മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

 

ഇത്രയും ഉന്മേഷവതിയായി അവളെ ഇതുവരെ കണ്ടിട്ടില്ല. അടുപ്പത്ത് വെട്ടിതിളക്കുന്ന ഇറച്ചി കറിയുടെ ഗന്ധത്തിന്ന് രുചിയുടെ മാറ്റുണ്ടായിരുന്നു. പതിവിലും വേഗത്തിൽ എല്ലാ ജോലികളും ചെയ്തു തീർത്തു.

ആ വലിയ വീടിന്റെ തീൻമേശയിൽ സമയത്തിന് വിഭവങ്ങളൊരുക്കി വിളമ്പിയാലും ഉപ്പിനും മുളകിനും കുറവ് കണ്ടെത്തി കുറ്റപ്പെടുത്താൻ ഭർത്താവിന് പോലും ആയിരം നാവായിരുന്നു. ഒരു വേലക്കാരിയുടെ സ്ഥാനം പോലും പലപ്പോഴും ലഭിച്ചിരുന്നില്ല.

എന്നിട്ടും മറുത്തൊന്നും പറയാതെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായ് നരകതുല്യമായ വേവ്നിലത്തിൽ തളരാതെ മുന്നോട്ട് നയിച്ചത് പ്രതീക്ഷകളുടെ പ്രതിധ്വനികൾ മാത്രമാണ്. എന്നെങ്കിലും തന്നെ മനസ്സിലാക്കുന്ന ഭർത്താവാകും എന്ന പ്രതീക്ഷ.

വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ന് സ്വന്തം വീട്ടിലേക്ക് പോകാൻ ഭർത്താവിന്റെ സമ്മതം ലഭിച്ചത്. വീർപ്പുമുട്ടലുകൾക്ക് താൽക്കാലിക വിരാമമാകുമെന്ന ചിന്തയോടെ പതിവുജോലികളെല്ലാം നേരത്തേ തീർത്ത് മൂന്നു വയസ്സുകാരിയേയും തോളിലിട്ട് പടിയിറങ്ങി.

ഇനിയൊന്നുറങ്ങണം. കുറ്റങ്ങളും പരിഭവങ്ങളും ഇല്ലാത്ത ലോകത്ത് പ്രവർത്തനം നിലച്ച യന്ത്രം പോലെ ഒന്നു വിശ്രമിക്കണം . മാളുവിന്റെ ഹൃദയത്തിൽ സന്തോഷത്തിന്റെ തിരമാലകൾ അലയടിച്ചു.

നീ ഏതു ലോകത്താ മാളൂ? ചുമലിൽ തട്ടിയുള്ള അമ്മയുടെ ചോദ്യം അവളെ ചിന്തയിൽ നിന്നുണർത്തി.

അമ്മയുടെ കൈപുണ്യം നിറഞ്ഞ മീൻ കറിയും കൂട്ടി ഭക്ഷണം കഴിച്ചപ്പോൾ വയറു നിറഞ്ഞതറിഞ്ഞില്ല. അടുക്കളയിൽ കയറി ഓരോന്നായ് വീക്ഷിച്ചു.
കുഞ്ഞു നാൾ തൊട്ട് തന്റെ കരസ്പർശങ്ങളേറ്റ പാത്രങ്ങൾ, ഊതി പിടിപ്പിച്ച തീ നാളങ്ങൾ കത്തിയമർന്ന അടുപ്പുകൾ, തേങ്ങയും ചീരുള്ളിയും പച്ചമുളകും ചേർത്തരച്ച അമ്മിക്കല്ലുകൾ, എല്ലാം ഇന്നവൾക്ക് അന്യമായ് തോന്നി.

അവൾ വീടിന്റെ അകത്തളങ്ങളിൽ ചുറ്റി നടന്നു. ചില്ലലമാരയിൽ നിറഞ്ഞു നിൽക്കുന്ന മെഡലുകളിലും ട്രോഫികളിലും അവളുടെ വിരലുകൾ പതിഞ്ഞു. പഠനത്തിൽ മിടുക്കിയായിട്ടും ഇന്ന് ഒന്നും ആയിതീരാൻ കഴിയാതെ പോയല്ലോ എന്ന ചിന്ത ഒരു ദീർഘനിശ്വാസംപൂണ്ടു.

