mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

prethakadha

Rajanesh Ravi

കുറച്ചു പഴയ കഥയാണ്, അല്ല കഥയല്ല എന്റെ ജീവിതത്തിൽ തന്നെ സംഭവിച്ചൊരു കാര്യമാണ്. എന്റെ സ്വന്തം ജില്ലയായ ഇടുക്കിയിൽ തന്നെയുള്ള ഒരു റിസോർട്ടിൽ ജോലിക്ക് ചേർന്ന കാലം. വശ്യതയാർന്ന പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമായൊരു സ്ഥലമായിരുന്നു അത്. 

പ്രഭാതത്തിലെ കോടമഞ്ഞും അല്പം കഴിഞ്ഞാൽ തണുപ്പിനൊരല്പം ശമനം വരുത്താൻ മഞ്ഞുപാളികൾക്കിടയിലൂടെ തലനീട്ടുന്ന വെയിൽപ്പാളികളും, അതിന്റെ തിളക്കത്തിൽ തുടുത്തു നിൽക്കുന്ന പൂക്കളും, ഒരു ചിത്രകാരൻ മനോഹരമായി വരച്ചു വച്ചിരിക്കുന്നത് പോലെ സുന്ദരമായ തേയിലതോട്ടങ്ങളും, ദൂരെയായി മഞ്ഞും സൂര്യകിരണങ്ങളുമേറ്റ് വെട്ടിതിളങ്ങുന്ന ജലാശയവുമൊക്കെ മിഴിവേറ്റുന്ന പ്രകൃതിഭംഗി നിറഞ്ഞൊരിടം.

റിസോർട്ടിന്റെ ഗേറ്റിനോട്‌ ചേർന്ന് ഒരു ചെറിയ പാറയുണ്ട്, ആ പാറയിൽ മനോഹരമായി പണികഴിപ്പിച്ച ഒരു സെക്യൂരിറ്റി ക്യാബിൻ ഉണ്ടായിരുന്നു. മുൻവശം ഗ്ലാസ്‌ ഇട്ട് ഒരു മുറി പോലെ തന്നെ വളരെ സൗകര്യപൂർവം അതൊരുക്കിയിട്ടുണ്ടായിരുന്നു. ഞാൻ ജോയിൻ ചെയ്യുന്നതിനും വളരെ മുൻപ് ഒരു സെക്യൂരിറ്റി ജീവനക്കാരൻ ഒരു രാത്രിയിൽ അതേ മുറിയിൽ വച്ച് മരണപ്പെട്ടിട്ടുണ്ടത്രേ. പിറ്റേ ദിവസം രാവിലെയാണ് ആളുകൾ വിവരമറിഞ്ഞത്, ഹൃദയ സ്തംഭനം ആയിരുന്നു മരണകാരണം. അവിടെ ജോയിൻ ചെയ്യാനെത്തുന്നവരോടെല്ലാം പിന്നീട് അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾ പറയുന്നത് അവിടുത്തെ പഴയ സ്റ്റാഫിന്റെ ശീലമായി മാറി.

തദ്ദേശവാസിയായ മധ്യ വയസ്കനായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അലക്ഷ്യമായ മുടിയിഴകളും താടി രോമങ്ങൾ നിറഞ്ഞ മുഖവും ബീഡിക്കറ പുരണ്ട ചുണ്ടുകളുമുള്ള മെലിഞ്ഞു നീണ്ട ആ രൂപം അവരുടെ വർണ്ണനകൾ കൊണ്ടുതന്നെ ഏറക്കുറെ മനസ്സിൽ പതിഞ്ഞിരുന്നു. ചില രാത്രികളിൽ ഇദ്ദേഹത്തിന്റെ ശബ്ദവും, നടക്കുമ്പോളുള്ള ചെരുപ്പിന്റെ താളവും, പേരെടുത്തുള്ള വിളികളും പലരും പിന്നീട് കേട്ടിട്ടുണ്ടത്രേ. റിസപ്ഷനു മുൻപിലും, വില്ലകൾക്ക് മുൻപിലൂടെയും ഇദ്ദേഹം നടക്കുന്നത് കണ്ടവരുണ്ടെന്നാണ് പറയപ്പെടുന്നത്. അങ്ങനെ പൊടിപ്പും തൊങ്ങലും ചേർത്ത ഒരുപാട് കഥകൾ.

