mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

"ചേട്ടാ ഇങ്ങനെ ഒക്കെ ചെയ്യണോ !! "
"അതെന്താ പെണ്ണെ, നിനക്ക് പേടിയുണ്ടോ !! "
"ഹേയ്, എനിക്ക് പേടി ഒന്നും ഇല്ലാ. പിന്നെ അടി കിട്ടുമ്പോൾ ചേട്ടന് മാത്രമേ കിട്ടുള്ളു. അത് കൊണ്ട് ചോദിച്ചതാ".
"ചേട്ടന് പേടി ഉണ്ടോ?


"എനിക്ക് പേടിയോ, നീ എന്നെ പറ്റി എന്താ വിചാരിച്ചത്. എനിക്ക് പേടി പോലും!"

ഹും, മതി മതി ചേട്ടന്റെ ബഡായി കേൾക്കണ്ടേ സമയം എനിക്കിപ്പില്ല

ആ അടി കിട്ടുമ്പോൾ ഞാൻ സ്നേഹത്തോടെ സ്വീകരിച്ചോളും. ഇങ്ങനെയൊക്കെ ചെയ്യുന്നത് എനിക്ക് മാത്രമല്ല എന്റെ കുടുംബത്തിനും കൂടി വേണ്ടി ആണ് എന്ന് പറയുമ്പോൾ ശ്രീകുമാറിന്റെ മുഖത്ത് ഉണ്ടായ സന്തോഷവും ആത്മധൈര്യവും ഒന്ന് വേറെ തന്നെ ആണെന്ന് തിരിച്ചറിഞ്ഞത് കാരണം മായക്ക് മനസ്സിലായി ഇനി പിൻതിരിപ്പിക്കാൻ എന്ത് പറഞ്ഞിട്ടും കാര്യമില്ലാ എന്ന്.

" ചേട്ടന് ഇത് എവിടെ നിന്നാണ് ഈ ഐഡിയ കിട്ടിയത് !! "

" എനിക്ക് എന്താടി ഐഡിയക്ക് ഒരു കുറവ്, ഞാൻ എപ്പോഴും ചിന്തിച്ചിട്ടല്ലേ കാര്യങ്ങൾ ചെയ്യാറ് "

" ഓ, ചിന്തിച്ച്‌ ചെയ്യുന്ന ഒരു ആൾ !!. എത്രാമത്തെ ബിസിനസ്സ് ആണ് ചേട്ടാ ഇത്. ചിന്തിച്ച്‌ ചെയ്തത് കൊണ്ടല്ലേ ബിസിനസ്സ് ഇടയ്ക്ക് ഇടയ്ക്ക് മാറ്റേണ്ടി വന്നത്.

"ഭയങ്കര ബുദ്ധിമാൻ ഒന്ന് പോ ചേട്ടാ, രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് എന്നെ ചിരിപ്പിക്കല്ലാട്ടോ "

"നീ നല്ലവണ്ണം തേച്ച് പിടിപ്പിക്ക് പെണ്ണേ കിണ് കിണാന്ന് വർത്തമാനം പറയാതെ. ഞാൻ ഉദ്ധ്യേശിച്ച പ്രകാരം ആരെങ്കിലും എന്നെ കണ്ടാൽ ഭയം തോന്നണം "

"ഓ അതിനാണോ, അത് ചേട്ടൻ അവരെ ഒന്ന് നോക്കി ചിരിച്ചാൽ പോരെ ".(ഇത് കേട്ട് ശ്രീകുമാറിനും ചിരി വന്നു )

"ഞാൻ ഒരു കാര്യം പറയട്ടെ ചേട്ടാ,"
"എന്താടി !!"
"ദേഹത്ത് പുരട്ടിയ എണ്ണയുടെ മുകളിൽ ഈ കരിതേച്ച ചേട്ടനെ കാണുമ്പോൾ എനിക്ക് പേടിക്ക് പകരം ചിരിയാണ്‌ വരുന്നത് "

"നിനക്ക് അങ്ങനെ തോന്നും, എടീ എനിക്ക് ആത്മധൈര്യം തരേണ്ട നീ ഇങ്ങനെ പിൻതിരിപ്പിക്കുന്ന കാര്യം പറയല്ല പെണ്ണേ !!!"

ചേട്ടന് എന്നാലും ഇതിന്റെ വല്യ ആവശ്യം ഉണ്ടോ ഭഗവാനേ ! മര്യാദയ്‌ക്ക്‌ ഉള്ള ബിസിനസ്സ് പോരെ !! അവൾ സ്വയം പിറു പിറുത്ത്‌ കൊണ്ടിരിക്കുമ്പോളും മായയുടെ ആശാൻ കരി തേച്ച് തേച്ച് പിടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു.

