mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ദീർഘ യാത്രയുടെ മുഷിപ്പുമാറ്റാനുള്ള സംസാരത്തിൽ ചുറ്റിലുമുള്ള കാര്യങ്ങളിൽ തുടങ്ങി അയൽ പക്കവും കടന്നു എപ്പോഴോ ഫേസ്ബുക് പേജിൽ കണ്ട യുദ്ധക്കെടുതികളുടെ പോസ്റ്റിൽ വരെ എത്തിയിരുന്നു അവരുടെ ചർച്ചകൾ. സിറിയയിലെ ജനതയുടെ ദുർവിധി വാ തോരാതെ ഒരുവൻ ഏറ്റു പിടിച്ചു. 

7 വർഷക്കാലമായി സിറിയൻ ജനത അനുഭവിക്കുന്ന യാതനകൾ , ഐലൻ കുർദ്ധി എന്ന പിഞ്ചു കുഞ്ഞിനെ ചലനമറ്റ ശരീരം, ചുറ്റിലും സംഭവിക്കുന്നതെന്താണെന്നു മനസ്സിലാക്കാതെ കാതടപ്പിക്കുന്ന ശബ്ദങ്ങൾക്കും രോദനങ്ങൾക്കും നടുവിൽ ചിരിക്കുന്ന, കരയുന്ന, നിലവിളിക്കുന്ന, നിർവികാരമായ പിഞ്ചു ബാല്യങ്ങൾ .  ചിതറിയ ശരീരങ്ങൾക്കിടയിൽ ഉറ്റവരെ തിരയുന്നവർ, ജീവൻനഷ്ടപ്പെട്ടവർ,അംഗഭംഗം വന്നവർ,  തന്റെ അവസാന ശ്വാസം എപ്പോൾ എന്നു ഒരു നിശ്ചയവും ഇല്ലാതെ ചിതറി ഓടുന്ന ജനങ്ങൾ. 

ക്ലോറിൻ, സിരീൻ വിഷവാതക പ്രയോഗം. ഓമനത്വം മാറാത്ത കുഞ്ഞു മുഖങ്ങൾ പൊതിഞ്ഞു കെട്ടിയ വെള്ള തുണിക്കൂമ്പാരങ്ങൾ, എത്ര ദൂരം ഇനിയും പോകണം എന്നറിയാതെ മരുഭൂമിയിലെ ചൂടിനെ വകവയ്ക്കാതെ സുരക്ഷിതമായി ഒരിടം തേടി ചെറിയ ഒരു കൈപൊതിയുമായി നീങ്ങിയ 5 വയസ്സുള്ള ബാലൻ. ആലപ്പോ, ഖോട്ട, ദമാസ്കസ്. ബശ്ശാറുൽ അസദ്. അമേരിക്ക,റഷ്യ, തുർക്കി. Isis, വിമതർ, സിവിലിയൻസ് മനുഷ്യാവകാശ ലംഘനം, ആംനെസ്റ്റി ഇന്റർനാഷണൽ, ഐക്യ രാഷ്ട്ര സഭ. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഉണ്ടായ ക്ഷീണം മാറ്റാൻ കയ്യിൽ കരുതിയിരുന്ന ശീതള പാനീയകുപ്പി തുറന്നു അതിൽ നിന്നും രണ്ടു കവിൾ കുടിച്ച ശേഷം കാറിന്റെ AC ഫുൾ സ്പീഡിൽ വയ്‌ക്കേണ്ടി വന്നു അവർക്ക്.

ഇപ്പോഴും നിശ്ചയമില്ലാതിരുന്നത് ആഭ്യന്തര യുദ്ധം എങ്ങനെ ഉണ്ടായി . അതു 7 വർഷമായി തുടരുന്ന ദാരുണമായ മനുഷ്യക്കുരുതിയായി എങ്ങനെ ഭവിച്ചു എന്നുള്ളതായിരുന്നു. കൂട്ടത്തിൽ ഒരാൾ അതിനുള്ള മറുപടിക്കായി ഉടൻ തന്നെ ഗൂഗിൾ തപ്പി. ലേഖനങ്ങളും, ഫോട്ടോയും കൂടാതെ എന്താണ് സിറിയയിൽ ഇതുവരെ സംഭവിച്ചത് എന്നു ഭംഗിയായി വിവരിക്കുന്ന ഗ്രാഫിക്സ് ആനിമേറ്റഡ് ക്ലിപ്പുകളുടെ യൂട്യൂബ് ലിങ്കും വന്നു.

