നഗര വീഥിയിൽ വാഹനങ്ങൾ ഞെരുങ്ങി ഞെരുങ്ങി ഇഴയുകയായിരുന്നു. ആഗ്രഹിച്ചാൽ പോലും ഒന്ന് വേഗം കൂട്ടാൻ കഴിയില്ല. എത്രയോ കാലമായി ഈ നഗരത്തിന്റെ തിരക്കിൽ ഒരണുവായി കഴിഞ്ഞു കൂടുന്നു.

അണു... അങ്ങിനെ പറയാമോ... ഇപ്പോൾ ഒരണുതന്നെയാണല്ലൊ ശരവേഗത്തിൽ ലോകമാകെ നാശം വിതയ്ക്കുന്നത്. പക്ഷെ, താൻ ഈ മഹാനഗരത്തിലെ ചെറിയ അണുവാണ്‌. നിസ്സഹായനായ അണു. എപ്പോൾ വേണമെങ്കിലും ചവുട്ടി അരക്കപ്പെടാം… അല്ല ചവുട്ടിയരക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്....

ഏതോ സിഗ്നലിൽ വണ്ടി നിന്നു. ഡ്രൈവർ അസ്വസ്ഥനാണ്..... തമ്പാക്കും ചുണ്ണാമ്പും പച്ച വെളിച്ചം തെളിയുന്നത് വരെ കൈയിലിട്ട് തിരുമ്മി രണ്ട് വിരലുകൾക്കുള്ളിൽ ഒതുക്കി കവിളിനും പല്ലിനുമിടയിലേക്ക്‌ തിരുകി. വണ്ടി വീണ്ടും ഇഴഞ്ഞു തുടങ്ങി. കുറച്ചു ദിവസ്സങ്ങളായി ജീവിതവും ഇഴയുകയാണ്. മനസ്സുകൾ പ്രത്യാശ നഷ്ടപ്പെട്ട് മരവിച്ചിരിക്കുന്നു...

വണ്ടി ഇടയ്ക്കിടയ്ക്ക് ആടിയുലയുന്നുണ്ട്. വീഴാതിരിക്കാൻ ഒരു കൈ കൊണ്ട് അരികിലെ കമ്പിയിൽ പിടിച്ചു.

രമ ഇതൊന്നും അറിയുന്നില്ല...

അവൾ ഒന്നും അറിയാറില്ലായിരുന്നു. പാവം.... ആദ്യമായി ഈ നഗരത്തിലേക്ക് വന്നപ്പോഴും, വന്യമായ തിരക്ക് കണ്ടപ്പോഴും അന്യഭാക്ഷ കേട്ടപ്പോഴും അവൾ അന്ധാളിച്ചില്ല. ചേട്ടനുണ്ടല്ലോ.....ഈ കൈ പിടിച്ചു് ഞാൻ നടന്നോളാം.....ഈ തിരക്കൊന്നും ഞാൻ കാണുന്നില്ല.... ഒന്നും കേൾക്കുന്നില്ല. എൻ്റെ മുന്നിൽ ചേട്ടൻറെ മുഖം മാത്രം....കാതിൽ ചേട്ടന്റെ ശബ്ദം മാത്രം..... ഫ്ലാറ്റിലേക്ക് വലത്കാൽ വെച്ച് കയറിയപ്പോൾ അവൾ പറഞ്ഞു. ഇരുപത്തി രണ്ട് വർഷം കഴിഞ്ഞിട്ടും അത് തന്നെയാണ് ആവർത്തിച്ചു കൊണ്ടിരുന്നത്. വാടക ഫ്ലാറ്റിൽ നിന്നും സ്വന്തം ഫ്ലാറ്റിലേക്ക് മാറിയപ്പോഴും നാട്ടിൽ വീട് വെച്ചപ്പോഴും നമുക്കിതൊക്കെ വേണോ എന്ന ഭാവമായിരുന്നു. അയാൾ അവളുടെ മുഖത്തേക്ക് നോക്കി...... അതെ ഭാവം തന്നെ....... അവളെന്നും ശരിയായിരുന്നു.  

അതെ....കെട്ടിപ്പടുത്തതെല്ലാം വെറുതെയാണ്... തിരികെ പോകുമ്പോൾ അവളുണ്ടാകില്ല... ഫ്ലാറ്റിൽ ഞാനേകനാവും...... നാട്ടിലെ വീട് അനാഥമായി കിടക്കും..... താനെന്തിനാണ് ഇനി അങ്ങോട്ട് പോകുന്നത്..... ഇനിയും ഈ നഗരത്തിൽ തുടരണോ ?