" എടീ "

" എന്താ ചേട്ടാ "

" എന്റെ ഈ കരി പുരണ്ട ആശയം വൻ വിജയമായി ബിസിനസ്‌ പന്തലിച്ച്‌ വളരുമ്പോൾ നീ അന്ന് പറയും,

"ചേട്ടാ നിങ്ങളെ സമ്മതിച്ചിരിക്കുന്നു, ചേട്ടന്റെ ബുദ്ധിയേയും "

നോക്കിക്കോ പെണ്ണേ പിന്നെ വെച്ചടി വെച്ചടി കയറ്റമായിരിക്കും നമ്മൾക്ക് "

അതൊക്കെ അപ്പോൾ ഉള്ള കാര്യമല്ലേ !! ഇപ്പോൾ ചേട്ടന് അടി കിട്ടാതിരുന്ന മതി.

ദേ പിന്നെയും തുടങ്ങി അടിയുടെ കാര്യം ! നിനക്ക് ഈ അടി കിട്ടുന്ന കാര്യം മാത്രമേ പറയാൻ ഉള്ളൂ !! മനുഷ്യനെ പേടിപ്പിക്കാൻ !

(മായ ചിരിച്ചു കൊണ്ട് ) ഈ പേടി ഉള്ള ചേട്ടനാണോ മറ്റുള്ളവരെ പേടിപ്പിക്കാൻ പോകുന്നത്. ഈ കോലത്തിൽ ചേട്ടനെ കണ്ടാൽ നമ്മുടെ മക്കൾ വരെ പേടിക്കില്ല പിന്നെയാണോ മറ്റുള്ളവർ !!

അത് എന്താടി !!! നീ ഇങ്ങനെ പറയാൻ കാരണം

" ചേട്ടന് പ്രത്യേകിച്ച് വല്യ മാറ്റമൊന്നുമില്ലല്ലോ, കരി തേച്ചു പിടിപ്പിച്ചതിന്റെ കറുപ്പ് കുറച്ച് കൂടി അത്ര അല്ലേ ഉള്ളൂ "

" എടീ, നിന്നെ ഞാൻ...


" ചേട്ടാ സൂക്ഷിക്കണേ!! "

നല്ലൊരു കാര്യത്തിന് ഇറങ്ങുമ്പോൾ പിറകിൽ നിന്ന് വിളിക്കരുത് എന്ന് പലവട്ടം പറഞ്ഞതാ അവളോട്‌ ശ്രീകുമാർ ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ടു പിറു പിറുത്തു.

പിന്നെ ഇത് അത്ര നല്ല കാര്യമൊന്നുമല്ലല്ലോ എന്ന് സ്വയം സമാധാനിച്ച്‌ വാച്ചു നോക്കി,

കൃത്യം 12 മണി

വെള്ളിയാഴ്ച

ആഹാ എല്ലാം തൂക്കിനാണല്ലോ ഭഗവാനെ എന്ന് പറഞ്ഞ് വീട് ഉള്ള സ്ഥലത്ത് നിന്ന് അടുത്ത കവല ലക്ഷ്യം വച്ച് ശ്രീകുമാർ തന്റെ ഉദ്യമനത്തിനായി ബൈക്ക് മുന്നോട്ട് എടുത്ത് പോകുമ്പോളും ഈ ബിസിനസ്സ് എങ്കിലും ഒന്ന് വിജയിക്കണെമേ എന്ന ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ. തുടങ്ങിയ ബിസിനസ്സ് എല്ലാം പരാജയപെട്ടപ്പോൾ തുടങ്ങിയതാണ് ടൗണിൽ CCTV ഷോപ്പ്. ആദ്യത്തെ രണ്ട് മൂന്ന് മാസം ഓർഡർ ഉണ്ടായതല്ലാതെ പിന്നെ ഓർഡർ ഒന്നും ഉണ്ടായിട്ടില്ല. എവിടെ നിന്നാണ് ഈ ആശയം കയറി കൂടിയത് എന്ന് അറിയില്ല. എന്തായാലും ഇത് വിജയിപ്പിക്കണം അതിന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയ്യാറാണ് എന്ന രീതിയിൽ ശ്രീ കുമാറിന്റെ മനസ്സിൽ കയറി കൂടിയ ആശയമാണ്
"ബ്ലാക്ക് മാൻ ". വേഷം കെട്ടുക എന്ന്.


