ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിമൂന്ന് ജൂണ്‍ പതിനേഴ്. ഹരിപ്രഭ യുപി സ്കൂളില്‍ ടീച്ചറായിട്ട് ഒരു വര്‍ഷവും മൂന്നുമാസവും കഴിഞ്ഞുപോയിരിക്കുന്നു.
നിയമങ്ങളുടേയും ചട്ടങ്ങളുടേയും ഇടയില്‍ ജോലി ചെയ്യുന്നത് അത്യന്തം ദുഷ്കരമാണെന്ന് അവൾക്കിപ്പോൾ നന്നായി അറിയാം.ച രിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇരുപത്തിമൂന്നാം വയസ്സിലാണ് അവൾ ജോലിയിൽ പ്രവേശിച്ചത്.
ഇന്നലെ രാത്രി മുതൽ അവൾ ഒരേ ചിന്തയിലാണ്. എന്തുകൊണ്ടാണ് ചുരിദാര്‍ ധരിച്ചുകൊണ്ട് സ്കൂളില്‍ ജോലിക്ക് പോകാന്‍ പറ്റാത്തത്.
നീണ്ട ആത്മഗതം അവളെ ഉറക്കത്തിലാഴ്ത്തി. ചന്ദ്രന്‍ നിശാരാഗങ്ങളില്‍ മുഴുകി. അകലെ മെെലുകള്‍ക്കും കാതങ്ങള്‍ക്കുമപ്പുറം രാത്രിയുടെ മറവില്‍ പലരും പലതും ചെയ്തു. പാതകളില്‍ പൊഴിഞ്ഞ ഇലകള്‍ ദൂരേക്ക് പാറിപ്പറക്കാന്‍ ശ്രമിച്ചു. ടാറിട്ട റോഡിന്റെ പരുപരുപ്പില്‍ അവ ചുട്ട് വിയര്‍ത്തു. ഉപദ്വീപീയ പീഠഭൂമികളില്‍ നിന്നും ഹിമാലയത്തിലേക്കുള്ള വഴി തേടി അവ അലഞ്ഞു…..
അമ്മ വിളിച്ചുണര്‍ത്തിയപ്പോഴാണ് അവള്‍ കണ്ണുകൾ തുറന്നത്. തറവാട്ടിലെ കുളത്തിലേക്ക് കുളിക്കാന്‍ പോകുമ്പോള്‍ ഇടവഴിയില്‍ നിന്നും കുറച്ചകലെയായി അവളൊരു പാമ്പിനെ കണ്ടു. കഴിഞ്ഞ മാസം അച്ഛന്‍ കൊന്ന ദേവിപ്പാമ്പിന്റെ ആരെങ്കിലുമാവും അതെന്ന് സ്വയം പറഞ്ഞ് അവള്‍ കുളത്തിലേക്ക് നടന്നു.
തണുത്ത വെള്ളത്തിലേക്ക് അവള്‍ എടുത്തുചാടി. ആകാശത്തിന്റെ നിഴല്‍ പതിഞ്ഞ ജലത്തെ അവള്‍ പലതവണ നെറുകെയും കുറുകെയും മുറിച്ചു. ഏട്ടന്‍ കഴിഞ്ഞ തവണ ലീവിന് വന്നപ്പോള്‍ കുളത്തില്‍ കൊണ്ടുവന്നിട്ട മീനുകളിലൊന്ന് അവളുടെ കാലുകളില്‍ ഇക്കിളി കൂട്ടിയപ്പോള്‍ കുളത്തില്‍ നിന്ന് കയറാന്‍ അവള്‍ വ്യഗ്രതപ്പെട്ടു…..
സ്കൂളിലെത്തിയപ്പോള്‍ ഗിരിജ ടീച്ചര്‍ വന്നിരുന്നു. അവളേക്കാളും പതിനാറു വര്‍ഷത്തെ അനുഭവസമ്പത്തുണ്ട് ഗിരിജ ടീച്ചര്‍ക്ക്. ഗിരിജ ടീച്ചര്‍ക്ക് ബിരുദാനന്തര ബിരുദമില്ല. വെറും ബിരുദമേയുള്ളൂ. അതുകൊണ്ട് തന്നെ ഇടയ്ക്കെങ്കിലും ഒരിത്തിരി ഗമയില്‍ അവരെ നോക്കി ചിരിക്കാനുള്ള ഒരവസരവും പ്രഭ പാഴാക്കാറില്ല. സ്കൂളില്‍ അധ്യാപികമാരായി പ്രഭയേയും ഗിരിജ ടീച്ചറേയും കൂട്ടി എട്ട് പേരാണുള്ളത്. അവരെട്ട് പേരും സാരി തന്നെയാണ് ഉടുക്കാറ്. എന്തുകൊണ്ട് ഇവര്‍ സാരി തന്നെ എന്നും ധരിക്കുന്നു? എന്ന് അവൾ മനസ്സിൽ ഒരായിരം തവണ ചോദിച്ചിരിക്കുന്നു.
ഉച്ചഭക്ഷണം കഴിഞ്ഞ് അടുത്ത പീരീഡിനുള്ള മണി മുഴങ്ങാന്‍ കാത്തിരിക്കുന്നതിനിടയ്ക്ക് അവൾ ഒരല്പം ധെെര്യം സംഭരിച്ച് ഗിരിജ ടീച്ചറോട് തന്റെ മനസ്സിനെ കുഴക്കിയ ചോദ്യം ചോദിക്കാന്‍ ഭാവിച്ചു. ഒരിക്കലേ ഗിരിജ ടീച്ചര്‍ പ്രഭയോട് ദേഷ്യപ്പെട്ടിട്ടുള്ളൂ.
ടീച്ചറുടെ മകള്‍ അവരുടെ വീട്ടിൽ വന്ന് കുടിയിരിപ്പ് തുടങ്ങിയതിനെപ്പറ്റി ചോദിച്ചപ്പോളായിരുന്നു അത്. ഇന്നാട്ടിലെ ആദ്യത്തെ ഡെെവേഴ്സ് ടീച്ചറുടേയും അവരുടെ മരുമകന്റേതുമായിരുന്നു. അത്രയും കാലം ഭര്‍ത്താവിന്റെ വീട്ടില്‍ കടിച്ചുതൂങ്ങി നിന്ന നാട്ടിലെ മൂന്നാല് സ്ത്രീകള്‍ അവരുടെ വീട്ടിലേക്ക് പോയി. തങ്ങൾക്കും വേണം ഡെെവേഴ്സ് എന്ന് അക്ഷരം തെറ്റിയാണെങ്കിലും അവർ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
‘ടീച്ചറെ ഇവിടെ ന്താ ആരും ചുരിദാറുടുക്കാത്തത്?’
പ്രഭയുടെ ചോദ്യം ഗിരിജ ടീച്ചറെ താന്‍ വായിച്ചിരുന്ന പുസ്തകത്തില്‍ നിന്ന് പുറകോട്ടടുപ്പിച്ചു. അവർ മുഖമുയര്‍ത്തി അവളെ നോക്കി. അവരുടെ മുഖം അരുണാഭമാകുന്നത് അവൾ ശ്രദ്ധയോടെ നോക്കിനിന്നു.
‘ഇവ്ടെ ഇന്ന് വരെ ആരും ചുരിദാറിട്ടോണ്ട് ജോലിക്ക് വന്നിട്ടില്ല’
‘അതിന് !’
‘മേനേജ്മെന്റിന് ഇഷ്ടല്ല്യാ’
ഗിരിജ ടീച്ചറുടെ വാക്കുകളില്‍ ചൂട് പടര്‍ന്നപ്പോള്‍ പറയണമെന്ന് അവൾക്ക് തോന്നിയതാണ്. താന്‍ ഡിഗ്രിക്കും പീജിക്കും പഠിക്കാന്‍ പോയതത്രയും ചുരിദാറിട്ടിട്ടായിരുന്നുവെന്ന്. പക്ഷേ അവൾ പറഞ്ഞില്ല. ഗിരിജ ടീച്ചര്‍ പുസ്തകത്തിലേക്ക് വീണ്ടും ഊളിയിടാന്‍ തുടങ്ങിയപ്പോഴേക്കും മണി മുഴങ്ങി. തന്റെ വിലക്കപ്പെട്ട കുറച്ച് സമയം കവര്‍ന്നതിനെന്നോണം അവർ പ്രഭയെ ഒന്നമര്‍ത്തി നോക്കികൊണ്ട് നാലാം ക്ലാസിലേക്ക് പോയി.
സ്കൂളില്‍ എല്ലാവരോടും മാന്യമായി പെരുമാറുന്ന ഒരാളെ പ്രഭയ്ക്കന്നേരം ഓര്‍മ വന്നു. നീളന്‍ പാന്റും വരയന്‍ ഷര്‍ട്ടും ധരിച്ച് മോണ കാട്ടി ചിരിക്കുന്ന മോഹന്‍ മാഷിന്റെ ചിത്രമാണ് യഥാർത്ഥത്തിൽ അവളുടെ മനസ്സിലേക്ക് കടന്നുവന്നത്. നീളം കൊണ്ട് അമിതാഭ് ബച്ചനോളമെത്തുമെങ്കിലും മറ്റൊന്നിലും മോഹന്‍ മാഷിനെ ബച്ചനുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല.
