mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

മഴ പൊടിക്കുന്ന നനഞ്ഞ വൈകുന്നേരം തകര ഷീറ്റ് അടിച്ച ആ വീട്ടിലേക്ക് മുഷിഞ്ഞ ഏതോ ഗവൺമെന്റ് സ്കൂളിലെ യൂണിഫോമും ബാഗുമായി ഓടിക്കിതച്ചെത്തുകയാണ് 9 വയസ്സുള്ള അവൻ. കേറിയ പാടെ ബാഗ്

ഒരു കസേരയിലേക്ക് ഊരി ഇട്ടുകൊണ്ട് അടുക്കളയും, ചായ്പ്പും എല്ലാമായ മുറിയിലേക്ക് പോയി. അവിടെ അമ്മയുണ്ട്. ചട്ടിയിൽ നിന്നും ചൂട് ഉപ്പുമാവ് കൊരി ഒരു പാത്രത്തിലേക്ക് ഇട്ട് കൊണ്ട് മറുകയ്യിൽ അവനെ ചുറ്റിപിടിച്ചു കൊണ്ട് നെറ്റിയിൽ ചുംബിക്കുന്നു. 'ഒറ്റ ദിവസംകൊണ്ട് എന്റെ മോൻ ആകെ കോലം കേട്ടല്ലോ ' അവൻ ഒരു കൈ കൊണ്ട് ചൂട് ഉപ്പുമാവിൽ കൈ ഇട്ടു രണ്ട് വിരലുകൾകൊണ്ട് ഒരു നുള്ളെടുത്ത് വായിലിട്ടു . ചൂട് കൊണ്ട് കൈ കുടഞ്ഞ അവനെ നോക്കി അമ്മ ചിരിച്ചു . ' ബാ വന്നിരിക്ക് അമ്മ തെയിലവെള്ളം തിളപ്പിച്ചു തരാം' അവനെയും കൊണ്ട് അമ്മ അടുക്കളയിൽ നിന്ന് ചെറിയൊരു മേശയിൽ തുണി വിരിച്ച് തലയിണ ഒക്കെ ഇട്ടു അച്ഛൻ ഉച്ചമയങ്ങാറുള്ള സ്ഥലത്ത് കൊണ്ട് ഇരുത്തി. മേശ വലിച്ചു ഉപ്പുമാവ് അവന്റെ മുന്നിൽ വെച്ചു. അമ്മ അടുക്കളയിലേക്ക് തിരിച്ചു നടന്നു .