ഞാൻ ചെന്നതിനു പിന്നാലെ സെക്യൂരിറ്റി ജോലിക്കായി ഒരു ഇരുപത് വയസിനോടടുത്തു പ്രായമുള്ള ഒരു പയ്യൻ ജോയിൻ ചെയ്തു. കുറച്ചു ദിവസങ്ങൾ കുഴപ്പമില്ലാതെ കടന്നു പോയി, പഴയ കഥകൾ ആരോ പറഞ്ഞ് പയ്യനും അറിഞ്ഞു, പയ്യൻ ആകെ ഭയപ്പാടിലായി. പിന്നീടുള്ള രാത്രികളിൽ സെക്യൂരിറ്റിക്കായി വന്നയാൾക്ക് മറ്റൊരാൾ സെക്യൂരിറ്റി കൊടുക്കേണ്ടി വന്ന കൗതുകകരമായ കാഴ്ചക്കും സാക്ഷിയാകേണ്ടി വന്നു. ഒടുവിൽ സെക്യൂരിറ്റി ഏജൻസി ഈ വിവരമറിഞ്ഞു പയ്യനെ മാറ്റി വേറെ ആളെ ജോലിക്ക് വെക്കുകയുണ്ടായി.

ഇതെല്ലാം ഫ്ലാഷ് ബാക്കിനുള്ളിലെ ഫ്ലാഷ് ബാക്കാണ്, എന്റെ കഥ ഇനിയാണ് തുടങ്ങുന്നത്. പൊതുവിൽ ഡിസംബർ ജനുവരി മാസങ്ങളാണ് റിസോർട്ടിലെ തിരക്കുള്ള സീസൺ, രാത്രികളിൽ പത്തു ഡിഗ്രിക്ക് താഴെ തണുപ്പ് അനുഭപ്പെടുന്ന സമയം. ഞാൻ ജോലി ചെയ്യുന്നിടത്ത് ഉത്തരേന്ത്യൻ യാത്രാഗ്രൂപ്പുകൾ കൂടുതലായി വരാറുണ്ടായിരുന്നു. ഒരു ദിവസം അന്നത്തെ ഗ്രൂപ്പ് എത്താൻ കുറെയേറെ വൈകി, നൈറ്റ്‌ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ സഹായിക്കാൻ നിന്നത് കൊണ്ട് ഞാൻ ഇറങ്ങാൻ കുറച്ചു താമസിച്ചുപോയി, താമസിച്ചുവെന്നു പറഞ്ഞാൽ ഏകദേശം ഒരു പത്തര പതിനൊന്നു മണിയായിക്കാണും. സ്വെറ്ററും മങ്കിക്യാപും ഒക്കെയുണ്ടായിട്ടും തണുത്തു വിറച്ചു പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. റിസപ്ഷനിൽ നിന്നും ക്വാർട്ടേഴ്സിലേക്കെത്താൻ കുറച്ചു ദൂരമുണ്ട്. ഞാൻ മെല്ലെ തണുത്തു വിറച്ചു നടക്കുകയാണ്. വഴിയിൽ സാമാന്യം വലിയൊരു കയറ്റമുണ്ട്. കഷ്ടപ്പെട്ട് കയറ്റം കയറി ചെല്ലുമ്പോൾ നേരേ മുന്നിലായി ഒഴിഞ്ഞു കിടക്കുന്ന ഒരു വില്ലയുടെ വരാന്തയിൽ മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ കള്ളിമുണ്ടുടുത്ത ഒരാൾ കുനിഞ്ഞിരിക്കുന്നു. ഒറ്റ നോട്ടത്തിൽത്തന്നെ എനിക്കാളെ മനസിലായി, മെലിഞ്ഞു നീണ്ട താടിരോമങ്ങൾ നിറഞ്ഞ മുഖമുള്ളയാൾ, മനസ്സിൽ പതിഞ്ഞുപോയ പഴയ സെക്യൂരിറ്റിയുടെ അതേ രൂപം, ഇതയാൾ തന്നെ, ഞാനുറപ്പിച്ചു. എന്റെ അടിവയറ്റിൽ നിന്നും പേരറിയാത്ത എന്തോ ഒന്ന് മുകളിലേക്കു പാഞ്ഞു പോയത് പോലെ, എന്റെ കണ്ണുകളിൽ ഇരുട്ട്‌ കയറിത്തുടങ്ങി. സ്തംഭിച്ചു പോകുക, പ്രജ്ഞയറ്റ് പോകുക