''ആരാ എന്തു വേണം.''
മൂന്നു മണിയോടെ സബ്ജയിലിനു മുന്നിലെത്തിയപ്പോള്‍ കൂറ്റന്‍ ഗേറ്റിലെ കിളിവാതിലിലൂടെ പാറാവുകാരന്‍ തിരക്കി. ആഗമനോദ്ദേശം അറിയീച്ചപ്പോള്‍ അയാള്‍ അകത്തേയ്‌ക്കോടി സൂപ്രണ്ടിനോട് വിവരം പറഞ്ഞു.
പിന്നെ തിരിച്ചുവന്ന് ഗേറ്റ് തുറന്ന് അകത്തേയ്ക്ക് ക്ഷണിച്ചു. അകത്തു കടന്നതും ജയില്‍ സൂപ്രണ്ട് പുറത്തുവന്ന് ഓഫീസിലേയ്ക്ക് ആനയിച്ചു. മജിസ്‌ട്രേറ്റ് മുന്നിലും ഞാനും സൂപ്രണ്ടും ഓഫീസ് അറ്റന്റന്റും തൊട്ടുപുറകിലുമായി ഓഫീസിലേയ്ക്ക് നടന്നു. ഞങ്ങള്‍ക്കു പുറകിലായി പുറത്തേയ്ക്കുള്ള ആ കൂറ്റന്‍ കവാടം അടഞ്ഞു. അതോടെ കോട്ടയ്ക്കുള്ളില്‍ അകപ്പെട്ടവരെപ്പോലെ തടവുപുള്ളികള്‍ക്കും ജയില്‍ വാര്‍ഡന്മാര്‍ക്കുമൊപ്പം പുറംലോകവുമായിയുള്ള ബന്ധം മറഞ്ഞു. ജയില്‍ സൂപ്രണ്ട് എന്തിനും തയ്യാറെന്നപോലെ മജിസ്‌ട്രേറ്റിനുമുന്നില്‍ വന്നു നിന്ന് തൊണ്ടയനക്കി.
''എന്ത് സൗകര്യങ്ങളാണൊരുക്കേണ്ടത് സര്‍.''
''ആദ്യം പ്രതിയുടെ ഉയരത്തിലും വണ്ണത്തിലും നിറത്തിലുമുള്ള കുറച്ചു പേരെ തയ്യാറാക്കി നിര്‍ത്തണം.''
''എത്ര പേര്‍ വേണം സാര്‍.''
''പത്തു പേരെങ്കിലും വേണം.''
''പത്തു പേരെ തിരഞ്ഞെടുത്ത് മാറ്റി നിര്‍ത്തിയിട്ടുണ്ട് സര്‍.''
''അവരുടെ സമ്മതപത്രം പേരും അഡ്രസ്സും ഒപ്പും സഹിതം വാങ്ങണം.''
''അത് വാങ്ങാം സര്‍.''
''സാക്ഷി എത്തിയോ...''
''പുറത്തു വന്ന് നില്‍ക്കുന്നുണ്ട് സര്‍. അകത്തേയ്ക്ക് വിളിച്ചിട്ടില്ല.''
''അയാളെ എവിടെയാണ് സുരക്ഷിതമായി ഇരുത്തുക.''
''സ്റ്റോര്‍ റൂമിലിരുത്താം സര്‍.''
''എങ്കില്‍ അയാളെ വിളിച്ചോളൂ.''
പ്രതിയും സാക്ഷിയും പരസ്പരം കാണാന്‍ ഇടവരരുത് എന്നതിനാല്‍ അതീവ രഹസ്യമായി സാക്ഷിയെ അകത്തേയ്ക്ക് ആനയിച്ചു കൊണ്ടു വന്നു. അയാള്‍ക്ക് നല്‍കിയ സമന്‍സും അയാളുടെ ഐഡികാര്‍ഡുമായി ഒത്തുനോക്കുന്നതിനായി അവ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ സമന്‍സ് മാത്രം എടുത്തു നീട്ടി.
