മത്തായിയുടെ പ്രശ്നം അതായിരുന്നു. ഒരു പെണ്ണ് വേണം. അവന്റെ ഭാഷയിൽ പറഞ്ഞാൽ ത്വാത്വികപരമായും സൌന്ദര്യപരമായും വളർന്നു പന്തലിച്ച് നിൽക്കുന്ന അശോകമരത്തിന്റെ തണൽ തന്നെ വേണം. അന്വേഷണം നടക്കുന്നുണ്ട്. എന്നാലും പുര നിറഞ്ഞു നിൽക്കുന്ന കുരുത്തം കെട്ട ചേട്ടന്മാർ മത്തായിയുടെ സ്വപ്നത്തിനു വിഘ്നമായിരുന്നു.
റപ്പായിയും റാഹേലുപെണ്ണും വളരെ പ്രതീക്ഷയോടെയാണ് പടികടന്നെത്തുന്ന പെണ്ണും വീട്ടുകാരെ സ്വീകരിക്കുന്നത്. കുരുത്തംകെട്ടവന്മാരുടെ കുരുത്തക്കേടുകൾക്ക് തളയിടാൻ പെണ്ണുങ്ങൾ തന്നെ വേണമെന്ന് മുറുക്കാൻ മോണയിലൊതുക്കി റാഹേലു പെണ്ണു റപ്പായിയെ നോക്കി കണ്ണിറുക്കി പറയും. റപ്പായി പ്രായം മറന്ന് കുലുകുലാന്നങ്ങ് ചിരിക്കും. റാഹേലും കൂടെ ചിരിക്കും.
മത്തായി അതുകണ്ട് കുശുകുശുപ്പോടെ കാലും ചൊറിഞ്ഞ് അകത്തേക്ക് പോകും. അവന്റെ മാനസിക വിഷമങ്ങൾ റപ്പായിക്കും റാഹേലിനും അറിയാം. മത്തായിയുടെ കല്യാണം കെങ്കേമമായി നടത്തണമെന്നുണ്ട്. അതിനു മുൻപ് ആ കുരുത്തം കെട്ടവന്മാരുടെ......!
റാഹേലു പെണ്ണു മുറ്റത്തേക്ക് നീട്ടിത്തുപ്പി....
അറ്റകൈക്കു റപ്പായിയും റാഹേലും രണ്ടും കൽപ്പിച്ച് എറണാകുളം ബസ്സിൽ കയറി. കലൂരിലെ ബ്രോക്കറ് പുണ്യാളച്ചനെ ഒന്നു കാണണം. സങ്കടങ്ങൾ പറയണം. കേൾക്കാതിരിക്കില്ല. അന്തോണിച്ചനു എടിപിടീന്നു കാര്യങ്ങൾ നീക്കാനുള്ള കഴിവുണ്ട്. സെബസ്ത്യാനോസിനോടോ ഗീവർഗീസിനോടോ എന്തെങ്കിലും ആവശ്യപ്പെട്ടാൽ അതു നടന്നു കിട്ടാൻ നേരത്തോടു നേരം എടുക്കും. വിഷം ഇറക്കുന്നതു പോലെ.
എന്തായാലും മനസ്സറിഞ്ഞ് റപ്പായിയും റാഹേലും പുണ്യാളച്ചനു മെഴുകുതിരി തെളിച്ചു. കാര്യങ്ങൾ വളച്ചൊടിക്കാതെ പറഞ്ഞു.
ഓൺലൈൻ വിവാഹാലോചന നടക്കുന്നയീ കാലത്ത് തന്നിൽ വിശവാസം അർപ്പിച്ച കിളവനേയും കിളവിയേയും അന്തോണിച്ചൻ കൈവെടിയുമോ? .
പക്ഷേ മത്തായിയുടെ കാര്യത്തിൽ പുണ്യാളച്ചനു കല്ലുകടി തോന്നി. ഒരു പ്രത്യേക മതത്തിലും വിശ്വാസമില്ലാത്തവനു അതിസുന്ദരിയെത്തന്നെ വേണം. കൊടുക്കാം. ആദ്യം മൂത്തവൻമാരുടെ രണ്ടുപേരുടേയും കഴിയട്ടെ. ഒക്കത്തിരുന്ന പൈതലിനെ താഴെ നിർത്തി അന്തോണിച്ചൻ ളോഹയുടെ അരക്കയറ് വലിച്ചു മുറിക്കി ആക്കി തലകുലുക്കിയത് റപ്പായിയും റാഹേലും കണ്ടില്ല.