സെർച്ചു റിസൽറ്റിൽ വന്ന യൂട്യൂബ് വീഡിയോകളിൽ ഏറ്റവും കൂടുതൽ വ്യൂസ് ഉള്ള വീഡിയോ കണ്ടു ആ സംശയവും തീർത്തു. കൂടുതൽ റിപ്പോർട്ട് suggetions വന്നപ്പോൾ ഡെയിലി 1ജിബി ലിമിറ്റഡ് ഡാറ്റ ആയതിനാൽ വീഡിയോ ക്വാളിറ്റി ലോ ആക്കിയ ശേഷം അതും കണ്ടു.

വീഡിയോകൾക്കിടയിൽ വന്ന മൾട്ടി നാഷണൽ റെസ്റ്റോറന്റിന്റെ പുതിയ ഡിഷിന്റെ പ്രൊമോയും ഇന്നത്തെ ദിവസം അതിനു സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ശ്രദ്ധിക്കാൻ അവർ മറന്നിരുന്നില്ല. ഗൂഗിളിൽ അതിന്റെ ഔട്ട്ലെറ്റ് എവിടെ ഉണ്ടെന്നു സെർച്ചു ചെയ്തു നാവിഗേറ്റ് ചെയ്തപ്പോൾ യൂർ ഡെസ്റ്റിനേഷൻ വിത്തിൻ 1.2 km ahead എന്ന മറുപടി കിട്ടി.

എന്നാൽ പിന്നെ ഭക്ഷണം അവിടുന്ന് തന്നെ ആകാം എന്ന ഐക്യതയുള്ള തീരുമാനത്തിൽ അവർ അവിടേക്കു കയറി. ഫുഡ് ഓർഡർ ചെയ്തപ്പോൾ 10 മിനിറ്റു കാത്തിരിപ്പു സമയം അറിയിച്ചു. ചർച്ചകൾ അപ്പോഴും അവസാനിച്ചിരുന്നില്ല.

ഒന്നു രണ്ടു പേർ അതു തുടർന്നു. ഒരാൾ നേരത്തെ സെർച്ചു ചെയ്ത വന്ന റിസൽറ്റിൽ‌ കൂടുതൽ ദയനീയം എന്നു തോന്നുന്ന രണ്ടു ഫോട്ടോസ് ഡൗണ്ലോഡ് ചെയ്തു. ഫേസ്ബുക്ക് ആപ് ഓപ്പൺ ചെയ്തു അവ രണ്ടും അതിലേക്ക് ആഡ് ചെയ്തു . തലക്കുറിപ്പായി ഫോണിൽ നേരത്തെ ടെംപ്ലേറ്റായി സേവ് ചെയ്തിരിക്കുന്ന #……………………………….ഒപ്പം. കോപ്പി പേസ്റ്റ് ചെയ്തു .

…………………………...ഉള്ള വിട്ടു പോയ ഭാഗം എഡിറ്റ് ചെയ്ത് അവിടെ പകരം സിറിയൻ ജനതക്ക് എന്നു ചേർത്തു അപ്‌ലോഡ് ബട്ടൻ ക്ലിക് ചെയ്തു. ഫോൺ ലോക്ക് ചെയ്തു മേശമേൽ വെയ്ക്കാൻ തുടങ്ങുമ്പോഴേക്കും ചൂടു പറക്കുന്ന വിഭവുമായി സർവീസ് ബോയ് എത്തിയിരുന്നു. പോസ്റ്റിനു 10 ലൈക്കും……3 കമന്റും.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