രാവിലെ ഒമ്പത് മുപ്പതിന് എന്നും ഓഫീസിലെത്തും. തലേന്ന് തീരാതെ ബാക്കിവെച്ചവയെല്ലാം ആളുകള്‍ വരുമ്പോഴേയ്ക്കും ചെയ്തു തീര്‍ക്കണം. ഓഫീസ് സമയം ആവുന്നതുവരെ ആരേയും അകത്തു കടക്കാന്‍ അനുവദിക്കാറില്ല. തിരക്കടിച്ച് വര്‍ക്കുകള്‍ തീര്‍ക്കുന്നതിനിടയ്ക്ക് ചാരിയിട്ടിരുന്ന വാതില്‍ ശക്തമായി തള്ളിത്തുറന്ന് ഒരാള്‍ അകത്തേയ്ക്ക് കയറിവന്നു.
ഒരു കയ്യില്‍ അപേക്ഷയും മറുകയ്യില്‍ ഡയല്‍ കണക്റ്റ് ചെയ്യപ്പെട്ട മൊബൈല്‍ഫോണുമായാണ് അയാള്‍ യാതൊരു ആതിഥ്യമര്യാദയുമില്ലാതെ കടന്നു വന്നത്. മനസ്സില്‍ അതല്‍പ്പം ഈര്‍ഷയുണ്ടാക്കാതിരുന്നില്ല. കടന്നുവന്നതും അയാളോട് ചോദിച്ചു.
''എന്തു വേണം?''
''ഇതിലൊന്ന് സംസാരിക്കണം.''
''എന്തിന്? എനിക്കാരോടും സംസാരിക്കേണ്ട ആവശ്യമില്ല.''
''അല്ല സര്‍. ഒന്ന് സംസാരിക്കൂ.''
''നിങ്ങള്‍ വന്ന കാര്യം പറയൂ.''
''എനിക്കൊരു ഫാമിലി സര്‍ട്ടിഫിക്കറ്റ് വേണം.''
''അതിന് അപേക്ഷ എവിടെ?''
''ഇതാണ് അപേക്ഷ സര്‍.'' ഇടതുകയ്യിലെ അപേക്ഷ നീട്ടി അയാള്‍ വീണ്ടും തുടര്‍ന്നു. ''ഇതെന്റെ സഹോദരിയാണ് ഒന്നു സംസാരിക്കണം സര്‍.''
''എന്തിന്?''
''അവര്‍ സാറിനോട് ചിലത് പറയാന്‍ ആഗ്രഹിക്കുന്നു.'' മനമില്ലാമനസ്സോടെ ഫോണ്‍ വാങ്ങി. മറുതലക്കല്‍ അനക്കമില്ല. കുറച്ചു കടുപ്പിച്ചുതന്നെ ചോദിച്ചു.
''ആരാണ്? എന്തുവേണം?''
''അവിടെ വന്നിരിക്കുന്നത് എന്റെ സഹോദരനാണ്.''
''അതിന്?''
''അദ്ദേഹത്തിന് ഒരു ഫാമിലി സര്‍ട്ടിഫിക്കറ്റ് വേണം.''
''അത് ഞാന്‍ ഇവിടെ ചെയ്യേണ്ട കാര്യമല്ലേ? അപേക്ഷ ദാ, ഇപ്പോള്‍ എന്റെ കയ്യില്‍ എത്തിയതേയുള്ളൂ.'' ''അത് ഇന്നുതന്നെ കൊടുക്കണം. അതു പറയാനാണ് ഞാന്‍ വിളിച്ചത്.''
''അതു പറയാന്‍ നിങ്ങളാരാണ്. രേഖകള്‍ പരിശോധിച്ചതിനുശേഷമേ ഏപ്പോള്‍ കൊടുക്കാനാവു എന്ന് പറയാനാവൂ.''
''അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. ഇന്നു തന്നെ കൊടുക്കണം. അര്‍ജന്റാണ്.''
''ഇതു പറയാന്‍ നിങ്ങളാരാണ്?''
''ഞാന്‍ പഞ്ചായത്ത് പ്രസിഡന്റ് ആണ്. എന്റെ സഹോദരനാണ് അവിടെ വന്നു നില്‍ക്കുന്നത്.''
''ഇവിടെ വന്നിട്ടുള്ള ഓരോരുത്തരും ഓരോരുത്തരുടേയും സഹോദരനോ സഹോദരിയോ ആണ്.''
