ചേച്ചിയുടെ വെളുത്തുതുടുത്ത കൈകൾ ആദിയേട്ടന്റെ കറുത്തിരുണ്ട കൈകളിലേക്ക് ചേർക്കുമ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി, അച്ഛൻ ഈ കല്യാണത്തിന് സമ്മതം മുളിയതിൽ. ചേച്ചിയുടെ കോളേജിനു മുന്നിൽ മൊബൈൽ ഷോപ് നടത്തുന്ന അദിയേട്ടൻ ചേച്ചിയെ കണ്ട് ഇഷ്ടമായി വന്നതാണ്. സ്വഭാവം കൊണ്ടും കുടുംബം കൊണ്ടും നല്ലതാണെന്നു തോന്നിയ അച്ഛൻ ഈ വിവാഹവും ആയി മുന്നോട്ട് പോയി. ചേച്ചിക്കും
എതിർപ്പില്ല. ഞാൻ എന്റെ എതിർപ്പ് പറഞ്ഞെങ്കിലും ആരും കാര്യം ആക്കിയില്ല. ഇന്ന് ഈ കല്യാണ നിമിഷം എനിക്ക് മനസിലായി എനിക്ക് മാത്രം അല്ല കുടുംബത്തിൽ പലർക്കും ഈ ആളെ ബോധിച്ചില്ല എന്ന്. അപ്പച്ചിയും വല്യമ്മയും ഒക്കെ അത് പറയാതെ പറയുന്നുണ്ട്.
കല്യാണവും വിരുന്നും എല്ലാം മുറപോലെ നടന്നു. കല്യാണ ദിവസം ചെറുക്കന്റെ കളറിനെ കുറിച്ചു പറഞ്ഞവർ പിന്നീട് സ്വഭാവർണനയിലേക്ക് ചേക്കേറി. "മോൾടെ ഭാഗ്യം ആണ് ആദിയെ പോലൊരു പയ്യനെ കിട്ടിയത് നല്ല പത്തരമാറ്റ് സ്വാഭാവം അല്ലെ". കാര്യം ഇതെല്ലാം ഉള്ളത് ആണേലും ഞാൻ അംഗീകരിച്ചില്ല. വീട്ടിൽ ചേച്ചിയും ആയി വരുമ്പോൾ എനിക്ക് പ്രിയപ്പെട്ടതെല്ലാം കൊണ്ടുത്തരും, എനിക്ക് ഒരു ചേട്ടൻ ഉണ്ടായിരുന്നേൽ എങ്ങിനെ ആകണമെന്ന് ഞാൻ ആഗ്രഹിച്ചോ അങ്ങിനെ എല്ലാം ആയിരുന്നു. പക്ഷെ എല്ലാം അംഗീകരിക്കുമ്പോഴും ആ കാക്കക്കളർ എന്നിൽ അനിഷ്ടം നിറച്ചു കൊണ്ടേ ഇരുന്നു. ഞാനും ചേച്ചി പഠിച്ച കോളേജിൽ തന്നെയാണ് പഠിക്കുന്നതെങ്കിലും ഒരിക്കലും അയാളോടു ഞാൻ പരിചയ ഭാവം കാട്ടിയിട്ടില്ല. പക്ഷെ ഞാൻ വരുമ്പോഴും പോകുമ്പോഴും എന്നെ നോക്കുന്ന ആ മിഴികളും ഒരു നിമിഷം എന്റെ താമസം നിറയ്ക്കുന്ന ആധിയും എനിക്ക് മനസിലാകുമായിരുന്നു.