സ്കൂളില്‍ പരിഷ്കാരിയായി ഒരാളേയുള്ളൂ. അത് മോഹന്‍ മാഷാണ്.പിന്നെയും ഒരാളുണ്ട്; അത് പ്രഭയാണ്.പക്ഷേ സ്കൂളിലേക്ക് അവള്‍ ഇതുവരെ ഒരു പരിഷ്കാരിയെപ്പോലെ വന്നിട്ടില്ല. പരിഷ്കാരിയാകാന്‍ അവള്‍ക്കൊട്ടും താല്‍പ്പര്യമില്ല. എന്നാൽ തന്റെ ഇഷ്ടങ്ങളെ മാറ്റിനിര്‍ത്തി മറ്റാര്‍ക്കെങ്കിലും അടിമപ്പെട്ട് ജീവിക്കുന്നതിനോട് അവള്‍ക്ക് വളരെയധികം വെറുപ്പാണ്. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്നും ജോലിക്ക് പോകുന്നു എന്നുമാത്രം.
വെെകുന്നേരം സ്കൂള്‍ വിട്ടപ്പോള്‍ അവള്‍ മോഹന്‍ മാഷിന്റെ പിന്നിലായി പതിയെ നടന്നു. ഒരു ചെറുതെന്നലില്‍ മണ്‍പാതയിലെ പൊടി പാറിയപ്പോള്‍ മോഹന്‍ മാഷ് മുഖമൊന്ന് പിന്നിലേക്ക് തിരിച്ചു. തന്റെ പിന്നില്‍ നാണത്തോടെ നിന്ന പ്രഭയ്ക്ക് അയാൾ ഒരു പുഞ്ചിരി ദാനമായി നല്‍കി.
‘മാഷേ’
അയാളൊന്ന് നീട്ടി മൂളി.
‘മാഷ് ആദ്യായിട്ട് സ്കൂളിക്ക് പാന്റിട്ട് വന്നപ്പൊ ആരേലും എന്തെങ്കിലും പറഞ്ഞിര്ന്നോ?’
മോഹന്‍ മാഷ് ഒരു തമാശ കേട്ട ലാഘവത്തോടെ ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ അതൊരു ചിരിയായില്ല. ചിരിക്കുമ്പോള്‍ സാധാരണയുണ്ടാകുന്നതിലും കുറവ് വിടവാണ് അയാളുടെ ചുണ്ടുകള്‍ക്കിടയിലുണ്ടായത്.
‘എന്തപ്പൊ അങ്ങനെ ചൊയ്ക്കാന്‍?’
‘എനിക്ക് സാരി ഇഷ്ടല്ല. അപ്പൊ ചുരിദാറിടാനായിരുന്നു’
‘നീ നാളെ ചുരിദാറിട്ട് വാ എന്നോട് ആരൊക്കെ എന്തൊക്കെ പറഞ്ഞേന്ന് നിനക്കന്നെ നാളെ അറിയാ’
‘മാഷെ’
അവളുടെ ചങ്കില്‍ വാക്കുകള്‍ കിടന്ന് ഞെരുങ്ങിയമര്‍ന്നു.
‘തമാശല്ലാ നാളെ നീ ചുരിദാറിട്ട് വാ’
ടൗണിലേക്കുള്ള ബസ് വന്നപ്പോള്‍ മോഹന്‍ മാഷ് അതില്‍ കയറിപ്പോയി. ആ സമയമായപ്പോഴേക്കും അവൾ നടന്ന് വീട്ടിലെത്തിയിരുന്നു.
ഇരുട്ടിന്റെ ചെറുകണങ്ങള്‍ അന്തരീക്ഷത്തിലേക്ക് വീണ്ടും ഇരച്ചുകയറി. വെളിച്ചത്തിന്റെ പകല്‍തൂണുകള്‍ തകര്‍ന്നുവീണു. മുറ്റത്തെ ഇലഞ്ഞി മരത്തിന്റെ ശിഖിരങ്ങള്‍ക്കിടയിലൂടെ ചന്ദ്രന്റെ ജ്വലനം നോക്കികാണുകയായിരുന്നു പ്രഭ. നാളെ താനും ഇതുപോലെ ജ്വലിക്കുമെന്ന് അവൾ അമ്മയോട് പറഞ്ഞു. ഉമ്മറപ്പടിയിലിരുന്ന് അവളുടെ തലയിലെ പേന്‍ നോക്കികൊണ്ടിരുന്ന അമ്മ മുഖം ചുളിച്ചു.
