mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

തട്ടുകട നടത്തുന്ന മൊയ്തീൻ വലതു കയ്യിലെ ഗ്ലാസിൽ നിന്ന് ചായ ഇടതു കയ്യിലെ ഗ്ലാസിലേക്ക് വീശി പകരുന്നതിനിടയിലാണ് മേസ്തിരി പപ്പന്റെ വാക്കുകൾ ചെവിയിൽ വന്ന ലച്ചത്.
"മ്മടെ പട്ട തമ്പാൻ വീണ്ടും പൊയേല് വീണിരിക്ക്ണ്.!"


"എന്നിട്ടോ..?" ചൂടു പാൽ ചായ ഊതി കുടിക്കുന്നതിനിടയിൽ കണാരൻ ഉദ്വേഗത്തോടെ ചോദിച്ചു.
"എന്നിട്ട് എന്തോ ആവാൻ; അവൻ പഴേപോലെയന്നേ ഉയിർത്തെഴുന്നേറ്റ് വന്നു. ചാവാൻ ചാടിയതാന്ന് ആരാണ്ടൊക്കെയോ പറേണ കേട്ടു. നേര് എന്താന്ന് ആർക്കറിയാം".
"ചാവാൻ ചാടിയതൊന്നും ആയിരിക്കില്ലപ്പാ. എപ്പോം വെള്ളത്തി തന്നെയല്ലേ...? കുടിച്ച് ബോധംല്ലാതെ പൊയേന്റെ വക്കത്തൂടെ പോയിട്ടുണ്ടാവും. മറിഞ്ഞ് വീണു കാണും" .
അത് ശരിയെന്നേ അങ്ങനെ ആയ്രിക്കും കണാരനൊപ്പം മൊയ്തീനും വാക്കുകൾ ഏറ്റുപിടിച്ചു.

"പട്ടതമ്പാനോ ! എന്തൊരു പേരായിത് അങ്ങേരെന്താ വല്ല ജന്മിയോ മറ്റോ ആണോ..? " തട്ടുകടയ്ക്കടുത്ത് പുതുതായി തുടങ്ങിയ അക്ഷയ സെന്ററിലെ മിഥുൻ കയ്യിലുള്ള പഴമ്പൊരി കടിച്ചു കൊണ്ട് ചോയിച്ചു.
"അയ്യോ ജന്മിയൊന്നും അല്ലപ്പാ അതൊരു പാവം കൂലിപ്പണിക്കാരനാ''. ഒരിറുക്കു ചായ കൂടി ഊതി കുടിച്ചു കൊണ്ട് കണാരൻ പറഞ്ഞു. പിന്നെ തമ്പാന്റെ ജീവിത കഥയുടെ കെട്ടഴിക്കുവാനായി ബാക്കിയുള്ള ചായ കൂടി വേഗത്തിൽ ഊതി കുടിച്ച് ഒരു ദിനേശു ബീഡിക്ക് തീകൊളുത്തി പുക ഉള്ളിലേക്ക് ആഞ്ഞു വലിച്ചു.
കേട്ടു പഴകിയ കഥയാണെങ്കിലും നേരം കൂടുവാൻ എല്ലാവരും അയാൾക്കു ചുറ്റിലും കൂടി. അന്നാട്ടിലെ പുതിയ ആളായതുകൊണ്ട് മിഥുൻ മാത്രം ആകാംക്ഷയുടെ ഓരത്തായിരുന്നു.