''ഇത് ഇന്നുതന്നെ കൊടുക്കണം.'' അവര്‍ ധാര്‍ഷ്ട്യത്തോടെ ആവശ്യപ്പെട്ടു.
''അപേക്ഷ കിട്ടിയതല്ലേയുള്ളൂ നോക്കട്ടേ...'' അതു പറഞ്ഞ് ഫോണ്‍ അയാള്‍ക്ക് തിരിച്ചു കൊടുത്തു. അയാളുടെ അപേക്ഷയിലൂടെ വെറുതേ കണ്ണുകളോടിച്ചു. അയാളോട് പുറത്തുചെന്നിരിക്കുവാന്‍ പറഞ്ഞു.
''ഇപ്പോള്‍ത്തന്നെ കിട്ടും അല്ലേ?'' അയാള്‍ പുറത്തേയ്ക്ക് പോകുന്നതിനുമുമ്പായി ചോദിച്ചു.
''നോക്കട്ടേ...'' മനസ്സില്‍ വല്ലാത്ത വെറുപ്പാണ് തോന്നിയത്. ഇവിടെ ഒരു സര്‍ട്ടിഫിക്കറ്റും കൊടുക്കാന്‍ നീട്ടിവെയ്ക്കാറില്ല. രേഖകളെല്ലാം ശരിയാണോയെന്നുനോക്കി അപ്പപ്പോള്‍ തന്നെ തയ്യാറാക്കി കൊടുക്കലാണ് പതിവ്. സംശയങ്ങളുള്ളത് ലോക്കല്‍ അന്വേഷണത്തിനായി മാറ്റി വെയ്ക്കും. ഫീല്‍ഡ് സ്റ്റാഫിന്റെ സഹായത്തോടെ നേരിട്ട് വിവരങ്ങള്‍ സംഭരിക്കും. നല്‍കാവുന്നവയാണെങ്കില്‍ വേഗം തന്നെ നല്‍കും. അതിനു പറ്റാത്ത കേസാണെങ്കില്‍ അപേക്ഷ റിജക്റ്റ് ചെയ്യും. അപേക്ഷ തരുന്നതിനും മുമ്പേ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്ന ഒരു കൗണ്‍സിലറുണ്ട്. ഈ ഫോണ്‍ വന്നപ്പോഴും അതാണ് ഓര്‍മ്മ വന്നത്. അപേക്ഷ തന്നിട്ടുണ്ടാവില്ല അതിനുമുമ്പേ വിളിച്ച് ഇന്നുതന്നെ വേണം എന്ന് ഭീഷണിപ്പെടുത്തുന്ന അയാളുടെ ഭാഷ്യം ഈ വില്ലേജ് ഓഫീസര്‍ അയാളുടെ കയ്യില്‍ നിന്നും ശമ്പളം വാങ്ങി അയാള്‍ പറയുന്നതിനനുസരിച്ച് ജോലി ചെയ്യേണ്ടവനാണ് എന്ന നിലയിലാണ്. അയാളുടെ ഒരു കീഴ്ജീവനക്കാരനോടെന്നപോലെയുള്ള ആജ്ഞാപിക്കല്‍ അത് തീരെ ഇഷ്ടപ്പെടാറില്ല. സാമൂഹ്യസേവനം എന്താണെന്ന് അറിയുകയും അറിയീക്കുകയും ചെയ്തുകൊണ്ടാണ് ഇത്രയും കാലം ജീവിച്ചത്. ഇനിയും അങ്ങനെത്തന്നെയേ കഴിയൂ. അതിന് ആരുടേയും ശുപാര്‍ശയുടെ ആവശ്യമുള്ളതായി തോന്നിയിട്ടില്ല. അയാളുടെ ഫോണ്‍കോള്‍ കാണുമ്പോള്‍ തന്നെ വെറുപ്പ് അരിച്ചരിച്ച് വരും. അതിനാല്‍തന്നെ ഓഫീസ് സമയത്തല്ലാതെ അയാളുടെ ഫോണ്‍ എടുക്കാറില്ല. അതുപോലെ മറ്റൊരു ശല്യം ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ രൂപത്തില്‍ വന്നിരിക്കുന്നു.
