ചെറുപ്പം തൊട്ടേ ചെടികളോടും, പൂക്കളോടും വല്ലാത്തൊരു മമതയായിരുന്നു അവൾക്ക്. സ്കൂൾ വിട്ട് പോരുമ്പോ ,കാടെന്ന് പറഞ്ഞ് മറ്റുള്ളവർ വെട്ടിക്കളയുന്ന കുറ്റിക്കാടുകളെല്ലാം ശേഖരിച്ച് വരിക എന്നത് ഒരു
ഹരമായിരുന്നു. വളർന്ന് വലുതായി കല്ല്യാണം കയിപ്പിച്ച് വിട്ടപ്പോഴും ആ ഭ്രമത്തിന് കുറവൊന്നും വന്നില്ല . വീട്ടിലും, തൊടിയിലും ഒരു പാട് ചെടികളൊക്കൊ വെച്ച് പിടിപ്പിച്ച് ഒരു വൃന്ദാവനം ഉണ്ടാക്കണമെന്നുള്ളത് അവളുടെ ചിരകാല സ്വപ്നമായിരുന്നു. ഓരോ പുതിയ ചെടിയും വെച്ച് പിടിപ്പിച്ചതിനു ശേഷം അതിനടുത്ത് നിന്ന് മുപ്പത്തിരണ്ട് പല്ലും കാട്ടി ക്ലോസപ്പിലൊരു സെൽഫിയുമെടുത്ത്, ഫേസ് ബുക്കിലിട്ട് ലൈക്കും, കമൻറും വാരിക്കൂട്ടുകയും, വാട്സപ്പ് സ്റ്റാറ്റസ് ഇട്ട് വ്യൂയറുടെ എണ്ണം കൂട്ടുകയുമായിരുന്നു മറ്റൊരു വിനോദം,
നാട്ടിലുള്ള പരിചയക്കാരെയും, ബന്ധുജനങ്ങളെയും ചിരിച്ചു മയക്കി അവരുടെ വീട്ടിലുള്ള ചെടികളെല്ലാം ഏകദേശമവൾ വീട്ടിലെത്തിച്ചിട്ടുണ്ട്. വണ്ടിയിൽ ടൗണിലേക്ക് പോകുമ്പോഴൊക്കെ റോഡരികിലുള്ള വീടുകളിൽ മുറ്റത്തും, ബാൽക്കണിയിലും നിരത്തിവെച്ചിരിക്കുന്ന ഉദ്യാന വല്ലരി കളിലേക്ക് ,ആർദ്രമായ അവളുടെ കടാക്ഷം പോയി വീഴാറുണ്ട്.
അങ്ങനെ വെറൈറ്റി, വെറൈറ്റി ചെടിയും, പുഷ്പവും പരതി നടക്കുന്ന സമയത്താണ് ഓൺലൈൻ പുഷ്പവസന്തങ്ങൾ അവളുടെ കണ്ണിൽ പെട്ടത് .അതിൽ ചെടിയോടും പുഷ്പത്തോടും കൂടി നിൽക്കുന്നൊരെണ്ണം അവളുടെ നയനത്തെ ഭ്രമിപ്പിച്ചു. വിലയിത്തിരി കൂടുതലാണെങ്കിലും അത് വേണ്ടെന്ന് വെയ്ക്കുവാൻ അവളുടെ മനസനുവദിച്ചില്ല. അങ്ങനെ സന്തോഷത്തിന്റെ പൂത്തിരികൾ മൂന്ന് നാലെണ്ണം മനസിൽ കത്തിച്ച് അതിനവൾ ഓർഡർ ചെയ്തു.
ഉദ്ദേശിച്ചതിനെക്കാളും വേഗത്തിൽ തന്നെ ഓർഡർ ചെയ്ത മുകുളം വന്നണഞ്ഞു. അതിന്റെ സുഗന്ധമവളെ മത്തുപിടിപ്പിച്ചു. പുതിയ ചെടി നാലാളെ കാണിച്ചില്ലെങ്കിൽ ഒരു സമാധാനവും ഇല്ല. അതിനെ ചേർത്തണച്ച് മുത്തമിട്ട് അഞ്ചാറ് ക്ലോസപ്പ് സെൽഫിയെടുത്ത് അറഞ്ചം, പുറഞ്ചം ഫേയ്സ്ബുക്കിൽ വാരി വിതറി ക്ഷണനേരം ലൈക്കും, കമന്റും ഷെയറും കൊണ്ട് ഫെയ്സ് ബുക്ക് ഗ്യാലറി നിറഞ്ഞു. അതു വരെ കിട്ടാത്തൊരു ആത്മ നിർവൃതിയോടെയവൾ അന്ന് സുഖമായുറങ്ങി.