അമ്മ പോയ പാടെ അവൻ മേശയിൽ നിന്നും ഊർന്നു ഇറങ്ങി. തടിപ്പലക അടിച്ച ഷെൽഫിൽ ഇരുന്ന റേഡിയോ താഴെ സ്റ്റൂൾ ഇട്ട് അതിൽ കയറി നിന്ന് തിരിച്ചു. തിരിച്ചു തിരിച്ചു ക്രിക്കറ്റ് കമന്ററി വന്നു തല ചരിച്ച് അതിൽ തന്നെ കേട്ടിരുന്നു. "സച്ചിൻ ,സച്ചിൻ" കമന്റേറ്റർ വിളിച്ചു പറഞ്ഞു അവന്റെ മുഖം തിളങ്ങി റേഡിയോ തിരിച്ചു ഓഫ് ആക്കിയ ശേഷം സ്റ്റൂളിൽ നിന്ന് ചാടിയിറങ്ങി പുറത്തേക്ക് പാഞ്ഞു. "അമ്മേ ഞാൻ ടിവി കാണാൻ പോവാണേ" പായുന്ന വഴി അവൻ വിളിച്ചു പറഞ്ഞു. മുറ്റത്തേക്ക് ചെരുപ്പ് ഇടാതെ ഓടി ഇറങ്ങിയ അവൻ തിരിച്ചു വന്നു ചെരുപ്പ് ഇട്ട് വീണ്ടും ഓടി. അടുക്കളയിൽ നിന്നും അമ്മ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൻ മറഞ്ഞു കഴിഞ്ഞിരുന്നു. പാടവരമ്പിലൂടെ, കൈത കാട്ടിലൂടെ, മഞ്ചാടി മരങ്ങൾക്കിടയിലൂടെ, ചെളിയും പുൽമേടുകളും മരത്തടി പാലവും ഒക്കെ കടന്നു അവൻ ഓടുന്നു. ചെളിയിലാണ്ട് ഊരി പോയ റബർ ചെരുപ്പിന്റെ നീലവാറ്,‌ ഓട്ടം നിർത്താതെ തന്നെ അവൻ എന്നോ വെള്ള ആയിരുന്ന യൂണിഫോം ഷർട്ടിന്റെ തുമ്പുകൊണ്ടുള്ള മാന്ത്രിക വിദ്യയാൽ ശെരിയാക്കി. ഓടുന്ന വഴിക്ക് തന്നെ തന്റെ മുന്നിലേക്കിട്ട്‌ അതിൽ തന്നെ ചവിട്ടി കയറി ഓടിപ്പോയി. വാർത്തു പെയിന്റടിച്ച വൃത്തി ഉള്ള ഒരു വീട്ടിലേക്ക് ഓടി ചെല്ലുകയാണവൻ.വാതിൽക്കൽ കുട്ടികളുടെ വിസിലുള്ള വർണ്ണ കുടയുണ്ട്. അടഞ്ഞു കിടക്കുന്ന വാതിൽ നോക്കി അവൻ വീടിന്റെ വശത്തേക്ക് നടന്നു . പോകും വഴി അവൻ ചുറ്റും നോക്കി ആരും കാണാതെ തിരികെ വാതിൽക്കൽ വന്ന്‌ മഞ്ഞ വർണ്ണകുടയെടുത്ത് അതിന്റെ വിസ്സിൽ ചെറുതായി ഒന്ന് ഊതി. അങ്ങനെ തന്നെ വെച്ചിട്ട് വീടിന് വശത്തെ തുറന്നു കിടക്കുന്ന ജനാലയുടെ അടുത്തേക്ക് ചെന്ന്‌ അകത്തേക്ക് നോക്കി . ടിവി യുടെ പ്രകാശം അവന്റെ മുഖത്ത് കാണാം . അകത്തിരിക്കുന്നവരെ ഇരുട്ടിലേക്ക് നോക്കി അവനൊന്നു ചിരിച്ചു കാട്ടി.നാല് മണി പലഹാരങ്ങളുടെ കൊതിയൂറും മണം അവനിലെത്തി, തീന്മേശയിലേക്കു നോക്കാതിരിക്കാൻ അവൻ മനപ്പൂർവ്വം ശ്രമിച്ചു. "Sachin on his 90s" സച്ചിൻ മുഴക്കങ്ങൾ ടിവിയിൽ കേൾക്കാം അവൻ ആവേശത്തോടെ ജനൽ കമ്പിയിൽ മുഖമമർത്തി അത് കണ്ട് നിന്നു സച്ചിന്റെ സെഞ്ചുറിക്ക് വേണ്ടിയുള്ള നെഞ്ചിടിപ്പിനെ തോൽപ്പിച്ച് കൊണ്ട് ആകാശത്ത് നിന്ന് കനത്ത ഇടി മുഴങ്ങി.അവൻ പുറത്തെ ആകാശത്തേക്ക് തിരിഞ്ഞു നോക്കി. തല തിരിച്ചപ്പൊഴേക്കും ടിവിയുടെ വെട്ടം മറഞ്ഞു. "ഇടി വെട്ടുന്നത് കേട്ടില്ലെടാ നിർത്തെടാ ടിവി" 'നിർത്തി നിർത്തി' നിരാശയോടെ അവൻ തിരിഞ്ഞ് ഓടുന്നതിനിടെ ഒരു നോട്ടം മഞ്ഞ കുടയിലേക്കും പോയി.