"തമ്പാന്റെ അച്ഛന് കള്ള് ചെത്തലായിരുന്നു പണി. നാട്ടിലുള്ള എല്ലാ തെങ്ങിന്റെ മണ്ടേലും പാക്കരന്റെ പാദസ്പർശമേറ്റിട്ടുണ്ട്. ആയിടയ്ക്കാണ് അവന്റെ ഭാര്യ തമ്പാനെ പ്രസവിച്ചതോടെ മരണപ്പെട്ടത്. പ്രായമായ അമ്മ മാത്രം കൂട്ടിനുള്ള പാക്കരന്റെ കാര്യം ഭാര്യയുടെ വിയോഗത്തോടെ കഷ്ടത്തിലായി. രാത്രി കാലങ്ങളിൽ അമ്മിഞ്ഞപ്പാലിനു വേണ്ടി മുറവിളി കൂട്ടുന്ന കുഞ്ഞി തമ്പാന്റെ ചുണ്ടിൻമേൽ അന്തി കള്ളിന്റെ ലഹരിയിൽ പാക്കരൻ കള്ള് ഇറ്റിച്ചു കൊടുക്കും അതിന്റെ ലഹരിയിൽ തമ്പാൻ കുഞ്ഞ് ഒച്ചപ്പാടില്ലാതെ ഉറങ്ങാൻ തുടങ്ങും.
കുഞ്ഞുന്നാളിലേ കള്ളിന്റെ രുചിയറിഞ്ഞ അവൻ പിന്നെ വലുതായപ്പോഴും, ആ രുചി തേടിയിറങ്ങി തുടങ്ങി. നാട്ടിൽ ഏതൊരു പരിപാടി ഉണ്ടായാലും ആരും ക്ഷണിക്കുകയൊന്നും വേണ്ട. ക്ഷണിക്കപ്പെടാത്ത അതിഥിയായി അയാൾ മുന്നിലുണ്ടാവും. എവിടേലും ചെണ്ട മുട്ടിന്റെ അലയൊലികൾ കേക്കുമ്പോ സ്വയം ദൈവത്തിന്റെ ആളായി കോമരം തുള്ളുകയും ചെയ്യും. ചുരുക്കി പറഞ്ഞാ ആളൊരു വെളിഞ്ഞീറ് ആണെങ്കിലും എടങ്ങേറായ് ര്ന്നില്ല."

"അപ്പോ അങ്ങേർക്ക് കുടുംബോം കുട്ടിയോളും ഒന്നും ഇല്ലേ...?'' സംശയത്തോടെ മിഥുന്റെ ചോദ്യത്തിന് മുറി ബീഡി കുത്തികെടുത്തി കണാരൻ ചിരിച്ചു.
"പിന്നെ ഒരു മൊഞ്ചത്തി കെട്ടിയോളും രണ്ട് ഉശിരൻ ആമ്പിള്ളേരും ഇണ്ട്. മോനൊരു കൂട്ടായിക്കോട്ടെന്ന് വെച്ച് പാക്കരൻ വകേല് ഒരു അനന്തിരവളുടെ തലേൽ മോനെ കെട്ടിവെച്ചിട്ടാ ചത്തത്. ആ പെണ്ണിന്റെ ഒരു ദുർവിധി! കള്ളും കുടിച്ച് പാതിരക്ക് കേറി വരുന്ന തമ്പാന്റൊപ്പം കൊറേ ശിങ്കിടികളും ഇണ്ടാവും അയിറ്റൾടെ അട്ത്ത്ന്ന് മാനം രക്ഷിക്കാൻ വേണ്ടി പെണ്ണ് പുള്ളാരേം കൂട്ടി സ്വന്തം പൊരേലേക്കും പോയി. കള്ളുകുടിയൻ ആയിരുന്നാലും വകതിരിവുള്ളോനായ് ര്ന്നേ തമ്പാൻ. കെട്ടിയ പെണ്ണിനോടായാലും, നാട്ടിലുള്ള പെണ്ണിനോടായാലും ഭയങ്കര ബഹുമാനായര്ന്ന്." ആത്മഗതം പോലെ കണാരൻ അത്രയും പറഞ്ഞ് നിർത്തി.

ആ സംഭവത്തിനു ശേഷം പലപ്പോഴായി മിഥുൻ തമ്പാനെ കണ്ടു. എന്തുകൊണ്ടോ ആ മനുഷ്യനെ കാണുമ്പോഴൊക്കെ മനസിലൊരു അലിവ് ഉറവ പൊട്ടുന്നതവനറിഞ്ഞു. അയാളെ ഇങ്ങനെയൊരു മുഴുക്കുടിയനാക്കി തീർത്ത പാക്കരനോട് എന്തെന്നില്ലാത്ത അമർഷവും തോന്നി. അക്ഷയ സെന്ററിലെ തിരക്കിൽ മുങ്ങുമ്പോൾ ദൂരെ നിന്നേ നാവു കുഴഞ്ഞു കൊണ്ട് പാടി ആടിയാടി വരുന്ന തമ്പാന്റെ ഭക്തിഗാനം കേൾക്കാം!

"എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റംപാട്ട്
നിന്റെയുള്ള മലിയണേയത് കേട്ട്.
എന്റെ പൊന്നു മുത്തപ്പാ നീ ഭഗവാൻ വെള്ളാട്ട്
നിന്റെ കോവിൽ മുമ്പിൽ എന്നും മീനുട്ട്.
എന്റെ പൊന്നു മുത്തപ്പാ....."

കുടിച്ചിട്ടാണേലും എത്ര സ്പഷ്ടമായിട്ടാണ് അയാൾ പാടുന്നതെന്ന് മിഥുൻ അത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്. നേരെ ചൊവ്വേ തനിക്ക് പോലും പാടാൻ പറ്റാറില്ല. ആളൊരു മുത്തപ്പ ഭക്തനാണെന്ന് പലപ്പോഴുമവന് തോന്നാറുണ്ട് .

ഒരു ദിവസം രാവിലെ സ്കോളർഷിപ്പ് എന്റർ ചെയ്യുന്നതിനിടയിൽ നെറ്റ് കണക്ഷൻ പോയതിനെ ശപിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് വാതിൽക്കൽ ഒരു തല വെട്ടം കണ്ടത്. നോക്കിയപ്പോൾ വെറ്റില കറ പുരണ്ട പല്ലുകൾ പുറത്ത് കാട്ടി നീണ്ടു വളർന്ന താടിയിലും, മുടിയിലും ഉഴിഞ്ഞു കൊണ്ട് തമ്പാൻ. അവൻ വേഗം എഴുന്നേറ്റ് പുറത്തേക്ക് ചെന്നു.

"എന്താ ഏട്ടാ "
" കൊച്ചേ എനക്കൊരു മുപ്പുറുപ്യ കടം തെര്വേ? ഒരു ചായ കുടിക്കാനാ!"
പേഴ്സിൽ നിന്നും എണ്ണി പെറുക്കി മുപ്പതു രൂപ അയാൾക്കു നേരെ നീട്ടി. വെളുക്കനെ ചിരിച്ച് കിട്ടുമ്പോ തരാമെന്ന് പറഞ്ഞ് പോവുന്നതിനിടയിൽ ഒന്ന് രണ്ടു പേരോടു കൂടി മുപ്പതു രൂപ കടം വാങ്ങി ഏതോ ബൈക്കിന്റെ പിറകിൽ പോകുന്ന അയാളുടെ പ്രവൃത്തി കണ്ട് അന്തിച്ചു നിൽക്കുന്ന മിഥുനോട് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ വന്ന പയ്യൻ പറഞ്ഞു.
"ചേട്ടന്റെ മുപ്പത് പോയല്ലേ...? അത് അയാൾടെ അടവാ. കടം ചോയ്ക്കുന്നത് ചെറിയ പൈസയാവ്മ്പം എല്ലാരും കൊട്ക്കും. പിന്നെ അതും കൊണ്ട് നേരെ കള്ള് ഷാപ്പിലേക്കായ്രിക്കും പോവ്ന്നത്".

