(Pearke Chenam)
സുഹൃത്ത് രവീന്ദ്രന്റെ മരണം ഞെട്ടലുണര്‍ത്തി. അവന്‍ കുറേ നാളുകളായി നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗമെന്താണെന്നു ചോദിച്ചാല്‍ അവനു പോലുമറിയില്ലായിരുന്നു. എന്തിനാണ് ചികിത്സയെന്നു ചേദിച്ചാലോ പലപ്പോഴും പറയും സ്‌കിന്‍ അലര്‍ജിയ്ക്ക്.
എന്തായിരുന്നു സ്‌കിന്‍ അലര്‍ജി. ചൊറിച്ചില്‍, പിന്നെ നിര്‍ത്താത്ത തുമ്മല്‍. പിന്നെ അധികരിച്ചു വന്ന രക്തസമ്മര്‍ദ്ദം. അസ്വസ്ഥതകള്‍. അതിനെല്ലാം പ്രത്യേകം പ്രത്യേകം ചികിത്സകള്‍. അവന്റെ മാസശമ്പളത്തിന്റെ സിംഹഭാഗവും മരുന്നുകള്‍ക്കും ഡോക്ടര്‍ക്കുമായി മാറ്റിവെയ്ക്കപ്പെട്ടു. എന്നീട്ടും രക്ഷകിട്ടിയിരുന്നെങ്കില്‍ അതെങ്കിലും മതിയായിരുന്നു. എന്നാലിപ്പോള്‍ അവന്‍ രക്ഷപ്പെട്ടിരിക്കുന്നു... ചികിത്സയില്‍ നിന്ന്... ജീവിതത്തില്‍ നിന്ന്... അവന്റെ അതേ പ്രശ്‌നങ്ങളൊക്കെത്തന്നെയായിരുന്നു എന്റേതും. അവന്റെ വീട്ടിലേയ്ക്ക് ബസു കയറുമ്പോള്‍ മുഴുവന്‍ ചിന്തയും അവനും എനിയ്ക്കുമുണ്ടായിരുന്ന പ്രശ്‌നങ്ങളായിരുന്നു. അവന്‍ വിദദ്ധചികിത്സ തേടിപോയപ്പോള്‍ ഞാന്‍ രാഘവന്‍സാറിന്റെ ഉപദേശം തേടി ജീവിതശൈലികളില്‍ മാറ്റങ്ങള്‍ വരുത്തി. അതോടെ രൂക്ഷമായി നിന്നിരുന്ന ഓരോ പ്രശ്‌നങ്ങളും ഒന്നൊന്നായി എന്നെ കൂടൊഴിഞ്ഞുപോയി. കഴിഞ്ഞമാസവും രാഘവന്‍സാറിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം തിരക്കുകയുണ്ടായി.
''ഇപ്പോള്‍ എങ്ങനെയുണ്ട്.''
രാഘവന്‍സാറിന്റെ സൗഖ്യപ്രദാനമായ ചോദ്യത്തിനുമുന്നില്‍ നിറഞ്ഞ ഉണര്‍വ്വോടുകൂടി മനസ്സുപകര്‍ന്നു.
''നല്ല സുഖമുണ്ട് സാര്‍.''
മറുപടിയ്ക്കായുള്ള ഒരു ഉത്തരം പറച്ചിലായിരുന്നില്ല. അത് ഹൃദയത്തിന്റെ ആത്യഗാധതകളിലെവിടെനിന്നോ അനര്‍ഗ്ഗളമായി ഒഴുകിയെത്തിയതായിരുന്നു.
''നല്ല ശ്രദ്ധ വേണം.''
ഒരു സഹോദരന്റെ, ആത്മമിത്രത്തിന്റെ ലാളിത്യമാര്‍ന്ന സ്‌നേഹത്തോടെ അദ്ദേഹം ഉണര്‍ത്തി.
''ശ്രദ്ധിയ്ക്കാം, സാര്‍...''
അതു പറയുമ്പോള്‍ മനസ്സ് ആര്‍ദ്രമാകുകയും, സേവനത്തിന്റെ മഹത്വത്തില്‍ പടര്‍ന്നു കയറാന്‍ തിടുക്കപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.
''ശരീരവും മനസ്സും ആത്മാവും സൗഖ്യപ്പെടുന്ന മാര്‍ഗ്ഗമാണ് എപ്പോഴും ഉത്തമം. ചികിത്സ ശരീരത്തിനു മാത്രമാകുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.''
ആചാര്യതുല്യനായി മനസ്സില്‍ ആവാഹിച്ചെടുത്ത രാഘവന്‍സാറിന്റെ ഉപദേശം ചിന്തകളുടെ വേരിലാണ് ചെന്നു മുട്ടിയത്. അതിനെ ആവോളം ആസ്വദിക്കുകയും ഊര്‍ജ്ജമുള്‍ക്കൊള്ളുകയും ചെയ്തുകൊണ്ട് അനുസരിക്കാന്‍ തയ്യാറെന്നോണം മറുമൊഴിയുരുവിട്ടു.
''അതിനുള്ള മാര്‍ഗ്ഗങ്ങള്‍ തെളീച്ചു തന്നീട്ടുണ്ടല്ലോ...''
പ്രതീക്ഷയുടെ തിരിനാളങ്ങള്‍ കെടാതെസൂക്ഷിക്കാനെന്നോണം നിറഞ്ഞ ചിരിയുതിര്‍ത്ത് അദ്ദേഹം പറഞ്ഞു.
''ശരി. പഠിച്ച മാര്‍ഗ്ഗങ്ങളെ ശക്തമായി പിന്തുടരുക. സംശയങ്ങളുണ്ടെങ്കില്‍ മടിയ്ക്കാതെ വിളിയ്ക്കുകയോ ഇവിടേയ്ക്ക് വരികയോ ചെയ്യാം.''
