രാവിലെ താളക്രമം തെറ്റിയ പഞ്ചസാര കലക്കുന്ന ശബ്ദം കേട്ടു കൊണ്ടാണ് ഭാമ അടുക്കളയിലേക്ക് കയറി വന്നത്.
"ഇതാ കുടിക്കൂ" നല്ലോണം തുടച്ചു മിനുക്കിയ ഗ്ലാസ് പ്രിയതമയുടെ നേരെ നീട്ടി.
അത്ഭുത പ്രതിഭാസം നേരിട്ടു കാണാൻ കഴിഞ്ഞതു, ലോകത്തെ അറിയിക്കുന്ന ആനന്ദോന്മാദത്തോടെ അവൾ വിളിച്ചു പറഞ്ഞു
"ദേ, ടാ, ആച്ചൂട്ടാ, ഒന്നിങ്ങു വേഗം വന്നേ"
നീണ്ട വിളിയുടെ അറ്റം പിടിച്ചുകൊണ്ടു, അച്ചൂട്ടട്ടൻ അടുക്കളയിൽ ഹാജരായി. പരിചയമുള്ള ഒരാളെ പ്രതീക്ഷിക്കാത്ത സ്ഥലത്തു കണ്ടുമുട്ടിയ മുഖഭാവത്തിൽ നില്ക്കുന്ന അവനോട്, സന്തോഷം അടക്കാനാവാതെ അവൾ പറഞ്ഞു,
"ദേ, നോക്കിയേ, അച്ഛനുണ്ടാക്കിയതാ ഇത്." ഗ്ലാസ് ഉയർത്തി അവനെ കാണിച്ചു.
ഏതോ രോഗത്തിനു മറുമരുന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞന്റെ ഗർവ്വോടെ ഞാൻ നിന്നു.
അവളെന്നെ ഒന്നൂടെ നോക്കി, സന്തോഷത്താൽ വിറക്കുന്ന ചുണ്ടുകൾ ഗ്ലാസിൽ മുട്ടിച്ചു. ചൂടു ചായ ഊതി ഊതി കുടിച്ചു. കഠിനാധ്വാനത്തിന്റെ ഫലം അറിയാനുള്ള കൗതകത്തോടെ ചായ ഊതികുടിക്കുന്ന ഭാമയെ നോക്കി ഗ്യാസ് കുറ്റിക്കു മുകളിലിരുന്നു.
ശരിക്കും അതിശയോക്തി കലരാത്ത കഠിന പ്രയത്നം തന്നെയായിരുന്നു. ചായ ഉണ്ടാക്കിയ കഠിന പ്രയത്നത്തിന്റെ നിമിഷ വഴികളിലേക്ക് ഒരു തിരനോട്ടം നടത്തി.
രാവിലെ, അടുക്കള വാതില്‍ തള്ളി തുറന്നപ്പോൾ ഒരു അപരിചിതനെ കണ്ടു പേടിച്ച വാതിലുകളുടെ കരച്ചിൽ നിയന്ത്രിക്കാൻ ഏറെ പാടു പെട്ടു. ഇരുട്ടിൽ, ഇലക്ട്രിക് സ്വിച്ചുകളെ മാറി മാറി അമർത്തി, ഇരുട്ടിനെ അകറ്റിയപ്പോൾ സഹനത്തിന്റെ കരിപുരണ്ട അടുക്കള നിഴലുകൾ പരിഭവത്തോടെ ഓടി മറഞ്ഞു.
ചായപ്പാത്രം, പരിചയമില്ലാത്ത കൈകളിൽ നിന്നും കൂടുതൽ പൊള്ളലേൽക്കുമോ എന്ന പേടിയിൽ എവിടെയോ മറഞ്ഞിരുന്നു. ഒടുവിൽ, അരിക്കലത്തിനരികെ പമ്മിയിരിക്കുന്ന പാത്രത്തെ പുറത്തേക്കെടുത്തു കുളിപ്പിക്കുമ്പോൾ പ്രതിഷേധത്തിന്റെ നേർത്ത ധ്വനി ഉയരുന്നുണ്ടായിരുന്നു.
നാരങ്ങ നീരിന്റെ വാസനത്തൈലമിട്ടു ഉരച്ചു കുളിച്ചെത്തിയ ചായപ്പാത്രം, ഈറനുണക്കാനെന്നോണം സ്റ്റൗവിന്റെ അധരങ്ങളിലെ ചൂട് പറ്റിയിരുന്നു. വെള്ളം അളന്നെടുത്തു പാത്രത്തിലേക്ക് ഒഴിച്ചു.
"രുചിലോകത്തെ രാജകീയ പാനീയമാണ് ചായ. ചായ തിളപ്പിക്കുക എന്നത് ഒരു കലയാണ് "
കഴിഞ്ഞദിവസം ഓഫീസിലെ സതിയേച്ചിയിൽ നിന്നും പഠിച്ചെടുത്ത പാഠങ്ങൾ മനസ്സിൽ ഓർത്തെടുത്തു.