''തിരിച്ചറിയല്‍ കാര്‍ഡ്?''
''എടുത്തിട്ടില്ല സാര്‍.''
''അതു ശരിയാവില്ല.'' മജിസ്‌ട്രേറ്റ് ഉടനെ ഇടപെട്ടു.
''ഈ സമന്‍സുമായി വന്നീട്ടുള്ള ആള്‍ ഇതില്‍ പറയുന്ന ആള്‍ തന്നെയെന്നതിന് എന്താണ് തെളിവ്.''
''സമന്‍സില്‍ പറയുന്ന ആള്‍ ഞാന്‍ തന്നെയാണ് സാര്‍.'' സാക്ഷി നിസ്സംശയം പറഞ്ഞു.
''അതുകൊണ്ടായില്ലല്ലോ... ഞങ്ങള്‍ക്ക് രേഖസഹിതം അടയാളപ്പെടുത്തണ്ടേ...''
''ഇനി എന്താണ് ചെയ്യുക സാര്‍.''
''വീട്ടിലേയ്ക്ക് എത്ര ദൂരമുണ്ട്.''
''പതിനഞ്ച് കിലോമീറ്റര്‍ കാണും.''
''വേഗം പോയി എടുത്തു വരൂ. അല്ലെങ്കില്‍ മറ്റൊരു ദിവസം വരേണ്ടി വരും.''
അയാള്‍ പുറത്തേയ്ക്ക് നീങ്ങി. ഗേറ്റ് തുറന്ന് പുറത്തു കടക്കാന്‍ നേരം മജിസ്‌ട്രേറ്റിന് വീണ്ടും സംശയമായി. അയാള്‍ ഇനി പോയിട്ട് തിരിച്ചുവന്നില്ലെങ്കിലോ... ഉടനെ എന്റെ നേരെ നോക്കി ചോദിച്ചു.
''ബെഞ്ച് ക്ലര്‍ക്കിന് കൂടെ പോകാമോ?''
ഞാന്‍ തയ്യാറാണെന്ന് തലകുലുക്കി. ഉടനെ സാക്ഷിയെ തിരിച്ചു വിളിച്ചു. അയാള്‍ സംശയത്തോടെ തിരിച്ചുവന്നപ്പോള്‍ അയാളോട് പറഞ്ഞു.
''നിങ്ങള്‍ തനിച്ച് പോകണ്ട. ഇദ്ദേഹം കൂട്ടിനു വരും.''
തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞാല്‍ നേരത്തെ വീട്ടില്‍ പോകാമെന്നു കരുതിയതായിരുന്നു. ഇന്നിപ്പോള്‍ പണിയായെന്ന് ബോധ്യമായി. ഇനി എപ്പോള്‍ തിരിച്ചെത്തി പരേഡ് നടത്തി തിരിച്ചു പോകാനാണ്. അയാളോട് മനസ്സില്‍ ഈര്‍ഷ്യ തോന്നി. എല്ലാം ഡ്യൂട്ടിയുടെ ഭാഗം. സഹിച്ചേ പറ്റൂ. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഡ്യൂട്ടി കഴിഞ്ഞേ പ്രസക്തിയുള്ളൂ.
നഗരത്തില്‍ നിന്ന് ഓട്ടോ അയാളുടെ ഗ്രാമത്തെ ലക്ഷ്യമാക്കി കുതിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ പുറത്തെ ബോര്‍ഡുകളിലെ ഓരോ സ്ഥലനാമങ്ങളും നോക്കിയിരുന്നു. പരിചിതമല്ലാത്ത പ്രദേശങ്ങളിലൂടെയായിരുന്നു വാഹനെ പോയിക്കൊണ്ടിരുന്നത്. കുറച്ചു നേരം ഭയന്നു മാറി അകലം പാലിച്ചിരുന്ന അയാള്‍ പതുക്കെ അടുത്തുകൂടി ചോദിക്കാന്‍ തുടങ്ങി.
''എന്നെ എന്തിനാണ് വിളിപ്പിച്ചത് സാറേ?''