വന്ന വഴികളിലൂടെ അവൻ ആകുന്നത്ര വേഗത്തിൽ തിരിച്ചോടി. പകുതി പിന്നിട്ടപ്പോഴേക്കും മഴ എത്തിയിരുന്നു. വെള്ള കുപ്പായത്തിന്റെ പിന്നാമ്പുറം ചെളി വാരി വിതറിയിരുന്നു നീല വാറുള്ള ചെരുപ്പ് . തകര ഷീറ്റിൽ പെരുമ്പറ കൊട്ടുന്ന മഴയത്ത് അവൻ ഓടി കിതച്ചെത്തി. ചെരുപ്പൂരി അകത്തേക്ക് കേറിയ പാടെ തോർത്തുമായി അമ്മയെത്തി "ഇങ്ങനെ കിടന്നു നനഞ്ഞാൽ എന്റെ കുഞ്ഞിന് വല്ല സൂക്കേട് വരൂലെ". തല തോർത്തി പൂർത്തിയാക്കും മുൻപേ അവൻ കുതറി ചെന്ന് സ്റ്റൂളിന്റെ മോളിൽ വലിഞ്ഞു കേറി റേഡിയോ തിരിച്ചു.അമ്മ പിന്നാലെ ചെന്ന് സ്റ്റൂളിന് മുകളിൽ നിക്കുന്ന അവന്റെ തല തോർത്തിക്കൊണ്ടിരുന്നു. അവൻ കാര്യമായി റേഡിയോ തിരിച്ചു കൊണ്ടിരുന്നു. ക്രിക്കറ്റ് കമന്ററി വരുന്നു "Looking for two, it's done!, Wonderful hundred from Sachin Tendulkar ". തോർത്തിനും ഈർപ്പമുള്ള തോർത്തി ഉഴപ്പിയ മുടിക്കും ഇടയിലൂടെ അവൻ കുനിഞ്ഞ് നിന്ന് കൊടുത്ത മുഖമൊന്നു ഉയർത്തി റേഡിയോവിൽ നോക്കി കമൻ്ററി തുടരുന്നു. അവൻ സ്റ്റൂളിൽ നിന്നിറങ്ങി.

അമ്മ അടുക്കളയിലേക്കു മടങ്ങി. അച്ഛന്റെ കിടപ്പ് മേശയിൽ കഷ്ടപ്പെട്ട് വലിഞ്ഞു കയറി പാതി ചാരി ഇരുന്നു, അമ്മ നൽകിയ ഉപ്പുമാവ് പാത്രത്തിൽ ഇപ്പോഴും മുന്നിലിരിപ്പുണ്ട് .ഒന്ന് നിവർന്നു അതെടുത്ത് ചാരി ഇരുന്നു തന്റെ മുഷിഞ്ഞ കുപ്പായത്തോട് ചേർത്ത് വയറ്റത്ത് വെച്ചു വാരികഴിക്കാൻ തുടങ്ങി. അമ്മ അപ്പോഴേക്കും സ്റ്റീൽ ഗ്ലാസ്സിൽ ചൂട് തേയിലവെള്ളം കൊണ്ട് വന്നു മുന്നിലെ മേശയിൽ വെച്ചു. അവന്റെ ഇരുപ്പ് കണ്ട് അമ്മയൊന്ന് അവൻ കാണാതെ ചിരിച്ചു. അവൻ അമ്മയെ നോക്കി പറഞ്ഞു "ഞാനൊരു പോപ്പി കുടയുടെ വിസിലൂതിയമ്മെ". അവന്റെ മുഖത്തെ സന്തോഷം കണ്ട് ഒരു നിമിഷത്തെ മരവിപ്പിന് ശേഷം അവനെ നോക്കി അമ്മയൊന്നു പുഞ്ചിരിച്ചു. അമ്മ അവന്റെ താഴെ നിലത്ത് മുട്ടുമടക്കി ഇരുന്നു, തുടരെ കയ്യും കാലും ഒക്കെയായി എന്തൊക്കെയോ കഥകൾ അവൻ അമ്മയോട് പറഞ്ഞു കൊണ്ടിരുന്നു. തകര ഷീറ്റിൽ വന്നു വീഴുന്ന ശക്തമായ മഴയിൽ അവയെല്ലാം അലിഞ്ഞു കേൾക്കാതെയായി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