മല ചരിഞ്ഞതുപോലെ ഒരു ഊക്കൻ ശബ്ദത്തിൽ വായിക്കുള്ളിൽ നിറച്ച തുപ്പൽ ഒന്നാകെ പുറത്തേക്ക് ചുരത്തുന്നതിനൊപ്പം മുഖം അടച്ചുള്ള അടിയിൽ തുപ്പൽ ചുമരിൽ വലവിരിച്ചു. കൊഴുത്ത തുപ്പൽ
ബാക്കി ഉള്ളതിനെയും വഹിച്ച് താഴേക്ക് ഊർന്നിറങ്ങി. ഉരുട്ടിന്റെ ചതുപ്പിൽ പുതഞ്ഞു പോയ വീടിനെ ഒന്നാകെ പരുപരുത്ത ചിരിയിൽ എടുത്തിട്ട് കുടഞ്ഞു. കിഴക്കുനിന്ന് സൂര്യൻ ചീർത്ത് പൊങ്ങിക്കഴിഞ്ഞിരിക്കുന്നു കാക്കകൾ വിരുന്നുകാരെ കുത്തി നിറയ്ക്കാൻ വേലിപത്തലിലും തെങ്ങിന്റെ ഓലകളിലും ചാഞ്ചാടിക്കോണ്ട് കരയുന്നു,.
യൂണിഫോം ധരിച്ച് തീൻമേശയിൽ വന്നിരുന്ന ഭർത്താവിന്റെ മുന്നിൽ ഇഢലിക്കൊപ്പം തല്ലുകൊണ്ട് വീർത്ത മോന്തയും വിളമ്പി വെച്ചിട്ട് ഭാര്യ ഒരു കൈ അകലത്തിൽ മാറി നിന്നു. ഇഡലി സാമ്പാറിൽ കുഴച്ച് വായിലേക്കിട്ടത് ചവച്ച് ഇറക്കുമ്പോൾ ചോരയുടെ രുചി തൊണ്ടക്കുഴിയിൽ നിന്ന് അറിഞ്ഞിരുന്നു. വംശം നശിച്ചാലും കുലം മുടിഞ്ഞലും അടിമ വംശം ഇന്നും ഇവിടെ ജീവിച്ചിരിക്കുന്നതിന്റെ അടയാളം പോലെ ചാർത്തിക്കൊടുത്ത ചാപ്പ തലയിലേറ്റി അയാൾ വികാരങ്ങളെ ബൂട്ടിലേക്ക് ആവാഹിച്ച് ചവിട്ടിയുരച്ച് പടി ഇറങ്ങിപ്പോയി. അസ്വാതന്ത്ര്യങ്ങളുടെ നടുവിൽ ജീവിച്ചിരിക്കുന്നവരോ അതോ മരിച്ചവരോ എന്ന് ബോധം ജനിപ്പിക്കാതെ പരതി നടക്കുന്നവരുടെ ഇടയിലേക്ക് നിർവികാരനായി അയാൾ വാതില് കടന്ന് അകത്തേക്ക് കയറി. യാന്ത്രികമായി നെറ്റിയിൽ ചേർത്ത സല്യൂട്ട് നൽകി മേലുദ്യോഗസ്ഥന്റെ ശകാരങ്ങളും, തെറി വിളിയും നെറ്റി ചുളിക്കാതെ കേട്ടിട്ട് പകുതി മറച്ച സ്പ്രിംങ്ങ് ഡോർ തള്ളിത്തുറന്നു. ഡോർ തിരികെച്ചെന്ന് ശബ്ദം ഉണ്ടാക്കി മേലുദ്യേഗസ്ഥനെ അലോസരപ്പെടുത്താതിരിക്കാൻ പതുക്കെ തിരികെ ചേർത്ത് വെച്ചു.ബാത്ത് റൂമിനുള്ളിൽ ചെന്ന് യൂറിൻ ടാങ്കിന്റെ മുന്നിലേക്ക് ചെന്ന് പാന്റിന്റെ സിബ്ബ് താഴേക്ക് ശക്തിയായി വലിച്ചു.
