mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഒന്നര വർഷങ്ങൾ !! 
തന്റെ ജീവിതത്തിന്റെ വസന്തങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളും എരിച്ചു കളഞ്ഞ നാളുകൾ അവളെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നി.

കലണ്ടറിൽ കറുത്ത വൃത്തത്തിനുള്ളിലാക്കിയ ആ രണ്ട് നമ്പറുകൾ ഒരു പ്രതികാരം പോലെ ചുവപ്പ് മഷികൊണ്ട് ഛന്നംപിന്നം വെട്ടിക്കളഞ്ഞു.

ഒരു വിവാഹവും പിന്നെയൊരു വിരഹവും. പിന്നെ നീണ്ട ഒന്നര വർഷത്തെ പിണക്കങ്ങളും??
എല്ലാം കഴിഞ്ഞിരിക്കുന്നു.

നാളെ പകൽ ഈ മുറിയിലിനി വേറൊരു നിശ്വാസവും കൂടി. ഇണക്കവും പിണക്കവും ഇനിയും ആവർത്തിക്കുമോ?? ഒരു കൊച്ചു കുടുംബത്തിൽ നിന്ന് ഒരുപാട് അംഗങ്ങളുള്ള വീട്ടിലേക്കു വലതു കാൽ വെച്ച് കയറുമ്പോൾ ആകെ അങ്കലാപ്പായിരുന്നു. ചുഴിഞ്ഞു നോട്ടങ്ങളും കുശുകുശുപ്പും !!

പിന്നെ പതിയെ പതിയെ എല്ലാം ചോദിച്ചും കണ്ടും ചെയ്യാൻ തുടങ്ങി. മധുവിധു തീരുന്നതിനു മുൻപ് അവധി കഴിഞ്ഞ് ഭർത്താവ് ഗൾഫിലേക്കും പോയതോടെ ഒരു കൊച്ചു മുറിയിൽ ഏകാന്ത തടവറയിലുമായി.

ഒരുവിധം ഒരു വർഷം എങ്ങനെയൊക്കെയോ തള്ളി നീക്കി. അമ്മ വിളിച്ചിട്ട് ഒരിക്കൽ വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് പോയി. തിരിച്ചു വരുമ്പോൾ അമ്മായി അമ്മയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരിക്കുന്നു.

വീട്ടിലെത്തിയ വിവരം പറയാൻ വിളിച്ചിട്ട് ആളു ഫോൺ എടുക്കുന്നുമില്ല. എന്താണ് സംഭവിച്ചതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. പിന്നെയെപ്പോഴോ അറിഞ്ഞു, ഞാൻ വീട്ടിലെത്തുന്നതിനു മുൻപ് ആളു വിളിച്ചിരുന്നുവെന്നും, അമ്മ എന്തൊക്കെയോ പറഞ്ഞു കൊടുത്തുവെന്നും. പോരെങ്കിൽ ചെറിയ സംശയരോഗവും !

ആ സംശയവും ദേഷ്യവും തീർത്തത് നീണ്ട ഒന്നര വർഷങ്ങളിലൂടെ ആയിരുന്നു !!

ഫോൺ സ്വിച്ച് ഓഫ്‌ ആക്കിയും നമ്പർ മാറ്റിയും വെറുതെ വാശി കാട്ടി ആളു മിടുക്കനായി..
എപ്പോൾ വിളിച്ചാലും അറബി ഭാക്ഷയിൽ എന്തൊക്കെയോ കേൾക്കും.. വീണ്ടും വെറുതെ ശ്രമിക്കും.സ്വിച്ച് ഓഫ്‌ !!

മുറിയിലെ ഏകാന്തതയിൽ കണ്ണുനീര് മാത്രം കൂട്ടിരുന്നു.
"ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ അവൻ വിളിക്കത്തില്ലായിരുന്നോ?" എന്ന നാത്തൂന്മാരുടെ കുറ്റപ്പെടുത്തൽ !

താൻ കാരണം കുടുംബത്തിലെ ഐശ്വര്യം പോയെന്ന് ചേച്ചി.. !, ഇളയ മരുമകൾ മച്ചിയാണോന്ന് അമ്മായിയമ്മയുടെ ടെസ്റ്റിംഗ്..!!

പറമ്പിൽ കുഴിഎടുപ്പിച്ചു ചേന പൂളുകൾ നടീപ്പിച്ചു.. പിന്നെ അവിടുന്നു പറിച്ചെടുത്തതെല്ലാം നല്ല ഒന്നാന്തരം വലിയ ചേനകൾ !! എങ്കിലും സ്ഥാനത്തും അസ്ഥാനത്തുമൊക്കെ മച്ചി എന്നുള്ള പ്രയോഗങ്ങൾ !!

എല്ലാം സഹിച്ച് വീണ്ടും കാത്തിരുന്നു. ഒന്ന് കണ്ടാൽ മാത്രം മതിയെന്ന മനസ്സുമായി വേവുന്ന ഹൃദയത്തോടെ.
സ്വന്തം വീട്ടിൽ ഒരഭയത്തിനായി കുറച്ചു ദിവസം തങ്ങുമ്പോഴേക്കും അമ്മയ്ക്ക് വേവലാതി..
നാട്ടുകാര് എന്ത് പറയും..