മലയാള ഭാഷ സംസാരിക്കാൻ വശമില്ലാത്തതിനാൽ അവരുടെ സങ്കടങ്ങൾ കേട്ടതുപോലെ അവർക്ക് ആശ്വാസം നൽകുവാൻ ചാറ്റൽ മഴ പെയ്യിച്ചും പ്രാവിനെ പറത്തിയും അന്തോണിച്ചൻ ചില ശുഭ സൂചനകൾ നൽകി.
വീടെത്തിയപ്പോൾ തങ്ങളുടെ വിശ്വാസം അന്തോണിച്ചൻ കാത്തുവെന്നു ബ്രോക്കർ മൊയ്തീൻ കുട്ടിയെ കണ്ടപ്പോൾ അവർക്കു തോന്നി.കാരണം വിവാഹം മുടങ്ങി നിൽക്കുന്നവരുടെ മാത്രം വിവാഹം നടത്തുന്നയാളാണ് മൊയ്തീൻകുട്ടി. മുസൽമാനായ മൊയ്തീൻകുട്ടിയെ ക്രിസ്ത്യാനിയായ അന്തോണിച്ചൻ പറഞ്ഞു വിടുമോ?. റപ്പായിയുടെ സംശയം അതായിരുന്നു. റാഹേലിനു ആ ചിന്തയില്ലായിരുന്നു.എല്ലാം ചടപടേന്നു തുടങ്ങിയൊടുങ്ങി.
കുരുത്തംകെട്ട മൂത്തേട്ടന്മാർ കല്യാണം കഴിഞ്ഞതോടെ അന്തോണിച്ചനേയും വെല്ലുന്ന പുണ്യാളച്ചന്മാരായി ഭാര്യമാരുടെ വരുതിയിൽ നിന്നു. ലോക വിവരം തീരേയില്ലാത്ത, ചുക്കിനും ചുണ്ണാംബിനും കൊള്ളാത്ത ചേട്ടത്തിമാരുടെ പ്രവൃത്തികളും ചേട്ടന്മാരുടെ ഓച്ഛാനിക്കലും കണ്ട് മത്തായിക്കു ചിരി തോന്നി. എന്തൊരു ജീവിതം?. ഇതാണോ വിവാഹ ജീവിതം?. വരട്ടെ താൻ കാണിച്ചു കൊടുക്കാം മാതൃകാ ദാംബത്യം.കലൂരു കുരിശടിയിൽ നിന്ന് അന്തോണിച്ചൻ തലകുലുക്കിയത് മത്തായി അറിഞ്ഞില്ല.
ഒരു ദിവസം തനിക്കു വേണ്ടി അന്തോണീസു പുണ്യാളച്ചനെ കാണാൻ ഇറങ്ങിയ അപ്പനേയും അമ്മയേയും മത്തായി തടഞ്ഞു. എനിക്കു വേണ്ടി ഒരു സുന്ദരിക്കുട്ടി എങ്ങോ കാത്തിരിപ്പുണ്ട്. അവൾ വരും .അപ്പനേയും അമ്മയേയും ചേട്ടത്തിമാരേയും നോക്കി അവൻ പറഞ്ഞു.
താമസിയാതെ മത്തായി തന്റെ പ്രിയതമയെ പട്ടണത്തിൽ വെച്ചു കണ്ടു മുട്ടി. തമ്മിൽ തമ്മിൽ കണ്ണിമക്കാതെ കൃത്യം അഞ്ചു മിനിട്ട് അവരിരുവരും പരസ്പരം നോക്കി നിന്നു. ആ കണ്ടു മുട്ടൽ ഒരു പതിവായി. അവൻ ഒരിക്കൽ അവളുടെ പേരു ചോദിച്ചു. ശീശ്ര യെന്നാണു പേര്. ടൈറ്റിൽ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നില്ല.കാരണം അവളുടെ മാതാപിതാക്കൾ അന്യമതസ്ഥരാണ്. അതുകൊണ്ട് അവൾക്ക് പ്രത്യേക മതമില്ല.
“എനിക്കും”
മത്തായി കൂട്ടിച്ചെർത്തു.
“ഹായ് എന്തൊരു പൊരുത്തം”
മത്തായിയുടെ മതം കേട്ടപ്പോൾ ശീശ്ര സന്തോഷത്തോടെ പറഞ്ഞു. അവന്റെ ഉള്ളോന്നു തുടിച്ചു. പരിചയം സൌഹൃദയമായി പരിണമിച്ചു. പിന്നീടത് പ്രണയത്തിലേക്ക് വഴുതി വീണു. പാർക്കിൽ...ഐസ്ക്രീം പാർലറിൽ...ഇന്റർനെറ്റ് കഫേയിൽ....
മത്തായി അവസരങ്ങളൊന്നും മുതലെടുത്തില്ല. ആ ദിവസത്തിനു വേണ്ടി അവൻ കാത്തിരുന്നു.
