ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ പള്ളിയിൽ പെരുന്നാളിനു പോയി മടങ്ങുമ്പോൾ, എനിക്കു മുമ്പിൽ പോയ ഒരു യുവതി ഒന്നുരണ്ടുവട്ടം എന്നെ
തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കുറച്ചു ദൂരം മുൻപോട്ടു നടന്നു ശേഷം അവൾ വീണ്ടും തിരിഞ്ഞു നോക്കി. പിന്നീട് അവൾ അവിടെ തന്നെ നിന്നു. ഞാനടുത്തെത്തിയപ്പോൾ
'ലിസ ചേച്ചി അല്ലേ, എന്നെ അറിയുമോ?' എന്ന് ചോദിച്ചു.
ഇളം വൈലറ്റ്സാരിയുടുത്ത ഒരു സുന്ദരി . ശ്രീത്വമുള്ള മുഖം. ഒരു നിമിഷം! ഞാനെൻ്റെ സ്മൃതി മണ്ഡലത്തിൽ പരതി നോക്കി. പക്ഷേ, ഈ മുഖം ഓർമ്മയിൽ വന്നില്ല. എവിടെയോ കണ്ടതുപോലെ .. ഓർത്തെടുക്കാൻ സാധിക്കുന്നില്ല. ഞാൻ ആലോചന തുടരുമ്പോൾ അവൾ മോളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
"ഇത് അഞ്ജലി മോളല്ലേ?"
"അമലൂട്ടൻ എന്നെ മറന്നു പോയോ ?"
അവൾ മോനോടും ചോദിച്ചു.
"ജോയിച്ചായൻ്റെ ബിസിനസ്സൊക്കെ എങ്ങിനെ പോകുന്നു?"
ചിരകാല പരിചിതയെപ്പോലെ അവൾ ഞങ്ങളെ എല്ലാവരെയും ആശ്ചര്യപ്പെടുത്തി .
"ആരാ അമ്മേ ഇത് ?" അഞ്ജലി ചോദിച്ചു .
" ലിസ ചേച്ചി എന്നെ മറന്നു പോയി എന്നു തോന്നുന്നു. പക്ഷേ, എനിക്കൊരിക്കലും മറക്കാനാവില്ല നിങ്ങളെ ." അവൾ പറഞ്ഞു.
"ഞാൻ ജെസീന"
"ഓ.. ജെസീനാ.. നീയോ?" എനിക്ക് അത്ഭുതം തോന്നി. മെലിഞ്ഞ് വള്ളി പോലിരുന്ന ജെസീന ഇപ്പോൾ തുടുത്ത് ഒരു കൊച്ചു സുന്ദരിയായിരിക്കുന്നു.
"ചേച്ചീ.. നിങ്ങൾ പെരുന്നാളു കൂടാൻ വന്നതാണല്ലേ?" അവൾ ചോദിച്ചു.
" അതെ ജെസീനാ.
ഞങ്ങൾക്ക് ഒരു നേർച്ചയുണ്ടായിരുന്നു. നീ തനിച്ചാണോ വന്നത് ?"
"ഇവിടെ അടുത്ത് ആണ് ചേച്ചീ എൻ്റെ വീട് . വീട്ടിൽ കയറിയിട്ട് പോയാൽ മതി." അവൾ ഞങ്ങളെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.
"ഇനിയൊരിക്കൽ ആവാം ജെസീനാ. ഞങ്ങൾക്കിത്തിരി തിരക്കുണ്ട്."
"അതൊന്നും പറഞ്ഞാൽ പറ്റില്ല ചേച്ചീ. ഞാൻ നിങ്ങളെ എൻ്റെ വീട്ടിൽ കൊണ്ടു പോയിട്ടേ വിടൂ. ഒരു അഞ്ചു മിനിറ്റ് സമയം മതി. എനിക്കൊരിക്കലും ചേച്ചിയെ മറക്കാൻ കഴിയില്ല .എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ എന്നെ സഹായിച്ച വ്യക്തികൾ നിങ്ങളാണ്." അവൾ സന്തോഷത്തോടെ പറഞ്ഞു.