യാത്ര പറഞ്ഞ് പുറത്തിറങ്ങി ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോള്‍ മനസ്സ് ഒരായിരം പദ്ധതികള്‍ ഒരുക്കൂട്ടാന്‍ തുടങ്ങി. മാര്‍ഗ്ഗങ്ങള്‍ സ്വയം തെളിഞ്ഞു വന്നിരിക്കുന്നു. പക്ഷെ ആരേയും പറഞ്ഞു ബോധ്യപ്പെടുത്താന്‍ ത്രാണിയായീട്ടില്ലെന്ന തോന്നല്‍ ഇപ്പോഴും പോയീട്ടില്ല. അല്ലായിരുന്നെങ്കില്‍ ഒരു സുഹൃത്തിനെ രക്ഷിച്ചെടുക്കാമായിരുന്നു. അതിനു മാറ്റം ഉണ്ടാക്കണം. അത് പ്രായോഗികപരിജ്ഞാനം വര്‍ദ്ധിക്കുന്നതോടെ ആയിക്കോളും. ശീലിച്ചതും പഠിച്ചതുമെല്ലാം വീണ്ടും വീണ്ടും അനുവര്‍ത്തിച്ച് ഹൃദിസ്ഥമാക്കണം. അപ്പോള്‍ വിശ്വാസവും ധൈര്യവും തനിയേ വന്നുകൊള്ളും. അപ്പോള്‍ ധൈര്യപൂര്‍വ്വം ആരോടും സ്വരമുയര്‍ത്തി സംസാരിക്കാനാകും. രാഘവന്‍സാറിന്റെ സ്വരത്തിന്റെ ഗാംഭീര്യം അനുഭവത്തിന്റെ തീവ്രതയല്ലാതെ മറ്റെന്താണ്.
മുഖത്തും കൈകാല്‍ പേശികളിലും തിണര്‍ത്തു കിടക്കുന്ന കറുത്ത പാടുകള്‍ ഇനിയും മാഞ്ഞുതീര്‍ന്നീട്ടില്ല. അതെല്ലാം എങ്ങനെ മാഞ്ഞു പോകാനാണ്. എട്ടു വര്‍ഷത്തെ നിരന്തരമായ വിഷപ്രയോഗത്താല്‍ ഉരുവെടുത്തത് ഒരു വര്‍ഷം കൊണ്ട് എങ്ങനെ പോകാനാണ്. രാഘവന്‍സാറിന്റെ ചികിത്സാലയത്തില്‍ രണ്ടാഴ്ച താമസിച്ച് ജീവനം അനുഷ്ഠിക്കുകയും പഠിക്കുകയും ചെയ്തതിനു ശേഷം ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. അതിന്റെ മാറ്റം മനസ്സിലും ശരീരത്തിലും വളരെ പ്രകടമാണ്. ഹൈപ്പര്‍ ടെന്‍ഷന്‍ പരിപൂര്‍ണ്ണമായി മാറി. ശരീരത്തിന്റെ ക്ഷീണവും തളര്‍ച്ചയും ഇല്ലാതായി. തകര്‍ന്ന മനസ്സോടെയുള്ള പ്രവൃത്തികള്‍ക്ക് പകരം ഉര്‍ജ്ജസ്വലത കൈവന്നിരിക്കുന്നു.
ഒരു വര്‍ഷം മുമ്പുവരെയുള്ള അവസ്ഥയെപ്പറ്റി ഓര്‍ത്തപ്പോള്‍ തമാശ തോന്നി. അന്നെടുത്ത തീരുമാനം എത്ര ശരിയായിരുന്നു. അല്ലായിരുന്നെങ്കില്‍ ചികിത്സിച്ചുമുടിഞ്ഞ് സുഹൃത്തിനെപ്പോലെ മരിച്ചു പോയേനേ... എത്ര ആളുകളാണ് കൃത്യമായ ധാരണയില്ലാതെ, ശരിയല്ലാത്ത ചികിത്സകള്‍ നടത്തി ഇല്ലാതാകുന്നത്. നിസ്സാരമായ ക്രമീകരണങ്ങള്‍ ഭക്ഷണത്തില്‍ വരുത്തുന്നതിനുപകരം അനാവശ്യമായ വിഷപദാര്‍ത്ഥങ്ങള്‍ നിത്യേനകഴിച്ച് നിത്യരോഗികളാകുകയും ദുരിതപൂര്‍ണ്ണമായ മരണം വരിക്കുകയും ചെയ്യുന്ന ആ ഹതഭാഗ്യരെകുറിച്ചോര്‍ത്തപ്പോള്‍ വിഷമം തോന്നി. മരണം എന്നത് ഇന്നൊരു സാധാരണസംഭവമായി മാറിയിരിക്കുന്നു. ആതുരസേവനരംഗത്തുനിന്ന് സേവനം പടിയിറങ്ങിയിരിക്കുന്നു. ഇന്നതൊരു ബിസിനസ്സ് മാത്രം. ലാഭം ഏറെകിട്ടുന്ന ബിസിനസ്സ്. അന്നെല്ലാം ഓഫീസിലെത്തിയാല്‍ കാണുന്നവരെല്ലാം മുഖത്തുനോക്കി ചോദിക്കും.
''എന്തുപ്പറ്റി. ഡോക്ടറെ കണ്ടില്ലേ...''
