mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Yoosaf Muhammed)

സമയം രാവിലെ പതിനൊന്നു മണി അടച്ചിട്ട ലേബർ റൂമിന്റെ വാതിൽ തുറന്ന് നേഴ്സ് തല വെളിയിലേക്കിട്ട് പറഞ്ഞു. "അമല പ്രസവിച്ചു. കുഞ്ഞ് ആൺകുട്ടിയാണ്."

അമലയുടെ അച്ഛൻ മാധവനും , അമ്മ മാലതിയും മാത്രമാണ് അപ്പോൾ ലേബർ. റൂമിനടുത്തുള്ള ചാരു കസേരയിൽ ഉണ്ടായിരുന്നത്. അമലയുടെ ഭർത്താവ് രാജീവ് രാവിലെ ആശുപത്രിയിൽ വന്നു പോയതാണ്.

മാലതി, മരുമകനെ വിളിച്ച് കാര്യം പറഞ്ഞു. അവൻ ഓഫീസിൽ നിന്നും ഇറങ്ങാൻ വൈകും. മാസാവസാനം ആയതു കൊണ്ട് ഓഫീസിൽ നല്ല ജോലിത്തിരക്കാണ്.മാധവൻനായർ , ഭാര്യ മാലതിയോടു പറഞ്ഞു.

"മൂത്ത മകൾ ആതിരയെ ഇപ്പോൾ വിവരം അറിയിക്കേണ്ട. "

മാധവൻ - മാലതി ദമ്പതികൾക്ക് രണ്ടു പെൺ മക്കളാണ്. രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. മൂത്തമകളുടെ വിവാഹം കഴിഞ്ഞിട്ട് പതിമൂന്നു വർഷമായി. ഇതുവരെ കുട്ടികൾ ഒന്നും ഉണ്ടായിട്ടില്ല. ചെയ്യാവുന്ന ചികിത്സകളും, നേരാവുന്ന നേർച്ചകളും ഒക്കെ നടത്തി. എന്നിട്ടും ഒരു ഫലവു മുണ്ടായില്ല. ഇപ്പോഴും അവൾ മരുന്നും, പ്രാർത്ഥനയുമൊക്കെയായി കഴിയുന്നു.രണ്ടാമത്തെ മകൾ അമല വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിനു ശേഷമാണ് ഒരു കുട്ടി ജനിക്കുന്നത്. കുട്ടി ആണായാലും, പെണ്ണായാലും ഗുരുവായൂരു പോയി ചോറു കൊടുക്കാമെന്ന് നേർന്നിട്ടുണ്ട്.മൂത്ത മകളെ വിവരം അറിയിക്കേണ്ടന്ന് ഭർത്താവു പറഞ്ഞെങ്കിലും, മാലതിയുടെ ഉള്ളു പിടയുന്നുണ്ടായിരുന്നു. :

" അമല ഗർഭിണിയാണെന്നറിഞ്ഞതു മുതൽ , അവളെക്കാൾ കൂടുതൽ സന്തോഷിച്ചത് ആതിരയായിരുന്നു. തങ്ങളുടെ കുടുംബത്തിൽ ഒരു കുട്ടി ജനിക്കാൻ പോകുന്നു എന്നതിൽ.നേഴ്സ് കൊണ്ടുവന്നു കൊടുത്ത കുഞ്ഞിനെ കൈയിലെടുത്ത് താലോലിക്കുന്നുണ്ടെങ്കിലും, ആ അമ്മയുടെ മനസ്സ് നീറുകയായിരുന്നു. മാധവൻ നായർ അപ്പോഴേയ്ക്കും അത്യാവശ്യം ബന്ധുക്കളെയെല്ലാം വിളിച്ച് കാര്യം പറഞ്ഞിരുന്നു.

 

അതിനിടയ്ക്ക് ആതിരയുടെ ഫോൺകോൾ വന്നു. അനിയത്തിക്ക് എങ്ങനെയുണ്ടെന്നറിയാൻ ? ഇന്നലെ ആശുപത്രിയിൽ, അമലയെ അഡ്മിറ്റാക്കിയ വിവരം അവൾ അറിഞ്ഞിരുന്നു.

ഫോണെടുത്ത മാലതി, എന്തു പറയണമെന്നറിയാതെ നിന്നപ്പോൾ , മാധവൻനായർ ഫോൺ വാങ്ങിയിട്ട് മകളോട് പറഞ്ഞു

"വിശേഷം ഒന്നും ഇല്ല മോളെ , ഇപ്പോൾ അവൾക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ല. അവൾ ചെറിയ മയക്കത്തിലാണ് "

അച്ഛൻ മകളോട് കള്ളം പറയുന്നതു കേട്ടപ്പോൾ മാലതിയുടെ നെഞ്ചു തകർന്നു പോയി.അപ്പോഴേയ്ക്കും അമലയുടെ ഭർത്താവും, അവന്റെ വീട്ടുകാരും ആശുപത്രിയിൽ എത്തിച്ചേർന്നിരുന്നു. എല്ലാവരും കൂടി നല്ലൊരു സന്ദർശകർ അവിടെയെത്തി.ഇതിനിടയിൽ ആതിരയുടെ ഫോൺകോൾ വീണ്ടും വന്നു. ആരും ഫോൺ എടുത്തില്ല. വീണ്ടും, വീണ്ടും അവൾ വിളിച്ചു കൊണ്ടിരുന്നു. അപ്പോഴൊന്നും ആ നമ്പറിൽ പോലും ആരും നോക്കിയില്ല.