" ചേച്ചീ .. ഞാൻ അവിടെ നിന്ന് പോരുമ്പോൾ ജീവിക്കണോ, മരിക്കണോ എന്നു പോലും നിശ്ചയമില്ലാത്ത സ്ഥിതിയിലായിരുന്നു.എൻ്റെ മക്കൾക്കു വേണ്ടി എല്ലാം സഹിച്ച് ജീവിക്കുവാൻ എനിക്ക് പ്രചോദനമായത് ചേച്ചി തന്ന ഉപദേശങ്ങളാണ്. ചേച്ചി പഠിപ്പിച്ച പ്രാർത്ഥനകളുമാണ്. അതു കൊണ്ടാണ് ഈ പള്ളി മുറ്റത്തുവച്ച് എനിക്ക് നിങ്ങളെ വീണ്ടും കാണാൻ സാധിച്ചത്."
നന്ദി നിറഞ്ഞ സ്നേഹത്തോടെയുള്ള അവളുടെ ക്ഷണം നിരാകരിക്കാൻ എനിക്ക് തോന്നിയില്ല. ഞാൻ ജോയിച്ചായൻ്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി. കണ്ണുകളാൽ അദ്ദേഹം സമ്മതം എന്ന് അറിയിച്ചു.
ഞങ്ങളുടെ കാർ അവളുടെ സ്ക്കൂട്ടിയെ പിൻതുടർന്നു.
18 വർഷങ്ങൾക്കു മുമ്പാണ് എൻ്റ വീടിനടുത്തുള്ള വാടക വീട്ടിൽ അവർ താമസിക്കാൻ വന്നത്. സിബിച്ചനും ജെസീനയും. സിബിച്ചൻ ഒരു മേസ്തിരി പണിക്കാരനായിരുന്നു. ജെസീനയുടെ വീട്ടിൽ കെട്ടിടം പണിക്ക് എത്തിയപ്പോൾ അവർ തമ്മിൽ പരിചയപ്പെട്ടു. ആ പരിചയം വളർന്ന് പ്രണയത്തിലെത്തി. ജെസീന അന്ന് പ്രീഡിഗ്രിയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്ന പ്രായം. അവർ രജിസ്റ്റർ വിവാഹം ചെയ്തു നാടുവിട്ടു. അങ്ങനെയാണ് അവർ ഞങ്ങളുടെ നാട്ടിൽ എത്തിയത് .
നല്ല സ്നേഹമുള്ള ഇണക്കിളികൾ. സിബിച്ചൻ രാവിലെ പണിക്ക് പോയാൽ വൈകുന്നേരം ആറു മണിക്കേ തിരിച്ചു വരാറുള്ളൂ. പകൽ നേരങ്ങളിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കൊണ്ട് ജെസീനയെ ഞങ്ങളുടെ വീട്ടിൽ കൊണ്ടാക്കിയത് സിബിച്ചൻ തന്നെയാണ്.
എൻ്റെ മക്കൾ അമലിനും അഞ്ജലിക്കും ജെസീനയെ വലിയ കാര്യമായിരുന്നു. അവൾക്കും കുട്ടികളെ ജീവനായിരുന്നു.
സിബിച്ചൻ ദിവസവും ജോലി കഴിഞ്ഞ് എത്തുമ്പോൾ കുറേശെ മദ്യപിക്കുന്ന ശീലം തുടങ്ങി. ആദ്യമൊക്കെ ഭയം മൂലം മിണ്ടാതിരുന്ന ജെസീന പിന്നെ പിന്നെ അയാളുടെ ദു:ശ്ശീലത്തെ എതിർത്തു തുടങ്ങി.
അവർക്ക് പിറന്നത് ഇരട്ടക്കുട്ടി കളായിരുന്നു, ആൺകുട്ടികൾ. ആ കുഞ്ഞുങ്ങളെ വളർത്താൻ ജെസീന ഏറെ കഷ്ടപ്പെട്ടു. അപ്പോഴേക്കും സിബിച്ചൻ ഒരു സ്ഥിരമദ്യപാനി ആയി തീർന്നു. മദ്യപിക്കാൻ മാത്രമായി പിന്നീട് അയാളുടെ ജോലികളെല്ലാം. ഭാര്യയും മക്കളും പട്ടിണി ആണെന്ന് പോലും നോക്കാതെ 24 മണിക്കൂറും അയാൾ മദ്യത്തിൽ അഭയം കണ്ടെത്തി.കലഹം അവരുടെ ജീവിതത്തിലെ നിത്യസംഭവമായി.
