(Yoosaf Muhammed)
ഉണ്ണികൃഷ്ണൻ നമ്പൂതിരി ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ എല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി. ഭാര്യയും , മക്കളുമായി കുറച്ചുനേരം ചിലവഴിച്ചതിനു ശേഷം വീട്ടിലെ പൂജാ മുറിയിലേക്ക് കയറാൻ തുടങ്ങി. അപ്പോൾ മക്കൾ പുറകിൽ നിന്നും വിളിച്ചു.
പൂജാരിക്ക് രണ്ടു പെൺമക്കളാണ്. രണ്ടു പേരും വിവാഹിതരും. മൂത്ത മകളെ ഇഷ്ടികച്ചൂളക്കാരനും, രണ്ടാമത്തെയാളെ കൃഷിക്കാരനുമാണു വിവാഹം ചെയ്തിരിക്കുന്നത്.
മൂത്തമകൾ ആദ്യം അച്ഛന്റെയടുത്ത് ഓടിയെത്തി പറഞ്ഞു " അച്ഛാ , ഇപ്പോൾ മഴക്കാലമായതു കൊണ്ട് ചൂള കാര്യമായി പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് എത്രയും വേഗം മഴ മാറി വെയിൽ തെളിയാൻ അച്ഛൻ പ്രാർത്ഥിക്കണം. പൂജയും നടത്തണം "
മൂത്തയാളുടെ ആവലാതികൾ എല്ലാം കേട്ട ശേഷം അച്ഛൻ രണ്ടാമത്തെ മകളോട് ചോദിച്ചു. "നിന്റെ പശ്നങ്ങൾ എന്താണ് "?
അവൾ പറഞ്ഞു - " അച്ഛാ , മഴ ഇങ്ങനെ തുടരുന്നതു കൊണ്ടാണ് കൃഷി നല്ല രീതിയിൽ പോകുന്നത്. അതുകൊണ്ട് മഴ തുടരാൻ അച്ഛൻ പ്രാർത്ഥിക്കണം. ഒപ്പം പൂജയും നടത്തണം "
പൂജാരി ആകെ വിഷമവൃത്തത്തിലായി. ആർക്കുവേണ്ടി പ്രാർത്ഥിക്കും. രണ്ടു മക്കളും തനിക്കു തുല്യരാണ്. രണ്ടു പേരുടെയും ആവശ്യങ്ങൾ ന്യായവുമാണ്.അദ്ദേഹം ഓർക്കുകയായിരുന്നു. "പ്രാർത്ഥനയിലും, പ്രവൃത്തിയിലും, ബന്ധങ്ങളിലുമെല്ലാം ആദായമാണ് അടിസ്ഥാന ലക്ഷ്യം. അനുഗ്രഹം, പ്രതിഫലം ലാഭം തുടങ്ങിയ പര്യായപദങ്ങളിലൂടെ നേട്ടങ്ങളെ വേർതിരിച്ചു നിർത്തുന്നു എന്നു മാത്രമേയുള്ളു. "
സ്വന്തം അഭിവൃദ്ധിക്കു വേണ്ടിയാണ് രണ്ടു മക്കളും പരസ്പ്പരം മത്സരിക്കുന്നത്. ഒരാളുടെ ആഗ്രഹം മാത്രം നിറവേറ്റുമ്പോൾ മറ്റെയാളുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരിക്കുന്നത് എത്ര കഠിനമാണ്.
രണ്ടുപേരുടെയും ആവലാതികളും, പരിഭവങ്ങളും കേട്ടതിനു ശേഷം അദ്ദേഹം പൂജാമുറിയിൽ കയറി കതകടച്ചു.
അച്ഛൻ തങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് എന്ന വിശ്വാസത്തിൽ മക്കൾ രണ്ടു പേരും പരസ്പ്പരം മത്സരിച്ച് സംസാരിക്കാൻ തുടങ്ങി. അര മണിക്കൂറിനു ശേഷം പൂജാമുറിയിൽ നിന്നും പുറത്തുവന്ന അച്ഛനെ കണ്ട മക്കൾ ഒരുമിച്ചു ചോദിച്ചു.