''നിങ്ങളുടെ നാട്ടില്‍ നടന്ന ആ കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷി നിങ്ങളല്ലേ...''
''ഞാന്‍ മാത്രമൊന്നുമല്ല. ധാരാളം പേര്‍ ആ കാഴ്ച കണ്ടവരുണ്ട്.''
''എന്നീട്ട് അവരാരും സാക്ഷി പട്ടികയിലില്ലല്ലോ...''
''എല്ലാവരും ഒഴിഞ്ഞു മാറിയതാ...''
''അപ്പോള്‍ നിങ്ങള്‍ മാത്രം എന്താ മാറാതെ നിന്നേ...''
''പോലീസ് ചോദിച്ചപ്പോള്‍ എനിക്കു നുണ പറയാന്‍ കഴിഞ്ഞില്ല.''
''അയാള്‍ തന്നെയാണ് പ്രതിയായി അകത്തു കിടക്കുന്നയാള്‍ എന്ന് ഉറപ്പാക്കുവാനാണ് നിങ്ങളെ വിളിച്ചിട്ടുള്ളത്.''
''എന്തെങ്കിലും പ്രശ്‌നം എനിയ്ക്കുണ്ടാവുമോ...''
''എന്തിന്...''
''അയാളൊരു ക്രൂരനായ മൃഗമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.''
''അയാളതിന് ജയിലിലല്ലേ...''
''എന്നെങ്കിലും അയാള്‍ പുറത്തിറങ്ങില്ലേ...''
''അതിനെന്താ അയാളിറങ്ങിക്കോട്ടേ...''
''അയാളെന്നെ ആക്രമിക്കുമെന്നാ നാട്ടാര് പറയുന്നേ...''
''അതൊന്നും സംഭവിക്കില്ല. പോലീസും കോടതിയുമെല്ലാം കൂട്ടിനില്ലേ...''
''അപ്പോള്‍ പേടിക്കാനൊന്നുമില്ല.''
''ഇല്ല. പേടിയാമെങ്കില്‍ എന്തിനാ പോന്നത്?''
''പോലീസ് വന്ന് സമന്‍സ് തന്നപ്പോള്‍ വരില്ലാന്ന് പറയാന്‍ തോന്നിയില്ല.''
''എന്തായിരുന്നു സംഭവം.''
അറിയാനുള്ള ജിജ്ഞാസ കൊണ്ട് ഞാന്‍ ആരാഞ്ഞു. എഫ് ഐ ആറില്‍ പോലീസ് എഴുതിയ കാര്യങ്ങള്‍ വായിച്ചറിഞ്ഞിരുന്നെങ്കിലും ഒരു ദൃക്‌സാക്ഷിയുടെ വിവരണം കേള്‍ക്കാന്‍ കൗതുകം തോന്നി.
''നടുറോഡിലിട്ട് ആളുകള്‍ നോക്കി നില്‍ക്കേയല്ലേ അയാളെ വെട്ടിക്കൊന്നത്.''
''അപ്പോള്‍ കുറേ പേര്‍ കണ്ടിരിക്കുമല്ലോ...''
''ഉവ്വ്.''
''എന്നിട്ടെന്താ അവരെ കൂടി സാക്ഷിയാക്കാഞ്ഞേ...''
''പോലിസ് വന്നപ്പോള്‍ അവരെല്ലാം സ്ഥലം വിട്ടു. ചോദിച്ചവരാരും കണ്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. സാക്ഷിയാകാന്‍ അവരാരും തയ്യാറല്ലായിരുന്നു.''
''നിങ്ങള്‍ക്കും അങ്ങനെ ചെയ്യാമായിരുന്നില്ലേ...''
''എനിക്കതിന് കഴിഞ്ഞില്ല.''
''മരിച്ച ആളെ അറിയുമോ...''
''നാട്ടിലുള്ള ഒരു സാധു കര്‍ഷകനാണ്.''
''കൊന്നവനെ മുന്‍പരിചയം ഉണ്ടോ...''
''ഇല്ല.''
