mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Binoby

വഴിതെറ്റി വന്ന വേനൽ മഴ ഭൂമിയുടെ ദാഹം ഒരല്പം ശമിപ്പിച്ചിരിക്കുന്നു. എങ്കിലും ഭൂമിയുടെ മാറിൽ നിന്ന് അപ്പോഴും ഉയർന്നുപൊങ്ങിയത് ചൂടുള്ള നിശ്വാസം ആയിരുന്നു. ആ ചൂട് പ്രകൃതിയെ വീണ്ടും മോഹാലസ്യത്തിലേക്ക് വീഴ്ത്തി. കുരിശിങ്കൽ തറവാടിന്റെ പൂന്തോട്ടത്തിൽ നിന്ന് അകലേക്ക് കണ്ണു പായിച്ചുനിന്ന ആനിയുടെ നെറ്റിത്തടത്തിൽ വിയർപ്പ് കണങ്ങൾ പൊടിയുന്നുണ്ടായിരുന്നു.

ഭൂമി നൽകുന്ന ഈ ചൂടിനേക്കാൾ ഏറെ ആനിയുടെ ഹൃദയത്തിൽ മറ്റൊരു അഗ്നിപർവ്വതം ഉരുകുകയായിരുന്നു. ഒരല്പ സമയം മുമ്പ് നടന്നതൊക്കെ ഒരു സ്വപ്നം പോലെ ആനിക്ക് തോന്നി. പേരുകേട്ട കുരിശിങ്കൽ തറവാട്ടിൽ ഇന്നുവരെ പെൺകുട്ടികളുടെ ശബ്ദമുയർന്നു കേട്ടിട്ടില്ല. പക്ഷേ ഇന്ന് തന്റെ ശബ്ദം പതിവിലേറെ ഉയർന്നു. അതിലേറെ ദൃഢമായി. അതാണ് അപ്പച്ചനെയും, വല്യേട്ടനെയും, ചേട്ടന്മാരെയും ചൊടിപ്പിച്ചത്. അപ്പച്ചന് മുൻപിൽ എപ്പോഴും തലതാഴ്ത്തിയെ താൻ നിന്നിട്ടുള്ളൂ.

"എന്നെ ധിക്കരിച്ചാൽ എനിക്ക് ഇങ്ങനെയൊരു മോളില്ല എന്ന് ഞാൻ കരുതും." അപ്പച്ചൻ അറുത്തു മുറിച്ചത് പോലെ പറഞ്ഞു. 

"എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമാണ് മഠത്തിൽ ചേരുക എന്നുള്ളത്. കർത്താവിന്റെ മണവാട്ടിയായി പാവങ്ങളെ സേവിച്ച് ജീവിക്കാനാണ് എനിക്ക് ആഗ്രഹം. അതിന് അപ്പച്ചനും മറ്റുള്ളവരും എന്നെ തടയരുത്.... " തന്റെ ഈ വാക്കുകൾ അപ്പച്ചന്റെ മുഖത്തെ ദേഷ്യത്തിന്റെ തിരയിളക്കം ഇരട്ടി ആക്കിയതേയുള്ളൂ. ക്രോധത്തിന്റെ അടങ്ങാത്ത തിരകൾ ആഞ്ഞടിക്ക് മുമ്പ് അമ്മ തന്റെ രക്ഷയ്ക്ക് എത്തി.

മനസ്സിനുള്ളിലെ നീറ്റൽ വിട്ടുമാറാത്തത് കൊണ്ടാണ് പൂന്തോട്ടത്തിലേക്ക് ഇറങ്ങിയത്. ഇത്തരം സന്ദർഭങ്ങളിൽ എല്ലാം താൻ ഓടിയെത്തുക ഈ പൂന്തോട്ടത്തിലേക്ക് ആണ്. ഈ പൂക്കളുടെ നിറവും ഭംഗിയും കാണുമ്പോൾ മനസ്സിന് ഒരല്പം ആശ്വാസം കിട്ടും.

