മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Sahla Fathima Cheerangan)

മരം വെട്ടുകാരൻ മഴുവിൻ്റെ മൂർച്ച പരിശോധിച്ചു. തിളങ്ങുന്ന അഗ്രഭാഗം വീണ്ടും വീണ്ടും കരിങ്കല്ലിൽ ഉരസി അയാൾ അതൃപ്തിയോടെ മുരണ്ടു. അയാൾക്ക് ഒരു കാട്ടുപോത്തിൻ്റെ ച്ഛായ ആണെന്ന് കുട്ടിക്കു തോന്നി. അയാളുടെ ഇടുങ്ങിയ കണ്ണുകളും മുടി പറ്റെ വെട്ടിയ തലയും കറുത്ത ശരീരവും അവളെ പേടിപ്പെടുത്തി.

നോക്കിയിരിക്കെ അയാൾക്ക് കൊമ്പുകൾ മുളച്ചു വരുന്നതായി കുട്ടിക്കു തോന്നി. മുളച്ചുവന്ന കൊമ്പിന് പിന്നെ പല ശാഖകൾ ഉണ്ടായി .ഇയാൾ ഇന്നലെ പറഞ്ഞ കഥയിലെ ജിന്ന് ആയിരിക്കുമോ? അവൾ  ഒതുക്കു കല്ലിൽ നിന്ന്എണീറ്റ് അകത്തേക്കോടി.

കുട്ടി മഴ കാണുകയായിരുന്നു. ആകാശം കരയുന്നതാണ് മഴയായി പെയ്യുന്നത് എന്ന് രണ്ടാം ക്ലാസിലെ കൂട്ടുകാരി പറഞ്ഞിരുന്നു. എന്തിനായിരിക്കും ആകാശം കരയുന്നത്? താൻ ദിവസവും കരയാറുണ്ട്. അത് മദ്രസയിൽ പോകാൻ ഉമ്മ നേരത്തെ വിളിക്കുമ്പോൾ അല്ലേ? ആകാശത്തിന് ഉമ്മ ഉണ്ടോ ?

 

പിന്നാമ്പുറത്തു നിന്ന് ഊക്കിൽ ഒരു ശബ്ദം കേട്ട് കുട്ടി പിന്തിരിഞ്ഞോടി. മഴക്കാലത്ത് നിറയെ മാമ്പഴം തരുന്ന മാവ് വീണു കിടക്കുന്നു. അവൾക്ക് കരച്ചിൽ വന്നു. മരംവെട്ടുകാരൻ വീണുകിടക്കുന്ന മാവിൻ ചില്ലയിൽ നിന്നും മാമ്പഴം ഇറുത്തെടുത്ത് കുട്ടിയുടെ നേർക്ക് നീട്ടി. അയാൾ ചിരിച്ചപ്പോൾ വെറ്റില കറപുരണ്ട അയാളുടെ പല്ല് പുറത്തേക്ക് തെളിഞ്ഞു. കുട്ടി അറപ്പോടെ മുഖം തിരിച്ചു.

കുട്ടിക്ക് വിശക്കാൻ തുടങ്ങിയിരുന്നു. അടുക്കളയിൽ മീൻ വറുക്കുന്ന മണം .കുട്ടി കൊതിയോടെ അടുക്കളയിലേക്ക് ചെന്നു. പക്ഷേ പിന്നാമ്പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്ന മരംവെട്ടുകാരനെ കണ്ട കുട്ടി അറച്ചു നിന്നു.

"മോൾക്ക് ന്നെ പേടിയാ? ഞാൻ പാവല്ലേ?"

അയാൾ ചിരിച്ചു കുട്ടി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

ഒന്നും ചെയ്യാനില്ലാതെ വെറുതെ പുറത്തേക്ക് നോക്കി ഇരുന്നപ്പോൾ മുണ്ടുമടക്കിക്കുത്തി അയാൾ തിരികെ നടക്കുന്നത് കുട്ടി കണ്ടു. തൊട്ടടുത്തുള്ള അബൂക്കനിൻറെ കടയിൽ കയറി നാരങ്ങാമിഠായി വാങ്ങുന്ന അയാളെ കണ്ടപ്പോൾ കുട്ടി അത്ഭുതമായി.