''നിങ്ങളുടെ നാട്ടുകാരനല്ലേ...''
''അല്ല. എവിടെ നിന്നോ വന്നവനാണ്. ആ കര്‍ഷകനെ കൊല്ലാനായി വന്നവനാണെന്നാ അറിയാന്‍ കഴിഞ്ഞത്.''
''അതിനുള്ള കാരണം.''
''അതൊന്നുമറിയില്ല.''
സംസാരിച്ചുകൊണ്ട് യാത്ര ചെയ്തതിനാല്‍ അയാളുടെ വീട് എത്തിയതറിഞ്ഞില്ല. അയാള്‍ വേഗം വീട്ടിലേയ്ക്ക് കയറിപ്പോയി. അയാളെ കാണാതായപ്പോള്‍ ഓട്ടോക്കാരന്‍ അസ്വത്ഥനാകാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞതും ആധാര്‍ കാര്‍ഡുമായി അയാള്‍ പുറത്തേയ്ക്ക് വന്നു.
''കാര്‍ഡ് കണ്ടെത്താന്‍ തിരയേണ്ടി വന്നു. അതിനാലാ സമയം വൈകിയത്.'' അയാള്‍ വൈകിയതിന്റെ കാരണം വിശദമാക്കാന്‍ ശ്രമിച്ചു. അയാള്‍ കയറിയതും ഓട്ടോക്കാരന്‍ തിരിച്ച് ജയിലിലേയ്ക്കുള്ള യാത്ര തുടര്‍ന്നു. തിരിച്ചുള്ള യാത്രയില്‍ അയാളാണ് കൂടുതലായി സംസാരിച്ചത്.
''അയാളൊരു പിശാചാണെന്നാണ് ഭാര്യ പറഞ്ഞത്.''
''ഭാര്യയ്ക്ക് അയാളെ അറിയാമോ...''
''നാട്ടുകാര്‍ പറഞ്ഞറിഞ്ഞതാണ്.''
''അവര് പോവണ്ടാന്ന് പറഞ്ഞോ...''
''ഉവ്വ്. ഞാനയാളെ തിരിച്ചറിഞ്ഞാല്‍ അയാള്‍ക്ക് ശിക്ഷ ഉറപ്പാണെന്നാ പറയ്‌ണേ...''
''ആര് പറഞ്ഞു.''
''പോലീസുകാര് സമന്‍സുമായി വന്നപ്പോള്‍ പറഞ്ഞതാണ്.''
''തെളിവുണ്ടായാലേ പ്രതികളെ കോടതിയ്ക്ക് ശിക്ഷിക്കാനാവൂ.''
''അയാള് തീര്‍ച്ചയായും ശിക്ഷിക്കപ്പെടേണ്ട ആളാണ്.''
''അതെല്ലാം സാക്ഷിയെ വിസ്തരിച്ചു കഴിഞ്ഞാലേ പറയാനൊക്കൂ.''
''സാക്ഷി പറഞ്ഞാല്‍ എനിക്ക് പ്രശ്‌നം വല്ലതും വര്വോ...''
''കോടതിയും പോലീസുമെല്ലാം നിങ്ങള്‍ക്കൊപ്പമില്ലേ... പിന്നെയെന്തിനാ പേടിക്കുന്നേ...''
ഞാനയാള്‍ക്ക് ധൈര്യം കൊടുക്കാനായി പറഞ്ഞു. ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ ആര് സംരക്ഷിക്കാനുണ്ടെങ്കിലും എന്താണ് പ്രയോജനം എന്നാണ് പറയാന്‍ തോന്നിയത്. അതു പറഞ്ഞ് ആ സാധു മനുഷ്യനെ പേടിപ്പിക്കാന്‍ മനസ്സു വന്നില്ല.