അതു കേള്‍ക്കുമ്പോള്‍ അറിയാതെ ഒരുള്‍ഭയം വന്നു നിറയും. ചോദിക്കുന്നവര്‍ക്ക് വെറുതേ ചോദിച്ചാല്‍ മതിയല്ലോ... അത് കേള്‍ക്കുമ്പോഴോ... മനസ്സില്‍ ആശങ്കകള്‍ വന്നു നിറയും. അവയ്ക്കുള്ള പരിഹാരങ്ങള്‍ തേടി കാടുകയറും. ചിലപ്പോള്‍ ഒടുങ്ങാത്ത ഭയത്താല്‍ മനസ്സു കൈവിട്ടു പോകും. ദൃഷ്ടിയുറയ്ക്കാതെ ബുദ്ധിയുടെ തെളിച്ചം നഷ്ടപ്പെട്ട് തലയ്ക്കു വെളിവില്ലാത്തവനായി ഒരു ജോലിയും ചെയ്യാനാകാതെ തല കുനിച്ചിരുന്ന് മനസ്സില്‍ അറിയാവുന്ന മന്ത്രങ്ങളെല്ലാം ഉരുവിടും. അതില്‍ പരാജയപ്പെടുമ്പോള്‍ വാഷ്‌ബോയ്‌സിനടുത്ത് പോയി മുഖം കഴുകും. ഇരുചെവികളുടേയും അടിത്തട്ട് ഇരുകൈകളിലേയും പെരുവിരലും ചൂണ്ടാണിവിരലും ചേര്‍ത്തുപിടിച്ചുകൊണ്ട് രണ്ടുമൂന്നാവര്‍ത്തി തിരുമ്മും. അപ്പോള്‍ തലച്ചോറിലേയ്ക്കുണരുന്ന ഒരുണര്‍വ്വ് കുറച്ചു നേരത്തേയ്ക്ക് ആശ്വാസം ലഭിക്കും.
ചിലരുടെ ചോദ്യങ്ങള്‍ ഹൃദയത്തില്‍ കഠാര കുത്തിയിറക്കുന്നതുപ്പോലെയാണ്. അവ ഭയത്തിന്റെ രക്തം ചീറ്റും. ഒടുങ്ങാത്ത മരണഭയം വിതറും. എങ്കിലും അതിനെയെല്ലാം സ്വതസിദ്ധമായ പുഞ്ചിരിയിലൊതുക്കി അകമേ വിമ്മിഷ്ടപ്പെടും. ഒഴിഞ്ഞു മാറാന്‍ ശ്രമിക്കും. എന്നാലും ചോദിച്ച ചോദ്യങ്ങള്‍ കാതില്‍ മുഴങ്ങികൊണ്ടിരിക്കും.
''എന്തെങ്കിലും മാരകരോഗങ്ങള്‍...''
അത്തരം ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ്സു തളരും. ആ നിമിഷം തന്നെ ശരീരം തകര്‍ന്നു വീഴുമെന്നു തോന്നും. ഒന്നിനും കഴിയാതെ തളര്‍ന്നിരുന്നു പോകും. ജോലിയൊന്നും ചെയ്യാനാകാതെ വൈകുന്നതുവരെ എങ്ങനെയെങ്കിലും സമയം കളഞ്ഞ് വീടെത്താന്‍ തക്കം പാര്‍ത്തിരിക്കും. പലപ്പോഴും ചിന്തിക്കും എന്താണിങ്ങനെ... എല്ലാം വളരെ ഉര്‍ജ്ജസ്വലമായി ചെയ്തിരുന്നിടത്ത് ഇപ്പോഴെന്താണിങ്ങനെ... എന്താണെന്നു മാത്രം മനസ്സിലാകാറില്ല. വൈകീട്ട് വീടെത്തിയാല്‍ കിടക്കയില്‍ ചെന്നു വീഴും. വാരികകളും പത്രങ്ങളും അരിച്ചു പൊറുക്കി വായിച്ചിരുന്ന ശീലം നഷ്ടപ്പെട്ടതോര്‍ത്ത് വേദനിക്കും. പത്രങ്ങള്‍ പോലും ശരിക്കു വായിക്കാനാകാത്തതില്‍ പ്രയാസപ്പെടും.
വീട്ടില്‍ നിന്നും ഒരിടത്തേയ്ക്കും പോകാന്‍ സാധിക്കാറില്ല. ജോലിയ്ക്കുപോലും പോകാന്‍ തോന്നാത്ത അവസ്ഥ. വഴിയില്‍ എവിടെ വെച്ചും തളര്‍ന്നു വീഴുമെന്ന ഭയം. രാത്രിയും പകലുമില്ലാതെ എത്രയോ ദൂരങ്ങള്‍ ധൈര്യപൂര്‍വ്വം യാത്രചെയ്തിരുന്ന തന്റെ ആ പഴയ കാലം അസ്തമിച്ചുവോ... ഇതാണോ വാര്‍ദ്ധക്യം. അതിനുള്ള പ്രായം തനിയ്ക്കായിയോ... അറിയില്ലായിരുന്നു. പലരും പല ഡോക്ടര്‍മാരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു. അവരെ കാണുന്നതുതന്നെ ഭയമായിരുന്നു. ഒരിക്കല്‍ ഓഫിസിലിരുന്ന് ജോലി ചെയ്തുകൊണ്ടിരിക്കേ ദൃഷ്ടി ഉറയ്ക്കാതാകുകയും തലകറങ്ങുന്നതുപോലെയും തോന്നാന്‍ തുടങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. വീട്ടിലായിരുന്നെങ്കില്‍ സ്വസ്ഥമായി വിശ്രമിയ്ക്കലാണ് പതിവ്. കൂട്ടുകാര്‍ നിര്‍ബ്ബന്ധിച്ച് ഓഫീസിനടുത്തുള്ള മൊയ്തുഡോക്ടറെ കാണാന്‍ കൊണ്ടുപോയപ്പോള്‍ ഗത്യന്തരമില്ലാതെ അതിനു വഴങ്ങികൊടുക്കേണ്ടി വന്നു. ക്ലിനിക്കിലെ ബെഞ്ചില്‍ കിടത്തി ഡോക്ടര്‍ കൂറേ നേരം സ്റ്റെതസ്‌കോപ്പുയര്‍ത്തി പരിശോധിച്ചു. അതിനുശേഷം പ്രഷറിന്റെ അളവെടുത്തു. അതു കഴിഞ്ഞ് അദ്ദേഹം മറ്റൊരു വലിയ ഹോസ്പിറ്റലിലേയ്ക്ക് റെഫര്‍ ചെയ്തു. അദ്ദേഹം പറഞ്ഞു.