കൊളോണിയൻ ഭൂതകാലം സംസാരിക്കുന്ന ചായക്കഥയിലെ മുഖ്യ കഥാപാത്രങ്ങളായ തേയില, പാൽ, പഞ്ചസാര ഇവരെ കണ്ടെത്തണം. വരിവരിയായി നടന്നു നീങ്ങുന്ന ഉറുമ്പ് പട്ടാളത്തിന്റെ സഹായത്താൽ, പഞ്ചസാര പാത്രത്തെ വേഗം പിടിച്ചെടുത്തു. എന്നാൽ ആദ്യറൗണ്ട് തിരച്ചിലിൽ മറ്റുള്ളവരെ കണ്ടെത്താനായില്ല. ഗ്യാസ് കുറ്റിയുടെ മുകളിൽ ആദ്യ പരാജയത്തിന്റെ കയ്പ്പുനീരു നുണഞ്ഞു ഞാനിരുന്നു.
"അടുക്കളയിൽ ഒരു സാധനം വെച്ചാൽ, വെച്ച സ്ഥലത്ത് കാണില്ല" ഭാമ നിത്യേന നിറഞ്ഞാടുന്ന തുള്ളൽകഥയിലെ കഥാസാരത്തിലെ അറിയാത്തെ വാക്യങ്ങളുടെ അർത്ഥം ഏകദേശം മനസ്സിലായി.
നീണ്ട തിരച്ചിലിനുശേഷം എല്ലാവരെയും സ്റ്റോർ റൂമിൽ നിന്നും പിടിച്ചെടുത്തു അടുക്കള ടേബിളിൽ വരിവരിയായി നിർത്തി.
തുറന്നു വെച്ചിരിക്കുന്ന അടുക്കള ജനലിലൂടെ അരിച്ചെത്തുന്ന, പ്രപഞ്ചത്തിന്റെ നെരിപ്പോടായ സൂര്യ കിരണങ്ങളെ തൊട്ടുവണങ്ങി, സ്റ്റൗവിന്റെ വായയിൽ ലൈറ്റർ ഞെക്കി തീപ്പൊരി വിതറി. തീ പിടിച്ച സ്റ്റൗവിലെ നാവുകളുടെ സ്പർശന സുഖത്തിൽ ചായപ്പാത്രം സാവധാനത്തിൽ മിണ്ടി തുടങ്ങി.
ചായപ്പാത്രത്തിൽ തിളച്ചുപൊങ്ങിയ വെള്ളത്തിന്റെ ക്ഷുഭിത ശബ്ദതരംഗങ്ങളെ മയപ്പെടുത്തി കൊണ്ടു തേയിലപ്പൊടിയും പാലും അളന്നൊഴിച്ചു.
തിളക്കുന്ന വെള്ളത്തിൽ തേയിലയും പാലും ആടിത്തിമിർത്തു. ആട്ടത്തിനു അനുവദിച്ചു കൊടുത്ത സമയം, ഘടികാരത്തിൽ നോക്കി തിട്ടപ്പെടുത്തി സ്റ്റൗവിലെ ജ്വലിക്കുന്ന നാവിനെ സമാധാനിപ്പിച്ചു തളർത്തിക്കെടുത്തി. ചായപ്പാത്രം ഇറക്കി വെച്ചു.
ആടിത്തിമിർത്തു തളർന്നു വീണ ചായ മിശ്രിതത്തിലെ അംഗങ്ങൾ അരിപ്പയുടെ സൂക്ഷമ വിശകലനത്തിനൊടുവിൽ വേർപിരിഞ്ഞു, ഭാരമില്ലാതായ ചായ സ്ഫടിക ഗ്ലാസിലേക്ക് കുടിയേറി.
വിയർപ്പ് പൊടിയാതെ , ഇസ്തിരി കുപ്പായം ചുളിയാതെ , റെഡിമെയ്ഡായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരു പാനീയമല്ല ചായ എന്ന നഗ്ന സത്യം ഞാൻ മനസ്സിലാക്കി. ചായ ഗ്ലാസിൽ വിരിഞ്ഞു നിൽക്കുന്ന തേയിലരുചിയുടെ സംയോജനത്തിന്റെ നറുമണം എന്റെ ശ്വാസങ്ങളുമായി ഇഴുകി ചേർന്നു അടുക്കളയിൽ നിറഞ്ഞു നിന്നു.
ഗ്ലാസിലേക്ക് പകർന്നു നൽകിയ ചായ അവൾ കുടിക്കുന്നതും നോക്കി ഞാനിരുന്നു.