‘സാര്യാണ് നമ്മടെ വേഷം’
മുമ്പൊരിക്കലും കേള്‍ക്കാത്ത തമാശ കേട്ട മട്ടില്‍ പ്രഭ പൊട്ടിച്ചിരിച്ചു.
‘അമ്മേ അങ്ങനെ ആർക്കും നമ്മടേന്ന് പറയാനൊന്നൂല്ല’
‘ന്നാലും’
‘ഒരു ന്നാലൂല്ല’
ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവളുടെ മനസ്സിലത്രയും നിറഞ്ഞ സന്തോഷമായിരുന്നു. ആരൊക്കെ എന്തൊക്കെ പറയുമെന്നോര്‍ത്ത് ചെറിയൊരു ആശങ്ക സന്തോഷത്തിന്റെ ധൂമഹേതുക്കള്‍ക്കിടയില്‍ ഒരു കുമിള പോലെ പൊങ്ങികിടന്നു….
ആദ്യമായി ശമ്പളം കിട്ടിയപ്പോള്‍ വാങ്ങിയ പച്ച ചുരിദാറിട്ട് കോലായിലേക്കിറങ്ങിയപ്പോള്‍ അച്ഛന്റെ മുഖത്തെ പ്രഭ ഒരല്പം മങ്ങിിയത് പ്രഭ ശ്രദ്ധിച്ചു. കഴിഞ്ഞ പിറന്നാളിന് അച്ഛന്‍ വാങ്ങിത്തന്ന ചുരിദാറിടാഞ്ഞതിന്റെ സങ്കടമാണെന്ന് രണ്ടാമത്തെ നോട്ടത്തില്‍ തന്നെ അവള്‍ക്ക് മനസ്സിലായി.
നെല്‍പ്പാടവും ചോന്നകുന്നും കയറി അവൾ സ്കൂളിനടുത്തെത്തി. തന്നേക്കാള്‍ മുതിര്‍ന്ന മൂന്നു ടീച്ചര്‍മാര്‍ അവളെ കണ്ടതും മുഖത്തിന്റെ ഏതാണ്ട് മധ്യ ഭാഗത്തായി തങ്ങളുടെ വലതു കെെയ്യിലെ ചൂണ്ടുവിരലുകളെ പ്രതിഷ്ഠിച്ചു. ആ ചൂണ്ടുവിരലുകള്‍ക്കൊന്നും അവളുടെ മനസ്സിൽ ആശങ്കയുടെ വിത്തുകള്‍ സാധിച്ചില്ല; അശേഷം പോലും.
ചുരിദാര്‍ ധരിച്ചു വന്ന പ്രഭയെ കണ്ട് സഹാധ്യാപകരെല്ലാം ഞെട്ടി. അത്രയും കാലം സാരിയുടുത്ത് മാത്രം വന്നിരുന്ന ടീച്ചര്‍ ചുരിദാറുടുത്ത് വന്നത് കുട്ടികളെയാണ് ശരിക്കും ഞെട്ടിച്ചത്. ഗിരിജ ടീച്ചര്‍ അവളെ ഒരു വലിയ കുറ്റവാളിയെ നോക്കുന്നത് പോലെ നോക്കി. ചട്ടങ്ങളും നിയമങ്ങളും മനുഷ്യന്‍ ഉണ്ടാക്കിയതാണ്. അത് കാലഹരണപ്പെട്ടു പോയാല്‍ പൊളിച്ചെഴുതേണ്ടത് അതേ മനുഷ്യന്റെ തന്നെ ബാധ്യതയാണ്.
വെെകുന്നേരം സ്കൂള്‍ വിട്ട് പോകുമ്പോള്‍ പ്രഭ സന്തോഷവതിയായിരുന്നു. നാളെ മുതല്‍ മൂന്ന് ടീച്ചര്‍മാര്‍ കൂടി ചുരിദാറിടാന്‍ തീരുമാനിച്ചിരിക്കുന്നു. അവരുടെ ഭാഷയില്‍ പ്രഭ ഇപ്പോള്‍ ഒരു ധീരനായികയാണ്; ചുരിദാര്‍ വിപ്ലവത്തിലെ ധീരനായിക. കരിങ്കല്‍ കഷ്ണങ്ങള്‍ പാകിയ പാതയിലൂടെ അവൾ നടന്നു. കുറച്ചകലെ സിംഹവാലന്‍ കുരങ്ങുകളുടെ നാട്ടില്‍ മറ്റൊരു വിപ്ലവം വിജയിച്ചതിന്റെ ചര്‍ച്ച വാനില്‍ ഉയര്‍ന്നുകേള്‍ക്കാമായിരുന്നു.