ശീശ്രയെ രജിസ്റ്റർ വിവാഹം ചെയ്ത് വീട്ടിൽ കൊണ്ടു വരുംബോഴാണ് വീട്ടുകാർ മത്തായിയുടെ വിവാഹക്കാര്യം അറിയുന്നത്.
ചേട്ടത്തിമാർ ശീശ്രയെ കണ്ട് അകത്തേക്ക് വലിഞ്ഞു. വാലുപോലെ ചേട്ടന്മാരും.
റപ്പായിയും റാഹേലും ചുക്കി ചുളിഞ്ഞ കൈകൊണ്ട് അവരെ അകത്തേക്ക് കയറ്റി. മത്തായിയ്ക്ക് മാനം കീഴടക്കിയ ഭാവമായിരുന്നു. സുന്ദരിയും സംസ്ക്കാര സംബന്നയുമായ ശീശ്രയെ തന്റെ ഭാര്യയായി കിട്ടിയതിൽ മത്തായി അഭിമാനിച്ചു.
രാത്രി പാലും പഴവുമില്ലാതെ മുറിയിലേക്ക് കയറി വന്ന ശീശ്രയോടു അതു പറയുകയും ചെയ്തു. ചിരിയോടെ അവൾ അവനോട് ചേർന്നിരുന്നു. ദാംബത്യത്തെക്കുറിച്ചുള്ള ശരിയായ ധാരണകൾ പങ്കുവെച്ചുകൊണ്ട് അവർ ആദ്യരാത്രിക്കാമുഖം ഉണ്ടാക്കി.
ലൈറ്റണഞ്ഞു. മത്തായി അവളുടെ അധരത്തിൽ ചുംബിച്ചു. ശീശ്രയുടെ ശീത്ക്കാരങ്ങൾ പൂവിട്ടു.
“ രാമാ...” ശീശ്ര വൈകാരികതയോടെ മൊഴിഞ്ഞു. മത്തായി നേരിയ വെളിച്ചത്തിൽ അവളെ നോക്കി. അവളുടെ കഴുത്തിറംബിലൂടെ പതിയെ വിരലുകൾ ഇഴച്ചു .
“ കൃഷ്ണാ..രാമ കൃഷ്ണാ...”
മത്തായിയുടെ സംശയം കൂടി. ഇവൾ ഹിന്ദുവിശ്വാസിയോ. അതോ തന്റെ വിശ്വാസം തെറ്റുന്നുവോ?.
അവൻ തന്റെ കട്ടി മീശ അവളുടെ കവിളിൽ ഉരസി.
“ ഓ..ജിസ്. ” ശീശ്ര ഇക്കിളികൊണ്ട് പറഞ്ഞു.
ജിസ് എന്നത് ജീസസിന്റെ ഷോർട്ട് ഫോം ആകും. ശീശ്രയെ അവിശ്വസിച്ചതിൽ മത്തായിക്ക് കുറ്റബോധം തോന്നി. ഇരുട്ടിൽ ശീശ്രയുടെ ചിണുങ്ങലുകൾ ഉയർന്നു...
“ ടോണി...രാഹൂൽ....പവീ....”
അവൻ ലൈറ്റിട്ടു സംശയത്തോടെ കണ്ണുകൾ പൂട്ടികിടക്കുന്ന അവളെ നോക്കി. വികാരവിവശതയിൽ മിഴികൾ കൂംബികിടക്കുന്ന ശീശ്ര.കണ്ണുകൾ തുറക്കാതെ ചുണ്ടു കടിച്ച് ചിണുങ്ങിക്കൊണ്ടിരുന്നു.
“ രാഹൂൽ... ടോണീ..”
ദൈവങ്ങൾക്കിനേയും പേരോ???.
മത്തായിയുടെ നെറ്റി ചുളിഞ്ഞു വിയർത്തു. ലൈറ്റോഫാക്കി അവൻ പുറത്തിറങ്ങി. ഇടനാഴിയിലൂടെ നടക്കുംബോൾ മത്തായി രണ്ട് ചിണുങ്ങലുകൾ കേട്ടു.
“ ചാക്കോച്ചായാ...”
മൂത്തേട്ടന്റെ മുറിയിൽ നിന്നും മൂത്തേടത്തിയുടെ സ്വരം.
“ തോമാച്ചായാ...”
ചെറിയേട്ടന്റെ മുറിയിൽ നിന്നും ചെറിയേട്ടത്തിയുടെ കുറുകൽ.
മത്തായിയുടെ മനസ്സിൽ വെളിപാടുണർത്തി പുറത്തൊരു വെള്ളീടി വീണു !