ആളുകള്‍ ഓരോരോ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി തിരക്കടിച്ച് വരാന്‍ തുടങ്ങിയിരിക്കുന്നു. അതിനിടെ അയാളുടെ രേഖകള്‍ കണ്ടെത്താനായി രജിസ്റ്ററുകള്‍ എടുത്ത് നിവര്‍ത്തി. അയാളുടെ പിതാവിന്റെ സ്വത്ത് പങ്കുവെക്കുന്നതിന് അയാള്‍ക്ക് ഫാമിലി സര്‍ട്ടിഫിക്കറ്റ് വേണം. അനന്തരാവകാശികള്‍ ആരൊക്കെയെന്ന് ബോധ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ്. പഞ്ചായത്ത് പ്രസിഡന്റും അനന്തരാവകാശികളില്‍ ഒരാളാണ്. അവര്‍ അപേക്ഷകന്റെ സഹോദരിയാണ്. അതാണ് അവര്‍ക്ക് ഇത്രയും ഉത്കണ്ഠ എന്ന് മനസ്സിലായി. അവര്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ആ പഞ്ചായത്തില്‍ നിന്ന് ഒരു ആവശ്യം തനിക്കും നിവൃത്തിച്ചു കിട്ടാനുണ്ടായിരുന്നു. മുന്നേ മരിച്ചു പോയ അച്ഛന്റെ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പോയത് ഓര്‍ത്തു. മരണം സമയത്തിന് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അന്ന് കാലത്തത് നിര്‍ബന്ധമല്ലായിരുന്നതിനാല്‍ ആരും അതത്ര കാര്യമാക്കി എടുത്തിരുന്നില്ല. പത്തിരുപത് വര്‍ഷത്തിനിപ്പുറം ആവശ്യമായി വന്നപ്പോഴാണ് അത് ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞത്. അതിന് ഒരുപാട് നൂലാമാലകള്‍ ഉണ്ടായിരുന്നു. ആദ്യം പഞ്ചായത്തില്‍ നിന്നും മുന്നേ മരണം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതിനുള്ള രേഖകള്‍ ലഭ്യമാക്കണം. അതിനായി അപേക്ഷയും ഫീസും നല്‍കി കാത്തിരുന്നു. ഒരാഴ്ചത്തെ വിശദമായ പരിശോധനക്കുശേഷം അത് അവിടെ നിന്നും അനുവദിച്ചു കിട്ടി. ആ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അടക്കം നോട്ടറി അറ്റസ്റ്റ് ചെയ്ത അഫിഡവിറ്റയും അപേക്ഷയും സഹിതം തയ്യാറാക്കി റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചു. രണ്ടു ദിവസത്തിനകം അത് പ്രോപ്പര്‍ വില്ലേജിലേക്ക് ഫോര്‍വേഡ് ചെയ്തു കിട്ടി. അവിടെ ചെന്ന് അച്ഛന്റെ മരണസമയത്ത് നാട്ടിലുണ്ടായിരുന്ന രണ്ടു സാക്ഷികള്‍ സഹിതം വില്ലേജിലെത്തി അപേക്ഷ നല്‍കി. സാക്ഷികളെക്കൊണ്ട് ആ അപേക്ഷയില്‍ വില്ലേജ് ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ ഒപ്പ് വെപ്പിച്ച് അന്നുതന്നെ അത് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് റെക്കമെന്റ് ചെയ്തുകൊണ്ട് ഫോര്‍വേഡ് ചെയ്തു. രണ്ടു ദിവസത്തിനകം തന്നെ അവിടെ നിന്നും മരണസര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് രേഖകളില്‍ ഉള്‍പ്പെടുത്തുന്നതിനും അതനുസരിച്ച് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു നല്‍കുന്നതിനും ഉത്തരവു കിട്ടി. ആ ഉത്തരവുമായി