ഓരോ ഇറുക്കിലും അവളുടെ കണ്ണുകളിൽ നുരയുന്ന അനുഭൂതിയുടെ പ്രഭാ പൂരത്തിൽ എന്റെ മനസ്സ് കരകവിഞ്ഞൊഴുകി.
നെഞ്ചോടു ചേർന്നു നിന്നു, ചായ ഗ്ലാസിലെ തേയിലഗന്ധം എന്റെ ചുണ്ടുകളിൽ പകർന്നു തന്നു, സന്തോഷത്തോടെ, അവൾ അടുക്കളയിൽ നിന്ന് തുള്ളിച്ചാടി പുറത്തേക്കു പോയി.
"ചായ വെറുമൊരു പാനീയമല്ല, അതിനു ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഒരു മാസ്മരിക ശക്തിയുണ്ട്" വായനാറിവിന്റെ നേർകാഴ്ച കണ്ടു ഞാൻ അതിശിയിച്ചിരുന്നു പോയി.
തന്റെ പരീക്ഷണം വിജയിച്ചതിന്റെ ഗർവ്വോടെ പാത്രത്തിൽ ബാക്കി വന്ന അല്പം ചായ ഞാൻ കുടിച്ചു.
"ന്റെ മ്മോ!. അളവനുപാതങ്ങൾ തെറ്റി വിറങ്ങലിച്ച ചായ, എന്റെ നാവിലെ രുചിമുകുളങ്ങളെ നോവിച്ചു, എന്തോ ശിക്ഷ പോലെ."
ചായയുടെ രുചിരസതന്ത്രത്തിലെ ഉത്പ്രേരകങ്ങൾ പുകഞ്ഞു തീർന്നു.
താൻ ഉണ്ടാക്കിയചായയുടെ രുചിയും ഗുണവുമല്ല തന്റെ പ്രിയതമയെ സന്തോഷിപ്പിച്ചത്, ജീവിതത്തിൽ ആദ്യമായി അവൾക്ക് ചായയിലൂടെ നല്കിയ കരുതലും സ്നേഹവുമാണ് എന്ന് ഓർത്തതും മനസ്സിൽ നേരിയ നനവ് പടർന്നു.
അടുക്കള അവൾക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അവളുടെ കൈകളുണ്ടാക്കുന്ന ചായ കുടിച്ചാലേ ഉന്മേഷം ഉണ്ടാവൂ എന്നു പാരമ്പര്യമായി കൈമാറിവന്ന ധാരണക്കുള്ളിൽ മുങ്ങിപ്പോയ, തിരിച്ചു കിട്ടാത്ത പതിനഞ്ചു വർഷങ്ങൾ.
രാവിലെ ആവി പറക്കുന്ന ചായയും കുടിച്ചു മഴയുടെ സൗന്ദര്യം ആസ്വദിച്ചു പത്രവായന നടത്തുന്ന സുഖത്തിന് പിന്നിൽ, അടുക്കളയിൽ വേവുന്നൊരു മനസ്സുണ്ടെന്ന കാര്യം തിരിച്ചറിയാൻ വൈകിയതിലുള്ള ഒരു കുറ്റബോധം എന്നുള്ളിൽ രൂപപ്പെട്ടു.
എങ്കിലും, രാവിലെ അവൾക്കു നൽകിയ ചായയുടെ നേർത്തപാടകളിൽ ചിറകു തുന്നിയുണർന്ന അനുരാഗ ശലഭങ്ങൾ എനിക്കു ചുറ്റും വട്ടമിട്ടു പറന്നു.
ആ ദിവസം വൈകുന്നേരം അവൾതന്ന മധുരമാർന്ന ചായ ഊതി കുടിക്കവേ, . അപ്രതീക്ഷിതമായി രൂപംകൊണ്ട ചായ കഥയിലെ പിൻതാളുകളിൽ കുറിച്ചിട്ട സംഭവത്തിന്റെ ചുരുളുകൾ പതിയെ നിവർന്നു.
കഴിഞ്ഞ ദിവസം തികച്ചും അവിചാരിതമായാണ് നിവേദ്യയുടെ ഫോൺ വളരെ കാലത്തിനു ശേഷം എന്നെ തേടിയെത്തിയത്.
നിവേദ്യ എന്റെ കൂട്ടുകാരിലൊരാളാണിന്ന്. എന്നാൽ അവൾ എന്റേതു മാത്രമായിരുന്നു ഒരു കാലമുണ്ടായിരുന്നു. ഭൂതകാലമരച്ചോട്ടിൽ സ്നേഹിച്ചു കൊതിതീരാതെ കരിഞ്ഞു പോയ മാമ്പൂക്കളിന്നും മനസ്സിന്നറയിൽ ഉണ്ടെങ്കിലും യാഥാർത്ഥ്യ ബോധത്തിൽ കാലൂന്നി ഹൃദയ അറകളിലേതോ ഒന്നിൽ അവയെ പുഷ്പിക്കാനനുവദിക്കാതെ ഒതുക്കി വെച്ചിട്ടുണ്ട്. സമൂഹത്തിന്റെ സ്വാർത്‌ഥ മതിലുകൾക്കിടയിലെവിടെയോ നഷ്ടമായ പ്രണയത്തിന്റെ ഓർമ്മകൾ ഇന്നും ഓടിയണയാറുണ്ട് അവളുടെ ഫോൺവിളി വരുമ്പോൾ.
