പാലപ്പൂവിന്റെ ഉൻമാദ ഗന്ധം മനസിനെ കീഴടക്കിയപ്പോൾ അവൾ മുറ്റത്തേക്കിറങ്ങി. മണം പെയ്തിറങ്ങിയ പാലമരത്തിലേക്ക് നോക്കിനിന്നപ്പോഴാണ് അമ്മ പറഞ്ഞത്.
" മീനൂട്ടീ ..ഈ തൃസന്ധ്യയ്ക്ക് പാദസ്വരവും കിലുക്കി മുറ്റത്ത് നിൽക്കേണ്ട. ഗന്ധർവ്വന്മാർ ഇറങ്ങുന്ന നേരമാണ്."
പണ്ട് മുത്തശ്ശിയും പറയുമായിരുന്നു. 'സ്വർഗലോകത്ത് നിന്നു ഭൂമിയിലേക്ക് എത്തിപ്പെടുന്ന ഗന്ധർവ്വന്മാരെക്കുറിച്ച്, ശാപമോക്ഷം നേടാൻ അവർ തേടുന്ന കന്യകമാരായ പെൺകിടാങ്ങളെക്കുറിച്ചും.
പാദസരക്കിലുക്കം കേട്ടാണത്രെ നിലാവുള്ള രാത്രികളിൽ കന്യകമാരിലേക്ക് ഗന്ധർവ്വന്മാർ ആകർഷിക്കപ്പെടുക! '
പാദസ്വരവും അതിൻ്റെ മണികിലുക്കവും അവൾക്ക് ഏറെ പ്രിയങ്കരമാണ്. നിറയെ മുത്തുകൾ പതിച്ച പാദസരം കിലുക്കി ഓടിച്ചാടി നടക്കുന്നവൾക്ക് കുട്ടിക്കാലം മുതൽക്കേ ഇഷ്ടമാണ്. അവളുടെ കൂട്ടുകാർക്കൊന്നും ഇത്ര കിലുക്കമുള്ള പാദസ്വരങ്ങൾ ഇല്ലായിരുന്നു. കൊലുസില്ലാതെ , ആ മണികിലുക്കമില്ലാതെ ഒരു ദിവസം പോലും ജീവിക്കുവാൻ അവൾക്ക് ആകുമായിരുന്നില്ല.
ആ മുത്തുമണിക്കിലുക്കങ്ങൾക്ക് കാതോർത്ത് ഇരുന്നാൽ കേൾക്കാം ഒരുപാടൊരുപാട് വിശേഷങ്ങൾ!
അവളെ കാണുമ്പോഴൊക്കെ കിഴക്കേലേ രാജേട്ടൻ പാടും.
"വെള്ളി ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്. "
അവന്റെ ആ പാട്ട് കേൾക്കുമ്പോഴൊക്കെ അവൾ ഉൾപ്പുളകത്തോടെ ചിരിച്ചു.
"മീനൂ ..നിനക്കീ കിലുക്കമുള്ള പാദസ്വരം മാറ്റി സാധാ പാദസ്വരം അണിഞ്ഞു കൂടെ. വല്യ പെണ്ണായല്ലോ ?" അപ്പോഴും അവൾ നാണത്തോടെ പുഞ്ചിരിച്ചു.
"എത്ര വല്യ പെണ്ണായാലും ഞാനീ കിലുങ്ങുന്ന കൊലുസ് കൈവിടില്ല. "
"നിൻ്റെ കല്യാണം കഴിഞ്ഞാലോ ?"
" കല്യാണം കഴിഞ്ഞാലും." അവൾ നാണത്തോടെ പറഞ്ഞു.
"നിന്നെ കെട്ടുന്നവന് ഈ കൊലുസുകൾ ഇഷ്ടമല്ലെങ്കിലോ ?"
"കൊലുസുകൾ ഇഷ്ടമുള്ളയാളേ മാത്രമേ ഞാൻ വിവാഹം കഴിക്കൂ "
കിലുങ്ങിച്ചിരിക്കുന്ന കൊലുസുകളുമായി അവൾ ഓടി മറഞ്ഞു. അവളുടെ പാദസ്വര കിലുക്കത്തിൽ പ്രണയവും പരിഭവവുമുണ്ട്.
പലരും പെണ്ണു ചോദിച്ച് വന്നെങ്കിലും, അവളെയും കൊലുസിനെയും ഒരു പോലെ ഇഷ്ടമായ അയൽ ഗ്രാമത്തിലെ മാധവനാണ് അവളെ താലിചാർത്താൻ പോകുന്നത്.നാട്ടിൽ പുറത്തെ സ്ക്കൂൾ അധ്യാപകനായ അയാളും അമ്മയും മാത്രമാണ് ആ വീട്ടിലുള്ളത്.