''ഞാനൊരു ഡോസ് ഗ്ലൂക്കോസ് കയറ്റാം. അതിനുശേഷം വേഗം പോയി ഇസിജി എടുക്കണം. അതിലെ റിപ്പോര്‍ട്ടിനനുസരിച്ച് അവിടത്തെ ഡോക്ടര്‍ എന്താണ് പറയുന്നതെങ്കില്‍ അതനുസരിക്കുക. മിക്കതും അവിടെ അഡ്മിറ്റാക്കേണ്ടി വരും. പ്രശ്‌നമൊന്നുമില്ലെങ്കില്‍ മാത്രം ഇവിടെ വരിക.''
സുഹൃത്തിന്റെ കാറില്‍ ഹൈടെക് ഹോസ്പിറ്റലിലെ അത്യാഹിതവിഭാഗത്തിലേയ്ക്ക് കയറി ചെല്ലുമ്പോള്‍ മനസ്സ് വരാന്‍ പോകുന്ന സാമ്പത്തികദുരന്തത്തിന്റെ ആഘാതത്തെപ്പറ്റി ചിന്തിച്ച് നടുങ്ങി വിറച്ചു. നിശ്ചിതവരുമാനത്തില്‍ നിത്യവൃത്തിയ്ക്കു കഷ്ടപ്പെടുന്നതിനിടയ്ക്ക് ചികിത്സാചിലവിനെപറ്റിയുള്ള ചിന്ത ഭയമുണര്‍ത്തി. അവിടെയെത്തിയതും സ്വീകരിക്കാന്‍ വെള്ളരിപ്രാവുകളായി നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ ഓടിയെത്തി. മറ്റൊരു ഡോക്ടറുടെ കുറിമാനവുമായാണ് വരുന്നതെന്നു കണ്ടപ്പോള്‍ അവര്‍ പതുക്കെ പിന്‍വാങ്ങി. പിന്നെ ഇസിജി സെന്റര്‍ കാണിച്ചു തന്നു. കൗണ്ടറില്‍ ഫീയടച്ച് ലാബിലേയ്ക്ക് നടക്കുമ്പോള്‍ അറിയാവുന്നതും അല്ലാത്തതുമായ സര്‍വ്വ ഈശ്വരന്മാരേയും വിളിച്ചു പ്രാര്‍ത്ഥിച്ചു. റിപ്പോര്‍ട്ട് നോര്‍മ്മലാണെന്നറിഞ്ഞപ്പോള്‍ കുറച്ചൊന്നുമല്ല ആശ്വാസം തോന്നിയത്. തിരികെ മൊയ്തുഡോക്ടറെ കാണാന്‍ റിപ്പോര്‍ട്ടുമായി ചെന്നപ്പോള്‍ സുഹൃത്തിനേയും കാറിനേയും പറഞ്ഞു വിട്ടു. രോഗവിവരമറിഞ്ഞ് ഓടിയെത്തിയ ഭാര്യയേയും കൂട്ടി നടന്നു ചെല്ലുന്നതു കണ്ടപ്പോള്‍ മൊയ്തുഡോക്ടര്‍ സംശയത്തോടെ നോക്കി. റിപ്പോര്‍ട്ട് നീട്ടി ധൈര്യപൂര്‍വ്വം അദ്ദേഹത്തിന്റെ മുന്നിലിരുന്നു. ഒരിക്കല്‍ കൂടി ചെക്കപ്പ് നടത്തി അദ്ദേഹം പറഞ്ഞു.
''പ്രഷറിപ്പോഴും ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത.് എന്നാലും ഞാനിപ്പോള്‍ മരുന്നുകളൊന്നും എഴുതുന്നില്ല. നിങ്ങളൊരു കാര്യം ചെയ്യ് നിങ്ങള്‍ മാത്യുഡോക്ടറെ കണ്ട് വിശദമായി ഒരു പരിശോധന നടത്തിയശേഷം അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള മരുന്ന് കഴിച്ചാല്‍ മതി.''
അതുപറഞ്ഞ് അദ്ദേഹം തന്നെ മാത്യുഡോക്ടറെ ഫോണില്‍ വിളിച്ച് അപ്പോയ്‌മെന്റ് ഫിക്‌സ് ചെയ്തു. എണീക്കാന്‍ തുനിഞ്ഞ എന്നെ അദ്ദേഹം അവിടെ പിടിച്ചിരുത്തി.
''വണ്ടിയില്‍ പോയാല്‍ മതി. നേരത്തേ വന്ന വണ്ടി എവിടെ പോയി. അവരോട് വരാന്‍ പറയു.''
എന്തിനാണ് മൊയ്തുഡോക്ടറ്ക്ക് ഇത്രയും ആകാംക്ഷ. തനിയ്ക്ക് മാരകമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരിക്കുമോ... നിത്യവും നിര്‍ത്താത്ത തുമ്മലും ശരീരം മുഴുവന്‍ ചെറിച്ചിലും തളര്‍ച്ചയും തലയുടെ പെരുത്തുകയറലും കണ്ണിന്റെ കാഴ്ച കുറയലും പല്ലുകളുടെ കേടാകലുകളും എല്ലാം തന്റെ ശരീരം ഒന്നിനും പറ്റാത്തതായി മാറിയെന്നതിന്റെ സൂചനയാണോ. ആശങ്കകള്‍ കുമിഞ്ഞു കൂടി മനസ്സിനെ കൂടുതല്‍ അവതാളത്തിലാക്കി. സുഹൃത്തിനെ വീണ്ടും വിളിച്ചു വരുത്തി. കാറ് വീണ്ടും മാത്യുഡോക്ടറുടെ വീടിനെ ലക്ഷ്യമാക്കി പാഞ്ഞു. നഗരത്തിലെ അതിപ്രശസ്തനായ കാര്‍ഡിയോളജിസ്റ്റായ മാത്യുഡോക്ടറുടെ അടുത്ത് നീണ്ട ക്യൂവായിരുന്നു. ഒരു മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനുശേഷം ഡോക്ടറെ കാണാനായി. അദ്ദേഹം വിശദമായ ചെക്കഅപ്പ് നടത്തി. എന്നെ നോക്കി നെറ്റിചുളിച്ചു. മറ്റെന്തെങ്കിലും മാരകമായ അസുഖങ്ങള്‍... ഞാന്‍ ആശങ്കപ്പെട്ടു. അദ്ദേഹം പറഞ്ഞു.
