മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
Mahatma Gandhi
Anupa Ravi
വട്ടക്കണ്ണട ഒന്ന് ശരിയാക്കി വടി കുത്തി ആഞ്ഞു നടന്നു. വൈകീട്ട് തിരിച്ചെത്തണം. ഒറ്റ ദിവസത്തിനാ അനുമതി. ജനുവരി 30 ന് കിട്ടിയ ആനുകൂല്യം. രാത്രിക്ക് മുന്നെ തിരിച്ചെത്തണം. ചീറിപ്പായുന്ന വാഹനങ്ങൾ. കഴുത്തിനു ചുറ്റും ചാഞ്ഞു കിടന്ന വേഷ്ടിത്തുമ്പ് വീശിയടിച്ച കാറ്റിൽ ഇളകിയാടി. നിരത്തിൽ നിറഞ്ഞു തുളുമ്പുന്ന പല വർണ്ണ കൊടികൾ.  പണിയെടുക്കാതെ പണം പിരിക്കുന്ന ചിലർ . "Do or die" നാളുകൾ മനസ്സിൽ ഇരമ്പിയെത്തി. ഇങ്ങോട്ട് വരാനുള്ള അനുമതിക്കായി കാത്തു നിൽക്കുമ്പോൾ "എല്ലാരേയും നിനക്ക് കാണാം, നിന്നെ ആർക്കും കാണാനൊക്കില്ലെ"ന്ന് കേട്ടപ്പോഴുണ്ടായ ദുഃഖം മാറിയിരിക്കുന്നു. അതൊരു കണക്കിന് നാന്നായി.
 
ഒരിടത്തു ഒരു കുപ്പിയ്ക്ക് മറു കുപ്പി സൗജന്യം. എന്താ കഥ? മദ്യം മോശമായി കണ്ട കാലം ഇന്നെവിടെ എത്തി നിക്കണു? അന്ധാളിച്ചു നിക്കാൻ നേരൂല്ല്യ. പോണം കുറെയേറെ ഇടങ്ങളിൽ.
വലിഞ്ഞു നടന്നു.. അതാ കുറെയേറെ പേർ പാതയോരത്തിരിക്കുന്നു. കർഷകരാത്രേ. ആനുകൂല്യങ്ങൾക്കായുള്ള സമരം. കർഷകർ ഇന്നുമുണ്ടല്ലോ, സമാധാനം. നടന്നു. അതാ വേറെ കുറേപേർ കൂട്ടംകൂടി നിന്ന് ഉറക്കെ വിളിക്കുന്നു. ഞങ്ങൾ 'ഇന്ന' ജാതിക്കാരാ. ഞങ്ങൾക്ക്‌ റിസർവേഷൻ വേണം.. ജാതി ചോദിക്കരുത് ന്നല്ലേ. വേണ്ട ചോദിക്കണ്ട. നടക്കാം.
 
അതിരുകൾ താണ്ടി നടന്നു. അതാ കുറേപേർ അക്രമം നടത്തുന്നു. സംസ്ഥാനങ്ങളെ വേർതിരിക്കുന്ന തിരക്കിൽ ആണ്. "where the world has been not broken upto fragments of narrow domestic walls.  വെറുതെ ദാദയെ ഓർത്തു. ഒന്നിനുവേണ്ടിയുമല്ല. വെറുത... വീണ്ടും നടന്നു.
 
അതാ ഭാഷയ്‌ക്കെതിരെ കലഹം. ഹിന്ദി പഠിക്കില്ല, പറയില്ല. കൂട്ടമായി കലഹിക്കുന്നു. ഒരു ഭാഷ കൂടുതൽ പഠിക്കുന്നത് നല്ലതല്ലേ? മാതൃഭാഷ അമൃത്. മറുഭാഷ  അന്നത്തിനു വകയാകുമെങ്കിൽ നല്ലതല്ലേ? ആരോട് പറയാൻ ആര് കേൾക്കാൻ?..... നടന്നു.
 
വേറൊരിടത്തു മന്ത്രിയും പരിവാരങ്ങളും രാജാകീയ യാത്രയിൽ. നാടറിയാനുള്ള യാത്രയാത്രേ.. ഹാ.. കഷ്ടം. നാടറിയാൻ പല്ലക്കിൽ യാത്ര പോയ രാജാക്കന്മാരെ ഓർത്തു.
ഹേ റാം അറിയാതെ വായിൽ നിന്ന് വീണു. പറഞ്ഞു തീർന്നില്ല.  ചെകിടത്ത് അടിക്കുന്നു. ആരോ വിളിച്ചു പറഞ്ഞു. വിടരുതവനെ. ഒരുത്തനുപിന്നാലെ അനേകർ. ഞങ്ങൾക്കിടയിൽ വന്നു നീ രാമനെ വിളിക്കുന്നോ. ഇവൻ മറുപാർട്ടിക്കാരനാ... ഓടി രക്ഷപെട്ടു.
 
അതാ വേറൊരിടത്തു മൂർത്തി ഉണ്ടാക്കി പ്രതിഷ്ടിച്ചു ഉറക്കെ വിളിക്കുന്നു. പട്ടിണി കിടക്കുന്നവനെ പുതപ്പിട്ടു മറച്ചിരിക്കുന്നു. വിരുന്നുകാർ വീട്ടിലെ കുറവുകൾ കാണരുതല്ലോ... എന്തിനുമുണ്ടല്ലോ ന്യായം..
 
മയക്കു മരുന്നിനുള്ള പൈസ കൊടുക്കാഞ്ഞതിനു അമ്മയെ കെട്ടിയിട്ട് ചുട്ടു കൊല്ലുന്നു... കാണാൻ വയ്യ. കണ്ണുപൊത്തി.
നേരെ നടന്നു  മറു ഭാഗത്തേക്ക്‌.. കണ്ടു ഗ്രൂപ്പ്‌ മാറ്റവും മന്ത്രിക്കസേരയ്ക്കുള്ള നെട്ടോട്ടവും. കസേരയിൽ എന്തിരിക്കുന്നു. വെറുതെ ചിന്തിച്ചു.. മതി.. ഇനി എതിർ വശത്തേക്ക് നീങ്ങാം..
 
കുമിഞ്ഞു കൂടിയ മാലിന്യകൂമ്പാരം.. പട്ടികളും കുട്ടികളും ചിക്കിച്ചിനയുന്നു.. പൊട്ടിയ തുകൽചെരുപ്പ് കൂനയിലേക്ക് എറിയുമ്പോൾ കണ്ണുകളുടക്കി.കണ്ണു നിറഞ്ഞു തുളുമ്പി. ജാതി പ്രശ്നം. അക്രമം. നഗ്നരാക്കി സ്ത്രീകളെ നടത്തുന്നു. അത് കണ്ട് കൈകൊട്ടി ചിരിക്കുന്ന മീശയുള്ള പേക്കോലങ്ങൾ..മതി യാത്ര.
 
തിരിച്ചു നടന്നു .തൊണ്ട വരളുന്നു. വലിയൊരു വൃത്താകൃതിയിലുള്ള മന്ദിരം. കയറി. വെള്ളം കിട്ടുമോന്ന് നോക്കാം. കണ്ടത് ചുമരിൽ തൂങ്ങിയാടുന്ന സ്വന്തം പടം.. നോക്കി നിന്നു." അതേ കഴിഞ്ഞ തിരഞ്ഞെടുപ്പിന് പാർട്ടി ഫണ്ടിലേക്ക് ഒന്നര തന്നതാ ഈ പ്രതിടെ അച്ഛൻ. അപ്പൊ... മനസ്സിലായല്ലോ"".. തൊണ്ടയിൽ കുടുങ്ങിയ നിലവിളി ഒതുക്കി. . മതി, മടങ്ങിപ്പോണം എത്രയും പെട്ടെന്ന്....മതി ഈ യാത്ര.
 
"എന്തേ മടങ്ങിപ്പോന്നോ? അതും ഇത്രയും വേഗം?നിന്റെ നടത്തം ഏറെ വേഗത്തിലാണെന്ന് പണ്ടേ കേട്ടിട്ടുണ്ട്. ഇത്രക്കങ്ങു വേഗമാവുംന്ന് നിരീച്ചില്ല " വടി അമർത്തി കുത്തി അകത്തേക്ക് കടക്കുമ്പോൾ ഭടന്റെ മുഖത്തെ പരിഹാസം കണ്ടില്ലെന്നു  നടിച്ചു...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