അവൾക്കായി സ്വർണ്ണാഭരണങ്ങളും വസ്ത്രങ്ങളും ടൗണിൽ പോയി എടുത്തു. സ്വർണ്ണപാദസ്വരം എടുത്തപ്പോൾ അവൾ പറഞ്ഞു. "സ്വർണ്ണം വേണ്ട. പാദസ്വരം വെള്ളി മതി."
"വെള്ളിയിലാണെങ്കിൽ പാദസരത്തിൽ നിറയെ മുത്തുകളും കിലുക്കവുമുണ്ടാവും." അവൾക്ക് അനുകൂലമായി മാധവൻ്റെ അമ്മയും പറഞ്ഞു.
'വെള്ളി പാദസ്വരം മതീന്ന്.'
വിവാഹവേളയിൽ പെൺകുട്ടികൾ അണിയേണ്ടത് വെള്ളിയിൽ തീർത്ത പാദസരമാണ്. വെള്ളി ഐശ്വര്യം കൊണ്ടുവരുമെന്നാണ് പഴമക്കാർ പറയുന്നത്. ഭർത്തൃവീട്ടിലേക്ക് ഐശ്വര്യമായെത്തുന്ന നവവധു അതുകൊണ്ടുതന്നെ അണിയേണ്ടതും വെള്ളിപ്പാദസരം തന്നെ എന്ന് പറയാറുണ്ട്.
വിവാഹം കഴിഞ്ഞ് വരൻ്റെ വീട്ടിൽ പ്രവേശിക്കുമ്പോഴും അവളുടെ പാദങ്ങളിൽ കിലുങ്ങുന്ന കൊലുസ് ഉണ്ടായിരുന്നു.
ആദ്യരാത്രിയിൽ മണിയറയിൽ പാലുമായി മീനൂട്ടി എത്തും മുൻപേ അവളുടെ കൊലുസിൻ്റെ കൊഞ്ചലുകൾ മാധവൻ്റെ കാതിലെത്തി.
താലിമാലയൊഴിച്ചുള്ള ആഭരണങ്ങൾ എല്ലാം ഊരിയവൾ അലമാരയിൽ വച്ചു പൂട്ടുമ്പോൾ അയാൾ പറഞ്ഞു.
''കൊലുസ് കൂടി അഴിച്ചു വയ്ക്കൂ. രാവിലെ ഇടാമല്ലോ ?"
"വേണ്ടേട്ടാ..ഇതെൻ്റെ കാലിൽ കിടന്നോട്ടെ."
അവൾ പറഞ്ഞത് അയാൾക്കിഷ്ടമായില്ലെങ്കിലും കൂടുതൽ ഒന്നും പറഞ്ഞില്ല. അവളുടെ പാദസ്വരക്കിലുക്കത്തിലുള്ള പ്രണയവും പരിഭവവുമയാൾ തിരിച്ചറിഞ്ഞു.
"നല്ല ചേർച്ചയുള്ള ജോഡി. പക്ഷേ ആ കൊലുസിന് കിലുക്കം ഇത്തിരി കൂടുതലാണ്. " നാട്ടുമ്പുറത്തെ പെണ്ണുങ്ങൾ അടക്കം പറഞ്ഞു.
ദിനരാത്രങ്ങൾ കൊഴിയവേ ആ കൊലുസിൻ്റെ ശബ്ദം അയാളുടെ ഉറക്കം നഷ്ടപ്പെടുത്തി.
ജീവിതത്തിൻ്റെ സ്വൈര്യത പാദസ്വര കിലുക്കത്താൽ നഷ്ടപ്പെടുന്നതായ് അയാൾക്കു തോന്നി. മധുവിധുവിൻ്റെ മാധുര്യം ഈ കൊലുസുകൾ കവർന്നെടുക്കുന്നുവോ ?
" മീനൂ രാത്രി മാത്രം ഈ കൊലുസ് അഴിച്ചു വച്ചൂടെ ?"
അയാളുടെ പ്രണയാതുരമായ വാക്കുകൾ കൊണ്ടൊന്നും അവളുടെ കൊലുസ് അഴിക്കുവാൻ സാധിച്ചില്ല.
പെണ്ണിന്റെ കിലുങ്ങുന്ന പാദസര പ്രേമമൊഴിച്ച് മറ്റൊരു കുറ്റവും പറയാൻ മാധവനില്ല .മാധവൻ്റെ അമ്മയ്ക്കവൾ മരുമകളല്ല , മകളാണ്.