ഒരാളുടെ മനോനിലയിൽ ഉണ്ടാവുന്ന സംഭവ വികാസങ്ങൾ എളുപ്പം അറിയാൻ കഴിയുന്നത് സിബ്ബ് വലിക്കുമ്പോഴാണെന്ന് തോനുന്നു. ശബ്ദം വളരെ വേഗത്തിലായിരുന്നു. അയാളുടെ ദീർഘശ്വാസവും യൂറിൻ ടാങ്കിലിട്ട് ഫ്ലഷ് ചെയ്തു .മൂത്രത്തിനൊപ്പം ദീർഘ ശ്വാസവും ചൂഴികളായി ദ്വാരങ്ങളിലൂടെ ഒലിച്ച് പോകുന്നത് ക്ഷമയോടെ നോക്കി നിന്നു. സിബ്ബ് സാവധാനം മുകളിലോട്ട് വലിച്ചു വെച്ചു. വാഷ് ബെയിസിസിന്റെ മുന്നിലെ ചെറിയ കണ്ണാടിക്ക് മുന്നിലെ മുഖത്തെ ചുളിവുകളുടെ എണ്ണം തിട്ടപ്പെടുത്തി. തന്റെ വയസ്സിന്റെ ഒപ്പം ഇനിള്ള സർവ്വീസ് കാലയളവിന്റെ എണ്ണവും വിരലുകളിൽ കൂട്ടി. വിരലുകളിൽ പറ്റിയ കണക്കുകളെല്ലാം കഴുകി കളഞ്ഞ്, തൊപ്പിയൂരി ഇടതു കൈയിൽ വെച്ചിട്ട് മുഖം കഴുകി. മടക്കി വെച്ച കോട്ടൺ ടൗവ്വൽ എടുത്ത് മുഖം തുടച്ച് തിരികെ യഥാസ്ഥാനത്ത് വെച്ച്. തൊപ്പി തലയിലേക്ക് വെച്ച് കണ്ണാടിക്ക് മുമ്പിൽ ഞെളിഞ്ഞ് നിന്നു. തോളിന്റെ മുകളിലുള്ള നക്ഷത്രങ്ങളെ തലോടി. സ്റ്റേഷന് പുറത്തുള്ള ജീപ്പിന്റെ മുന്നിലേക്ക് ചെന്നു. പിന്നിൽ ഒരു വനിതാ പോലീസടക്കം ഇരിക്കുന്നവരെ ഒന്ന് കണ്ണോടിച്ചു അവർ കൈ ഉയർത്തി സല്യൂട്ട് ചെയ്തത് കാണാത്ത ഭാവത്തിൽ മുന്നിലെ സീറ്റിലേക്ക് ചെന്നു. ഡ്രൈവർ ജീപ്പിനുള്ളിൽ തന്റെ കുംഭ സ്റ്റീയറിംങ്ങിൽ ചേർത്ത് വെച്ച് സീറ്റിൽ ചാരി ഇരിക്കുന്നു. വണ്ടിയിൽ കയറിയതും ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്ത് സാവധാനം മുന്നോട്ട് പോയി. ചെങ്ങന്നൂർ റെയിൽവേ പാലത്തിന്റെ ചുവട്ടിൽ നിൽക്കാൻ കഴിയുന്ന തണല് നോക്കി വണ്ടി പാർക്ക് ചെയ്ത് കാത്തു നിന്നു. ദൂരേന്നേ ശബ്ദത്തിൽ വന്ന ബൈക്കിന് കൈകാട്ടി നിർത്തി. ചെറുപ്പക്കാരൻ ഇട്ടിരിക്കുന്ന പാന്റ് പുതു മോഡലിലുള്ളതാണ്. പാന്റിന്റെ നൂൽ മുഴുവൻ പൊന്തി നിൽക്കുന്നു. തുടകളിലെ കീറലുകളെ കറുത്ത തുണിയടിച്ച് മറച്ചിരിക്കുന്നു. എന്തൊരു കോലം വഴി തെറ്റുന്ന യുവതലമുറ ഉള്ളിലേക്ക് വലിച്ച ഒരു ശ്വാസം പോലെ പുറത്തേക്ക് വന്നു ഹെൽമെറ്റ് വെച്ച ചെറുപ്പക്കാരൻ ലൈസൻസും ബുക്കും പേപ്പറുമായി വന്നു എല്ലാം ക്ലിയറാണ്റെന്ന് ചെറുപ്പക്കാരൻ പറഞ്ഞു കൊണ്ടിരുന്നു,
"എല്ലാം ക്ലിയറാ?"
