mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
(Abbas Edamaruku )
 
അവനെത്തുമ്പോൾ നിക്കാഹ് കഴിഞ്ഞ് ആളുകൾ പിരിഞ്ഞുതുടങ്ങിയിരുന്നു. സദ്യയും വീഡിയോ പിടുത്തവുമൊക്കെ നടക്കുന്നുണ്ട്. സ്റ്റേജിനുനേർക്ക് നോക്കി ഒരു ദീർഘനിശ്വാസമുതിർത്തിട്ട് മെല്ലെ പാചകപ്പുരയുടെ ഭാഗത്തേയ്ക്ക് മാറിനിൽക്കവേ... ബിരിയാണി ചെമ്പിൽ ഇളക്കിമറിക്കുന്ന കലവറക്കാരൻ അവനെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു.
"കല്യാണപ്പെണ്ണിന്റെ ആരാ.?"

അവൻ മറുപടിയൊന്നും പറഞ്ഞില്ല. സ്റ്റേജിനുനേർക്ക് നോക്കി അങ്ങനെനിന്നു. ശരീരവും മനസ്സും വല്ലാതെ ചുട്ടുപൊള്ളുന്നു.

"ഭക്ഷണം തികയുമാരിക്കും."കലവറക്കാരൻ ആരോടെന്നില്ലാതെ പറഞ്ഞു.

സ്റ്റേജിൽനിന്ന് ചില പൊട്ടിച്ചിരികളുയർന്നുകേട്ടു.മോഹങ്ങൾ പൂക്കുന്ന ശബ്ദം... അവനോർത്തു. അങ്ങനെ നോക്കി നിൽക്കവേ കഴിഞ്ഞുപോയ ചിലതെല്ലാംകൂടി അവനോർമ്മവന്നു.

പാടവും തോടുമൊക്കെനിറഞ്ഞ ഗ്രാമം. അവിടുത്തെ ഇടവഴികൾ. കൃഷിയിടത്തിന് അരികിലുള്ള സുലൈമാനിക്കയുടെ വീട്. ഇക്കയുടെ സന്തോഷം നിറഞ്ഞമുഖം. പുതുതായി പാടത്ത് കൃഷിയിറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ.ഇത്ത കൊണ്ടുവന്നുതന്ന ചൂടുചായ ഊതിക്കുടിക്കവേ...

വാതിലിനുമറഞ്ഞ്‌ പുഞ്ചിരിതൂകുന്നമുഖവുമായി വെളുത്തുടുത്ത അവൾ നിൽക്കുന്നു.സഹപാഠിയും പ്രണയിനിയുമൊക്കെയായവൾ.
ഇരുവർക്കും ഇടയിൽ മറപോലെ മൗനം.എന്തുപറയണമെന്നറിയാതെ വീർപ്പുമുട്ടിയിരിക്കുമ്പോൾ അവൾ ചോദിച്ചു.

"ഒടുവിൽ കൃഷിയിലേയ്ക്ക് തന്നെ ഇറങ്ങാൻ തീരുമാനിച്ചല്ലേ.?"

"ഉം... അതെ... എത്രകാലമെന്നുകരുതിയ ജോലിക്ക് വേണ്ടി കാത്തിരിക്കുക.?"അവൻ മെല്ലെ പറഞ്ഞു.

പിന്നെയും നിശബ്ദത.ചായയുടെ ഗ്ലാസ് കാലിയായിക്കൊണ്ടിരുന്നു. ആ സമയം വാതിലിന് പിന്നിൽനിന്ന് മുഖം പുറത്തേയ്ക്ക് നീട്ടിക്കൊണ്ട് അവൾ ചോദിച്ചു.

"ഈ കൃഷികൊണ്ട് ഭാവിയിൽ വിജയിക്കാനാകുമെന്ന് കരുതുന്നുണ്ടോ.?"

ചായയുടെ ചൂടിലും അവളുടെ ചോദ്യത്തിലും അവൻ വിയർത്തുപോയി. അതുകണ്ടിട്ടെന്നോണം അവളൊന്നു ചിരിച്ചു. ഒരുപാട് അർത്ഥങ്ങളുള്ള ചിരി.

ചെമ്പിൽനിന്ന് ബിരിയാണി ബെയ്സനിലേയ്ക്ക് കോരിയിട്ടുകൊണ്ട് കലവറക്കാരൻ വീണ്ടും ചോദിച്ചു.

"കല്യാണപെണ്ണിന്റെ ആരാന്നാണ് പറഞ്ഞെ.?"

ആരെന്നു പറയണം...കൃഷി തൊഴിലാക്കിയതുകൊണ്ട് ആരുമാകാനാകാതെ പോയവനെന്നോ, ജീവിതാവസാനംവരെ കൂടെയുണ്ടാകുമെന്ന് പറഞ്ഞ പെണ്ണിനാൽ വഞ്ചിക്കപ്പെട്ടവനെന്നോ, എന്നും ഹൃദയത്തോട് ചേർത്തുവെച്ചവളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവനെന്നോ... അവൻ ഒന്നും പറഞ്ഞില്ല.

ചെറുക്കനും പെണ്ണും പുതിയാപ്ലയുടെ വീട്ടിലേയ്ക്ക് തിരിക്കാനൊരുങ്ങുകയാണ്.ഭക്ഷണം കഴിക്കാൻ നിൽക്കാതെ അവൻ മെല്ലെ ഇറങ്ങിനടന്നു. പരിചയക്കാരെ പലരേയും കണ്ടെങ്കിലും അവന് ആരോടും സംസാരിക്കണമെന്ന് തോന്നിയില്ല. അങ്ങനെ വീട് ലക്ഷ്യമാക്കി മുന്നോട്ട് നടക്കുമ്പോൾ അവനാ വാക്കുകൾ ഒരിക്കൽക്കൂടി മനസ്സിലോർത്തു.

"ഈ കൃഷികൊണ്ട് ഭാവിയിൽ വിജയിക്കാനാകുമെന്ന് കരുതുന്നുണ്ടോ.?"

അവളുടെ ചിരി കാതിൽ മുഴങ്ങുകയാണ്.  

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