ഒരു പാതിരാത്രിയിൽ അയാൾ മെല്ലെ എഴുന്നേറ്റു.പതിയെ അവളറിയാതെ ആ കൊലുസുകൾ അഴിച്ചെടുത്തു. ഒരിക്കലുമത് അവൾ കണ്ടുപിടിക്കാത്ത സ്ഥലത്ത് ഒളിപ്പിച്ചു. വിവാഹ ശേഷം ആ രാത്രി അയാൾ സമാധാനത്തോടെ ഉറങ്ങി. അയാളുടെ മാറിൽ ഒരു മുല്ലവള്ളി പോലെ അവളും.
പുലർകാലെത്തെണീറ്റവൾ കുളി കഴിഞ്ഞു വന്നതേ മാധവനെ വിളിച്ചുണർത്തി.
"ഏട്ടാ.. എൻ്റെ കൊലുസുകൾ കാണാനില്ല." ഉറക്കച്ചടവോടെ കോട്ടുവാ വിട്ടുകൊണ്ടയാൾ ചോദിച്ചു.
''കാണാനില്ലേ, എവിടെപ്പോയി ?"
"എനിക്കറിയില്ല ഏട്ടാ..ഇനി വല്ല കള്ളൻമാരും.. '' നിറകണ്ണുകളോടെ അവൾ പറഞ്ഞു.
"ഏയ് ..സ്വർണ്ണമാലയുള്ളപ്പോൾ അതെടുക്കാതെ വെള്ളിയ്ക്ക് വേണ്ടി ഏതു കള്ളൻ വരാനാണ്. "
അയാളുടെ വാക്കുകൾ ശരിയാണെന്ന് അവൾക്കും തോന്നി.
"നീ വിഷമിക്കേണ്ട, അതിനെക്കാൾ നല്ല പാദസ്വരം ഞാൻ വാങ്ങിത്തരും. ഇന്നു തന്നെ."
അയാളുടെ വാക്കുകൾ അവൾക്കാശ്വാസം പകർന്നെങ്കിലും അവളുടെ ചിന്തകളിൽ മുഴുവൻ കൊലുസിൻ്റെ മണികിലുക്കങ്ങളായിരുന്നു.
ഉച്ചമയക്കത്തിൽ അവളൊരു സ്വപ്നവും കണ്ടു. ഒരു സുന്ദരനായ ഗന്ധർവൻ വന്ന് തൻ്റെ കാലിലെ കൊലുസുകൾ അഴിച്ചെടുത്തു കൊണ്ട് പോകുന്നു. ഉറക്കമുണർന്ന അവൾക്ക് മുറിയിലാകെ പാലപ്പൂവിൻ്റെ ഉന്മാദ ഗന്ധവും അനുഭവപ്പെട്ടു.
സ്ക്കൂൾ വിട്ട് വന്ന മാധവൻ്റെ കൈയിൽ പുതിയ ഒരു ജോഡി കൊലുസുകൾ ഉണ്ടായിരുന്നു. അയാളത് മീനൂട്ടിയുടെ കൈയ്യിൽ കൊടുത്തു. ആഹ്ളാദത്തോടെ കവർ തുറന്ന മീനൂട്ടിയുടെ മുഖത്തെ പ്രസന്നത പെട്ടന്നു മാഞ്ഞു. അവൾ കയ്യിലെടുത്ത കൊലുസുകൾക്ക് മുത്തുകൾ ഇല്ലായിരുന്നു.
"ഏട്ടാ, ഇതിന് മുത്തുകൾ ഇല്ലല്ലോ ?" പരിഭവത്തോടെ അവൾ പറഞ്ഞു.
"മീനൂ.. ഇവിടെ മുത്തുകൾ പിടിപ്പിച്ച കൊലുസില്ല. അത് നമുക്ക് പിന്നീട് ടൗണിൽ പോകുമ്പോൾ വാങ്ങാം. "
"ഇതെനിക്കു വേണ്ട!" അവൾ കൊച്ചു കുട്ടികളെപ്പോലെ മുഖം വീർപ്പിച്ചു.
"തൽക്കാലം നീ ഇതിട്, നിറയെ മുത്തുകളുള്ള പാദസ്വരം ഞാൻ വാങ്ങിത്തരാം." അവളെ ഒരു തരത്തിൽ ശാന്തമാക്കിയ അയാളുടെ ഉള്ളിൽ നിറയെ സന്തോഷമായിരുന്നു.