പിറ്റേന്ന് നിർത്താതെയുള്ള കോളിംങ് ബെല്ലിന്റെ ഭ്രാന്തെടുത്ത ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്. വാതിൽ തുറക്കുമ്പോൾ തന്നെ കണികാണുവാൻ വെച്ച പുതിയ ചെടിക്കു പകരം, അവളുടെ മിഴികളിൽ ഉടക്കിയത് അഞ്ചാറ് കാക്കിയണിഞ്ഞ പോലീസുകാരായിരുന്നു.സംഭവമെന്താണെന്നു പിടികിട്ടാതെ വാ പൊളിച്ചവൾ പുറത്തേക്ക് ചെന്നു.
നിങ്ങളാണോ "ചിക്കു കുര്യൻ "
അതേയെന്നവൾ തലയാട്ടി .
ഫെയ്സ് ബുക്കിൽ ഇട്ടിരിക്കുന്ന ഈ ഫോട്ടോ നിങ്ങൾ എട്ത്ത് ഇട്ടത് തന്നെയല്ലേ...?
അതേ സാറെ.., ഓർഡർ ചെയ്ത് ഇന്നലെ എത്തിയതേ ഉള്ളു. "നല്ല ഭംഗിയില്ലേ... സർ"
ഉവ്വ്... ഉവ്വ് നല്ല ഭംഗി . ഇനി ഇതിന്റെ ഭംഗിയൊക്കെ സ്റ്റേഷനിൽ പോയി ആസ്വദിച്ചാ മതി.
അയ്യോ..., അതെന്താ സാറങ്ങനെ പറഞ്ഞേ...?
എന്റെ പെണ്ണുംമ്പിള്ളേ ഇത് കഞ്ചാവാണ്. "കാന്നബിസ്" എന്ന ഗണത്തിൽ പെട്ട പുഷ്പ്പിക്കുന്ന കഞ്ചാവ് ചെടി നല്ല ഒന്നാന്തരം ലഹരി ,അതാണ് നിങ്ങള് വെറൈറ്റി ചെടി, വടിയെന്നൊക്കെ പറഞ്ഞ് ഓൺലൈൻ വഴി സ്വന്തമാക്കിയത്. എല്ലാം കേട്ട് വാ പൊളിച്ച് മിഴിച്ചു നിൽക്കുന്ന ചിക്കു കുര്യനോടായി പോലീസ് പറഞ്ഞു.
" ന്റെ ,സാറേ സത്യായിട്ടും എനിക്കിത് കഞ്ചാവാണെന്ന് "അറിയത്തില്ലായിരുന്നു. അതിൽ വേറെന്തോ പേരായിരുന്നു കണ്ടത്. സത്യായിട്ടും ഞാൻ നിരപരാധിയാണെന്ന് പറഞ്ഞ് കണ്ണീരൊലിപ്പിച്ച് മൂക്കു ചീറ്റി,
അക്കാര്യത്തിൽ അവർക്ക് യാതൊരു മനസറിവും ഇല്ലെന്ന് മനസിലായ പോലീസുകാരൻ ജീപ്പിലേക്ക് നോക്കി കൊണ്ട് ഡോ.., സുഗുണാ, ആ വണ്ടീലിരിപ്പുള്ള പെട്രോളും, തീപ്പെട്ടിയും എട് ത്തോണ്ട് വാ.
ആളി കത്തുന്ന തീജ്വാലയിൽ കഞ്ചാവ് ചെടിയിൽ നിന്നും ഉയരുന്ന പുക ചെറിയ ചെറിയ വലയങ്ങളായി വായുവിൽ വിലയം പ്രാപിക്കുന്നത് നോക്കിക്കൊണ്ടവൾ നെഞ്ച് തടവി വെറും മണ്ണിലേക്ക് കുഴഞ്ഞിരുന്നു .