ചേച്ചിപ്പെണ്ണു അമ്മയാകാൻ പോകുന്നു എന്ന വാർത്ത എല്ലാവർക്കും സന്തോഷം നിറഞ്ഞതായിരുന്നു. ഛർദ്ദിച്ചു അവശയായിപ്പോകുന്ന ചേച്ചിയെ ഒരു കുഞ്ഞിനെ പോലെ പരിഗണിക്കുന്ന അദിയേട്ടൻ എനിക്ക് പുതിയമനുഷ്യൻ ആയിരുന്നു. അനിയത്തികുട്ടിയായി ചേർത്തു പിടിക്കാൻ ഒരുപാട് ഇഷ്ടമാണ് ചേട്ടായിക്കെന്ന് ചേച്ചിപെണ്ണു പറയുമ്പോൾ എന്തോ വീണ്ടും ആ ഇരുണ്ട നിറം എന്നെ പിൻവലിക്കും.കുറെ ഏറെ പറഞ്ഞു ചേച്ചിയും പറച്ചിൽ നിർത്തി. എങ്കിലും എന്റെ ഒരു ചിരിക്കായി കാത്തിരിക്കുന്ന ഏട്ടന്റെ മുഖം മാത്രം മാറിയില്ല, ഒപ്പം എന്റെ സമീപനവും. എനിക്ക് ആലോചന തുടങ്ങിയപ്പോൾ തന്നെ കളറുള്ള സുന്ദരനായ ചെക്കൻ മതിയെന്ന് ഞാൻ വാശി പിടിച്ചു. അതുകൊണ്ട് തന്നെ എന്നെ ഇഷ്ടപ്പെട്ടു വന്ന ഏട്ടന്റെ ചെറിയച്ഛന്റെ മകന്റെ ആലോചന നിഷ്കരുണം തള്ളി. "കാണാൻ സിനിമ നടനെ പോലുണ്ട്. എന്തായലും രണ്ടുപേരും തമ്മിൽ നല്ല ചർച്ചയാണ്" ചേച്ചിയുടെ കല്യാണത്തിന് കുറ്റം പറഞ്ഞവർ എന്റെ കല്യാണത്തിന് അഭിനന്ദിക്കുമ്പോൾ ഞാൻ വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു. കൂട്ടുകാരുടെ കണ്ണിൽ കണ്ട അസൂയ എന്നിൽ ചെറുതല്ലാത്ത അഹങ്കരം നിറച്ചു. ചേച്ചിയെ നോക്കി ചിരിക്കുമ്പോൾ നിനക്ക് നഷ്ടമായി പോയി എന്ന് പറയാതെ പറഞ്ഞു.
സൗന്ദര്യവും വിദ്യഭ്യാസവും സ്റ്റൈലും ഒത്തിണങ്ങിയ എന്റെ ഭർത്താവ് എനിക്ക് അഹങ്കാരം തന്നെ ആയിരുന്നു. കാണാൻ സിനിമ നടനെ പോലെ അല്ല സിനിമ നടൻ തന്നെ ആയിരുന്നു. റൂമിനു വെളിയിൽ മാന്യനും സ്വാതന്ത്ര്യ വാദിയും ഒക്കെ ആയിരുന്ന ആൾ ആദ്യം ചെയ്തത് എന്റെ സിം മാറ്റി പുതിയത് തന്നു വീട്ടുകാരെ വിളിക്കാൻ മാത്രം സ്വാതന്ത്ര്യവും. തൊട്ടതിനും പിടിച്ചതിനും വഴക്കും ചീത്തയും അച്ഛനും അമ്മയും ഒന്നിലും ഇടപെടില്ല. എന്തേലും പറഞ്ഞാൽ "നീ അവൻ പറയുന്നത് അങ്ങു ചെയ്ത് കൊടുക്ക്" എന്നു പറഞ്ഞു കൈ ഒഴിയും. വീട്ടിൽ നിക്കാൻ പോകാനോ ഒരു സമായത്തിനപ്പുറം അവരോട് ഫോണിൽ കൂടെ സംസാരിക്കാനോ അവകാശം നിഷേധിച്ചു. എന്നാൽ പുറത്തോട്ടു പോകുമ്പോൾ ഫുൾ മേക്കപ്പ് ചെയ്ത് പരസ്പരം ഒട്ടിച്ചേർന്നു പോകണം. എന്റെ വീട്ടിൽ പോകാനോ ഒരു മകൻ പോട്ടെ മരുമകന്റെ കടമകൾ ചെയ്യാനോ മുതിർന്നില്ല. അതു കൊണ്ട് തന്നെ കല്യാണത്തിന് വാഴ്ത്തിയവർ പിന്നീട് " ജാഡക്കാരൻ" എന്ന വിശേഷണത്തിൽ ഒതുക്കി. എല്ലാം തികഞ്ഞ ആളെ കിട്ടിയപ്പോൾ എല്ലാരേം മറന്നു എന്നപേരിൽ ഞാൻ "അഹങ്കരിയും" ആയി. കല്യാണം കഴിഞ്ഞ് ഉടൻ ഗർഭിണി ആയി എന്നും പറഞ്ഞു ചീത്ത പറഞ്ഞ ആൾ. പ്രസവ ശേഷം വയറു ചാടി ഷേപ്പ് പോയി മാറിടം ചാടി എന്നെല്ലാം പറഞ്ഞു അവഗണന തുടങ്ങി. കുഞ്ഞിനൊരു വയസ് ആകും മുന്നേ അടുത്ത കുട്ടി ആയതിൽ എന്റെ അശ്രദ്ധ ആണെന്നും പറഞ്ഞു പറഞ്ഞ വാക്കുകൾക്ക് ഹൃദയം കീറിമുറിക്കാൻ കെൽപ് ഉണ്ടായിരുന്നു. രണ്ടു മക്കളും വീട്ടുകാര്യവും ആളുടെ കാര്യവും കഴിഞ്ഞ് നടു നിവർത്താൻ വരുമ്പോൾ ആളെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല എന്നും, വൃത്തിയില്ല എന്നും ഉള്ള കുറ്റപ്പെടുത്തൽ വേറെ. സഹികെട്ട് എല്ലാം ചേച്ചിപെണ്ണിനോട് പറഞ്ഞു ആശ്വാസം തേടുമ്പോൾ ഞാൻ കണ്ടു നിറ കണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്ന ആദി ഏട്ടനെ. അടുത്തു വന്ന് ചേർത്തു നിർത്തുമ്പോൾ ആ നെഞ്ചിൽ തല തല്ലി വിഷമങ്ങൾ പറയുന്ന കൂടെ അവഗണിച്ചതിന് ഉള്ളിൽ നിന്ന് ക്ഷമ കൂടെ യാചിക്കുന്നുണ്ടായിരുന്നു. തലയിൽ തഴുകി ആശ്വസിപ്പിച്ച ശേഷം കണ്ണുകൾ തുടച്ചു തന്നു. " നിനക്ക് ചോദിക്കാൻ ഈ ഏട്ടൻ ഉള്ളത്ര കാലം അനാവശ്യമായി ആരുടെയും ആട്ടും തുപ്പും എന്റെ അനിയത്തികുട്ടി കേക്കണ്ട കേട്ടോ. ഇക്കാര്യം ഏട്ടൻ നേരെ ആക്കി കോളാം" എന്നും പറഞ്ഞു എന്റെ കവിളിൽ തട്ടി എനിക്ക് ആഹാരം എടുത്തു കൊടുക്കേന്നു ചേച്ചിയോട് പറഞ്ഞു ഏട്ടൻ പുറത്തേക്ക് പോകുമ്പോൾ എന്തെന്നില്ലാത്ത ധൈര്യവും ആശ്വാസവും സുരക്ഷിതത്വവും എനിക്കു തോന്നിത്തുടങ്ങിയിരുന്നു. " ആ പോയ മനുഷ്യന്റെ തൊലിക്ക് മാത്രേ കറുപ്പുള്ളൂ കൊണ്ടുവരുന്ന ചോറും ഹൃദയവും തൂവെള്ള തന്നെയാണ്," ഇതും പറഞ്ഞ് ചേച്ചി എന്നെ നോക്കി ഉള്ളിലേക്ക് പോയി.