ജീവിതം ഒരു പുസ്തകം പോലെയാണ്. ചില പാഠങ്ങളിൽ സങ്കടമുണ്ട്, ചിലതിൽ സന്തോഷവും, വേറെ ചിലതിൽ അദ്ഭുതവും. പക്ഷേ താളുകൾ മറിച്ചില്ലെങ്കിൽ അടുത്ത പാഠങ്ങളിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് ഒരിക്കലും അറിയാൻ കഴിയില്ല. കനി റാവുത്തർ എന്ന മനുഷ്യന്റെ ജീവിത പുസ്തകത്തിലെ ചില താളുകളിൽ കണ്ട കഥയാണിത്.
വരവും ചെലവും തുല്യമായി കണക്കാക്കി ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. ആദ്യ കാലത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒരുപാട് കഷ്ടപ്പെട്ടെങ്കിലും പിന്നീട് മക്കളെല്ലാ വിദേശത്തു പോയി പണമുണ്ടാക്കി ഉയർന്ന നിലയിൽ ജീവിതം ആരംഭിച്ചെങ്കിലും കനി റാവുത്തറുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. തന്റെ ജീവിതത്തിൽ ഉണ്ടായ കഷ്ടപ്പാടുകളെക്കുറിച്ചും ചെയ്ത ജോലികളെക്കുറിച്ചും ഒക്കെ മക്കളോട് പറയാറുണ്ടായിരുന്നു. എന്നാൽ പുതുതലമുറക്കാരായ അവർക്ക് അതൊന്നും കേൾക്കാൻ താല്പര്യമില്ലായിരുന്നു. എങ്കിലും തന്റെ ജീവിത ദിനചര്യകൾക്ക് ഒരു മാറ്റവും ഉണ്ടായില്ല. അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോൾ ഗൽഫുകാരനായ മുത്ത മകൻ വിവാഹം കഴിച്ചു. പണവും പത്രാസുമുള്ള പെണ്ണിനെ കല്യാണം കഴിച്ച അവൻ ഭാര്യയെ സ്വന്തം വീട്ടിൽ നിറുത്താൻ തയ്യാറാകാതെ അവനോടൊപ്പം അവളെയും ഗൽഫിലേക്ക് കൊണ്ടുപോയി. അവിടെ അടിച്ചു പൊളിച്ചു ജീവിച്ചു. കൃത്യം ഏഴു മാസം ഗർഭിണിയായപ്പോൾ ഭാര്യയെ പ്രസവത്തിനായി നാട്ടിലേക്കയച്ചു. ഏഴുമാസം ഗർഭിണിയായ മരുമകളെ നാട്ടിലെ ആചാരപ്രകാരം പ്രസവത്തിനയക്കാൻ കനി റാവുത്തർ തീരുമാനിച്ചു. മരുമകളുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് പതിനേഴ് പേരും, ഏഴുതരം പലഹാരവുമായി വരുവാൻ ആവശ്യപ്പെട്ടു.
പറഞ്ഞ ദിവസം തന്നെ മരുമകളുടെ വീട്ടുകാർ പതിനേഴു പേരോടൊപ്പം ഏഴു കൂട്ടം പലഹാരവുമായി വന്നു മാന്യമായി എല്ലാവരെയും സ്വീകരിച്ച് ഗംഭീരമായ സദ്യയും നടത്തി മരുമകളെ പ്രസവത്തിനയച്ചു. ബന്ധുമിത്രാദികൾ എല്ലാം പോയിക്കഴിഞ്ഞപ്പോൾ പഴയ മീൻ കച്ചവടക്കാരനായ കനി റാവുത്തർ തന്റെ പഴയ തുരുമ്പെടുത്തേ കോൽ ത്രാസിൽ മരുമകളുടെ വീട്ടുകാർ കൊണ്ടുവന്ന ഏഴു കൂട്ടം പലഹാരങ്ങളും തൂക്കി നോക്കാൻ തുടങ്ങി.
ഓരോ പലഹാരക്കെട്ടും അതിന്റെ പെട്ടി സഹിതം തൂക്കി ഒരു കടലാസിൽ എഴുതി വെച്ചു. അങ്ങനെ ഏഴു കുട്ടവും എഴുതിയ ശേഷം ഭാര്യയെ വിളിച്ച് പറഞ്ഞു. -
"മരുമകളുടെ വീട്ടുകാർ കൊണ്ടുവന്ന മൊത്തം പലഹാരങ്ങളും, പെട്ടികൾ കൂട്ടി മുപ്പത്തിരണ്ടു കിലോ ഉണ്ട്. അതുകൊണ്ട് ഒൻപതാം മാസം പള്ള കാണാൽ ചടങ്ങിനു പോകുമ്പോൾ ഒൻപതു തരം പലഹാരങ്ങൾ കൊണ്ടുപോകണം. എന്നാൽ ഈ ഒൻപതു കൂട്ടവും കൂടി മുപ്പത്തിരണ്ടു കിലോ മതി".
അറുപിശുക്കനായ ഭർത്താവിനോട് തർക്കിച്ചിട്ടു കാര്യമില്ലെന്ന് അറിയാവുന്ന ഭാര്യ എതിർപ്പൊന്നും പറയാതെ ഭർത്താവിന്റെ വാക്കുകൾക്ക് സമ്മതം മൂളി. അങ്ങനെ ഒൻപതാം മാസം ആയപ്പോൾ കനി റാവുത്തർ അടുത്തുള്ള ബേക്കറിയിൽ പോയി ഒൻപതു കൂട്ടം പലഹാരത്തിന് ഓർഡർ കൊടുത്തു. ഈ ഒൻപതു കൂട്ടവും കൂടി മുപ്പത്തിരണ്ട് കിലോ യേ പാടുള്ളു എന്നു നിർദേശിച്ചു.
ഇരുപതു വർഷത്തോളമായി സത്യസന്ധമായ രീതിയിൽ ബേക്കറി നടത്തുന്ന ബേക്കറി കടക്കാരന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരാൾ പലഹാരങ്ങൾ തൂക്കി വാങ്ങിക്കുന്നത്.
അയാൾ തന്റെ അടുത്തുള്ള മറ്റു കടക്കാരോടും നാട്ടുകാരോടുമെല്ലാം കനി റാവുത്തറുടെ കഥ പറഞ്ഞു. അവരെല്ലാവരും കൂടി അന്നുമുതൽ അദ്ദേഹത്തെ "അപ്പം തൂക്കി" എന്ന ഓമനപ്പേരിൽ വിളിക്കാൻ തുടങ്ങി. അതു പിന്നെ നാടും നഗരവും വിട്ട് മക്കൾ നിൽക്കുന്ന അന്യദേശത്തു പോലും പ്രചാരത്തിലായി. "വെറുതെ ജീവിച്ചു മരിച്ചു എന്നു പറഞ്ഞിട്ടു കാര്യമില്ല. ഒന്നുകിൽ ആരുടെയെങ്കിലും ഒക്കെ മനസ്സിൽ ഒരു നല്ല ഓർമ്മയാവുക. അല്ലെങ്കിൽ മറ്റുള്ളവരുടെ മനസ്സിൽ കുറെ ഓർമ്മകൾ സമ്മാനിക്കുക.!"
കനി റാവുത്തർ മരിച്ചു കാലങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ആളുകളുടെ മനസ്സിൽ "അപ്പം തൂക്കി " എന്ന പേരിൽ ഒരു കുടുംബം നീറി കഴിയുന്നു...