''എന്റെ ദൃഷ്ടിയില്‍ ഞാനൊന്നും കാണുന്നില്ല. പ്രഷറാണെങ്കില്‍ ഇപ്പോള്‍ നോര്‍മലും. ഒരു കാര്യം ചെയ്യ് ഞാനൊരു വിശദമായ ബ്ലെഡ് ടെസ്റ്റിനെഴുതാം അതൊക്കെ നടത്തി വന്നോളൂ. കൂട്ടത്തില്‍ ശ്വാസകോശത്തിന്റെ എക്‌സ്‌റേയും എടുത്തോളൂ.''
അവിടെ നിന്നും പുറത്തു കടന്നപ്പോള്‍ ആശ്വാസമായി വിചാരിച്ചതുപോലെ യാതൊന്നും ഇല്ലെന്നതില്‍ സന്തോഷം തോന്നി. എന്നാല്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍... അതിനുള്ള കാരണങ്ങളെന്തൊക്കെയാണ്. അതാണെങ്കില്‍ ഊണിലുമുറക്കത്തിലും വിടാതെ പിടികൂടിയിരിക്കുന്നു. ഉറക്കം തന്നെ പരിമിതം. ഉറങ്ങാതിരിക്കുന്ന രാത്രികളാണ് ഏറ്റവും ഭീകരം. എല്ലാവരും ഉറങ്ങികിടക്കുമ്പോഴും ഹാളില്‍ വെറുതേ ഉലാത്തികൊണ്ടിരിക്കും. കൂട്ടിന് അതിഭീകരമായി ഭയവും. ഇതിനൊരു പരിഹാരം കണ്ടെത്തിയേ മതിയാകൂ. ആര്‍ക്കാണ് അതിനുള്ള പരിഹാരം നിര്‍ദ്ദേശിക്കാനാകുക. എല്ലാം വെറുതേയുള്ള തോന്നലുകളാണോ... അതൊരിക്കലുമല്ല. അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ പ്രയാസങ്ങള്‍ തിരിച്ചറിയൂ.
മാത്യുഡേക്ടര്‍ നിര്‍ദ്ദേശിച്ച ടെസ്റ്റുകളെല്ലാം നടത്തി. അതെല്ലാം നോര്‍മല്‍ ആയിരുന്നു. അപ്പോഴും പ്രശ്‌നങ്ങള്‍ ബാക്കി. തളര്‍ച്ച. തുമ്മല്‍. കണ്ണിന്റെ കാഴ്ച കുറയല്‍, മോണയിലെപ്പോഴും നീര്‍ക്കെട്ട്, പല്ലുവേദന, അരക്കെട്ടിലും കയ്യിലും കാലിലുമുള്ള പേശികളിലെ ചൊറിച്ചില്‍. ചെറിഞ്ഞിടത്തെല്ലാം നല്ല കറുപ്പു വര്‍ണ്ണം. മുഖത്തുചെറിച്ചിലില്ലെങ്കിലും നെറ്റിയുടെ ഇരുപുറങ്ങളിലും ഇരു കവിളുകളിലും തിണര്‍ത്തു കിടക്കുന്ന കറുപ്പ്. മുഖം ഭീകരമായ ഒരവസ്ഥയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ബോധ്യമായി. കാലിലെ രക്തധമനികളെല്ലാം കറുത്തു തിണര്‍ത്തതുപോലെയായി. എന്താണ് പരിഹാരം. എവിടെയെങ്കിലും കുഴഞ്ഞു വീണ് ആരെങ്കിലും സേവനമനസ്സോടെയാണെങ്കിലും എടുത്ത് ഏതെങ്കിലും അത്യാഹിതവിഭാഗത്തിലെത്തിച്ചാല്‍ കാര്യം കുഴഞ്ഞതുതന്നെ. കാര്യമറിയാതെ ഒരുപാടു പരീക്ഷണങ്ങള്‍ക്കു വിധേയമായി മരണത്തിനും ജീവിതത്തിനുമിടയില്‍ ഞെരുങ്ങി കഴിയേണ്ടി വരുമെന്നതിനാല്‍ ആശുപത്രികളെ ഭയം തോന്നി. മരണം സംഭവിക്കുന്നെങ്കില്‍ പ്രയാസമില്ല. അതിനു മുമ്പേ ആശുപത്രിക്കാര്‍ അതുവരെയുള്ള സമ്പാദ്യവും വീടും പറമ്പുമെല്ലാം അവരുടെ സ്വന്തമാക്കില്ലെന്ന് ആരറിയാന്‍. ഒരു അലോപതി ഹോസ്പിറ്റലില്‍ അഡ്മിറ്റായാല്‍ ബില്ലടയ്ക്കാന്‍ ലക്ഷങ്ങള്‍ തേടി നടക്കുന്നവരെ എന്നും കാണാറുള്ളതിനാല്‍ അതിലാണ് ഏറ്റവും വലിയ ഭയം. ഇന്‍ഷൂറന്‍സ് ക്ലെയിം ഉണ്ടെങ്കില്‍ ഇല്ലാത്ത അസുഖത്തിനും അവര്‍ കത്തി വെയ്ക്കുമെന്നത് പലരുടേയും അനുഭവങ്ങള്‍ പഠിപ്പിച്ചു തന്നീട്ടുള്ള വസ്തുതയാണ്.