"അതെ സാർ"
"നീ വണ്ടീലോട്ട് കയറ് ഒന്ന് കാണട്ടെ ഞാൻ "
ചെറുപ്പക്കാരൻ വണ്ടിയിൽ കറി ഇരുന്നു "സ്റ്റാർട്ട് ചെയ്യ് "
"നല്ല ശബ്ദമാണല്ലോ പുതിയ സൈലൻസറാ? എത്ര രൂപയാണ്?"
ചെറുപ്പക്കാരൻ പറയുന്നത് ചെവി വട്ടം പിടിക്കാതെ ജീപ്പിന്റെ പിന്നിൽ നിന്നെടുത്ത കൂടം കൊണ്ടുള്ള ശക്തിയായ അടിയിൽ സൈലൻസർ ഒടിഞ്ഞു.
"ഇനി നീ എന്റെ മുന്നിൽ വരുമ്പോൾ ഈ ശബ്ദവുമായി വരാൻ പാടില്ല. "
"കേട്ടോടാ?മ് വിട്ടോ "
ചെറുപ്പക്കാരന്റെ മുഖത്ത് രണ്ടാമതൊന്ന് നോക്കാൻ നിന്നില്ല വണ്ടിയുടെ ബോണറ്റിലേക്ക് ചാരി നിന്നു. ഇരകൾക്ക് വേണ്ടി ചെവി വട്ടം പിടിച്ചു.
പകലിനെ ഊറ്റിക്കുടിച്ചു കൊഴുത്ത ഇരുട്ടിന്റെ വിടവിലൂടെ കിളികൾ ചില്ലകളിൽ ഇണക്കൊപ്പം ചേർന്നിരുന്നു.
ഭാര്യ കവിൾ തടവിക്കോണ്ട് നിലത്ത് ഷീറ്റ് വിരിച്ചു കിടക്കുന്നു. അവളോട് എന്തൊ പറയാൻ ഭാവിച്ചു ശബ്ദം കുടലുകൾക്കുള്ളിൽ കുരുങ്ങിക്കിടന്നു.തലയിണയിൽ മുഖം അമർത്തിക്കിടന്നു. ആകാശം വെള്ളവിരിച്ചിട്ടിരിക്കുന്നു മേഘങ്ങൾ കടലിന്റെ തലയ്ക്ക് മുകളിൽ മലകൾക്കും മരങ്ങൾക്കും ഇടയിൽ പെട്രോമാക്സിന്റെ വെളിച്ചവും തൂക്കി ആരോ പൊന്തി വന്നു.
കുളിച്ചൊരുങ്ങി വരുമ്പോൾ ഭാര്യ തലയിണക്കുള്ളിലെ ചിതറിപ്പോയ പഞ്ഞി തൂത്ത് വാരുന്നു. മിണ്ടാതെ ഒരു കവിൾ വെള്ളം കുടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി. കീ കൊടുത്തു പാവ പോലെ നിന്നിടത്തു നിന്ന് കറങ്ങുന്നവർ ഒരേ മുഖമുള്ളവർ ഒരേ വികാരങ്ങൾ പക്ഷേ സെല്ലിലെ പ്രതികൾ മാത്രം മാറുന്നു. ഇന്നലെ ചെയ്ത പ്രവർത്തികൾക്ക് മേലുദ്യോഗസ്ഥന്റെ ശകാരം. തിരികെ അടയ്ക്കുന്ന പകുതി മറച്ച ഡോർ. മൂത്രപുരയിലേക്കുള്ള നടത്തം.
ഛെ......! ആവർത്തന വിരസത .
തല പൊട്ടിപൊളിയുന്ന വേദന പ്ലഷറിന്റെ ഗുളിക ഒരെണ്ണം വായിലേക്കിട്ടു. അലിഞ്ഞ് ഇല്ലാതായി.