പലപ്പോഴും മക്കളുമായി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ജസീനയ്ക്ക് ഞാൻ കഴിയുംപോലെ സഹായവും ഉപദേശവും കൊടുത്തിരുന്നു .
എല്ലാം ശരിയാകും എന്നുള്ള പ്രത്യാശയിൽ അവൾ പ്രാർഥനയിൽ അഭയം കണ്ടെത്തി. പക്ഷേ , അയാളുടെ സ്വഭാവം ഒന്നിനൊന്നു വഷളാവുകയായിരുന്നു. അവളുടെ സ്വർണാഭരണങ്ങളെല്ലാം അയാൾ വിറ്റുതുലച്ചു.
എതിർപ്പ് കാട്ടിയ ജെസീനയെ അയാൾ ക്രൂരമായി മർദ്ദിച്ചു. അവൾ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ മക്കളുമൊത്ത് ഓടിവന്നു രാത്രി കഴിച്ചു കൂട്ടിയിരുന്നത് എൻ്റെ വീട്ടിലായിരുന്നു. ഒരു രാത്രി സിബിച്ചൻ കൂട്ടുകാരോടൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുമ്പോൾ അതിലൊരുവൻ അവളുടെ കൈയ്യിൽ കടന്നുപിടിച്ചു .
അവളുടെ മാനം രക്ഷിക്കേണ്ടവൻ സുബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. അവൾ മക്കളെയും എടുത്തു കരഞ്ഞു കൊണ്ട് ഓടി ഞങ്ങളുടെ വീട്ടിലെത്തി.
"ഞാൻ മരിക്കും ചേച്ചി "എന്നു പറഞ്ഞവൾ പൊട്ടിക്കരഞ്ഞു.
" നീ മരിച്ചാൽ നിൻ്റെ കുഞ്ഞുങ്ങളുടെ അവസ്ഥ എന്താകും? അവർ എങ്ങനെ ജീവിക്കും?"
എൻ്റെ ചോദ്യം കേട്ടപ്പോൾ ആണ് അവൾക്ക് വീണ്ടുവിചാരമുണ്ടായത്.
'നിനക്ക് സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോയ്ക്കൂടെ? അച്ഛനോടും അമ്മയോടും നീ നിൻ്റെ തെറ്റുകൾ ഏറ്റു പറഞ്ഞാൽ അവർ നിന്നെയും മക്കളെയും സ്വീകരിക്കു'മെന്ന് ഞാൻ പറഞ്ഞപ്പോൾ പ്രതീക്ഷയോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാനവൾ തീരുമാനമെടുത്തു.
അവൾക്കുള്ള വണ്ടിക്കൂലിയും കൊടുത്തു അടുത്ത ദിവസം രാവിലെ അവളെയും മക്കളെയും ബസ്സിൽ കയറ്റി വിട്ടപ്പോൾ പ്രിയപ്പെട്ടൊരാൾ പിരിഞ്ഞു പോകുന്ന നൊമ്പരമായിരുന്നു. കണ്ണൂർ എവിടെയോയാണ് വീട് എന്നെനിക്കറിയാമായിരുന്നു. അതിനുശേഷം അവളുടെ ഒരു വിവരവും ഇല്ലായിരുന്നു .
ജെസീനയും മക്കളും പോയ ശേഷം പലപ്പോഴും കുടിച്ച് സുബോധം നഷ്ടമായ നിലയിലായിരുന്നു സിബിച്ചൻ.