 

തന്റെ ഫോൺ ആരും എടുക്കുന്നില്ലാ എന്നറിഞ്ഞ അവൾക്ക് ആകെ പ്രയാസമായി. അവൾ കരുതി

" അനിയത്തിക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. ആദ്യത്തെ പ്രസവമാണ്. അവളെ അവിടെ അഡ്മിറ്റാക്കിയ ശേഷം ആരും വിളിച്ചിട്ടില്ല.റേഷൻ കടക്കാരനായ തന്റെ ഭർത്താവിനെ വിളിച്ചു വരുത്തി അവൾ പെട്ടെന്നു തന്നെ അയാളോടൊപ്പം ആശുപത്രിയിലെത്തി.ആശുപത്രി മുറ്റത്ത് എത്തിയപ്പോൾ തന്നെ അവൾ തന്റെ ബന്ധുക്കളെയെല്ലാം കണ്ടു. അപ്പോൾ തന്നെ അവൾക്കു മനസ്സിലായി എന്തോ സംഭവിച്ചിട്ടുണ്ട്. ഭർത്താവ് വണ്ടിയിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് അവൾ ഇറങ്ങിയോടി. , അനിയത്തി കിടക്കുന്ന ലേബർ റൂമിനടുത്തെത്തി.

 

അതുവരെ ചിരിച്ചു സന്തോഷിച്ചിരുന്ന മാധവൻ നായരും, ഭാര്യയും , കടന്നൽ കുത്തിയ മുഖഭാവത്തോടെ മകളെ നോക്കി നിന്നു. അവരുടെ നോട്ടത്തിൽ എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കിയ അവൾ ഓടിച്ചെന്ന് അമ്മ , മാലതിയെ കെട്ടിപ്പിടിച്ചിട്ട് ചോദിച്ചു.

" അമലക്കുട്ടി എവിടെ ? അവൾക്കെന്തു പറ്റി ? എന്താ ആരും ഒന്നും മിണ്ടാത്തത് ?അപ്പോൾ കൂടി നിന്നവരിലാരോ ഒരാൾ പറഞ്ഞു: "

" ആതിര വിഷമിക്കണ്ട. അനിയത്തി പ്രസവിച്ചു. ആൺകുട്ടി. "

 

" തനിക്കോ ഒരു കുഞ്ഞില്ലാത്ത സ്ഥിതിക്ക് , തന്റെ അനുജത്തിക്ക് ഒരു കുട്ടി ഉണ്ടായിരിക്കുന്നു. തങ്ങളുടെ കുടുംബത്തിൽ ആദ്യമായി ഒരു കുട്ടി ഉണ്ടായിരിക്കുന്നു.

കുട്ടിയെ കാണുവാനുള്ള ആവേശത്തിൽ എല്ലാം മറന്ന് അവൾ ലേബർ റൂമിനടുത്തേക്ക് ഓടി.അപ്പോൾ ഗർജന സ്വരത്തിൽ പുറകിൽ നിന്നും അവളുടെ അച്ഛൻ മാധവൻ നായർ ഉറക്കെ വിളിച്ചു പറഞ്ഞു.

"നീ ഇപ്പോൾ അങ്ങോട്ടു പോകണ്ട. കുഞ്ഞിനെയും കാണണ്ട "

അവൾ ആശ്ചര്യത്തോടെ അച്ഛനെ നോക്കി.

"എന്താണ് താൻ ഈ കേൾക്കുന്നത് ? തന്റെ അച്ഛൻ തന്നെയല്ലേ ഈ പറയുന്നത് ? തനിക്ക് കുഞ്ഞിനെ കാണാൻ അവകാശമില്ലേ?"അച്ഛൻ തുടർന്നു ,

"കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ , അതായത് മച്ചി പെണ്ണുങ്ങൾ, മറ്റൊരാൾക്ക് ഒരു കുട്ടി ജനിച്ചാൽ നാൽപ്പതു ദിവസം വരെ ആ കുട്ടിയെ കാണാൻ പാടില്ല. "അഥവാ കണ്ടാൽ ആ കുട്ടിയെ അവർ വാരിയെടുക്കും. അങ്ങനെ സംഭവിച്ചു കഴിയുമ്പോൾ , പിന്നീട് ആ കുഞ്ഞിന് എന്തെങ്കിലും അംഗവൈകല്യം ഉണ്ടാകും. "

: " അതുകൊണ്ട് മോൾ ദയവായി കുഞ്ഞിനെ ഇപ്പോൾ കാണണ്ട. നാൽപ്പതു ദിവസം കഴിഞ്ഞ് വന്ന് കണ്ടോളൂ. ഞങ്ങൾക്ക് സന്തോഷമേ ഉള്ളു. "അച്ഛന്റെ വാക്കുകൾ ഒരു ഇടിത്തീ മാതിരിയാണ് അവളുടെ ചെവിയിൽ മുഴങ്ങിയത്.

ഇതെല്ലാം കേട്ടുകൊണ്ടു നിന്ന അവളുടെ ഭർത്താവ് , അവളുടെ അരികിൽ ചെന്നു പറഞ്ഞു

" ആതിരെ , നമ്മുക്ക് പോകാം 

നമ്മുക്ക് കുട്ടികൾ ഉണ്ടാകാത്തത് നമ്മുടെ കുഴപ്പം കൊണ്ടാവാം. ഇനി ഇവിടെ നിൽക്കണ്ട.

അംഗവൈകല്യമില്ലാത്ത ഒരു കുട്ടി സന്തോഷത്തോടെ വളർന്നു വരട്ടെ. അവൻ വലുതായി കഴിയുമ്പോൾ നമ്മുക്ക് കാണാം "

 

ഭർത്താവിന്റെ സാന്ത്വന വാക്കുകൾ കേട്ട അവൾ എല്ലാവരെയും മാറി മാറി നോക്കിയിട്ട് തങ്ങൾ വന്ന വണ്ടിക്കരികിലേക്ക് നടന്നുനീങ്ങി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