"ആർക്കുവേണ്ടിയാണ് ആദ്യം പ്രാർത്ഥിച്ചത് ?"
രണ്ടുപേരെയും മാറി മാറി നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു - "ഞാൻ ആർക്കുവേണ്ടിയും പ്രാർത്ഥിച്ചില്ല. എന്റെ പ്രാർത്ഥന ദൈവം സ്വീകരിച്ചാൽ എങനെയിരിക്കും?"
ഒന്നുകിൽ എല്ലാവരും അവനവനു വേണ്ടി പ്രാർത്ഥിക്കുക. അല്ലെങ്കിൽ എല്ലാവരും അപരനുവേണ്ടി പ്രാർത്ഥിക്കുക. രണ്ടായാലും ഫലം ഒന്നു തന്നെ."
"ആരുടെയൊക്കെയോ പ്രാർത്ഥനകളുടെ കുടക്കീഴിൽ എല്ലാവരും വന്നുചേരും. സ്വന്തം കാര്യത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ആർക്കും കഴിയും. അന്യനു വേണ്ടി പ്രാർത്ഥിക്കണമെങ്കിൽ അവന്റെ മനസ്സും , ജീവിതവുമെന്താണെന്ന് അറിയണം.അച്ഛന്റെ തടസ്സവാദങ്ങൾ കേട്ട മൂത്ത മകൾ പറഞ്ഞു. " ഞാൻ അച്ഛന്റെ മതപ്രസംഗം കേൾക്കാൻ വന്നതല്ല. എന്റെ ജീവിത സാഹചര്യം മോശമായതു കൊണ്ടാണ് , അച്ഛനോട് തന്നെ പ്രാർത്ഥിക്കാൻ പറഞ്ഞത് ' . എനിക്ക് ഇവിടേയ്ക്ക് വരുന്നതിനു പകരം വേറെ എവിടെയെങ്കിലും പോയി പ്രാർത്ഥിക്കാമായിരുന്നു. അല്പ്പം പണം കൊടുത്താൽ ഏതു പൂജാരി വേണമെങ്കിലും പ്രാർത്ഥിക്കും. അച്ചനു പണമാണ് വേണ്ടതെങ്കിൽ അതു പറയാമായിരുന്നു. "
ഇളയ മകളും ഒട്ടും വിട്ടു കൊടുത്തില്ല. - " സാമന്യ ബോധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ അച്ഛൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. പണം വാങ്ങി എത്രയോ പേർക്കുവേണ്ടി അച്ഛൻ പ്രാർത്ഥിക്കുന്നു... അപ്പോൾ അച്ഛനും പണമാണ് പശ്നം. അതങ്ങു പറഞ്ഞിരുന്നെങ്കിൽ നേരത്തെ തന്നെ ഞങ്ങൾ തരുമായിരുന്നല്ലോ ?"മക്കളുടെ രണ്ടാളുടെയും ശകാരങ്ങൾ എല്ലാം നിശബ്ദനായി നിന്നു കേട്ട പൂജാരി ഓർക്കുകയായിരുന്നു.
"സ്വന്തം ഇഷ്ടങ്ങളെയും സൗകര്യങ്ങളെയും ചുറ്റിപ്പറ്റി ജീവിക്കാനാണ് എല്ലാവർക്കുമിഷ്ടം. അവനവന്റെ സുരക്ഷിത മേഖലയിൽ നിന്നു പുറത്തുകടക്കാൻ ആരും തയാറല്ല. ഒരാൾക്കു ലഭിക്കുന്ന അനുഗ്രഹം മറ്റൊരാൾക്ക് അപായം വരുത്തുമെങ്കിൽ അത്തരം അനുഗ്രഹങ്ങൾക്കു വേണ്ടി കൈ നീട്ടാതിരിക്കുന്നതാണ് നല്ലത്. "
മക്കളുടെ ശകാരവർഷങ്ങൾ കഴിഞ്ഞെന്നുറപ്പുവരുത്തിയ പൂജാരി, വീണ്ടും തന്റെ പൂജാ മുറിയിലേക്കു കയറി കതകടച്ചു ......