തിരിച്ചെത്തിയപ്പോള്‍ ജയിലിന്റെ ഗേറ്റ് ഞങ്ങള്‍ക്കായി വീണ്ടും തുറന്നു. മജിസ്‌ട്രേറ്റ് കാത്തിരുന്ന് മുഷിഞ്ഞിരുന്നു. ഐഡി വാങ്ങി സമന്‍സുമായി ഒത്തുനോക്കി അയാള്‍ തന്നെ എന്ന് ഉറപ്പാക്കിയശേഷം ജയിലിലെ സ്റ്റോര്‍റൂമിലേയ്ക്ക് അയാളെ കൊണ്ടു പോയി. മുറിയുടെ ഒരരുകില്‍ കസേരയിട്ട് അവിടെയിരുത്തി. ഡോറുകളെല്ലാം ഭദ്രമാക്കി ബന്ധിച്ചു. അതിനു പുറത്ത് ഓഫീസ് അറ്റന്റന്റിനെ കാവലിരുത്തി. പിന്നെ പ്രതികളെ പുറത്തേയ്ക്ക് കൊണ്ടു വന്നു. അഞ്ചാള്‍ അടങ്ങുന്ന രണ്ടു ഗ്രൂപ്പായി അവരെ മാറ്റി നിര്‍ത്തി. പിന്നെ തിരിച്ചറിയണ്ട പ്രതിയെ കൂടി കൊണ്ടു വന്ന് അവരില്‍ ആദ്യത്തെ ഗ്രൂപ്പിന്റെ കൂടെ ഇടകലര്‍ത്തി നിര്‍ത്തി. എല്ലാവരുടേയും പേരും അഡ്രസ്സും ഒപ്പും ഒരു പേപ്പറില്‍ എഴുതി വാങ്ങി. പിന്നെ അവരെ ഒരൊഴിഞ്ഞ ഹാളിലേയ്ക്ക് ആനയിച്ചു. അടുത്ത ടീമിനെ അടുത്തുള്ള ഒരു സെല്ലിലേയ്ക്ക് മാറ്റി. അതിനുശേഷം സാക്ഷിയെ അങ്ങോട്ടേയ്ക്കു കൂട്ടികൊണ്ടുവന്നു. മജിസ്‌ട്രേറ്റ് അയാളോട് ചോദിച്ചു.
''ഈ നില്‍ക്കുന്നവരില്‍ ആരെയാണ് താങ്കള്‍ കൃത്യം ചെയ്യുന്നതായി കണ്ടത്.''
അയാള്‍ പേടിച്ചുപേടിച്ച് നിരത്തി നിര്‍ത്തിയവരുടെ അടുത്തേയ്ക്ക് ചെന്ന് ഓരോരുത്തരേയും ശ്രദ്ധിച്ചു നോക്കി മുന്നോട്ടു പോയി. ഒരു മിന്നായം പോലെ കണ്ട ആ മുഖം ഓര്‍ത്തെടുക്കാന്‍ അയാള്‍ ശ്രമിച്ചു. നിരന്നു നിന്നിരുന്നവരില്‍ നിന്ന് ഒരു മുഖം അയാള്‍ തിരഞ്ഞെടുത്തു.
''ഇയാളാണ് സാര്‍.''
മജിസ്‌ട്രേറ്റ് കയ്യിലിരുന്ന പേപ്പറില്‍ ഉത്തരം രേഖപ്പെടുത്തി. സാക്ഷിയെ ഇരുന്നിരുന്ന ഇടത്തേയ്ക്കുതന്നെ പറഞ്ഞയച്ചു. പ്രതികള്‍ നിന്നിരുന്ന പൊസിഷനില്‍ മാറ്റം വരുത്തിയശേഷം വീണ്ടും സാക്ഷിയെ പുറത്തേയ്ക്ക് കൊണ്ടു വന്നു. എന്നിട്ട് മജിസ്‌ട്രേറ്റ് ചോദിച്ചു.
''ഈ നില്‍ക്കുന്നവരില്‍ ആരെയാണ് താങ്കള്‍ കൃത്യം ചെയ്യുന്നതായി കണ്ടത്.''