ആഹാരമാണ് മരുന്ന്. എന്ന ചിന്ത ശക്തമായി നിലനില്‍ക്കുന്നതിനാല്‍ അലോപതി മരുന്നുകളോട് പേടി തോന്നി. അവ താല്കാലിക സമാശ്വാസങ്ങള്‍ കൊണ്ടുവരുമെങ്കിലും പല പ്രത്യാഘാതങ്ങളും കൂടി സമ്മാനിക്കുമെന്നുറപ്പ്. അവര്‍ തരുന്ന മരുന്നുകൊണ്ട് രോഗം മാറുമെന്ന് ഏത് അലോപതി ഡോക്ടറാണ് ഉറപ്പു തരിക. മാറിയാല്‍ അതിന്റെ ക്രെഡിറ്റ് അവര്‍ കൊണ്ടുപോകുമെന്നല്ലാതെ. ഏതു രോഗത്തിനും മരുന്ന് തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പാടില്ല. ചെറിയ അളവില്‍ തുടങ്ങി പതുക്കെപതുക്കെ ഡോസ് കൂട്ടിക്കൂട്ടി അതൊരു നിത്യവൃത്തിയാക്കുകയല്ലാതെ രോഗം മാറ്റിയതായി അറിവില്ല. ഒന്നു ശമിച്ചാല്‍ മറ്റൊന്ന് ഉണരും. അങ്ങനെ ഒരു സന്തതസഹചാരിയായി, ഉറ്റതോഴനായി മരണം വരെ എപ്പോഴും കൂടെ അസുഖങ്ങളും. ഡോക്ടര്‍ക്ക് ഒരു കസ്റ്റമര്‍ കുറയാന്‍ പാടില്ലല്ലോ... മാരകരോഗങ്ങളാണെങ്കില്‍ മരുന്ന് ഭക്ഷണത്തേയ്ക്കാള്‍ കൂടുതല്‍ കഴിക്കേണ്ടി വരും. ഭക്ഷണമായിരിക്കണം മരുന്ന് എന്ന ആപ്തവാക്യം അവര്‍ തിരിച്ചിടും മരുന്നായിരിക്കണം പ്രധാനഭക്ഷണം.
എന്താണ് ഭക്ഷണം. എന്താണ് മരുന്ന്. ശീലങ്ങള്‍ തെറ്റിയതിന്റെ പ്രകടിതരൂപങ്ങളല്ലേ അസുഖങ്ങള്‍. വര്‍മ്മാജിയുടെ പുസ്തകങ്ങള്‍ വായിച്ചതിന്റെ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും സംശയങ്ങളെ പെരുപ്പിച്ചെടുത്തു. ശരീരത്തിന്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുന്നതോടെ ശരീരം ശുദ്ധിയാകും. എല്ലാ രോഗങ്ങളും അപ്രത്യക്ഷമാകും. യോഗമാസ്റ്റര്‍ ബാബ്ജിയാണ് രാഘവന്‍സാറിനെ പരിചയപ്പെടുത്തിയത്. രണ്ടാഴ്ച ലീവെടുത്ത് അദ്ദേഹത്തിന്റെ പ്രകൃതിചികിത്സാലയത്തില്‍ ചെന്നു താമസിക്കാന്‍ മനസ്സ് ഒരുക്കൂട്ടി.
മാസ്റ്ററെകണ്ട് പ്രയാസങ്ങള്‍ പറഞ്ഞതും അദ്ദേഹം എന്നെ അടിമുടി സൂക്ഷിച്ചൊന്ന് നോക്കി. അതിനുശേഷം ഒരു പരിഹാസചിരിയോടെ പറഞ്ഞു.
''മുടി വെളുത്തുപോയാല്‍ മാനം ഇടിഞ്ഞു വീഴ്യോ...''
എനിയ്‌ക്കൊന്നും മനസ്സിലായില്ല. വെളുത്തമുടിയുമായി എന്റെ പ്രശ്‌നങ്ങള്‍ക്കെന്തു ബന്ധം. ഞാന്‍ മിഴിച്ചു നോക്കി. എന്താണ് ഞാന്‍ ചെയ്യേണ്ടതെന്നറിയാന്‍ ഉത്കണ്ഠാകുലനായി അദ്ദേഹത്തെ വീണ്ടും നോക്കി.
''നിങ്ങള്‍ മുടി കറുത്തിരിക്കാന്‍ എന്താണ് ഉപയോഗിക്കുന്നത്.''
ഞാന്‍ അതിന്റെ പേരു പറഞ്ഞു.
''എത്ര കാലമായി.''
''എട്ടു വര്‍ഷം.''
''ഇപ്പോഴത്തെ പ്രയാസങ്ങള്‍ തുടങ്ങിയീട്ട്...''
''രൂക്ഷമായീട്ട് ഒരു വര്‍ഷത്തോളമായി. ചൊറിച്ചിലും തുമ്മലും അതിനുമുന്നേ തുടങ്ങിയിരുന്നു.''
''എങ്കില്‍ നാളെ മുതല്‍ നിങ്ങള്‍ മുടി വെളുപ്പിക്കാന്‍ പോകുന്നു. അല്ലെങ്കില്‍ നിങ്ങളുടെ വീടു വെളുക്കും. കാന്‍സര്‍ വന്നു മുടിയും. ഇപ്പോഴെങ്കിലും ഇവിടെ വരാന്‍ തോന്നിയത്. മുജ്ജന്മ സുകൃതം.''
അദ്ദേഹം പറഞ്ഞതിന്റെ പൊരുളൊന്നും എനിയ്ക്കു തിരിഞ്ഞില്ല. എങ്കിലും അവിടത്തെ സാഹചര്യങ്ങള്‍ക്കൊത്തിണങ്ങി കുറച്ചു കാലം കഴിഞ്ഞാല്‍ കൊള്ളാമെന്നു തോന്നിയിരുന്നു.
