mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

അന്നത്തെ പത്രവർത്ത കണ്ടതും മുതൽ ഖദീജ ആ വിളി പ്രതീക്ഷിച്ചതാണ്. ഉരുണ്ടുകയറുന്ന നിസ്സീമമായ സങ്കടം അവളുടെ പെരുവിരലുകളിലൂടെ കയറി.

വർഷങ്ങൾക്കു മുമ്പ് ഖദീജ സുന്ദരിയായിരുന്നു, തിളക്കമാർന്ന കണ്ണുകൾ പതിച്ചുവച്ച രക്തച്ഛവി കലർന്ന കവിളുകൾ. ഏറ്റവും വലിയ മോഹം സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു. ഏറ്റവും സ്നേഹിച്ചിരുന്ന അജിത അമ്മായിയോട് പറഞ്ഞു. നഗരത്തിൽ ജോലി ചെയ്തിരുന്ന അവരെ കുട്ടികളായ ഞങ്ങൾ എല്ലാം അത്ഭുതത്തോടെയാണ് നോക്കി കണ്ടിരുന്നത്. പക്ഷേ അവർക്ക് അവിടെ എന്താണ് ജോലിയെന്നോ എവിടെയാണ് താമസമെന്നോ ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു.

പതിനേഴു വയസ്സ് തികഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് ശേഷം തീരെ നിനച്ചിരിക്കാതെ ഒരു ദിവസം സ്കൂൾ വിട്ടുവന്നപ്പോൾ ഖദീജയുടെ കണ്ണകളുടെ തിളക്കം കൂട്ടികൊണ്ട് അജിത ഒരു ചുമരിനു പിന്നിൽ നിന്ന് പ്രത്യക്ഷപ്പെട്ടു. വാപ്പയുടെയും ഉമ്മയുടെയും പാതിവാടിയ മുഖത്ത് അമർത്തിയോരോ ചുംബനങ്ങൾ നല്കി ഖദീജ അജിതയോടൊപ്പം വീടുവിട്ടിറങ്ങി.

സിനിമയിൽ അഭിനയിക്കുന്നതും വലിയ നടിയാകുന്നതും സ്വപ്നം കണ്ട് അവൾ ബസ്സിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ആളുകളുടെ ഉച്ചത്തിലുള്ള ബഹളവും വാഹനങ്ങളുടെ ശബ്ദമയമാർന്ന നഗരത്തിലെത്തിയപ്പോൾ അവൾ കൂടുതൽ ഉത്തേജിതയായി. 

“നമ്മൾ എങ്ങോട്ടാ പോകുന്നെ?” നഗരത്തിൽ നിന്നും മറ്റൊരു ബസ്സിൽ കയറി വേറൊരിടത്തേക്ക് പോകുന്നതിനിടെ ഖദീജ ചോദിച്ചു.

“നിനക്ക്‌ എത്തേണ്ടിടത്തേക്ക്, നീ ഒരുപാട് തവണ കണ്ട ഒരാളുണ്ടാകും അവിടെ അയാൾക്ക് നിന്നെ ഇഷ്ടപ്പെട്ടാൽ നീ നാളെ സിനിമയിലെ മഹാറാണിയാകും.”

അജിത പറഞ്ഞതിന്റെ പൂർണമായ പൊരുൾ മനസ്സിലാക്കാൻ അന്നത്തെ പതിനേഴുക്കാരിക്ക് കഴിഞ്ഞില്ല. രാത്രി പൊടിഞ്ഞുവീഴുമ്പോൾ അവർ രണ്ടുപേരും ഒരു റിസോർട്ടിൽ എത്തിക്കഴിഞ്ഞിരുന്നു. 

“ഞാൻ ഇപ്പൊ വരാം, ഞാൻ പറഞ്ഞ ആളിപ്പോ വരും എല്ലാം നിന്റെ കൈയിലാണ്”

അജിത പുറത്തിറങ്ങിയതും പെട്ടെന്ന് ഒരാൾ അകത്തേക്ക് വന്നു. അയാളുടെ മുഖം ഖദീജക്ക് പരിചിതമായി തോന്നി. ഒരുപാട് തവണ കണ്ട മുഖം. ചുളിവ് വീഴാത്ത മുഖത്തെ മീശ രോമങ്ങളിൽ ചിലത് നരച്ചിരിക്കുന്നു.

പെട്ടെന്ന് ഖദീജയുടെ ചുമലിൽ ഹസ്സന്റെ കൈ വന്നു പതിച്ചു.

“എന്തിനാ വീണ്ടും അതേ പറ്റിയൊക്കെ ചിന്തിക്കുന്നത്?”

