കൊടുത്തില്ല, പകരം, "മിസ്റ്റർ അനൂപ് കൂടിപ്പോയാൽ ഒരാഴ്ച ഷീ വിൽ ഓൾ റൈറ്റ് ഡോണ്ട് വറി" എന്ന് ആശ്വസിപ്പിച്ചു. മനസ്സില്ലാമനസ്സോടെ അവൻ മടങ്ങി, ഫോൺ വിളിയും വീഡിയോ കോളുകളുമായിരുന്നു ഞങ്ങളുടെ ഏക ആശ്രയം.

അടച്ചിട്ട മുറിയിൽ പേവിഷബാധ ഏറ്റ ഒരാളെപ്പോലെ ഞാൻ കഴിഞ്ഞു. ചുറ്റും ശൂന്യത മാത്രം. ജനൽപ്പാളികൾ പോലും തുറക്കാൻ വയ്യ!മരുന്നുകളേക്കുറിച്ചും ഭക്ഷണ ക്രമത്തേക്കുറിച്ചും എല്ലാം അറിയുന്നതിനാൽ നേഴ്സ് മാരാരും അധികം സമയം ആ മുറിയിൽ ചെലവഴിച്ചതേയില്ല. ആരാധ്യ അഡ്മിറ്റ് ആയ അതേ മുറി തന്നെയാണ് എനിക്ക് കിട്ടിയത്, എന്തുകൊണ്ടോ അതെന്നെ കൂടുതൽ അസ്വസ്ഥനാക്കി. പുലർച്ചെയ്ക്കും സന്ധ്യയ്ക്കും വരുന്ന ചുമ, മനം പിരട്ടൽ, രുചി ക്കുറവ് ഇവയൊക്കെ ദിവസം തോറും കൂടി വരാൻ തുടങ്ങി. ക്ലീനിംഗ് സ്റ്റാഫ് ആശേച്ചി മുറി വൃത്തിയായി തുടച്ചിരുന്നുവെങ്കിലും, എനിക്കവിടെ മരണം മണക്കാൻ തുടങ്ങിയിരുന്നു.
അനൂപ് ഓഫീസിൽ തിരക്കിലായതിനാൽ കൂടെക്കൂടെ വിളിക്കാൻ പറ്റിയിരുന്നില്ല. ഞാനിപ്പോഴും ഓർക്കുന്നു.
ഇന്നലെ വെള്ളിയാഴ്ച ആയിരുന്നു. മരണത്തിന്റെ കറുത്ത കുപ്പായമിട്ട് കാലം എന്റെ മുന്നിൽ തല കുമ്പിട്ടു നിന്നു. പിന്നെ തല ഉയർത്താതെ പിൻ തിരിഞ്ഞു നിന്നു. അപ്പോൾ ക്ലോക്കിലെ സൂചികൾ നിശ്ചലമായിരുന്നു. ചുറ്റുമുള്ള ഇലക്ട്രിക് ബൾബുകൾ അണഞ്ഞു പോയിരുന്നു. പകരം എവിടെ നിന്നോ ഒരു പച്ച വെളിച്ചം പതിയെ തെളിഞ്ഞു. കാണക്കാണെ അത് മഞ്ഞയായി വന്നു, മരണത്തിന്റെ നിറമുള്ള വിളറിയ മഞ്ഞ. പെട്ടന്ന് എനിക്ക് മുന്നിലായി ഒരു പ്രകാശ വലയം കാണാറായി....... അതിൽ നിറയെ അനൂപിന്റെ മുഖമാണ് , അവൻ എന്നെ നോക്കി പുഞ്ചിരിച്ചു. അവന്റെ കൈ പിടിച്ച് ഞാനും ഉണ്ട്.മഞ്ഞുള്ള പ്രഭാതത്തിൽ ഞങ്ങൾ നടക്കുകയാണ്. എന്തൊക്കെയോ പറഞ്ഞ് പൊട്ടിച്ചിരിച്ചു കൊണ്ട്. പെട്ടെന്ന് ഒരു കറുത്ത രൂപം വന്ന് എന്നെ പൊക്കീക്കൊണ്ട് ആകാശത്തേക്ക് പറന്നു പൊങ്ങി. ഞാൻ ഉറക്കെ കരഞ്ഞു. എനിക്ക് അനൂപിന്റെ അടുത്തേക്ക് പോകണമായിരുന്നു. ഞാൻ സർവ്വ ശക്തിയും എടുത്ത് ബസ്സറിൽ ആഞ്ഞു ഞെക്കി. ആരൊക്കെയോ ഓടി വന്നു, തല കറങ്ങുന്നത് പോലെ അനൂപ് ദൂരേയ്ക്ക് ഓടിപ്പോകുകയാണ്, ഞാൻ തനിയെ ചുറ്റും കറുത്ത പുകച്ചുരുളുകൾ മാത്രം. എനിക്കുറക്കേ കരയണമെന്ന് തോന്നി പക്ഷേ ഒച്ച പൊന്തുന്നില്ല. എത്രയൊക്കെ കുതറി മാറാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല. ഇല്ല ഇനി രക്ഷപ്പെടാൻ കഴിയില്ല. അപ്പോഴേക്കും ആ കറുത്ത പുകച്ചുരുളുകൾ എന്നെ വന്ന് മൂടിക്കളഞ്ഞിരുന്നു. പെട്ടെന്ന് ഞാനോർത്തു ഇതാണോ മരണം. പ്രിയപ്പെട്ട അനൂപ് ഞാനിതാ മരണമെന്ന മഹാ സത്യത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങിപ്പോയിരിക്കുന്നൂ.......... മാപ്പ് നമ്മൾ കണ്ട സ്വപ്നങ്ങളിലൊന്നുപോലും പൂർത്തിയാക്കാൻ കഴിയാത്തതിന്. പിന്നീടെനിക്കൊന്നും ഓർമ്മയുണ്ടായിരുന്നില്ല.