''ഡൈ ഇനി ഉപയോഗിക്കരുത്. ചായ കുടി നിര്‍ത്തണം. പഞ്ചസാര, മൈദ, ബേക്കറിസാധനങ്ങള്‍, മസാലകള്‍ എന്നിവ ഒഴിവാക്കണം. തവിടുകളഞ്ഞ അരിയുടെ ചേറ് ഉപേക്ഷിക്കണം. നാടന്‍ പച്ചക്കറികളും പഴങ്ങളും ആവശ്യാനുസരണം ഉപയോഗിക്കാം. ശാരീരികദ്ധ്വാനം നിത്യവും കുറച്ചു നേരം ശീലമാക്കണം. കൃഷിപണിയോ, യോഗയോ, നടത്തമോ എന്തുമാകാം. ഇത്രയൊക്കെ നിത്യവും ശീലിക്കാനായാല്‍ മാറാവുന്ന അസുഖങ്ങളേ നിങ്ങളിലിപ്പോളുള്ളൂ.''
ആ വാക്കുകള്‍ മനസ്സില്‍ അമൃതധാരയൊഴുക്കി. അറിയാതെ വിശ്വാസം വന്നു നിറയുന്നതും പേശികളിലേയ്ക്ക് കരുത്ത് വന്നു ചേരുന്നതും അറിയാനായി. തലയില്‍ കറുപ്പിക്കാന്‍ തേച്ചുപിടിപ്പിച്ചിരുന്ന കെമിയ്ക്കലാണ്് ഇവിടത്തെ വില്ലനെന്നു മനസ്സില്‍ ചിന്തയുണ്ടായി.
ആദ്യമൂന്നുദിവസം കരിക്കുവെള്ളവും ശുദ്ധജലവും മാത്രം കഴിച്ച് ഉപവസിച്ചു. ആദ്യദിവസം വൈകുന്നേരമാകുമ്പോഴേയക്കും തലവേദനയാല്‍ പൊറുതിമുട്ടി. പിന്നത്തെ ദിവസം നിയന്ത്രിക്കാനാകാത്ത വിശപ്പ് പൊരിഞ്ഞു കയറി. ഇവിടെ വന്നത് അബദ്ധമായെന്നു വരെ തോന്നി. എന്നാലും പ്രയാസങ്ങളില്‍ നിന്നും മുക്തിനേടാനാകുമെങ്കില്‍ ഇതെല്ലാം സഹിച്ചാലും സാരമില്ലെന്ന് മനസ്സ് മന്ത്രിച്ചു. നാലാം നാള്‍ മുതല്‍ നിയന്ത്രിതമായ അളവില്‍ പഴങ്ങള്‍ കഴിക്കാന്‍ തന്നുതുടങ്ങി. രണ്ടാമത്തെ ആഴ്ച മുതല്‍ വേവിച്ച ഭക്ഷണങ്ങള്‍ കുറേശ്ശെ കഴിയ്ക്കാന്‍ തന്നു തുടങ്ങി. എന്നും പുലര്‍ച്ചെയുണര്‍ന്ന് കുളി. അതുകഴിഞ്ഞ് ഒരുഗ്ലാസ് വെള്ളം മാത്രം കുടിച്ച് സൂര്യനുദിച്ചുയരുന്നതിനുമുന്നേ യോഗാപരിശീലനം. പിന്നെ കുറച്ചു സമയം ധ്യാനം. ഉച്ചയ്ക്കുശേഷം നൈതികജീവിതരീതികളെപ്പറ്റിയുള്ള പ്രഭാഷണങ്ങള്‍, സംശയനിവാരണങ്ങള്‍. ഓരോ ദിനവും ശരീരം കൃത്യമായി രേഖപ്പെടുത്താന്‍ തുടങ്ങി. മാറ്റങ്ങള്‍ ശരീരത്തില്‍ മാത്രമായിരുന്നില്ല മനസ്സിലും വിത്യസ്തമായ അനുഭവങ്ങളെ അതു രേഖപ്പെടുത്താന്‍ തുടങ്ങി. അതുവരെ അറിയാതിരുന്ന പുത്തനറിവുകള്‍ അത് പ്രദാനം ചെയ്തു. അറിവുകള്‍ വായിച്ചും കേട്ടുമറിയുന്നവ മാത്രമല്ലെന്നത്് പുതിയ അനുഭവമായിരുന്നു. ഉള്ളില്‍ നിന്നും ഉണര്‍ന്നു വരുന്ന അറിവുകള്‍. അതൊരനുഭവമായിരുന്നു. എല്ലാവരും തിരിച്ചറിയേണ്ട അനുഭവങ്ങള്‍. ശരീരത്തിന് വിശ്രമം നല്‍കിയാല്‍ എന്തെന്തുമഹാത്ഭുതങ്ങളാണ് സംഭവിക്കുന്നത്. ശരീരത്തിന് നല്‍കുന്ന വിശ്രമം പോലെ മനസ്സിനും ആത്മാവിനും വിശ്രമമുണ്ട്. അതാണ് ഉപവാസം വഴി സാധിച്ചെടുക്കുന്നത്.