കഴിഞ്ഞ ഇരുപത് ദിവസ്സങ്ങളായി ആശുപത്രിയിൽ തീ തിന്ന് കഴിയുമ്പോൾ ആലോചിച്ചു തുടങ്ങിയതാണ്. അതിന് മുമ്പ് പരസ്പരം കാണാതെ മറ്റോരു ആശുപത്രിയിൽ പതിനഞ്ചു ദിവസ്സം..... ആദ്യമായി വേർ പിരിഞ്ഞു കഴിഞ്ഞു. ഒരു നീണ്ട വീർപ്പു മുട്ടലിന് ശേഷം പുനർജന്മം പോലെ ആശുപത്രി വിട്ടിറങ്ങി. വീണ്ടും കൈ പിടിച്ചു് ഫ്ലാറ്റിലേക്ക് കയറി. രണ്ട് പേരും ക്ഷീണിതരായിരുന്നു...... പരസ്പരം കൈകൾ മുറുകെ പിടിച്ചു് കുറെ നേരം മുഖത്തോട് മുഖം നോക്കിയിരുന്നു... കേൾക്കുന്ന വാർത്തകൾ, കാണുന്ന കാഴ്ചകൾ ഭീതി പരത്തുന്നു......

അവൾ പതുക്കെ പറഞ്ഞു ... ചേട്ടനൊന്നും സംഭവിക്കില്ല... പേടിക്കണ്ട...

ഇപ്പോൾ എനിക്കൊന്നും സംഭവിച്ചില്ലെ .....അയാൾ ആ ചോദ്യവുമായി അവളുടെ മുഖത്തേക്ക് നോക്കി....

അവൾ ഇനിയൊന്നും പറയില്ല... ശ്വാസ കോശത്തിലെ അണുബാധയുമായി വീണ്ടും ആശുപത്രിയിലേക്ക് പോകുമ്പോൾ അവൾ പിടയുകയായിരുന്നു. ഒടുവിൽ ഐ.സി.യുവിലക്ക് കയറ്റുമ്പോൾ ഒരു തവണ കൈ വീശിയോ.....യാത്ര പറഞ്ഞുവോ ?

ആശുപത്രി വരാന്തയിൽ കഴിഞ്ഞ ഇരുപത് ദിവസ്സം കണ്ട കാഴ്ചകൾ തന്നെ നിർവികാരനാക്കിയിരിക്കുന്നു. വേനലിലെ നിള പോലെ കണ്ണീർ വറ്റിയിരിക്കുന്നു...... താനാരുമല്ല....വെറുമൊരു അണു......

വണ്ടി ശ്മശാനത്തിന്റെ കവാടത്തിനടുത്തെത്തി.....വണ്ടികളുടെ നീണ്ട നിര...... ഡ്രൈവർ വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചു. ചുണ്ണാമ്പും പുകയിലയും കൈ വെള്ളയിലിട്ട് വീണ്ടും തിരുമ്മി തുടങ്ങി.....

പിന്നെ കാര്യങ്ങൾ നന്നായി അറിയാവുന്നത് പോലെ ..... ആപ് അന്തർ ജാക്കെ ടോക്കൺ ലേക്കെ ആയിയെ... ലഗ്താ ഹേ ബഹുത് ടൈം ലഗേഗ .....

അയാൾ വണ്ടിയിൽ നിന്നും പുറത്തിറങ്ങി..... പുറകെ മറ്റൊരു വണ്ടിയിൽ അനുഗമിക്കുന്ന സുഹൃത്തുക്കൾ എത്തിയിട്ടില്ല...... പൊള്ളുന്ന ചൂട്..... സമയം മൂന്നര കഴിഞ്ഞിട്ടും ചൂട് ശക്തമാണ്...... എ.സിയിൽ നിന്നും ഇറങ്ങിയത് കൊണ്ടാണോ.... അല്ല ചൂടുണ്ട്...... കുറച്ചു നേരം ഇങ്ങിനെ നിന്നാൽ ശരീരത്തിലെ ജലാംശം വറ്റി ഒടുവിൽ ഉണങ്ങിയ മരത്തിന് തീ പിടിക്കുന്നത് പോലെ കത്തി തീരുമോ? അങ്ങിനെയാണെങ്കിൽ നന്നായിരുന്നു..... എത്ര നേരം വേണമെങ്കിലും നിൽക്കാം......