മണിക്കൂറുകൾക്കിപ്പുറം സ്വന്തം ജഡത്തെ നോക്കി നെടുവീർപ്പയക്കുന്ന ഒരാത്മാവായിപ്പോയിരിക്കുന്നൂ ഞാൻ.

ആശുപത്രിയിലെ ഒട്ടുമിക്ക സ്റ്റാഫുകളും എന്നെക്കാണാൻ വന്നിരുന്നു. പലരും പലതും പിറുപിറുത്തു കൊണ്ടിരുന്നു അവൾ ആ കുഞ്ഞിന് സ്വന്തം ജീവൻ തന്നെയാണ് നൽകിയതെന്ന് കൂട്ടത്തിലുള്ളവർ പറയുന്നുണ്ടായിരുന്നു.," അനുരാധ നല്ലൊരു നേഴ്സായിരുന്നു, അതിലുപരി നല്ലൊരു മനുഷ്യ സ്നേഹിയും ഇതായിരിക്കും അവളുടെ നിയോഗം" വിനീത മേഡം ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു നിർത്തി.
ഏറെ നേരം ഇതിങ്ങനെ വച്ചിരിക്കാൻ കഴിയില്ലെന്ന് നേഴ്സിംഗ് സൂപ്രണ്ട് വീണ്ടും ഓർമ്മിപ്പിച്ചു. വീട്ടിൽ അറിയിച്ചു വെങ്കിലും ആരും വന്നില്ല. വൈകുന്നേരം ആശുപത്രിയിൽ അനുശോചനം ഉണ്ടെന്ന് രാമേട്ടൻ പറയുന്നത് കേട്ടു. അതൊന്നും കേൾക്കാൻ നിൽക്കാൻ വയ്യ.

ആംബുലൻസ് റെഡിയായി, പൊതു ശ്മശാനം മതി എന്ന് അനൂപാണ് പറഞ്ഞത്. വളരെ ലാഘവത്തോടെ എന്നെ എത്ര വട്ടം അവൻ പൊക്കിയിട്ടുണ്ടെന്നറിയുമോ, പക്ഷേ ഇന്ന് എന്നെ വണ്ടിയിൽ കയറ്റാൻ അവൻ ഡ്രൈവറുടെയും രാമേട്ടന്റേയും സഹായം തേടുന്നതു ഞാൻ കണ്ടു. എല്ലാവരും നോക്കി നിൽക്കെ ഞങ്ങൾ യാത്രയായി പേപ്പർ വർക്കുകളൊക്കെ ഡോ.അരുൺ വേഗത്തിൽ ശരിയാക്കിയിരുന്നു. പക്ഷേ ശ്മശാനം കണ്ടെത്താൻ കുറച്ചേറെ ബുദ്ധിമുട്ടേണ്ടി വന്നു. ഹോസ്പിറ്റലിൽ നിന്നും ഏകദേശം രണ്ടു മണിക്കൂർ യാത്ര ഉണ്ടായിരുന്നു അവിടേക്ക്.

സമയം പതിനൊന്നിനോടടുത്തിരിക്കുന്നു. മഴമേഘങ്ങൾ കനത്തു നിൽക്കുകയാണ്. അവയെനിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ആശംസിക്കാൻ കാത്തിരിക്കുകയാവും. എന്റെ കൂടെത്തന്നെയാണ് അനൂപ് ഇരുന്നത്. എത്ര നേരമായി അവനെനിക്കുവേണ്ടി ഈ വേഷത്തിനുള്ളിൽ കഴിയുന്നു. വിയർത്ത് കൈ വിരലുകളെല്ലാം അലുത്ത് പോയിക്കാണും. പാവം.