പഞ്ചായത്തില്‍ പോയി വീണ്ടും അപേക്ഷ നല്‍കി. അന്നുതന്നെ അല്ലെങ്കില്‍ അടുത്ത ദിവസംതന്നെ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതായിരുന്നു. എന്നീട്ടും അവര്‍ അതു നല്‍കിയില്ല. കുറച്ചു ദിവസം കാത്തിരുന്നു. ആഴ്ചകള്‍ കടന്നുപോയപ്പോള്‍ ഒന്നു രണ്ടു തവണ ഓഫീസിലേക്ക് വിളിച്ച് ആരാഞ്ഞു. പിന്നെയും കുറേ നാള്‍ കാത്തിരുന്നതിനുശേഷം താനൊരു വില്ലേജ് ഓഫീസറാണെന്നും തനിക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഒരപേക്ഷ അവിടെ പെന്റിങ്ങാണെന്നും പറഞ്ഞ് വിളിച്ചു. എന്നീട്ടും യാതൊരു പ്രതികരണവുമില്ലായിരുന്നു. വീണ്ടും രണ്ടു മാസം കഴിഞ്ഞാണ് അവര്‍ അത് അനുവദിച്ചു തന്നത്. ഇത്രയും കാലതാമസം അവര്‍ വരുത്തിയത് എന്തിനുവേണ്ടിയായിരുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അതേ പഞ്ചായത്തിലെ പ്രസിഡന്റാണ് അവരുടെ സഹോദരന്‍ തരാനിരിക്കുന്ന അപേക്ഷയ്ക്ക് ഇപ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്താണ് അപേക്ഷ എന്ന് പരിശോധിക്കുന്നതിനുപോലും സമയം അനുവദിക്കാതെ ഇപ്പോള്‍ത്തന്നെ അതുവേണം എന്ന് ഉത്തരവാദിത്വമുള്ള ഏത് വ്യക്തിയാണ് ആവശ്യപ്പെടുക. അതിനുള്ള അധികാരം അവര്‍ക്ക് എവിടെ നിന്നാണ് ലഭിച്ചത്. ജനപ്രതിനിധികള്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ പ്രതീകമല്ലേ അവര്‍. പഞ്ചായത്തിന്റെ പ്രസിഡന്റ് എന്നല്ല ഇന്ത്യന്‍ പ്രസിഡന്റ് ആണെങ്കില്‍ പോലും സ്വന്തം കാര്യസാധ്യത്തിനായി ഇങ്ങനെ പെരുമാറുന്നത് ശരിയാണോ... ജനങ്ങളാണ് അവരെ തിരഞ്ഞെടുത്തത്. ജനങ്ങളുടെ പ്രതിനിധിയെന്നാല്‍ അവരേക്കാള്‍ മീതേയുള്ള ആള്‍ എന്നാണോ അവര്‍ ധരിച്ചിരിക്കുന്നത്. എല്ലാ ജനങ്ങളുടേയും പോലെ അവരുടെ കാര്യങ്ങളും നടത്തി കിട്ടുന്നതിനുള്ള അവകാശം തന്നെയല്ലേ അവര്‍ക്കുമുള്ളത്. ഞാന്‍ പഞ്ചായത്ത് പ്രസിഡന്റാണ് എനിക്കത് ഇന്നുതന്നെ വേണം എന്ന് ആജ്ഞാപിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്ന അവരുടെ രാഷ്ട്രീയബോധം ശരിയായ ദിശയിലുള്ളതാണോ...
താന്‍ ജോലി നോക്കുന്ന വില്ലേജില്‍ വരുന്ന ഒരാള്‍ക്കും അര്‍ഹതപ്പെട്ട ഒരു കാര്യവും നീട്ടി വെയ്ക്കപ്പെടുകയോ നല്‍കാതിരിക്കുകയോ ചെയ്യാറില്ലെന്നത് തനിക്ക് അഭിമാനം ഉണ്ടാക്കുന്ന കാര്യമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഒരാള്‍ക്കും യാതൊരു ശുപാര്‍ശയും തന്റെ ഓഫീസില്‍ കൊണ്ടു വരേണ്ട ആവശ്യം ഇന്നുവരെ ഉണ്ടാക്കിയിട്ടില്ല. താന്‍ ഇവിടെ ജോലി ചെയ്യുന്നിടത്തോളം അങ്ങനെ ഒന്ന് ഉണ്ടാവുകയുമില്ല. ഒരൊറ്റ രൂപ പോലും കൈക്കൂലിയോ കാഴ്ചയോ തരാനായി ആരേയും അനുവദിക്കാറുമില്ല. അര്‍ഹതപ്പെട്ടത് അന്നുതന്നെ അനുവദിച്ചു നല്കും. സംശയമുള്ളവയാണെങ്കില്‍ പ്രാദേശികമായ അന്വേഷണത്തിന് അല്പം സമയം ആവശ്യപ്പെടും. നല്‍കാനാവാത്തത് ആരായാലും നല്‍കാറുമില്ല. ചെറുപ്പം മുതലേ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനാല്‍ത്തന്നെ സര്‍ക്കാര്‍ സര്‍വ്വീസിലെത്തിയപ്പോഴും അതിനൊരു മാറ്റവുമുണ്ടായില്ല. ഒരൊറ്റ രൂപ പോലും പാരിതോഷികമോ റെമ്യൂനറേഷനോ ആയി കൈപ്പറ്റാതെ വര്‍ഷങ്ങളോളം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഇടപ്പെട്ട ഒരാള്‍ എന്ന നിലയ്ക്ക് സര്‍ക്കാര്‍ സര്‍വ്വീസ് സ്വര്‍ഗ്ഗതുല്യമാണ്. സാമ്പത്തിക സുരക്ഷിതത്വത്തോടെ സമൂഹത്തിന് വേണ്ടി നന്മ ചെയ്യാന്‍ കൈവന്ന ഭാഗ്യമായി ഈ അവസരത്തെ കാണുന്നു. അതിനാല്‍ തന്നെ ശമ്പളമല്ലാതെ മറ്റൊന്നും കൈപ്പറ്റുന്നതില്‍ യാതൊരു താല്പര്യവുമില്ല. തനിക്കവകാശപ്പെടാത്ത എന്തെങ്കിലും കൈപ്പറ്റിയാല്‍ അതിന്റെ നുറിരട്ടി തന്റെ കയ്യില്‍ നിന്നും നഷ്ടപ്പെടുമെന്ന് തീര്‍ത്തും വിശ്വസിക്കുന്ന തനിക്ക് തന്റെ അദ്ധ്വാനത്തിന്റെ മുല്യമല്ലാതെ മറ്റൊന്നും ആവശ്യവുമില്ല. സര്‍ക്കാര്‍ സര്‍വ്വീസിലെത്തിപ്പെടുന്നവര്‍ സമൂഹത്തിനായി സേവനമനുഷ്ഠിക്കുന്നവരായിരിക്കണം എന്ന ബോധമാണ് എല്ലാവരിലും ഉണ്ടാകേണ്ടത്. അതില്ലാതെ കാണുമ്പോള്‍ പ്രയാസം തോന്നാറുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ അതിനേക്കാള്‍ നന്നായി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരായിരിക്കണം. അതിന്റെ അപര്യാപ്തതയാണ് ആ പ്രസിഡന്റിനേക്കൊണ്ട് ഇങ്ങനെയൊക്കെ പ്രവര്‍ത്തിപ്പിക്കുന്നത്.
അയാളുടെ രേഖകള്‍ പരിശോധിച്ചപ്പോളാണ് അറിഞ്ഞത് സര്‍ക്കാരിലേക്ക് കുടിശ്ശിക വരുത്തിയ വകയില്‍ അയ്യായിരം രൂപ പിരിച്ചെടുക്കുന്നതിന് റവന്യൂ റിക്കവറി നടപടികള്‍ നിലവിലുണ്ടെന്ന്. വേഗംതന്നെ അയാളെ പുറത്തു നിന്നും വിളിച്ചു. അയാള്‍ സര്‍ട്ടിഫിക്കറ്റു വാങ്ങി പോകുന്നതിനായി സന്തോഷത്തോടെ അകത്തേയ്ക്കു വന്നു.
''സര്‍, റെഡിയായോ?''
''ഉവ്വ്. എല്ലാം റെഡിയാണ്. പക്ഷെ ഒരു പ്രശ്‌നമുണ്ട്.''
''എന്താ പ്രശ്‌നം. എന്താണ് ഞാന്‍ ചെയ്യേണ്ടത്?''
''കുറച്ചു രൂപ അടച്ചാല്‍ മതി.''
''അതെന്തിനാണ് സാര്‍?''
''നിങ്ങളുടെ അച്ഛന്‍ കുടിശ്ശിക വരുത്തിയ കാര്യം നിങ്ങള്‍ക്കറിയാമോ?''
''അത് തരേണ്ടത് അച്ഛനല്ലേ? അതില്‍ എനിക്കെന്താണ് ബന്ധം?''
''അതുതരാന്‍ അച്ഛനിപ്പോള്‍ ഇല്ലല്ലോ?''
''എന്നാലും ഞാന്‍ എന്തിനാണ് അതടക്കേണ്ടത്?''
''വേണ്ട. നിങ്ങള്‍ക്കാര്‍ക്കും ഉത്തരവാദിത്വമില്ലെങ്കില്‍ ഈ സ്വത്തില്‍ നിങ്ങള്‍ക്ക് എന്താണ് ബന്ധം?''
''അത് ഞങ്ങളുടെ കുടുംബസ്വത്തല്ലേ?''
''അതിലുള്ള ബാധ്യത തീര്‍ക്കണമെന്നേ പറഞ്ഞുള്ളൂ.''