“അതിനെക്കുറിച്ച് ചിന്തിക്കാതിരുന്നാൽ എനിക്കെന്തോ പോലെ വേദനിക്കുമെങ്കിലും അതോർക്കാതിരിക്കാൻ എനിക്കാകുന്നില്ല.”

ഹസ്സൻ അവളുടെ അരികിലേക്ക് നീങ്ങിനിന്നപ്പോൾ ഖദീജ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു. പ്രണയത്തിന്റെ തുടിപ്പുകളിൽ ജീവിതം ആനന്ദദായകമാണെന്നും സ്വച്ഛന്തമായ ആനന്ദത്തിന്റെ ആദ്യവും അവസാനവും ഈ മനുഷ്യനിൽ നിന്നാണെന്നും അവൾക്ക് തോന്നി.

മകൾ അരികിലേക്ക് വന്നപ്പോൾ രണ്ടുപേരും പിരിഞ്ഞുനിന്നു, മക്കൾക്ക്‌ മുന്നിൽ ഖദീജയെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ഹസ്സന് ഭയമോ മടിയോ പോലെ എന്തോ വികാരമാണ് പക്ഷേ എന്താണ് എന്ന് അയാൾക്ക് വ്യക്തമായി പിടിയില്ല.

“എന്താ ഉമ്മ, ഫോണിൽ അയാൾ എന്താണ് പറഞ്ഞിരുന്നത്?”

ആമിയുടെ ചോദ്യം കേട്ട് ഖദീജ പരിഭ്രമിച്ചു, അവൾക്ക് പതിനേഴു തികയാൻ ഇനി മാസങ്ങൾ ഒരുപാടില്ല. ചിലതെല്ലാം അവളും അറിഞ്ഞുതുടങ്ങണമെന്ന് ഹസ്സൻ ചിന്തിച്ചു.

“തിങ്കളാഴ്ച ഉമ്മയോട് കോടതിയിൽ ഹാജരാകണമെന്ന് പറയാനായിരുന്നു അയാൾ വിളിച്ചത്.”

“എന്തിന്?”

“ഉമ്മയെ വേദനിപ്പിച്ച ഒരു ചെന്നായയെ തിരിച്ചറിയാൻ”

“കോടതിയിലോ?”

“അതേ മോളേ”

ഖദീജ ഹസ്സനെ നിസ്സംഗമായി നോക്കി. ആത്മവിശ്വാസം സ്ഫുരിക്കുന്ന അയാളുടെ കണ്ണുകൾ അവളെ ആശ്വസിപ്പിച്ചു. കോടതിക്കുൾവശം എല്ലാവരും ശാന്തമായി ഇരിക്കുന്നു, സുരേഷ് നിന്നിരുന്ന കൂടിന് നേരേ മുന്നിൽ ഖദീജ തലതാഴ്ത്തി നില്ക്കുന്നു.

“ഇയാൾ തന്നെയാണോ നിങ്ങളെ ഉപദ്രവിച്ചത്?” ജഡ്ജി ഖദീജയോട് ചോദിച്ചു.

“അല്ല സർ, ഇയാൾ എന്നെ ഉപദ്രവിക്കുകയല്ല ചെയ്തത് എല്ലാവർക്കു മുന്നിലും കാഴ്ചവയ്ക്കുകയാണുണ്ടായത്. ജീവിതത്തിൽ ഞാൻ തോറ്റുപോയെന്ന് എനിക്ക് തോന്നിയിരുന്നു, എന്നാൽ ഈ നിമിഷം അതില്ല.”

ആമി കോടതിക്ക് പുറത്തെ വരാന്തയിൽ ഇരുന്ന് മുന്നിലെ പൂന്തോട്ടത്തിലേക്ക് നോക്കുകയായിരുന്നു.

“ഈ കേസിലെ പത്തിൽ ഒമ്പത് പ്രതികളെയും വെറുതെവിട്ടു പക്ഷേ എനിക്കു വെറുപ്പ് തോന്നിയില്ല പോരാടാൻ എന്റെ മനസ്സ് തയ്യാറായിരുന്നു, തോറ്റില്ല ഞാൻ ജയിച്ചു.” അവളുടെ വാക്കുകൾ കേട്ട് കോടതിമുറി ഒന്നാകെ കൈയടി മുഴങ്ങി.

“ഉമ്മാ ചെന്നായ എവിടെ?”

“അത് മനുഷ്യനല്ലേ?” ആമി അവളോട് ചോദിച്ചു.

“അല്ല മോളെ അത് ഒരു ചെന്നായയാണ് മനുഷ്യന്റെ രൂപമുള്ള ചെന്നായ.”

സുരേഷിനെ ചൂണ്ടികൊണ്ട് ഖദീജ പറഞ്ഞു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