വരി വരിയായി നിൽക്കുന്ന വണ്ടികളെ താണ്ടി ശ്മശാനത്തിന്റെ കവാടത്തിലെത്തി..... വെള്ള പുതച്ച, പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശവ ശരീരങ്ങൾ രണ്ട് വരിയായി നിര നിരയായി കിടക്കുന്നു..... 

 ടോക്കൺ കിട്ടി ....... നമ്പർ 98...... അവളുടെ ഊഴം 98 ...... ഛെ....ഞങ്ങളുടെ വിവാഹം കഴിഞ്ഞതും 98ൽ ആണല്ലോ....

ബഹുത് ടൈം ലഗ്ഗേഗ സാബ്..... കം സെ കമ് രാത് കോ ദോ ഭജേ ഹോ ജായേഗ....

ഒന്നും ചോദിക്കാതെ തന്നെ ടോക്കൺ തന്നയാൾ അത്രയെങ്കിലും പറഞ്ഞു..... ആശുപത്രിയിൽ തൻ്റെ ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ പോയി..... 

അവരെ കുറ്റം പറയാൻ പറ്റില്ല. അന്യഗ്രഹത്തിലെ ജീവികളെ പോലെ പറന്ന് നടക്കുകയായിരുന്നു. അവർക്ക് മുന്നിൽ ഒരു പാട് ജീവനുകളായിരുന്നു...... പരിമിതികൾ ഏറെ ഉണ്ടായിരുന്നു......  

അയാൾ തിരിച്ചു് വണ്ടിയുടെ അടുത്തേക്ക് നീങ്ങി. ഡ്രൈവറോട് കാര്യം പറഞ്ഞു...... ഡ്രൈവർ വീണ്ടും ചുണ്ണാമ്പും പുകയിലയും എടുത്തു....... ആപ് അന്തർ ബൈട്ടോ.... ഗർമി ജാത ഹേ ,,,,

പിൻവശത്തെ വാതിൽ തുറക്കുമ്പോൾ സുഹൃത്തുക്കൾ എത്തി..... സമയമെടുക്കും, നിങ്ങൾ പൊയ്‌ക്കൊള്ളൂ.... വെറുതെ കാത്തു നിൽക്കണ്ട.....

അവർ എന്താണ് പറയേണ്ടത് എന്നറിയാതെ നിൽക്കുമ്പോൾ അയാൾ വണ്ടിക്കകത്തു കയറി. രമയോടൊപ്പം ഇരിക്കാനുള്ള കുറച്ചു മണിക്കൂറുകളാണ് കിട്ടിയിരിക്കുന്നത്.... കാത്തിരിപ്പ് അയാൾക്ക്‌ വിഷമമായി തോന്നിയില്ല...

മുമ്പ് മുപ്പത് വർഷം മുമ്പ് ഭാരത പുഴയുടെ തീരത്താണ് അമ്മയെ ദഹിപ്പിച്ചത്. ഒരു കർക്കിടക മാസ്സം.... പുഴ നിറഞ്ഞു കവിഞ്ഞിരുന്നു.... കോരി ചൊരിയുന്ന മഴ ആയിരുന്നു. വീട്ടിൽ നിന്നും മുളയിൽ തീർത്ത മഞ്ചലിൽ രണ്ട് കിലോമീറ്ററോളം ചുമന്ന് നടന്നു....എന്നിട്ടും എത്ര വേഗം പുഴക്കരയിലെത്തി. കനത്ത മഴയിലും ചിത ആളി കത്തി. പിന്നീട് പുഴയിൽ മുങ്ങി പൊങ്ങുമ്പോൾ കൂടെ കുറെ കരിയും കരിക്കട്ടയും പൊന്തി വന്നു. മുമ്പെങ്ങോ ഒരുക്കിയ ചിതയിലെ അവശിഷ്ടങ്ങളാണ്.  

അതിനും മുമ്പ് അമ്മയുടെ കൈ പിടിച്ചു് അച്ഛന് ബലിയിടാൻ വന്നപ്പോൾ മാറ്റിയിടാൻ കൊണ്ടുവന്ന ഉടുപ്പ് മണലിൽ കുത്തി വെച്ച ഓലക്കുടയിൽ വെച്ചു. അമ്മ വഴക്ക് പറഞ്ഞതും അത് നനച്ചുടുക്കാൻ പറഞ്ഞതും ഓർമ്മ വന്നു. അമ്മയുടെ അസ്ഥി ഒഴുക്കി ഓല കുട മണലിൽ നാട്ടിയപ്പോഴാണ് അമ്മ എന്തിനാണ് വഴക്ക് പറഞ്ഞത് എന്ന് മനസ്സിലായത്. പിന്നെ വയലിൽ നടുവിലുണ്ടായിരുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തൊഴുത് പുണ്യാഹവും വാങ്ങി വീട്ടിൽ വന്നു തളിച്ചു.