വല്ലപ്പോഴും പണിയ്ക്ക് പോയാലായി. ജോലിയ്ക്ക് ചെല്ലുന്ന വീടുകളിൽ നിന്ന് മദ്യം കിട്ടിയാൽ ഏറെ സന്തോഷം. മൂന്നാലു വർഷങ്ങൾക്ക് ശേഷം അയാളും ഞങ്ങളുടെ നാട്ടിൽ നിന്നും പോയി.
ഗേറ്റ് കടന്ന് അവളുടെ സ്കൂട്ടിക്ക് പിന്നാലെ ഞങ്ങളുടെ കാർ വിശാലമായ മുറ്റത്ത് ചെന്നുനിന്നു. സാമാന്യം വലുപ്പമുള്ള ഒരു ടെറസ് വീട്. സ്ക്കൂട്ടിയിൽ നിന്നും ഇറങ്ങി വന്ന ജെസീന ഡോർ തുറന്നു ഞങ്ങളെ സ്വീകരിച്ചു വീട്ടിലേയ്ക്ക് കയറ്റി.
അപ്പോഴേക്കും വാതിൽ തുറന്ന് അവളുടെ മക്കൾ രണ്ടു പേരും ഇറങ്ങിവന്നു. അവർ ആശ്ചര്യത്തോടെ ഞങ്ങളെ നോക്കി നിന്നു.
"ലിസ ചേച്ചീ ഇതാണെൻ്റെ മക്കൾ റോണും ഡോണും." അവൾ പറഞ്ഞു. കുട്ടിക്കാലത്തെ അതേ മുഖഛായ.
ഞാനവരുടെ നെറ്റിയിലേയ്ക്ക് സൂക്ഷിച്ചു നോക്കി. ഒരു അടയാളത്തിനായ്. തിരിച്ചറിയാനേ പറ്റുന്നില്ല അത്രയ്ക്കു സാമ്യം. റോൺ കുഞ്ഞുന്നാളിൽ വീണ് നെറ്റിയിൽ ഒരു ചെറിയ മുറിവുണ്ടായിരുന്നു. ആ മുറിപ്പാടാണ് ഞാൻ അടയാളമായി സൂക്ഷിച്ചിരുന്നത്. പക്ഷേ ഇപ്പോഴാ അടയാളം കാണാനില്ല.
ഞങ്ങളെ സ്വീകരണമുറിയിരുത്തി. ജെസീന നിമിഷങ്ങൾക്കുള്ളിൽ ചായയും പലതരം പലഹാരങ്ങളുമായെത്തി. നിർബന്ധപൂർവ്വം അവൾ ഞങ്ങളെ എല്ലാം കഴിപ്പിച്ചു. ഇടയ്ക്കിടെ പഴയ കാര്യങ്ങൾ അവൾ നന്ദിയോടെ പറഞ്ഞു കൊണ്ടിരുന്നു.
അവളോടൊപ്പം ഞാനും അടുക്കളയിലേയ്ക്ക് പോയി. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള വീടും അടുക്കളയും.
"അന്ന് നീ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോയത് നന്നായി അല്ലേ ?"
എൻ്റെ ചോദ്യം കേട്ട് അവൾ ഒന്നു ചിരിച്ചു. "പോയത് വീട്ടിലേയ്ക്കാണെങ്കിലും ഞാൻ വീട്ടിലെത്തിയില്ല ചേച്ചി. ചേച്ചി പറയും പോലെ തക്ക സമയത്ത് ദൈവം ഇടപെട്ടു. അങ്ങനെ ഞാനും മക്കളും ഇവിടെത്തി . പറയാൻ തുടങ്ങിയാൽ തീരില്ല. അത്ര വലിയ ഒരു കഥയാണ് എൻ്റെ ജീവിതം. ചേച്ചിക്കു കേൾക്കാൻ സമയമുണ്ടെങ്കിൽ ഞാൻ പറയാം." അവൾ പറഞ്ഞു.
"നീ പറയ്, എനിക്കു കേൾക്കാൻ ആഗ്രഹമുണ്ട്." കേൾക്കാനുള്ള ആകാംക്ഷയാടെ ഞാൻ പറഞ്ഞു.