തൊട്ടടുത്ത കവലയിൽ ബൈക്ക് നിർത്തി "ബ്ലാക്ക്‌മാൻ " ചുറ്റുവട്ടം നോക്കി ആൾ അനക്കം വല്ലതും ഉണ്ടോ എന്ന്. ബൈക്ക് സുരക്ഷിതമായി വെക്കാൻ പറ്റിയ സ്ഥലം ഇത് തന്നെ എന്ന് ഉറപ്പിച്ച്‌ മുകളിൽ ഇട്ട ഷർട്ടും മുണ്ടും അഴിച്ചു ആശയ രൂപത്തിൽ അവിടെ നിന്ന് ഇറങ്ങി പിന്നെ കൂടുതൽ വീടുകൾ ഉള്ള സ്ഥലം ലക്ഷ്യം വെച്ച് നടക്കുമ്പോൾ ആണ് പെട്ടന്ന് പിറകിൽ നിന്ന് ഒരു ശബ്ദം.

ആരാണ് നിങ്ങൾ !?
(ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു )

ബ്ലാക്ക്മാൻ തിരിഞ്ഞു നോക്കി,

" ഞാൻ ശ്രീ...
അല്ല ബ്ലാക്ക്മാൻ "

അല്ല ബ്ലാക്ക്മാനോ ! അത് എന്ത് പേര് !

ആ അതെ "ബ്ലാക്ക്മാൻ" എന്ന് ഗമയോടെ വീണ്ടും പറഞ്ഞു.

ഈ നാട്ടിൽ പുതിയത് ആണോ?? (സ്ത്രീയുടെ അടുത്ത ചോദ്യം )

ബ്ലാക്ക്മാൻ എന്ന് പറഞ്ഞിട്ട് ഇവൾക്ക് ഒരു കൂസലും ഇല്ലല്ലോ ! പണി പാളിയോ ഭഗവാനേ !!

ആ അതെ എന്ന് പറയലും, അപ്രതീക്ഷിതമായിരുന്നു പെട്ടന്നുള്ള ചോദ്യം

" ചേട്ടാ ചുണ്ണാമ്പ് ഉണ്ടോ? "

" ഇല്ലാ. ഞാൻ ചവക്കാറില്ല "

" ഹാൻസ് മതിയോ " അത് ഉണ്ട്

അപ്പോൾ ആണ് ബ്ലാക്ക്മാന് കാര്യം ഓർമ്മ വന്നത് ഈ നട്ടപാതിരക്ക് ഇവൾ എന്തിനാണ് ചുണ്ണാമ്പ് ചോദിക്കുന്നത്

അതെ നീ എന്താ ഇവിടെ !? അതും ഈ സമയത്ത് തനിച്ച് ! വീട് ഇതിന്റെ അടുത്താണോ??

" ചേട്ടാ ഞാൻ സ്മാശാനത്തിൽ പോയി വരുന്നതാണ് "

അതിന്റെ അടുത്ത് ആണോ നിന്റെ വീട്?

അല്ല, സ്മാശാനത്തിൽ ഞാൻ ബന്ധുക്കളെ കാണാൻ പോയതാ "

ഈ നട്ടപാതിരാക്കോ, ബ്ലാക്ക്മാന് ആശ്ചര്യമായി

" ആ അതെ ഇന്ന് വെള്ളി ആഴ്ച അല്ലേ. ഞങ്ങളുടെ ദിവസം ആണ്, അത് കൊണ്ടു കാണാൻ പോയതാ.

വെള്ളി ആഴ്ചയോ, നിങ്ങളുടെ ദിവസമോ !

ബ്ലാക്ക്മാൻ അപ്പോളാണ് അവൾ ഇട്ടിരിക്കുന്ന സാരിയും അഴിചിട്ട കാർ കൂന്തലും ശ്രദ്ധിച്ചത് പിന്നെ വിറയലോട് കൂടി ചോദിച്ചു

എന്താ നിന്റെ പേര്?

" കല്ലിയങ്കാട്ടു നീലി "

എന്ന് ഉത്തരം കേട്ടതും ഓടണോ വേണ്ടയോ എന്ന ചിന്ത ബ്ലാക്ക്മാന്റെ മനസ്സിൽ വന്നു,
അപ്പോൾ ആണ്

ചേട്ടൻ എന്താണ് ഈ നേരത്ത്? അതും ഈ കോലത്തിൽ !! നീലി ചോദിച്ചതും

വിറയലിൽ അറിയാതെ ബ്ലാക്ക്മാൻ പറഞ്ഞു പോയി

" ഞാൻ ബിസിനസ്സ് ആവശ്യത്തിന് "',

ഈ നേരത്ത് ചേട്ടന് എന്ത് ബിസിനസ്സ് ആണ് എന്ന് ഒരു കള്ള ചിരിയോടെ കൂടി നീലി ചോദിച്ചു.

വിറയലിന്റെ തീവ്രത കൂടിയത് കാരണം ആ ചിരിയൊന്നും ബ്ലാക്ക്മാന്റെ ശ്രദ്ധയിൽ പെട്ടില്ല.

ബ്ലാക്ക്മാൻ അപ്പോഴേക്കും വിറയൽ മാൻ ആയി കഴിഞ്ഞിരുന്നു.