ഇന്നവിടെ ഒരു ട്രസ്റ്റ് വന്നിരിക്കുന്നു….. ഐവർ മഠം …… ഒരു വിദ്യാ സമ്പന്നൻ തൻ്റെ ജീവിതം ശവദാഹം സുഗമമാക്കാൻ ഉഴിഞ്ഞു വെച്ചിരിക്കുന്നു. വളരെ വേഗത്തിൽ കാര്യങ്ങൾ എല്ലാ അനുഷ്ടാനങ്ങളോടയും നടക്കും. പുഴ മാത്രമാണ് മാറി മറിയുന്നത്. ഇപ്പോൾ അവിടെ ആയിരുന്നെങ്കിൽ...... മനസ്സ് കൊണ്ട് ആ വിദ്യാസമ്പന്നനെ നമിച്ചു....

പരേതനായ മാധ്യമ പ്രവർത്തകൻ വി.കെ.മാധവൻകുട്ടി സർ ഒരിക്കൽ ഏതോ അഭിമുഖത്തിൽ പറഞ്ഞ ആശങ്ക മരണത്തിന് ശേഷമുള്ള ശ്മശാനത്തിലേക്കുള്ള ദൂരമായിരുന്നു....അവിടെ എത്തിപ്പെടാനുള്ള സമയമായിരുന്നു. കഴിയുന്നതും ശ്മശാനത്തിന് അടുത്ത് വീട് കണ്ടെത്താൻ ആഗ്രഹിച്ചിരുന്നത്രെ..... മഹാ നഗരങ്ങളിൽ ചെറിയ ദൂരം പോലും വാഹന പെരുപ്പത്തിൽ വലിയ ദൂരമായി മാറും.... അന്ന് അത് ഒരു തമാശയായി തോന്നി...... ഇന്നത് പരമമായ സത്യം....

രമ പറഞ്ഞതും സത്യമല്ലേ..... എല്ലാം വെട്ടിപിടിച്ചിട്ട് എന്ത് കാര്യം......   

കുറെ നേരം അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു....... ഇരുൾ വീണു.... ഡ്രൈവറുടെ കയ്യിലെ പുകയില പാക്കറ്റ് കാലിയായി.....

ഒടുവിൽ 98)0 നമ്പർ.... രമയുടെ ഊഴം..... ടോക്കൺ തന്നയാൾ പറഞ്ഞത് പോലെ 2 മണി കഴിഞ്ഞിരിക്കുന്നു. അവസ്സാനമായി രമയുടെ മുഖത്തേക്ക് ഒന്ന് കൂടി നോക്കി. മൗനമായി ഇതിനു മുമ്പും യാത്ര പറഞ്ഞിട്ടുണ്ട് .... 

ആദ്യമായി ഈ നഗരത്തിലേക്ക് താൻ പുറപ്പെടുമ്പോൾ, വേലിക്കപ്പുറവും ഇപ്പുറവുമായ് നിന്ന്, ഒടുവിൽ ഒന്നും പറയാതെ നടന്നു നീങ്ങിയ പോലെ....

ശ്മശാനത്തിന് പുറത്തിറങ്ങുമ്പോൾ ഇനിയും അവസാനിക്കാത്ത വണ്ടികളുടെ നിര... അതിനിടയിലുടെ നടക്കുമ്പോൾ, സുഹൃത് ഫോൺ എടുത്ത് നീട്ടി.... നാട്ടിൽ നിന്നാണ്... കുറെ നേരമായി വിളിക്കുന്നു...

അയാൾ ഫോൺ ഒട്ടും താല്പര്യമില്ലാതെ കാതോട് ചേർത്തു..... വിളിച്ചയാൾ എന്തൊക്കെയോ പറഞ്ഞു.... ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് പറഞ്ഞു. ഒടുവിൽ പ്രതികരണമൊന്നും ഇല്ലാതിരുന്നത് കൊണ്ടാവണം വിളിച്ചയാൾ ചോദിച്ചു.... ദഹനമൊക്കെ കഴിഞ്ഞുവോ ?

അയാൾ ഫോൺ സുഹൃത്തിന് കൈ മാറി പിറുപിറുത്തു... എനിക്കൊന്നും ദഹിക്കുന്നില്ല... ഒന്നും…                  

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