പോകുന്ന സ്ഥലങ്ങളിൽ മാറ്റം. ബസ്റ്റാന്റ് റെയിൽവേ സ്റ്റേഷൻ, ക്ഷേത്രങ്ങൾ ഉത്സവങ്ങൾ റോഡുകൾ കോളേജുകൾ. ഇന്ന് പോയത് ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ. വൈകുന്നേരം വരിവരിയായി പോകുന്ന വിദ്യാർത്ഥികളെ കണ്ണോടിച്ച് നിന്നു. പെൺകുട്ടികളുടെ ടോപ്പുകളുടെ സൈഡ് ഒപ്പൺ അലോസരമായി തോന്നിക്കാണണം ലെഗ്ഗിൻസിൽ തുടകൾ വളരെ നന്നായി പ്രതിഫലിക്കുന്നതിന്റെ അലോസരത. ആദ്യം കണ്ട പെൺക്കുട്ടിയെ അടുത്ത് വിളിച്ചു.
"ഇത് വളരെ മോശമല്ലേ മോളേ എനിക്കും പെൺമക്കളുണ്ട്? ആണുങ്ങൾക്ക് ഇതൊക്കെ കാണുമ്പോൾ വികാരം ഉണ്ടാവാൻ ഇടയുള്ളതാണ് അപ്പോൾ എന്ത് പറ്റും പീഡനങ്ങൾ പെരുകും. മോളെയൊക്കെ പീഢിപ്പിച്ചാലും അതും ഞങ്ങൾ തന്നെ അന്വഷിക്കണംല്ലേ? ഇനി മുതൽ ഇങ്ങനെ ഉള്ളത് ഇട്ടോണ്ട് വരരുത്."
വനിതാ പോലീനെ മുഖം ഉയർത്തി നോക്കി അവർ സൈഡ് ഒപ്പണിൽ സേഫ്റ്റി പിൻകുത്തി നൽകി. പെൺകുട്ടി പിരിമുറുക്കങ്ങളുടെ നടുവിൽ നിന്ന് പാതി കലങ്ങിയ കണ്ണുമായി ബസിലേക്ക് വേഗത്തിൽ കയറി.
നടുക്കടലിൽ നിന്ന്ഇബ്രു എന്ന തീ വിഴുങ്ങി മത്സ്യം ഉയർന്ന് ചാടി സൂര്യനെ വായിക്കുള്ളിലാക്കി കടലിന്റെ ഉള്ളിലേക്ക് ഊളിയിട്ടു. തലചേർത്ത് വെച്ച തലയിണ ഭാര്യ വലിച്ചെടുത്തു. "ചവിട്ടിക്കീറാൻ ഇവിടെ ഇനി തലയിണ ഇല്ല" അവളുടെ മുഖത്തേക്ക് നോക്കിയിട്ട് തിരിഞ്ഞ് കിടന്നു. രാവിലെ യൂണിഫോമിട്ട് പോകാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് "എന്തൊരു നാറ്റമാണി മെത്തയ്ക്ക്" വാക്കുകൾ വായിക്കുള്ളിലിട്ട് നുണഞ്ഞു കൊണ്ട് ഭാര്യ പറയുന്നതിന് ചെവി വട്ടം പിടിച്ചു.
ഭാര്യ മെത്ത മുറ്റത്ത് വിരിച്ചിട്ടു. മെത്തയുടെ നടുവിൽ ദ്വീപ് പോലെ നനവ് പറ്റിയിരിക്കുന്നു. മറുപടി പറയാനുള്ള അയാളുടെ വാക്കുകൾ മൂത്രം വീണ് ദ്രവിച്ചിരിക്കുന്നു .മുഖം ഉയർത്തി നോക്കി മൂത്രത്തിന്റെ നാറ്റം മൂക്കിലേക്ക് കയറിയതും നിശബ്ദനായി തന്റെ ഭ്രാന്തിന്റെ ചിന്തകളെ ഓർത്ത് വേവലാതിപെട്ട് ഇറങ്ങി നടന്നു.