"അവന് ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ"

എല്ലാവരുടെയും താളത്തിനു തുള്ളുന്നൊരു മരപ്പാവ കണക്കെ ജീവിതം എങ്ങോട്ടൊക്കെയോ ഒഴുകി.
മധുവിധു സമയത്ത് സ്നേഹം കുറയാതിരിക്കാൻ ചോദിച്ചപ്പോഴൊക്കെ സ്വർണ്ണം ഊരി ഊരി കൊടുത്തു..

പെങ്ങളുടെ വീട്ടിൽ വിരുന്നിനു പോയപ്പോൾ ഒരു മുറിയിൽ ഫാൻ ഇല്ലെന്ന കാരണം പറഞ്ഞും,
വേറൊരു പെങ്ങളുടെ മോന് ജോലിക്ക് പോകാൻ ചിലവ് കാശ് കൊടുക്കാനും, ഇളയ അനിയത്തിയുടെ ആശുപത്രിചിലവിനും.

അങ്ങനെ അങ്ങനെ കാരണങ്ങളുടെ നീണ്ട പട്ടികയിൽ സ്വർണ്ണങ്ങളുടെ അളവുകളും കുറഞ്ഞു കുറഞ്ഞ് ഒരു ചോദ്യചിഹ്നം പോലെ വെറും താലിമാല മാത്രം കഴുത്തിൽ തൂങ്ങി.

സ്വർണ്ണത്തിലല്ലല്ലോ കാര്യം, സന്തോഷം നിറഞ്ഞ ഒരു ജീവിതം ആണല്ലോ വലുതെന്ന ചിന്ത മാത്രമായിരുന്നു അപ്പോൾ മനസ്സിൽ ! മകൻ വിളിക്കാതിരിക്കുന്നതിലോ മരുമകളുടെ ദുഃഖത്തിലോ ഒന്നും ആർക്കും ഒരു ചിന്തയോ വേവലാതിയോ ഉണ്ടായിരുന്നില്ല !

"അവൻ പോയിട്ട് രണ്ടു വർഷം അല്ലേ ആയുള്ളൂ.. ഉടനെ വരണമെന്ന് നിർബന്ധം പിടിച്ചാലെങ്ങനെയാ.. " എന്റെ കണ്ണുനീര് കാണുമ്പോൾ അവർ മൂത്ത മരുമകളോട് പറയുന്നതാണ്.

പക്ഷേ ഒരു ദിവസം അറിഞ്ഞു ആളു നാട്ടിലേക്കു തിരിച്ചിട്ടുണ്ടെന്ന്. അവിടെ കൂടെയുണ്ടായിരുന്ന അനിയൻ വിളിച്ചു പറഞ്ഞാണ് അറിഞ്ഞത്..

മനസ്സ് മരവിച്ചു കല്ലായി തീർന്നിരുന്നു..
അന്ന് രാത്രിയിൽ ഉറക്കം അന്യമായി..
രാവിലെ എഴുന്നേറ്റു ജോലികളെല്ലാം തീർത്തു കാത്തിരുന്നു.

ഉച്ച തിരിഞ്ഞപ്പോൾ വെറും കയ്യോടെ കയറി വരുന്ന രൂപം കണ്ടിട്ട് മനസിലായില്ല. ആകെ ക്ഷീണിച്ച് കോലം കെട്ടിരുന്നു !

ആരോടും ഒന്നും മിണ്ടാതെ ചാരുകസേരയിൽ കിടന്ന ആളിന്റെ അടുത്തേക്ക് ചെല്ലാൻ മനസ്സ് അനുവദിച്ചില്ല.. ഒരു കുറ്റവും ചെയ്യാത്ത തന്നെ ഇത്രയും നാൾ അവഗണിച്ചതിന്റെയും ഉപേക്ഷിച്ചതിന്റെയും വേദനയും അപമാനവും ഏത് കടലിലാണ് ഒഴുക്കേണ്ടത്.

പുറത്തേക്ക് എപ്പോഴോ പോയപ്പോൾ ആളെത്തിയ എത്തിയ വിവരം പറയാൻ അമ്മയെ വിളിച്ചു.

"നീ ഇവിടുണ്ടെന്ന് കരുതി മുറിയിലെല്ലാം കയറി നോക്കി.കേട്ടോ. അങ്ങ് എത്തിയില്ലേ?" അമ്മയുടെ വാക്കുകളിൽ വലിയ സന്തോഷം.

സ്വന്തം ഭാര്യ എവിടെയാണെന്ന് പോലും അറിയാത്ത, അറിയാൻ ശ്രമിക്കാതിരുന്ന ഒരു ഭർത്താവ് !"

"ഇനിയൊന്നും പറയാൻ പോകണ്ട.മോള് എല്ലാം അങ്ങ് ക്ഷമിക്ക്."

അതെ ആ ക്ഷമയാണ് ഇന്നും തുടരുന്നത്. ഒരു പെണ്ണിന്റെ അഭിമാനം മുഴുവനും പണയം വെച്ച്, ക്ഷമിച്ചും സഹിച്ചുമുള്ള ഒരു ജീവിതം!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