സാക്ഷിയ്ക്ക് ഉള്ളില്‍ ചെറിയ ഭയം അരിച്ചരിച്ചു വരാന്‍ തുടങ്ങിയിരുന്നു. ഓരോരുത്തരുടേയും മുഖത്തേയ്ക്ക് അയാള്‍ പരിഭ്രമത്തോടെ നോക്കി നടന്നു. നേരത്തേ കണ്ടവര്‍തന്നെ പക്ഷെ സ്ഥാനങ്ങളെല്ലാം മാറിയിരിക്കുന്നു. എവിടെ അയാള്‍? വീണ്ടും മനസ്സില്‍ ആ മുഖത്തെ തിരഞ്ഞു. അവരിലൊരാളുടെ മുഖം അയാളില്‍ പതിഞ്ഞു.
''ഇയാളാണ് സാര്‍.''
മുന്നില്‍ നിവര്‍ന്നിരുന്ന പേപ്പറില്‍ മജിസ്‌ട്രേറ്റ് വീണ്ടും എന്തൊക്കെയോ രേഖപ്പെടുത്തി. വീണ്ടും സാക്ഷിയെ അയാളിരുന്നിരുന്ന സ്ഥലത്തേയ്ക്ക് തന്നെ തിരിച്ചയച്ചു. ശേഷം അടുത്ത ഗ്രൂപ്പിനെക്കൂടി വിളിച്ചു കൊണ്ടു വന്നു. ആദ്യത്തെ ടീമിനെ സെല്ലിലേയ്ക്ക് അയച്ചു. പുതിയ ഗ്രൂപ്പിന്റെ കൂടെ പ്രതിയെ ഇടകലര്‍ത്തി നിര്‍ത്തി. പഴയതുപോലെ വീണ്ടും സാക്ഷിയെ കൊണ്ടു വന്ന് തിരിച്ചറിയല്‍ നടത്തി. പൊസിഷന്‍ മാറ്റി ഒരിക്കല്‍കൂടി അവരെ സാക്ഷിയെ കാണിച്ചു. സാക്ഷിയുടെ മറുപടി രേഖപ്പെടുത്തിയശേഷം അയാളെ വീണ്ടും പഴയ സ്ഥാനത്തേയ്ക്ക് പറഞ്ഞയച്ചു.
രണ്ടു ഗ്രൂപ്പുകാരേയും പ്രത്യേകം പ്രത്യേകം പ്രതിയോടൊത്ത് നിര്‍ത്തി സാക്ഷിയുടെ ഓര്‍മ്മയെ പരീക്ഷിച്ചുകഴിഞ്ഞശേഷം എല്ലാവരേയും ഒന്നിച്ച് നിരത്തി നിര്‍ത്തി. പത്തു പേര്‍ക്കിടയില്‍ പ്രതിയെകൂടി നിര്‍ത്തി തിരിച്ചറിയല്‍ തുടര്‍ന്നു. വീണ്ടും സ്ഥാനത്തിന് മാറ്റം വരുത്തി സാക്ഷിയെ പുറത്തേയ്ക്ക് കൊണ്ടു വന്നു. നിരത്തി നിര്‍ത്തിയ വലിയ നിരയിലൂടെ അയാളെ പറഞ്ഞു വിട്ടു. അയാള്‍ അതീവ സൂക്ഷ്മതയോടെ ആ നിരയിലൂടെ നോക്കി നടന്നു. വീണ്ടും ആ മുഖം അയാളില്‍ തെളിഞ്ഞുവന്നു. അയാള്‍ പതുക്കെ പറഞ്ഞു.
''ഇയാളാണ് സാര്‍.''
മജിസ്‌ട്രേറ്റ് മുന്നിലെ പേപ്പറുകളില്‍ മറുപടി കുറിച്ചു. എല്ലാ ഉത്തരങ്ങളും ഓരാളില്‍ തന്നെയായിരുന്നു ചെന്നു നിന്നത്. പ്രതി അയാളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. വീണ്ടും അയാളെ ഇരുന്നിടത്തേയ്ക്കു തന്നെ തിരിച്ചയച്ചു. അതിനുശേഷം വാര്‍ഡന്മാര്‍ പ്രതികളെ അവരുടെ സെല്ലുകളിലേയ്ക്ക് കൊണ്ടു പോയി. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതിനുശേഷം സാക്ഷിയെ പുറത്തു വിളിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അയാളുടെ ഒപ്പു വാങ്ങിയ ശേഷം പറഞ്ഞു.