തുടങ്ങിയ വാക്കുകളുടെ അർഥം ഒരുപക്ഷെ എനിക്കാ രാത്രിയിലാണ് മനസിലായത്. എന്റെ ശരീരത്തിന്റെ നിയന്ത്രണം എന്റെ കയ്യിലല്ല എന്നൊരു നിമിഷം തോന്നിപ്പോയി. എനിക്ക് ചലിക്കാനാവുന്നില്ല, എന്റെ മനസിലും ചിന്തകളിലും ശരീരത്തിലുമുള്ള എന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. ഓടണമെന്നുണ്ട് പക്ഷേ കാലുകൾ ചലിക്കുന്നില്ല, ഉറക്കെ നിലവിളിക്കണമെന്നുണ്ട് പക്ഷേ നാവനങ്ങുന്നില്ല. രണ്ടോ മൂന്നോ മിനിറ്റ് അങ്ങനെ തന്നെ സ്ഥബ്ധനായി നിന്നിട്ടുണ്ടാവണം. പെട്ടെന്ന് അയാൾ മെല്ലെ തലയുയർത്തി എന്നെയൊന്നു നോക്കി. എനിക്കെന്റെ അവശേഷിച്ച ധൈര്യവും ചോർന്നു പോകുന്നത് പോലെ തോന്നി. അയാളെന്തോ എന്നോട് ചോദിച്ചു, മറുപടി പറഞ്ഞോ ഇല്ലയോ എന്ന് ഇപ്പോഴും ഓർമയില്ല. പക്ഷേ ആ ചോദ്യം എനി‌ക്കെവിടെ നിന്നോ അല്പം ധൈര്യം തന്നു, എന്റെ കണ്ണുകൾ തെളിഞ്ഞു തുടങ്ങി. ഞാൻ ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കി, അയാൾ കുനിഞ്ഞിരുന്ന്‌ ഒരു പൊതിയിൽ നിന്നെന്തോ കഴിക്കുകയാണ്, എനിക്ക് പെട്ടെന്നൊരു ആശ്വാസം തോന്നി, കാരണം ചോര കുടിക്കുന്ന പ്രേതങ്ങളെപ്പറ്റിയല്ലാതെ പൊതിയിൽ നിന്നും ഭക്ഷണം കഴിക്കുന്ന പ്രേതങ്ങളെപ്പറ്റി മുൻപ് കേട്ടറിവില്ലല്ലോ. ഞാൻ മെല്ലെ നടന്നു റൂമിലെത്തി, എല്ലാവരോടും ഈക്കഥ പറഞ്ഞു. വിറച്ചു കൊണ്ടാണ് ഞാൻ പറഞ്ഞതെങ്കിലും ഭയത്തിന് പകരം എല്ലാവർക്കും ചിരിയാണ് വന്നത്. ഒരു പുതിയ വില്ലയുടെ പണി അന്ന് രാവിലെ തുടങ്ങിയിരുന്നത്രെ, അതിനു വന്നൊരു പാവം പണിക്കാരനായിരുന്നത്. രാവിലെ കുറച്ചു നേരത്തെ ജോലിക്ക് പോയത് കൊണ്ട് ഞാൻ വിവരം അറിഞ്ഞിരുന്നില്ല. കാര്യം മനസിലായെങ്കിലും കുറച്ചു ദിവസങ്ങൾ കൂടി അതു വഴി നടന്നു പോകുമ്പോൾ എന്റെ നെഞ്ചിടിപ്പ് ഞാനറിയാതെ തന്നെ കൂടുമായിരുന്നു.

പരിണാമഘട്ടങ്ങളിലെന്നോ വഴി വിളക്കുകൾ വരികയും, പാലകളുടെയും കരിമ്പനകളുടെയും എണ്ണത്തിൽ കുറവ് വരികയും ചെയ്തത് കൊണ്ട് വംശനാശം സംഭവിച്ചൊരു ജീവി വർഗ്ഗമാണ് പ്രേതങ്ങളും യക്ഷികളുമെങ്കിലും ജീവിതത്തിൽ ഏറ്റവും ഭയന്ന നിമിഷങ്ങളിൽ മുൻപന്തിയിൽ പഴയ ആ സംഭവം തന്നെയാണ്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