എത്രയെത്ര വിഡ്ഢിത്തങ്ങളാണ് ഓരോരുത്തരും നിത്യജീവിതത്തില്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നീട്ട് അതിന്റെ ശിക്ഷ സ്വയം ഏറ്റുവാങ്ങുകയും വിധിയെ പഴിക്കുകയും ചെയ്യുന്നു. തിരിച്ചറിവില്ലാതെ ഇരുട്ടില്‍ തപ്പി കൂടുതല്‍ ദുരിതങ്ങളേറ്റുവാങ്ങി ജീവിതം ദുരന്തപൂര്‍ണ്ണമാക്കുന്നു. നൈതികതയിലേയ്ക്ക് മിഴിതൂറക്കാന്‍ എത്ര പേര്‍ ശ്രമിക്കുന്നു. ആനന്ദത്തിലേയ്ക്കുള്ള വാതിലുകളാണതെന്ന് എത്ര പേര്‍ മനസ്സിലാക്കുന്നു. നൈതികതകളില്‍ ശ്രദ്ധവെയ്ക്കുന്ന തനിക്കുപോലും അതു ബോധ്യമായത് ഇപ്പോള്‍ മാത്രമാണ്. അപ്പോള്‍ അതൊന്നുമില്ലാതെ ജീവിതത്തിന്റെ മഹാകുത്തൊഴുക്കില്‍ ഒഴുകി നടക്കുന്നവര്‍ എങ്ങനെ തിരിച്ചറിയാന്‍. രണ്ടാഴ്ചത്തെ അവിടത്തെ ജീവിതം പുതുജന്മം എനിക്കു നല്‍കി. ജീവിതത്തിന്റെ ഏതു പ്രതിസന്ധിയ്ക്കും അതുത്തരം നല്‍കി. ആനന്ദം നല്‍കി. ഒരു ഡേക്ടറുടെ വൈഭവം നല്‍കി. ജീവിതവീക്ഷണങ്ങള്‍ പ്രകൃതിയോടൊത്ത്, പ്രകൃതിയില്‍ നിന്ന് ഉണര്‍ന്നു വരാന്‍ തുടങ്ങി. രണ്ടാഴ്ചയിലെ പരിശീലനം ഇത്രയും മാറ്റങ്ങള്‍ കൊണ്ടു വരുമെങ്കില്‍ അതൊരു ജീവിതമാര്‍ഗ്ഗമാക്കിയാല്‍ എന്തെന്തു മഹാത്ഭുതങ്ങളായിരിക്കും സംഭവിക്കുക എന്നോര്‍ത്ത് അത്ഭുതപ്പെട്ടു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രാഘവന്‍സാറിന്റെ പ്രകൃതിചികിത്സാലയത്തില്‍ നിന്നും തിരിച്ചു പോന്നത്.
ഒരു വര്‍ഷം പിന്നിടുമ്പോള്‍ ബദലുകളന്വേഷിക്കുന്നവര്‍ക്കായി കൃത്യമായ ദിശാബോധം നല്‍കാനായി. ജീവിതംകൊണ്ട് സ്വയമറിഞ്ഞും കേട്ടും കണ്ടും വായിച്ചും ആര്‍ജ്ജിച്ചെടുത്ത അറിവുകള്‍ പലരിലേയ്ക്കും പകരുന്ന കൂട്ടത്തില്‍ രവീന്ദ്രനിലേയ്ക്കും പകര്‍ന്നു നല്‍കിയതാണ്. താന്‍ അനൂഭവിച്ചിരുന്ന അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് രവീന്ദ്രനും എന്നത് അറിയാവുന്നതിനാല്‍ കുറേയെല്ലാം ഉപദേശിച്ചുനോക്കി. പക്ഷെ എന്നെപ്പോലെ നരച്ച മുടിയുമായി ജോലിയ്ക്കുവരാന്‍ അവന്‍ തയ്യാറല്ലായിരുന്നു. അതിനാല്‍ ഉപദേശങ്ങളൊന്നും വിലയ്‌ക്കെടുത്തില്ല. പകരം അസ്വാസ്ഥ്യങ്ങള്‍ ഉരുവെടുക്കുമ്പോഴെല്ലാം ഡേക്ടറെ കണ്ട് താല്‍ക്കാലിക ശമനം വരുത്തി. ഓരോ മാത്ര മരുന്നു കഴിക്കുമ്പോഴും കൈവരുന്ന ശമനം അടിച്ചമര്‍ത്തപ്പെടുന്നതിന്റേതായിരുന്നുവെന്നത് നൈതികവീക്ഷണത്തിന്റെ അഭാവത്തില്‍ അവനറിയാതെപ്പോയി. രവീന്ദ്രനെപ്പോലെ താനും പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം തേടാതെ ഡോക്ടറെകണ്ട് താല്ക്കാലികശാന്തിയ്ക്കായി മരുന്നുകഴിച്ച് നടന്നിരുന്നെങ്കില്‍ തന്റേയും ഗതി മറിച്ചാവുമായിരുന്നില്ലെന്ന് മനസ്സ് ഉറക്കെ പറഞ്ഞു.
ബസ്സിറങ്ങി രവീന്ദ്രന്റെ വീട്ടിലെത്തുമ്പോള്‍ ശവസംസ്‌ക്കാരചടങ്ങുകള്‍ തുടങ്ങാറായീട്ടുണ്ടായിരുന്നു. കുറച്ചു നേരം തല താഴ്ത്തി അവിടെ നിന്നു. അയല്‍ക്കാര്‍ പരസ്പരം പറഞ്ഞുകൊണ്ടിരുന്ന വാക്കുകള്‍ വെറുതേ ശ്രദ്ധിച്ചു. 'ഒരു പ്രശ്‌നോം ഇല്ലാതെ ജോലിയ്ക്കു പോയിരുന്ന മുനഷ്യനാ... കുറച്ചു നാളായി ഓരോരോ അസ്‌കിതകള്‍. അവസാനം ദാ, ഇങ്ങനെ. ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യങ്ങള്‍. ഇപ്പോള്‍ ചികിത്സിച്ചു ചികിത്സിച്ചു കടോം കയറി വീടും പറമ്പും പോകാറായി. അതിനുമുന്നേ അവനും പോയി.' മനുഷ്യന്റെ കാര്യങ്ങള്‍ അത്രയല്ല ഉള്ളത്. വിവേകത്തോടെ കാര്യങ്ങള്‍ ചിന്തിച്ചാല്‍, അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മനുഷ്യന്റെ കാര്യങ്ങള്‍ എത്രയോ വലുതാണെന്ന് അറിയാത്തവരോട് എന്തു പറയാന്‍. ഇറ്റു വന്ന മിഴിനീരൊപ്പിക്കൊണ്ട് ആരോടുമൊന്നും പറയാതെ പുറത്തേയ്ക്കിറങ്ങി നടന്നു.