''നിങ്ങള്‍ക്കിനി പോകാം. കോടതിയില്‍ നിന്ന് സമന്‍സ് കിട്ടുമ്പോള്‍ സാക്ഷി പറയാന്‍ എത്തിയാല്‍ മതി.''
പാറാവുകാരന്‍ അയാള്‍ക്കായി തുറന്നു പിടിച്ച വാതിലിലൂടെ പുറത്തുപോകുന്നതിന് മുമ്പ് അയാള്‍ ഒരു നിമിഷം അവിടെ നിന്നു. പിന്നെ ഭയന്ന മുഖഭാവത്തോടെ തിരിച്ചു വന്ന് ചോദിച്ചു.
''സാറേ, എനിക്കെന്തെങ്കിലും പ്രശ്‌നം ഉണ്ടാവ്യോ...''
''എന്തു പ്രശ്‌നം?''
''ഈ പ്രതി പ്രശ്‌നക്കാരനാണെന്ന അറിയാന്‍ കഴിഞ്ഞത്.''
''എന്തു പ്രശ്‌നം വന്നാലും കോടതിയില്‍ വന്നോളൂ. പരിഹാരം ഉണ്ടാക്കിത്തരാം.''
''അയാളൊരു ഭീകരനാ സാറേ...''
''ഒന്നും സംഭവിക്കില്ല. എല്ലാവിധ സംരക്ഷണങ്ങളും നിങ്ങള്‍ക്കുണ്ടാവും.''
''അങ്ങനെ വിശ്വസിക്കാം അല്ലേ സാറേ...''
''ധൈര്യമായി പൊയ്‌ക്കോളൂ...''
ഒരാള്‍ എന്തിനും തയ്യാറായി വന്നാല്‍ അതില്‍ നിന്നും ആര്‍ക്ക് ആരെയാണ് രക്ഷിക്കാനാവുക. എന്നാലും മജിസ്‌ട്രേറ്റ് അയാള്‍ക്ക് ധൈര്യം പകര്‍ന്നു. അതില്‍നിന്നും ശക്തി സംഭരിച്ച് അയാള്‍ ജയിലിന്റെ ഗേറ്റ് കടന്ന് ശാന്തനായി പുറത്തുപോയി. മുമ്പ് ഒരിക്കല്‍ ഈ പ്രതിയെ തിരിച്ചറിയല്‍ പരേഡില്‍ വന്ന് തിരിച്ചറിഞ്ഞ സാക്ഷിയെ ജയിലില്‍ നിന്ന് പരോളിലിറങ്ങിയ സമയത്ത് വെട്ടികൊന്ന കേസിന്റെ തിരിച്ചറിയല്‍ പരേഡിനാണ് ഈ സാക്ഷിയെ ഇപ്പോള്‍ വിളിച്ചതെന്ന് പറഞ്ഞിരുന്നെങ്കില്‍ അയാള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നാലോചിച്ചപ്പോള്‍ വല്ലാത്ത ഭീതി തോന്നി. തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞ് ഗേറ്റ് തുറന്ന് പുറംലോകത്തെത്തിയപ്പോള്‍ അന്നു വന്ന സാക്ഷിയെ കുറിച്ച് വെറുതേ ഓര്‍ത്തു. പാവം മനുഷ്യന്‍. കുടുംബം പുലര്‍ത്താനായി നിത്യവും പാടത്തും പറമ്പിലും കൂലി പണി ചെയ്തു നടക്കുന്നവന്‍. നന്മ മാത്രം മനസ്സില്‍ സൂക്ഷിക്കുന്നവന്‍. അയാളുടെ ആയുസ്സിന് തകരാറൊന്നും വരാന്‍ ഇടവരുത്തരുതേ...