അത്താഴം കഴിഞ്ഞയാൾ മുറിയിലെത്തി അവളേയും കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായി. അടുക്കളയൊതുക്കി അവൾ വരുന്നതും കാത്ത്. അമ്മയും അവളും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു.
'പകലു മുഴുവൻ പറഞ്ഞിട്ടും തീരാത്ത എന്തു കാര്യമാ ഇപ്പോ!' അയാൾ അക്ഷമനായി.
കൊലുസൊച്ചയില്ലാതെ അവൾ വന്നു.പതിവുപോലെ പൊട്ടിച്ചിരിയോ, കളിതമാശയോ ഇല്ലാതെ.
ആവേശത്തോടെ മാധവനവളെ പുണരുമ്പോൾ അവൾ പറഞ്ഞു. "ഏട്ടാ എൻ്റെ കൊലുസു കട്ടത് ഒരു ഗന്ധർവ്വനാണ്. "
"ഗന്ധർവ്വനോ? " അയാൾ നീരസത്തോടെ ചോദിച്ചു.
"ഉച്ചമയക്കത്തിൽ ഞാൻ കണ്ടു. ഒരു ഗന്ധർവൻ വന്ന് ആരുമറിയാതെ എൻ്റെ കൊലുസുകൾ അഴിച്ച് എടുത്ത് കൊണ്ടു പോകുന്നത്. പാലപ്പൂവിൻ്റെ നല്ല വാസനയും ഉണ്ടായിരുന്നു."അയാളുടെ ഉടലാതെ വിറകൊണ്ടു.
''ഒരു ഗന്ധർവ്വൻ!"
കൊലുസൊച്ചയ്ക്ക് കാതോർത്ത് അവൾക്കായി കാത്തിരുന്ന അയാളുടെ പ്രണയമായിരുന്നു അവൾക്കിഷ്ടം.
അവളുടെ പാദസ്വരക്കിലുക്കത്തിൽ അലിഞ്ഞു ചേർന്നതായിരുന്നു അവരുടെ പ്രണയവും പരിഭവവും .
രാവിൻ്റെ യാമങ്ങളിലെങ്ങോ കൊലുസിൻ്റെ കിലുക്കം തേടി നടക്കുന്ന ഒരു ഗന്ധർവ്വനെയവൾ സ്വപ്നം കണ്ടു.
ഉറക്കെ നിലവിളിച്ചു കൊണ്ട് പലപ്പോഴും ഭീതിയോടെയവൾ ചാടിയെണീറ്റു.
"ഏട്ടാ.. ഗന്ധർവ്വൻ ! "
പിന്നീടെന്നും അവൾക്ക് ഉറക്കം നഷ്ടപ്പെട്ട രാത്രികളായി. കണ്ണടച്ചാൽ കാണുന്ന ഗന്ധർവ്വൻ .
'തൻ്റെ കൊലുസു മോഷ്ടിക്കാൻ വരുന്നു 'എന്ന വിലാപം. എല്ലാം കണ്ടും കേട്ടും അയാൾക്കും ഉറക്കമില്ലാതെയായി. അവൾ ഒരു ഉന്മാദിനിയെ പോലെ പിച്ചും പേയും പറയാൻ തുടങ്ങി.
അയാൾ അവൾക്ക് നിറയെ മുത്തുകളുള്ള പാദസ്വരം വാങ്ങി കൊടുത്തു. "വേണ്ട ഏട്ടാ.ഈ കൊലുസിൻ്റെ കിലുക്കം കേട്ടാൽ ഗന്ധർവ്വൻ വരും."
അപ്പോഴവൾക്ക് ഗന്ധർവ്വ ഭീതി കൂടുതലാകുകയാണ് ചെയ്തത്. പകലു പോലും പുറത്തിറങ്ങാനവൾ ഭയപ്പെട്ടു. വിവരമറിഞ്ഞ് വന്ന അവളുടെ വീട്ടുകാരെപ്പോലും ഭയത്തോടെയാണവൾ കാണുന്നത്.
ടൗണിലുള്ള ഹോസ്പിറ്റലിൽ അവളെ അഡ്മിറ്റു ചെയ്തു. വേദനയോടെ മാധവനും അവളുടെ അച്ഛനും തിരിച്ചു പോരുമ്പോൾ കണ്ടു.അവളുടെ കാലിൽ പുതിയ ഒരു ആഭരണം. 'ചങ്ങല ' അതിൽ മണികളില്ലെങ്കിലും കിലുക്കമുണ്ടായിരുന്നു.