അയാള്‍ ഒന്നും പറയാതെ നേരെ സഹോദരിക്ക് ഫോണ്‍ ചെയ്തു. അവര്‍ വീണ്ടും വിളിച്ചു.
''വളരെ അര്‍ജ്ജന്റാണ് ഫാമിലി സര്‍ട്ടിഫിക്കറ്റ് ഇന്നുതന്നെ ലഭിക്കണം.''
''ബാധ്യത തീര്‍ക്കാതെ തരാന്‍ നിര്‍വ്വാഹമില്ല മേഡം.''
''ആ ബാധ്യതയില്‍ ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. പിന്നെ എന്തിനാണ് ഞങ്ങള്‍ അത് അടയ്ക്കുന്നത്?''
''അതൊന്നും എന്റെ വിഷയമല്ല. ഇതിലുള്ള ബാധ്യത തീര്‍ക്കാതെ ഒരു സര്‍ട്ടിഫിക്കറ്റും ഇവിടെ നിന്നും ലഭിക്കില്ല.'' അവര്‍ അതുകേട്ട് ക്ഷുഭിതയായി. അതൊന്നും കാര്യമാക്കാതെ ഞാനന്റെ മറ്റു ജോലികളിലേയ്ക്കു കടന്നു. അതുകണ്ട് അയാള്‍ നിന്നു പരുങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ പ്രസിഡന്റിന്റെ വിളി വീണ്ടും എത്തി.
''അടയ്ക്കാനുള്ള ബാധ്യത തീര്‍ത്താല്‍ ഇന്നു തന്നെ സര്‍ട്ടിഫിക്കറ്റ് തരുമോ? ആ പ്രോപ്പര്‍ട്ടി ഡിസ്‌പോസ് ചെയ്യുന്നതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.''
''തരാലോ... മറ്റു തടസ്സങ്ങളൊന്നുമില്ല മാഡം.''
മറുപടി പോലും പറയാതെ ഈര്‍ഷയോടെ അങ്ങേത്തലയ്ക്കല്‍ ഫോണ്‍ വെച്ചു. അയാള്‍ എന്നെ വീണ്ടും നോക്കി. ഞാന്‍ പറഞ്ഞു.
''സര്‍ക്കാരിലേക്ക് കുടിശ്ശിക വരുത്തിയ സംഖ്യ അടയ്ക്കാതെ നിങ്ങള്‍ക്ക് ആ സ്വത്തില്‍ ഒന്നും ചെയ്യാനാകില്ല. നികുതി പോലും അടച്ചുതരാന്‍ വകുപ്പില്ല. നിങ്ങള്‍ക്ക് പോകാം. പണവുമായി വന്ന് കുടിശ്ശിക തീര്‍ക്കുക. അന്നുതന്നെ സര്‍ട്ടിഫിക്കറ്റും തരാം.''
അപ്പോഴാണ് ഓര്‍ത്തത്. ഇതിനുമുമ്പും പലതവണ അയാള്‍ ഇവിടെ വന്ന് പല ആവശ്യങ്ങളും തിരക്കുപറഞ്ഞ് നിവര്‍ത്തിച്ചുപോയിട്ടുണ്ട്. പക്ഷെ അന്നൊന്നും ഈ കുടിശ്ശിക ശ്രദ്ധയില്‍ പെടാതെ പോയതെന്താണ്. വേഗത്തില്‍തന്നെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും നല്‍കാന്‍ വ്യഗ്രത കാണിക്കുന്നതിന്റെ ഭാഗമായി സൂക്ഷ്മനിരീക്ഷണം കുറഞ്ഞതാകാം. ഇതിപ്പോള്‍ ശുപാര്‍ശയുടെ രൂപത്തില്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ച് ശപഥം ചെയ്തുകയറിയ ഒരാള്‍ അതി ലംഘിക്കുന്നത് കാണുമ്പോള്‍ ഉണ്ടായ ഒരു അലര്‍ട്ട്‌നസ് ആയിരിക്കാം സൂക്ഷ്മദൃക്കാകാന്‍ പ്രേരണ നല്‍കിയത്. എന്തായാലും എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാള്‍ പിന്നെ അവിടെ നിന്നില്ല. എല്ലാ അധികാരഗര്‍വ്വുകളും കയ്യൊഴിഞ്ഞ് അയാളും പടിയിറങ്ങി പുറത്തേക്കുപോയി.