അപ്പച്ചൻ എന്തുകൊണ്ടാണ് തന്റെ ഇഷ്ടത്തിന് എതിര് നിൽക്കുന്നത് എന്ന് അറിയാമായിരുന്നു. പണവും പ്രതാപവും വേണ്ടുവോളമുള്ള കുരിശിങ്കൽ തറവാടിന് അതിനു മുകളിലുള്ള ഒരു ആലോചന കൊണ്ടുവന്നത് അപ്പച്ചനും ഏട്ടന്മാരും പലതും കണ്ടുകൊണ്ടായിരുന്നു. ഈ വിവാഹം നടന്നാൽ ഇപ്പോഴുള്ള ബിസിനസ് സാമ്രാജ്യം ഒന്നുകൂടി വിസ്തൃതമാക്കാൻ അപ്പച്ചന് കഴിയും. ഐഎഎസ് പാസായി കളക്ടറുടെ കുപ്പായം അണിയാൻ കാത്തുനിൽക്കുന്ന ചെറുക്കനെ കണ്ടെത്തിയത് അതുകൊണ്ടാണ്. പക്ഷേ തന്റെ വഴി ഇതല്ല എന്ന് താൻ പണ്ടേ തീരുമാനിച്ചു കഴിഞ്ഞതാണ്. വല്യേട്ടന്റെ മൗനം തന്നെ വളരെയേറെ വേദനിപ്പിച്ചു. എന്ത് കാര്യത്തിനും സഹായത്തിന് ഓടി എത്താറുള്ള ഏട്ടൻ, അപ്പച്ചന്റെ മുൻപിൽ ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ മനസ്സിനുള്ളിലെ ധൈര്യം എല്ലാം ചോർന്നുപോയി. അപ്പച്ചന്റെ തീരുമാനം തന്നെയാണ് വല്യേട്ടന്റേതുമെന്ന് മനസ്സിൽ ഉറപ്പിച്ചു.

വേദനകളിൽ ഒറ്റയ്ക്ക് ഇരുന്ന് വിതുമ്പുമ്പോൾ മനസ്സിനുള്ളിൽ നിറയുക അൾത്താരയിലെ ക്രൂശിതരൂപമാണ്. ഒരു മെഴുകുതിരി ഉരുകി തീരുന്നത് പോലെ മനസ്സിനുള്ളിലെ വേദന അലിഞ്ഞു തീരുമ്പോൾ അവിടെ ആ രൂപം തെളിഞ്ഞു വരും. ആകാശത്ത് കാർമേഘങ്ങൾ സ്ഥാനം പിടിച്ചു തുടങ്ങിയിരിക്കുന്നു. വീണ്ടും വേനലിന്റെ ദാഹം തീർക്കാൻ പ്രകൃതി കനിയുകയാണോ...? തന്റെ മനസ്സും ഇതുപോലെ ആണല്ലോ എന്നോർത്തു. വേനലിന്റെ ദാഹം തീർക്കാൻ ചിതറി വീണ മഴത്തുള്ളികൾക്ക് ആ ദാഹം ശമിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടുമൊരു തോര പെയ്തിനായി ഭൂമി കൊതിക്കുകയാണ്. തന്റെ മനസ്സിന് ഒരു ആശ്വാസം നൽകാൻ ആരെങ്കിലും ഓടി എത്തിയിരുന്നെങ്കിൽ....

ആനി ഒരു നിമിഷം കണ്ണുകൾ അടച്ചു. മനസ്സിലെ കാർമേഘങ്ങൾ ഒന്നൊന്നായി നീങ്ങിപ്പോകുന്ന അനുഭവം.... അവിടെ തെളിഞ്ഞ നീലാകാശം... അതിനു നടുവിൽ തേജസ്സാർന്ന ആ മുഖം അവൾ കണ്ടു. അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. 'എന്റെ ഹൃദയത്തിന്റെ നാഥൻ '. പെട്ടെന്ന് പുറകിൽ ഒരു കാല്പരുമാറ്റം. അവൾ കണ്ണുകൾ തുറന്നു. വല്യേട്ടൻ ആയിരുന്നു അത്. ഹൃദയം വല്ലാതെ മിടിക്കുന്നു. ഏട്ടനും തന്നെ കുറ്റപ്പെടുത്തുമോ..? പക്ഷേ പ്രതീക്ഷിച്ചതിനുമപ്പുറമായി ഏട്ടന്റെ കൈകൾ സാവധാനം തന്റെ ചുമലിൽ പതിച്ചപ്പോൾ മനസ്സ് നിറഞ്ഞു.