നീണ്ടു പോയ കുശലാന്വേഷണങ്ങൾ ക്കൊടുവിൽ ചില പരാതി കെട്ടുകളും അവളഴിച്ചു.
"മടുത്തെടോ ഈ ജീവിതം "
"എന്തുപറ്റിയെടാ? സ്കൂളിൽ ന്തേലും പ്രശ്നം?"
"അതൊന്നുമില്ലെടാ "
"പിന്നെന്താ?"
"ഒരു ഒറ്റപ്പെടലിന്റെ ഫീലിംഗ്, എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തപോലെ"
"ഇപ്പോ ന്താ അങ്ങിനെ ഒരു തോന്നൽ?"
"എന്തു പറയനാ, ഒരു തലവേദന വന്നാൽ ഒരു ചായ പോലും ഉണ്ടാക്കിത്തരാൻ ആരുമില്ല, പ്രത്യേകിച്ചും എന്റെ ഭർത്താവ്. ചേട്ടന് ഒരു ചായ പോലും ഉണ്ടാക്കാൻ അറിയില്ല എന്നതാണ് സത്യം"
"ഒരു ചായ ഉണ്ടാക്കാനുള്ള കഴിവാണോ, ഭർത്താവിന്റെ സ്നേഹത്തിന്റെ അളവുകോൽ?" ഞാൻ തിരിച്ചു ചോദിച്ചു
"അല്ല, അതവിടെ നിൽക്കെട്ടെ, നിനക്ക് ചായ ഉണ്ടാക്കാൻ അറിയാമോ?"
രാവിലെ പ്രിയതമ കൊണ്ടുവരുന്ന ആവി പറക്കുന്ന ചായയും കുടിച്ചു മഴയും, പത്രവായനയും, ആസ്വദിക്കുന്നത് മനസ്സിൽ തെളിത്തു വന്നു
എന്റെ അല്പം നീണ്ടുപോയ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ടു അവൾ പറഞ്ഞു ,
"ഓ ഭാഗ്യം, നമ്മുടെ പ്രണയമെങ്ങാനും സഫലമായെങ്കിൽ, ഒരാഴ്ച കൊണ്ടു തന്നെ നിന്നെ ഞാൻ ഡൈവോഴ്സ് ചെയ്തേനെ''
അവൾ തമാശയിൽ പറഞ്ഞ വാക്കുകൾ എന്റെ കാതിൽ തുളച്ചുകയറി, തൊണ്ടക്കുഴിയിൽ ഒരു അസ്വസ്ഥത വിങ്ങി നിന്നു.
അവളുടെ വാക്കുകൾ ഞാനെന്ന ഭർത്താവിലുണ്ടാക്കിയ മാറ്റത്തിന്റെ നേർക്കാഴ്ചയായിരുന്നു ഇന്നത്തെ ചായപ്പരീക്ഷണത്തിന്റെ പിന്നിലെ ഹേതു. രുചിയും സ്നേഹവും പ്രദാനം ചെയ്യുന്ന രുചിമുറിയിലെ പാചക പരീക്ഷണങ്ങളിൽ പങ്കുകൊള്ളാനും ഭാമയെ സഹായിക്കാനുമുള്ള തീരുമാനം വൈകിയെങ്കിലും ഞാനെടുത്തു.
രാവിലെ കാലങ്ങളായി കനലെരിയുന്ന ഭാമയുടെ മനസ്സിന്റെ നെരിപ്പോടിലായിരുന്നു ചായപ്പാത്രം കയറ്റി വെച്ചിരുന്നത്. ചായയിലെ മധുരം അലിഞ്ഞു വീണു അവളുടെ ഹൃദയം മധുരിതമായിരുന്നു.
രാവിലെ ഉണ്ടാക്കിക്കൊടുത്ത ചായയുടെ സ്നേഹ പ്രതിഫലമായി, സ്നേഹത്തിന്റെ ഇതൾ അലിയിച്ചു അവളുണ്ടാക്കി കൊണ്ടു വന്ന
'റൊമാൻസ് ചായ' യിൽ നിന്നും ഉയരുന്ന മഞ്ഞ ശലഭങ്ങളുടെ അനുരാഗ ചിറകടിയിൽ മയങ്ങിയിരുന്നു ഞാൻ.