അത് ശരിയായിരുന്നു അന്ന് വൈകുന്നേരം സെന്ററും പൂട്ടി പുറത്തിറങ്ങുമ്പോഴാണ് അഞ്ചു മണിയുടെ ശോഭ ബസ് കുതിച്ചെത്തിയത് ബസ് നിർത്തിയതും പിറകിലെ ഡോർ തുറന്ന് ഒരു മനുഷ്യനെ റോഡിലേക്ക് തള്ളിയിട്ടു കൊണ്ട്, കണ്ടക്ടറുടെ വായിൽ നിന്ന് തെറി വാക്കുകൾ പുറത്തേക്ക് പ്രവഹിച്ചതും ഒന്നിച്ചായിരുന്നു. പിന്നെ മനസിലായി കള്ളിന്റെ പുറത്ത് ബസിൽ വെച്ച് യാത്രക്കാർക്ക് അസൗകര്യമാകുന്ന വിധത്തിൽ മുത്തപ്പന്റെ ഭക്തിഗാനം പാടിയിട്ടാണെന്ന്. വീഴ്ചയിൽ നെറ്റിമുറിഞ്ഞ് ചോര നിർത്താതെ ഒഴുകാൻ തുടങ്ങി അതൊന്നും വകവയ്ക്കാതെ അരയിൽ തിരുകിയ മദ്യകുപ്പിയുടെ അടപ്പു തുറന്ന് മുറിവിലേക്ക് ഒഴിച്ചു. രക്തത്തിന്റൊപ്പം കവിളത്തു കൂടെ ഒഴുകി വരുന്ന സോമരസം നാവു നീട്ടി നുണയുന്നതു കണ്ടപ്പോൾ മിഥുന് ഓക്കാനം വന്നു. കയ്യിലുള്ള മുഷിഞ്ഞ തോർത്തെടുത്ത് മുറിവ് കെട്ടാനുള്ള തമ്പാന്റെ ശ്രമം വിഫലമാകുന്നതു കണ്ട് അവനത് വാങ്ങി ഭംഗിയിൽ കെട്ടി കൊടുക്കുന്നത് കണ്ടു കൊണ്ടാണ് മീൻകാരൻ വറീത് കൂക്കി കൊണ്ട് സൈക്കിളും ചവിട്ടി അതിലേ വന്നത്. ആ കാഴ്ച കണ്ട് അയാൾ അവർക്കരികിലേക്ക് വന്ന് സൈക്കിൾ നിർത്തി ചോയിച്ചു.

"അല്ല തമ്പാനെ നിനക്ക് കള്ളും കുടിച്ച് വീട്ടി തന്നെ കുത്തിയിര്ന്നാ പോരെ എന്തിനാ വെറ് തെ നാട്ടാര് ടെ കൈയോണ്ട് ചാവാൻ നിക്ക്ന്ന് "
തമ്പാന്റെ ചുവന്ന കണ്ണുകൾ തിളങ്ങി, പുകക്കറ പുരണ്ട പല്ലുകൾ കാട്ടി വറീതിനെ കൈകൂപ്പി തൊഴുതു കൊണ്ട് "ന്റെ ബറീതേ ആനങ്ങനെ നാട്ടാര് ടെ കയ്യോണ്ട് ഒന്നും ചാബൂല അന്നെ അന്റെ മുത്തപ്പൻ ബന്ന് കൂട്ടീറ്റ് പോവ്വും. നീ കേട്ടീനാ ബറീതേ... അന്നെ മുത്തപ്പൻ കൊണ്ട് പോവ്വും! അന്റെ പൊന്ന് മുത്തപ്പൻ!"

അത്രയും പറഞ്ഞ് എല്ലുന്തിയ നെഞ്ചിനകത്ത് കൈ ചുരുട്ടി രണ്ട് ഇടി ഇടിക്കുകയും ചെയ്തു. അപ്പോഴേക്കും
ഉടുമുണ്ട് പാതിയും അഴിഞ്ഞ് നിലത്തോട് ചേർന്നു. അത് വാരി എല്ലിച്ചവയറിനു മേൽ ചുറ്റികെട്ടുന്നതിനിടയിൽ മുത്തപ്പ സ്തുതി ചുണ്ടത്ത് വിരിഞ്ഞു തുടങ്ങിയിരുന്നു. പിന്നെ ആടിയാടി ദൂരേക്ക് നടന്നു പോയി.
"ശ്ശെടാ ഇതെന്തൊരു മൻഷ്യനാന്നപ്പാ" ന്ന് പിറുപിറുത്തു കൊണ്ട് വറീത് സൈക്കിളിലേക്ക് കേറി. രണ്ടു പേരും പോയ വഴി നോക്കി മിഥുൻ തെല്ലിട അവിടെ നിന്നു.