എന്തൊരുരു ഭ്രാന്താലയമാണിത് 100 കോടി ജനങ്ങളുടെ ശാപമേറ്റതും. കളറുകൾ മാറ്റിയാലും "ജനമൈത്രിയെന്ന" പേരുകൾ കൂട്ടിച്ചേർത്താലും ചില നേരങ്ങളിൽ മനുഷ്യത്വം നശിച്ചുപോയവരുടെ ഭ്രാന്താലയം. ആരോ ഉപേക്ഷിച്ചു പോയ അടിമത്വംവും ചുമന്ന് അത്മാഭിമാനം നഷ്ടപ്പെടുത്തി ജീവിക്കുന്നവരാണ് ചുട്ടുപൊള്ളുന്ന വെയിലു കൊണ്ട് ചിന്തകൾ കരകളിലേക്ക് അടുക്കുന്നു. ഹാഫ് ഡോർ തള്ളിത്തുറന്ന് അകത്ത് കയറി മേലുദ്യോഗസ്ഥന്റെ മേശയ്ക്ക് മുകളിൾ ബൂട്ട് ഊരിവെച്ചു. ബൂട്ടിന്റെ നാറ്റം മേലുദ്യോഗസ്ഥന്റെ റും മുഴുവൻ തിങ്ങി. ഡെസ്ക്കിന്റെ മുകളിൽ കയറി കുന്തക്കാലിൽ ഇരുന്നു. തൊപ്പിക്കുള്ളിൽ ഒളിപ്പിച്ച ചങ്ങല തന്റെ തന്നെ കഴുത്തിലിട്ട് മേലുദ്യോഗസ്ഥന്റെ മടിയിലേക്ക് നീട്ടി ഇട്ടു. ചങ്ങല ഒരു കണ്ണിയിൽ തട്ടി മറ്റെ കണ്ണിയിൽ തൊട്ട് കരഞ്ഞ് വിളിച്ചു. അലറി വിളിച്ച വായിക്കുള്ളിലേക്ക് മൂന്ന് ലോകവും ചുരുങ്ങിപ്പോയിരിക്കുന്നു.
ഡെസ്ക്കിൽ വെച്ച ബെല്ലിൽ ശക്തിയായി അമർത്തി ഇടിച്ചുകൊണ്ട് മേലു ഉദ്യോഗസ്ഥൻ ചാടി എഴുന്നേറ്റു. മേലുദ്യോഗസ്ഥന്റെ ക്യാമ്പിനിലേക്ക് പാഞ്ഞു വന്ന പോലീസുകാർ ചങ്ങലയിൽ പിടിച്ച് പുറത്തേക്ക് വലിച്ചു ശക്തിയായ വലിയിൽ സ്പ്രിങ്ങ് ഡോർ തള്ളി തുറന്നു അയാൾ ഇടനാഴിയിലേക്ക് വീണു. ഡോർ തിരികെച്ചെന്ന് ശക്തിയായി കൂട്ടി ഇടിച്ച് ശബ്ദം മേലുദ്യോഗസ്ഥനെ അലോസരപ്പെടുത്തി. പല്ലുകൾ തമ്മിൽ ഇറുമിക്കോണ്ട് പിറുപിറുത്തു. ചങ്ങലയിൽ ചുഴറ്റി പുറത്തേക്ക് തള്ളുന്നതിനൊപ്പം വലിച്ചെറിഞ്ഞ ബൂട്ടും ദേഹത്തേക്ക് വന്നു വീണു .ബൂട്ടുകളെ തള്ളിമാറ്റി. തോളിലെ നക്ഷത്രങ്ങളെ പറിച്ചെടുത്ത് പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞു. സെല്ലിന്റെ ഉള്ളിലെ തഴമ്പിച്ച സിമന്റ് തറയിൽ നക്ഷത്രങ്ങൾ മുകളിലേക്ക് നോക്കി കിടന്നു. ഷർട്ടും പാന്റ്സും ഊരിയെടുത്ത് ചുരുട്ടി കറുകൊണ്ട് കെട്ടി ഒതുക്കി. തറയിൽ കിടന്ന ബൂട്ടും ധരിച്ച് യൂണിഫോം കൊണ്ട് തയ്യാറാക്കിയ ചുമ്മാടും ധരിച്ച് . മാർക്കറ്റിലെ തിരക്കുകൾക്കിടയിലേക്ക് അലഞ്ഞു ഇല്ലാതായി.