പെട്ടെന്ന് ആകാശത്ത് ഇടിയുടെ ശബ്ദം മുഴങ്ങി. ഓർമ്മകളുടെ ലോകത്ത് നിന്ന് പെട്ടെന്ന് ഉണർന്നു. കോൺവെന്റിലെ തന്റെ മുറിക്കുള്ളിലെ ക്രൂശിതരൂപത്തിനു മുമ്പിലാണ് താൻ ഇരിക്കുന്നത് എന്ന് അപ്പോഴാണ് ഓർത്തത്. തുറന്നിട്ട ജാലകത്തിലൂടെ, അപ്പുറത്ത്, ഇരുളിൽ മറവിൽ,ആകാശത്ത് മിന്നൽ പിണർ ഓടി അകലുന്നത് കണ്ടു. കാലത്തിന് മായ്ക്കാൻ ആകാത്ത ഒരു ചുമർചിത്രമാണ് തന്റെ ജീവിതമെന്ന് മദർ ഓർത്തു. ആനിയിൽ നിന്ന് കർത്താവിന്റെ മണവാട്ടിയായി ഇവിടെ വരെ എത്തിനിൽക്കുമ്പോൾ ജീവിതത്തിൽ കൊതിച്ചത് നേടിയ സന്തോഷമായിരുന്നു.

ഇന്നും മനസ്സിൽ നൊമ്പരം ഉണർത്തുന്ന മുഖമാണ് അപ്പച്ചന്റേത്. വ്രതവാഗ്ദാന ദിവസത്തിൽ പോലും പള്ളിയിൽ വന്ന് ശുശ്രൂഷയിൽ പങ്കുകൊള്ളാൻ അപ്പച്ചൻ കൂട്ടാക്കിയില്ല. മനസ്സിൽ നോവുമായി ശിരോ വസ്ത്രം അണിഞ്ഞു നിൽക്കുമ്പോഴും കണ്ണുകൾ അപ്പച്ചനെ പരതി. അവസാനം ക്രൂശിത രൂപത്തിനു മുൻപിൽ തന്നെ, പൂർണ്ണമായും സമർപ്പിച്ചപ്പോൾ ആ നോവ് സാവധാനം വിട്ടകലുകയായിരുന്നു. ഒരിക്കൽ അപ്പച്ചൻ എത്തി.... വാർദ്ധക്യത്തിൽ എത്തിയിരുന്നെങ്കിലും ആഢ്യത കൈവിടാതെ, മഠത്തിലെ പ്രവേശന കവാടത്തിൽ കയ്യൂന്നി നിന്നിരുന്ന അപ്പച്ചന്റെ മുഖം ഇന്നും മനസ്സിൽ തെളിയുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ കണ്ണുകൾ നിറഞ്ഞ് അന്ന് തന്നോട് അപ്പച്ചൻ സംസാരിച്ചു. ആ കൈകൾ കൊണ്ട് തന്റെ തലയിൽ തലോടുമ്പോൾ ആ ചുണ്ടുകൾ മന്ത്രിച്ചു. "നീ തെരഞ്ഞെടുത്ത വഴിയാണ് മോളെ ശരി.... " മനസ്സുനിറഞ്ഞു.... കാതുകളിൽ ഇന്നും ആ വാക്കുകൾ മുഴങ്ങുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞു പോയി. അപ്പച്ചൻ ഇന്ന് ഓർമ്മയായി അവശേഷിക്കുന്നു. അതിനുശേഷം കാലം ഒരുപാട് കടന്നുപോയി.

"മദർ, പ്രാർത്ഥനയ്ക്കുള്ള സമയമായിരിക്കുന്നു.." മുറിയിലേക്ക് കടന്നുവന്ന സിസ്റ്റർ പറഞ്ഞു. സിസ്റ്ററിന്റെ കൈകളിൽ ഊന്നി മദർ എഴുന്നേറ്റു. കാലത്തിന് സഞ്ചരിക്കാൻ ഇനിയും ഏറെ ദൂരം ഉണ്ട്. താനും എന്നെങ്കിലും ഒരു ഓർമ്മയായി അവശേഷിക്കും. അപ്പോഴും കാൽവരിയിലെ ആ മെഴുകുതിരികൾ, എന്നും പ്രകാശം പരത്തി നിൽക്കുന്നുണ്ടാകും. ആ പ്രകാശം എന്നും തന്റെ ജീവിത പാതയിലെ വെളിച്ചമായിരുന്നു. ജീവിതത്തിൽ തനിക്ക് എപ്പോഴും താങ്ങായി നിന്ന കഴുത്തിൽ കിടന്ന ആ കറുത്ത ചരടിലെ ക്രൂശിതരൂപത്തിൽ, മുറുകെപ്പിടിച്ച് മദർ മുന്നോട്ട് നടന്നു. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