എൻ്റെ വീട്ടിലേക്ക് പോകണം എന്ന ആഗ്രഹത്തോടെ ആണ് അവിടെ നിന്നും ഞാൻ പോന്നത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കണ്ണൂർക്കുള്ള ട്രെയിൻ 11 മണിക്കാണ് എന്നറിഞ്ഞു.ടിക്കറ്റെടുത്ത് ട്രെയിൻ കാത്ത് ഞങ്ങൾ പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ
ചേച്ചിക്ക് അറിയാമല്ലോ മൂന്നു വയസുള്ള എൻ്റെ മക്കളുടെ വികൃതി. അവര് ഓടിക്കളിച്ചു കുറച്ചു ദൂരേയ്ക്ക് പോയി.അവരുടെ പിന്നാലെ പോയി ഞാൻ തിരിച്ചു വന്നു നോക്കുമ്പോൾ ചേച്ചി എൻ്റെ ടിക്കറ്റും പണവും വസ്ത്രങ്ങളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടിരുന്നു.
ഞാൻ മക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. എൻ്റെ കരച്ചിൽ കേട്ട് അതുവഴി വന്ന പലരും സഹതപിച്ച് കടന്നുപോയി. ചിലർ റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. അവരും എന്തൊക്കെയോ ചോദിച്ചു.കിട്ടിയാൽ തരാം എന്നു പറഞ്ഞ് അവരും പോയി.
എല്ലാം നഷ്ടപ്പെട്ട എനിക്കും മക്കൾക്കും ഇനി മരണം മാത്രമായിരുന്നു മുന്നിലുള്ള വഴി. പതിനൊന്നു മണിക്ക്
വരുന്ന ട്രെയിനിനു മുന്നിൽ ചാടി മരിക്കാനുറച്ച സമയത്താണ് ദൈവദൂതനെപ്പോലെ ഒരു സിസ്റ്റർ എനിക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.
'എന്ത് പറ്റി മോളെ ?' എന്ന് ചോദിച്ചു കൊണ്ട് അവർ എന്നെ ആശ്വസിപ്പിച്ചു. എൻ്റെ കഥകളൊക്കെ കേട്ടപ്പോൾ 'മോളെൻ്റെ കൂടെ പോരെ, ഞാൻ നിനക്കും മക്കൾക്കും താമസിക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കാനുമുള്ള എല്ലാ സൗകര്യവും ചെയ്തു തരാം. എന്ന് പറഞ്ഞു.
മരണം അടുത്തെത്തി എന്നു കരുതിയ എനിക്ക് പുതുജീവൻ കിട്ടിയ അവസ്ഥയായി. അങ്ങനെ ഞാനും മക്കളും സിസ്റ്ററിനോടൊപ്പം യാത്രയായി.
'സിസ്റ്റർ ഗ്ലോറിയ' അതാണാ സിസ്റ്ററമ്മയുടെ പേര്.ഭരണങ്ങാനത്തുള്ള മഠത്തിലേയ്ക്കാണ് ഞങ്ങൾ പോയത്. അവിടുത്തെ സുപ്പീരിയറാണ് സിസ്റ്ററമ്മ. എനിക്കും മക്കൾക്കും കോൺവെൻറ് ഔട്ട്ഹൗസിൽ താമസിക്കാനുള്ള എല്ലാ സൗകര്യവും സിസ്റ്ററമ്മ ഒരുക്കിത്തന്നു.
അവരുടെ കോൺവെൻ്റിലെ ജോലികളിലും അടുക്കളയിലും എന്നാൽ കഴിയുംവിധം ഞാൻ
സഹായിച്ചു കൊടുത്തിരുന്നു. കോൺവെൻ്റിൽ തന്നെയുള്ള നഴ്സറി ക്ലാസിൽ എൻ്റെ മക്കളെ ചേർത്തു .
സ്വന്തം മകളെപ്പോലെയാണ് സുപ്പീരിയറും മറ്റു സിസ്റ്റേഴ്സും ഞങ്ങളെ സ്നേഹിച്ചത്. എനിക്കും മക്കൾക്കും ഒരു കാര്യത്തിലും ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം എന്ന് സിസ്റ്ററമ്മ എപ്പോഴും പറയും. അതിനായി അവരെന്നെ തുന്നലു പഠിപ്പിച്ചു.