അത് ആർക്ക് ആയിരിക്കും? ഉപ്പ് വൈകിട്ട് എന്നും മിഠായി കൊണ്ടു വരാറുണ്ട്. അത് ഉപ്പയുടെ കുഞ്ഞുമോൾ ആയ തനിക്കാണ്. അപ്പോ അയാൾക്കും ഒരു കുട്ടി ഉണ്ടാവുമോ? അയാൾ അവൾക്കു ഉമ്മ കൊടുക്കാ റുണ്ടാവുമോ? ഉപ്പ് ചെയ്യുന്നതുപോലെ കെട്ടിപ്പിടിച്ചു ഉറക്കാറുണ്ടാവുമോ? ഏയ്.....

അയാളെ അത്തരത്തിൽ സങ്കൽപ്പിക്കാൻ പോലും അവർക്ക് സാധിച്ചില്ല. അയാളെ കുറിച്ച് ഓർക്കുമ്പോൾ തലയിൽ പല ശാഖകൾ മുളച്ച കൊമ്പുകളുള്ള മുഖമാണ് കാണുന്നത്.

കുട്ടിക്ക് ഉറക്കം തുടങ്ങിയിരുന്നു. ഉറക്കത്തിൽ മൂർച്ചയുള്ള മഴുവിൻറെ അഗ്രഭാഗം കണ്ട് കുട്ടി ഞെട്ടി ഉണർന്നു. മുറിച്ചിട്ട മാവിൽ കൂടുകൂട്ടിയിരുന്ന കാക്ക കരഞ്ഞു ബഹളം വെക്കുന്നുണ്ടായിരുന്നു. കുട്ടി ജനലിലൂടെ പുറത്തേക്ക് നോക്കി. മുറ്റത്ത് ഉടഞ്ഞുകിടക്കുന്ന മുട്ടകളുടേയും ചുള്ളിക്കമ്പുകളുടേയും ഇടയിൽ പാറിനടന്നു കാക്ക അപ്പോഴും മുറവിളി കൂട്ടുന്നുണ്ടായിരുന്നു. കുട്ടിക്ക് സൈതാലിക്കുട്ടി യുടെ ഉമ്മയെ ഓർമ്മ വന്നു .കഴിഞ്ഞ ആഴ്ച ലോറിയിടിച്ച് സൈതാലിക്കുട്ടി മരിച്ചപ്പോൾ അയാളുടെ ഉമ്മ നെഞ്ചത്തടിച്ചു കരഞ്ഞതു കുട്ടി കണ്ടതാണ്. കുട്ടിയുടെ മനസ്സിലപ്പോൾ മരംവെട്ടുകാരൻ മുഖമായിരുന്നു പെട്ടെന്ന് അയാൾക്ക് ഒരു ലോറിയുടെ ഛായ കൈവരുന്നത് അറിഞ്ഞു കുട്ടി ഭീതിയോടെ മുഖം പൊത്തി.

വൈകുന്നേരം ഉപ്പയുടെ കൂടെ നടക്കാൻ ഇറങ്ങിയപ്പോഴാണ് കുട്ടി മരംവെട്ടുകാരനെ വീണ്ടും കണ്ടത്. അയാളുടെ വിരൽത്തുമ്പിൽ തൂങ്ങി വർത്തമാനം പറഞ്ഞ് ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ആ കുട്ടിയുടെ കയ്യിൽ നിറയെ ബലൂണുകൾ ഉണ്ടായിരുന്നു. അവൾ നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നു. കുട്ടി അത്ഭുതത്തോടെ അത് നോക്കി നിന്നു.

"മോളൊറ്റക്കാ? മരംവെട്ടുകാരൻ ചോദിച്ചു. കുട്ടി അല്ല എന്ന് തലയാട്ടി. അയാൾ ചിരിച്ചു. അവൾ പേടിച്ചില്ല. നോക്കിയിരിക്കെ അയാളുടെ കൊമ്പുകൾ കൊഴിഞ്ഞു പോകുന്നതും പല്ലിന് തിളക്കം വച്ചതും കണ്ട് കുട്ടി ഒട്ടും അത്ഭുതപ്പെട്ടില്ല.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