വണ്ടി നീങ്ങുകയാണ്. ഒരുപാട് കാലം എന്നെ തീറ്റിപ്പോറ്റിയ ആ ആശുപത്രി കെട്ടിടം അകലേക്ക് മറയുകയാണ്. അല്ല ഞാനാണ് അവരെയൊക്കെ വിട്ട് അകലേക്ക് പോകുന്നത്. വരാന്തയിൽ എനിക്ക് യാത്രാമൊഴി നേർന്നുകൊണ്ട് ഒത്തിരിപ്പേരുണ്ട്. വയ്യ ഒന്നും കാണാതെ കണ്ണടച്ചിരിക്കാം. പക്ഷേ ........
നേർത്ത തേങ്ങൽ അടക്കിപ്പിടിച്ച കരച്ചിലിലേക്ക് വഴിമാറിയിരിക്കയാണ്. അതേ അനൂപ് കരയുകയാണ്. അവൻ പണ്ട് മുതലേ അങ്ങനെയാണ്. പെട്ടെന്ന് സങ്കടം വരും, ഇത്തിരി ഉറക്കെത്തന്നെ കരയും. പ്രീയപ്പെട്ട അനൂപ് പതുക്കെ നിന്നെ എന്റെ നെഞ്ചോട് ചേർത്ത് ആ മിഴിയിണകൾ തുടക്കണം എന്നെനിക്ക് അതിയായ ആഗ്രഹം ഉണ്ടെങ്കിലും ഈ നിർഭാഗ്യവതിക്ക് ഇനിയൊരിക്കലും അതിന് കഴിയില്ലല്ലോ.

പെട്ടെന്ന് ഒരു പ്രേരണ പോലെ അവനെന്റെ അടുത്തേക്ക് വന്നിരുന്നു. ഗ്ലാസ്സ് ഷീൽഡും കണ്ണടയും മാസ്കും കൈയ്യുറകളും എടുത്ത് മാറ്റി പതിയെ എന്നെപ്പൊതിഞ്ഞ പ്ലാസ്റ്റിക് കവറിന്റെ സിബ്ബ് തുറന്ന് മരവിച്ചു കനം വച്ചു പോയ എന്റെ തല അവന്റെ മടിയിലേക്ക് കിടത്തി വച്ചു. "രാധൂ, എന്റെ രാധൂ".......... എന്ന് ഇടറിയ ശബ്ദത്തിൽ വിളിച്ചു. അനന്തരം അവനെന്റെ ചുണ്ടിൽ ചുംബിച്ചു. അരുതെന്ന് പറയാനാവാതെ മൃതമായി ഞാൻ കിടന്നു. പെട്ടെന്ന് മാനം എനിക്ക് വേണ്ടി പൊട്ടിക്കരഞ്ഞു, ആർത്തലച്ച് മുടിയഴിച്ചിട്ട് തലതല്ലിക്കരഞ്ഞു. ആയാസപ്പെട്ട് കുപ്പായക്കീശയിൽ നിന്നും അവനാ താലി പുറത്തെടുത്തു എന്റെ കഴുത്തിൽ വച്ചു തന്നു...... ശ്മശാനം വരെ ഞാനാ പ്രണയ സരോവരത്തിൽ മുങ്ങിക്കിടന്നു. ആംബുലൻസ് ഡ്രൈവറുടെ സഹായത്തോടെ അവൻ ബോഡി കത്തിക്കുന്നതിനുള്ള ഏർപ്പാടുകൾ എല്ലാം പൂർത്തിയാക്കി. നിമിഷ നേരം കൊണ്ട് എല്ലാം ഒരുപിടി ചാരമായി മാറിയിരിക്കുന്നു. അകലേക്ക് പോകാനുള്ള സമയമായിരിക്കുന്നു. എത്രയും പ്രീയ്യപ്പെട്ട അനൂപ് വിടതരിക എന്നന്നേക്കുമായി. അവൻ മടങ്ങുകയാണ് ഞാനില്ലാത്ത എന്റെ ഓർമ്മകൾ മാത്രം കൂട്ടിനുള്ള പുതിയൊരു ലോകത്തേക്ക്. വണ്ടി കുലുങ്ങിക്കൊണ്ടു നീങ്ങി. അനൂപ് പതുക്കെ ഒന്ന് ചുമച്ചു, വീണ്ടുമൊരു ചുമ കൂടി, ഇത്തവണ അത് കുറച്ചുറക്കെത്തന്നെയായിരുന്നു അന്നേരം നേരം തെറ്റിയ നേരത്ത് മരക്കൊമ്പിലിരുന്ന് ഒരു കാലൻ കോഴി കൂവി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