സിസ്റ്ററമ്മയുടെ സഹോദരൻ ജർമനിയിലാണ് . കിഡ്നി രോഗിയായ അദ്ദേഹം നാട്ടിലെത്തി. എല്ലാ ചികിൽസയും വൃഥാവിലായപ്പോൾ ഏക പോം വഴി 'കിഡ്നി മാറ്റി വയ്ക്കുക ' എന്നുള്ളതാണ്. അവർ പത്രത്തിൽ പരസ്യം കൊടുത്തു.
പക്ഷേ ,അദ്ദേഹത്തിനു മച്ചായ കിഡ്നി കിട്ടിയില്ല. സിസ്റ്ററമ്മയുടെ ദു:ഖം കണ്ടപ്പോൾ ഞാൻ പറഞ്ഞു.
'എൻ്റെ കിഡ്നി തരാം എന്ന്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എൻ്റെ കുഞ്ഞുങ്ങളെ നോക്കണം.' എന്ന്.
ആദ്യമൊന്നും സിസ്റ്ററമ്മ സമ്മതിച്ചില്ല. മറ്റൊരു തരത്തിലും കിഡ്നി ലഭിക്കാതെ വന്നപ്പോൾ സിസ്റ്ററിൻ്റെ വീട്ടുകാർ വന്ന് എന്നോട് സംസാരിച്ചു. അങ്ങനെ എൻ്റെ ഒരു കിഡ്നി 'എനിക്ക് ജീവനും ജീവിതവും' നൽകിയ എൻ്റെ സിസ്റ്ററമ്മയ്ക്ക് വേണ്ടി ഞാൻ ദാനം ചെയ്തു .
ഓപ്പറേഷൻ കഴിഞ്ഞപ്പോൾ സ്വന്തം മകളെപ്പോലെ അവർ എന്നെ പരിചരിച്ചു. എനിക്കും മക്കൾക്കും വേണ്ട എല്ലാ സംരക്ഷണവും അവർ നൽകിയിരുന്നു.
ഒരു വർഷത്തിനുശേഷമാണ് പത്തു സെൻ്റു സ്ഥലവും മനോഹരമായ ഒരു വീടും എനിക്കായി അവർ വാങ്ങിച്ചിരുന്നു എന്ന് ഞാൻ അറിഞ്ഞത്.പ്രതിഫലം ആഗ്രഹിക്കാതെയായിരുന്നു ചേച്ചീ എൻ്റെ ദാനം. പക്ഷേ കുട്ടികൾ വളർന്നു വരുന്നു. അപ്പോൾ കോൺവെൻ്റിന് പുറത്ത് താമസസ്ഥലം കണ്ടു പിടിക്കണം. അങ്ങനെയാണ് ഞാൻ ഈ വീട് സ്വീകരിച്ചത്.
ഞാൻ ഒരു ചെറിയ തുന്നൽ കട നടത്തുന്നുണ്ട് .അതു നല്ലൊരു വരുമാന മാർഗ്ഗമാണ്. വൈകുന്നേരം ഞാനും മക്കളും കൂടി കുറെ പലഹാരങ്ങൾ ഉണ്ടാക്കും. രാവിലെ കുട്ടികൾ അടുത്തുള്ള കടകളിൽ അവ കൊണ്ട് കൊടുത്തിട്ടാണ് സ്കൂളിൽ പോകുന്നത്. രണ്ടാളും പ്ലസ് ടു കഴിഞ്ഞു. അവരുടെ തുടർ പഠനത്തിന് ആവശ്യമായ പണം ഞാനും എൻ്റെ മക്കളും കൂടി ഉണ്ടാക്കി വെച്ചിട്ടുണ്ട്. അഭിമാനത്തോടെ അവൾ പറഞ്ഞു.
ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ ജെസീനയോട് ഞങ്ങൾ യാത്ര പറയുമ്പോൾ എൻ്റെയുള്ളിൽ നിറഞ്ഞ ആത്മ നിർവൃതിയായിരുന്നു.