ചേട്ടൻ എന്തിനാണ് ഇങ്ങനെ വിറയ്ക്കുന്നത് എന്ന് ചോദിക്കുമ്പോൾ നീലിക്ക് ചിരി പിടിച്ച് നിർത്താൻ പറ്റാത്ത അവസ്ഥ ആയിരുന്നു.

ബ്ലാക്ക്മാനിൽ നിന്ന് വിറയൽമാൻ ആയ ശ്രീകുമാർ അപ്പോഴത്തേക്ക് നിശ്ചൽമാൻ ആയി റോഡിൽ വീണു.

എന്ത് ചെയ്യണം എന്ന് അറിയാതെ നീലിയും ആശയകുഴപ്പത്തിൽ ആയി. ഒരു പരിചയവും ഇല്ലെങ്കിലും നീലിക്കും ബ്ലാക്ക്മാനോട് ചെറിയ സഹതാപം തോന്നി തുടങ്ങി കാരണം അയാളും ജീവിക്കാനുള്ള എന്തോ ചിന്തയിൽ ആയിരിക്കും ഈ വേഷ ചാർത്തെന്നു അവൾക്ക് ബോധ്യപെട്ടു.

അങ്ങനെ ബ്ലാക്ക്മാന്റെ അടുത്ത് ഇരിക്കുമ്പോൾ ആണ്,

"വെള്ളം " " വെള്ളം "

 

എന്ന് പെട്ടന്ന് ബോധം തെളിഞ്ഞപ്പോൾ ബ്ലാക്ക്‌മാൻ പറഞ്ഞത്.

" ചേട്ടാ, ഞാൻ നീലി ഒന്നുമല്ല. ചേട്ടൻ പേടിക്കണ്ട "

വെള്ളം ഈ സമയം എവിടെ കിട്ടാൻ ആണ്. പിന്നെ ചേട്ടൻ നല്ല ബ്ലാക്ക്‌മാൻ തന്നെ ഈ പണിക്കു ഒക്കെ പോകുമ്പോൾ കുറച്ചു ധൈര്യം ഒക്കെ വേണ്ടേ !!!

ഇത് കേട്ടപ്പോൾ ആണ് വിറയൽ മാൻ പഴയത് പോലേ ബ്ളാക്ക്മാൻ ആയത് പിന്നെ വീണ്ടും ഗമയോട് കൂടി എനിക്ക് പേടി ആണെന്ന് നിന്നോട് ആരാണ് പറഞ്ഞത്. ഇതൊക്കെ എന്റെ ഒരു അടവ് ആണ്.

"ഉവ്വ് ഉവ്വ്, വെറുത പുളു അടിക്കാതെ ചേട്ടാ.

ഞാൻ ആയതു കൊണ്ടു സത്യം പറഞ്ഞു അല്ലെങ്കിൽ കാണാമായിരുന്നു ബ്ലാക്ക്മാന്റെ ധൈര്യം.

അതൊക്കെ പോട്ടെ ചേട്ടാ,
"ചേട്ടൻ എന്തിനാണ് ഇങ്ങനെ ഒരു വേഷം കെട്ടിയതു."

ബ്ലാക്ക്‌മാൻ തന്റെ കരി പുരണ്ട ബിസിനെസ്സ്‌ ആശയം ചെറിയ നേരം കൊണ്ടു പരിചയപെട്ട നീലിയോട് പങ്കിട്ടു.

ആശയം കേട്ടതും,


നീലി
ചേട്ടാ, ചേട്ടൻ ബിസിനസ്‌ വിജയിപ്പിക്കാൻ കറുപ്പായ കരിയേ ആശ്രയിച്ചപ്പോൾ ഞാൻ എന്റെ കുടുംബം മുന്നോട്ട് പോകാൻ വെളുത്ത വസ്ത്രം ധരിച്ചു കറുത്ത ആശയത്തെ കൂട്ട് പിടിച്ചു.

കാർമേഘകൂട്ടിന്റെ തടവറയിൽ നിന്ന് മോചിതനായ ചന്ദ്രന്റെ വെളിച്ചത്തിൽ ചിരിച്ച ബ്ലാക്ക്‌മാന്റെയും നീലീയുടെയും ചിരിക്കു നിലാവിന്റെ വെട്ടം ആയിരുന്നു ആ നേരം.

പാതി വഴിക്ക് കരി പുരണ്ട ആശയം ഉപേക്ഷിച്ച്‌ ബ്ലാക്ക്മാൻ നടന്നകന്നപ്പോൾ, നീലീ തന്നെ സ്പർശിക്കുക പോലും ചെയ്യാതെ ബ്ലാക്ക്മാൻ ചുരുട്ടി കൂട്ടി കൊടുത്ത നോട്ടുകൾ നിവർത്തി എണ്ണുകയായിരുന്നു...

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