തന്റെ മുറിയിലെ ജാലക ചില്ലുകൾ പതുക്കെ തുറന്നു. ഇറയത്ത് നിന്നും ഇറ്റി വീഴാൻ മടിച്ചു നിൽക്കുന്ന മഴത്തുള്ളികൾ വർഷങ്ങൾക്ക് പുറകിലേക്കവളെ കൂട്ടിക്കൊണ്ടുപോയി. തിമിർത്ത് പെയ്യുന്ന മഴയും, പച്ചവയൽ വരമ്പും, കുളവും, തോടും , മാവും , പ്ലാവും , പെട്ടികടയിലെ ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും, പ്രിയ കൂട്ടുകാരി ലക്ഷ്മിയും ഓർമ്മകളിൽ തെളിഞ്ഞു.
ചാറ്റൽ മഴ നനഞ്ഞ് തൊടിയിലും വയൽവരമ്പിലും ചുറ്റി നടന്ന് ഒടുവിൽ ലക്ഷ്മിയുടെ വീട്ടിലെത്തി.

ഉമ്മറപ്പടിയിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു. ലക്ഷ്മീ..
ആരാത്?
ഞാനാണമ്മേ.. മാളു.
മാളുക്കുട്ടിയോ? എന്താ അവിട തന്നെ നിന്നത്. കയറി വരൂ.
മാളൂ.. നീ എപ്പോഴെത്തി?
ലക്ഷ്മീ .. വാ നമുക്കൊന്ന് നടന്നു വരാം.

കൈകോർത്തു പിടിച്ച് കൂട്ടുകാരികൾ മഴ നനയാനിറങ്ങി.

കടവിലെ കൽപടവുകളിൽ കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ചിരുന്ന് സമയം നീങ്ങിയതവരറിഞ്ഞില്ല.

പ്ലസ്ടു പഠനം കഴിഞ്ഞ് തുടർ പഠനമെന്ന മോഹവുമായിരിക്കുമ്പോഴാണ് തൊട്ടടുത്ത ദേശത്തെ വലിയ തറവാട്ടിൽ നിന്നും ആ ബിസിനസ്സുകാരനുമായുള്ള കല്യാണാലോചന വന്നത്. പഠനവും തുടർന്നൊരു ജോലിയും മാത്രം സ്വപ്നം കണ്ടു നടന്ന മാളു കല്യാണത്തിന് സമ്മതം മൂളിയത് തുടർന്നും മാളൂനെ പഠിപ്പിക്കും എന്ന് അവർ അച്ഛനു നൽകിയ ഉറപ്പിൽ വിശ്വസിച്ചായിരുന്നു.

വിവാഹ ജീവിതം എല്ലാ പ്രതീക്ഷകളും തകർക്കുന്നതായിരുന്നു. തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസിലാക്കാത്ത മദ്യപാനിയും കഠിന ഹൃദയനുമായ ഭർത്താവിന്റെ
മർദ്ദനങ്ങളും കുത്തുവാക്കുകളും ഏറ്റുവാങ്ങി ആ വലിയ വീടിന്റെ അകത്തളത്തിലെ കേവലം ഒരു അടുക്കളക്കാരിയായി ദിനങ്ങൾ കൊഴിഞ്ഞു.

തന്റെ വിഷമങ്ങളും പ്രയാസങ്ങളും ഇന്നാദ്യമായി മറ്റൊരാളോട് പറഞ്ഞൊഴിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി മാളൂന്.

സമയം സന്ധ്യയോടടുത്തു. പറഞ്ഞാൽ തീരാത്ത കുട്ടിക്കാലത്തിന്റെ ഓർമ്മകൾ
ബാക്കിയാക്കി അവർ തിരിച്ചു നടന്നു.
ഏതാനും ദിവസങ്ങൾക്ക് ശേഷം ഭർതൃഗൃഹത്തിലേക്ക് തിരിച്ച് പോകാനൊരുങ്ങുമ്പോൾ തന്നെ കാത്തിരിക്കുന്ന അടുക്കളയെന്ന ഫാക്ടറിയിലെ യന്ത്രമാകാൻ അവളുടെ മനസ്സും ശരീരവും സ്വയം പാകപ്പെട്ടിരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