ദിവസങ്ങൾ അങ്ങനെ കടന്നു പോയ്ക്കൊണ്ടിരുന്നു. ഇടയ്ക്കൊന്നും തമ്പാനെ കാണാറില്ലായിരുന്നു. അയാളെ കാണാത്തപ്പൊഴൊക്കെ മിഥുന് വല്ലാത്ത അസ്വസ്ഥതയാണ്.
ഒരുച്ച നേരം ഊണൊക്കെ കഴിഞ്ഞ് ഫോണും നോക്കിയിരിക്കുന്ന സമയത്താണ് റോഡിൽ കൂടി തിരക്കിട്ട് ആൾക്കാർ ഓടി പോകുന്നത് അവൻ കണ്ടത് .സംഭവമെന്താണെന്നറിയാൻ തല വെളിയിലേക്കിട്ട് പരിചയമുള്ളൊരാളോട് കാര്യമന്വേഷിച്ചു. അവർ പറഞ്ഞത് കേട്ട് തലയിലവൻ കൈ വെച്ചു പോയി.
"പട്ട തമ്പാൻ ;അയാൾടെ വീടിനടുത്തുള്ള മുത്തപ്പ കോട്ടത്തിനടുത്ത് മരിച്ചു കിടക്കുന്നു".
"അയ്യോ ആത്മാഹത്യയോ മറ്റോ ആണോ!"
"അല്ലപ്പാ...അറ്റാക്കാണെന്നാ തോന്നുന്നത്‌. കോട്ടത്ത് പെയിന്റടിക്കുന്ന പിള്ളേരുണ്ടായിരുന്നു അവരോട് നെഞ്ച് വേദനിക്കൂന്ന് പറഞ്ഞൂത്രേ! പിന്നെ കൊഴഞ്ഞൊരു വീഴ്ചയായ് ര്ന്ന് പോലും. അപ്പോ തന്നെ തീർന്ന്. അവൻ പറഞ്ഞ പോലെയന്നേ മുത്തപ്പൻ കൊണ്ട് പോയി അത്രയന്നെ. ആര്ക്കും ഒരു കഷ്ടപ്പാടാക്കീല്ലല്ലാ സുകൃത ജന്മം!" പറഞ്ഞ ആളിനൊപ്പം അവന്റെ കാലുകളും മുന്നോട്ട് നീങ്ങി.

പൊളിഞ്ഞു വീഴാറായ വീടിന്റെ കോലായിൽ വെള്ളപുതച്ച് മരണത്തിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായി കടന്നു പോയ തമ്പാനെ ഒരു നിമിഷമവൻ നോക്കി നിന്നു. എവിടെയോ അടക്കിപ്പിടിച്ച തേങ്ങലിന്റെ മാറ്റൊലി കാതിൽ തുളച്ച് കേറിയപ്പോൾ ആരോ പറയുന്നതു കേട്ടു .
"തമ്പാന്റെ കെട്ടിയോളാ! അവനെ കൊണ്ട് ഉപകാരൊന്നും ഇല്ലേലും സുമംഗലി ആയിര്ന്നല്ലോ! ഇനീപ്പോ വിധവയുടെ പട്ടവും ചാർത്തി കിട്ടി".
" ഓ അല്ലേലും ഭർത്താവ് ണ്ടായിറ്റും ജീവിച്ചത് വിധവേ നെ പോലെ തന്നെയല്ലേ...!" അത് പറഞ്ഞതാരാണെന്ന് നോക്കാൻ അവന്റെ മനസനുവദിച്ചില്ല. പലയിടങ്ങളിലും ക്ഷണിക്കപ്പെടാതെ എത്തുന്ന തമ്പാന്റെ അന്ത്യകർമ്മങ്ങളിലും ഒരു പാട് പേർ ക്ഷണിക്കപ്പെടാതെ അപ്പൊഴും എത്തുന്നുണ്ടായിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