മനസ്സിൽ വിങ്ങിനിൽക്കുന്ന ഈ നോവിന് സം ഗീതവുമായൊരു ബന്ധവുമില്ല. എന്നാൽ തിങ്ങിവിങ്ങിനിറയുന്ന ഈ വേദന വരുമ്പോൾ ഞാൻ ചിന്തിയ്ക്കുന്നതെന്തോ സംഗീതത്തെക്കുറിച്ചാണ്...!!
തീവ്രപരിചരണയൂണിറ്റിലെ ഈ സ്ക്രീനിൽ തെളിയുന്ന രേഖകൾപോലെ സംഗീതത്തിലെ ആരോഹണാവരോഹണങ്ങൾ... സിംഫണി കൂട്ടിയോജിപ്പിച്ച ബിഥോവന്റെ മുഖഛായയാണെന്റെ ഡോക്ടർക്ക്. അതേ കണ്ണുകൾ ,അതേ മുടി....
കയ്യിൽ സ്റ്റെതസ്കോപ്പിന്റെ സംഗീതദണ്ഡ്....
എന്റെ വേദനകൾ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് ഞാനെന്നായിരിക്കാം നിങ്ങൾ കരുതുന്നത്. എന്നാൽ മരണത്തിനു മാത്രം ലഘൂകരിക്കാനാവുന്ന വേദനകളാണെന്റെത് എന്നാണിന്നലെപോലും നേഴ്സുമാർ എന്റെ സുഹൃത്തുക്കളോടടക്കം പറഞ്ഞത്. അങ്ങിനെ പ്രതീക്ഷയുടെതായ യാതൊരു മാനസിക സങ്കീർണ്ണതകളും അനുഭവിക്കേണ്ടാതിരിക്കെ മറ്റെന്തിനെക്കുറിച്ചാണ് ഞാൻ ചിന്തിക്കേണ്ടത് - സംഗീതത്തെക്കുറിച്ചല്ലാതെ?
വാതിലിലെ ചെറിയ സ്ഫടിക ജാലകത്തിലൂടെ ഉറ്റുനോക്കുന്ന മുഖങ്ങളെ എനിയ്ക്കിവിടെക്കിടന്ന് കാണാം. അതിലെന്റെ അച്ഛനുമമ്മയുമുണ്ട്. ഒരു കൗമാരക്കാരിന്റെ ചുറുചുറുക്ക് എന്നും കാണിക്കാറുള്ള എന്റെ അനിയന്റെ ഇപ്പോഴത്തെ ക്ഷീണിച്ച മുഖം കാണാം. അവർക്കാർക്കും അകത്തു വരാൻ അനുവാദമില്ല. വരുന്നത് രണ്ടുപേർ മാത്രമാണ്. ഒന്നെന്റെ ഭാര്യ
(ധൃതിപ്പെട്ട് തുടച്ചു കളഞ്ഞ ചുവന്ന ചായത്തിന്റെ ബാക്കി എപ്പോഴും അവളുടെ ചുണ്ടിൽ കാണും!! ). പിന്നെ, എന്റെ രണ്ടുവയസ്സുകാരി മകൾ. അകത്തെക്ക് കടക്കുന്ന ആ നിമിഷത്തിൽ ഭാര്യ കരയാനാരംഭിക്കും. എന്നാൽ മകൾ എന്നെനോക്കി കുടുകുടെ ചിരിക്കാൻ തുടങ്ങും. ഭാര്യയുടെ കരച്ചിൽ കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. എന്നാൽ മകളുടെ ചിരി കാണുമ്പോൾ ഉള്ളിലെന്തോ ആർത്ത് ചിരിക്കുന്നു. ഈ വൈരുദ്ധ്യങ്ങൾ... അതുമെന്റെ അസുഖത്തിന്റെ ഭാഗമാണോ എന്നാർക്കറിയാം?
വൈരുദ്ധ്യങ്ങൾ എന്നു പറഞ്ഞപ്പോളാണോർത്തത്, ക്ഷീണത്തിന്റെ നീണ്ടുനീണ്ടു നിൽക്കുന്ന വിനാഴികകളിൽ ഞാൻ സ്വപ്നങ്ങൾ കാണാറുണ്ട്. സ്വപ്നങ്ങൾ എന്നു തന്നെയാണോ അവയെ വിശേഷിപ്പിക്കുക എന്നെനിക്കറിയില്ല. എഴുത്തുകാരും കാമുകരും വർണ്ണിച്ച് വർണ്ണിച്ച് സ്വപ്നങ്ങൾക്കിപ്പോഴുള്ളതൊരു വർണ്ണാഭമായ രൂപമാണല്ലോ... എന്നാൽ എന്റെ സ്വപ്നങ്ങൾ.....
എവിടെയുമൊരു നിറവുമില്ല. എന്നാൽ കറുപ്പിന്റെയും വെളുപ്പിന്റെയും ശാന്തതയോ.. അതുമില്ല. സ്വപ്നങ്ങളെന്ന് ഞാനവയെ പറയുന്നത്, അതേ രൂപത്തിൽ ഉണർവ്വിൽ പിന്നീടെനിക്കവയെ കാണാനാവാത്തതുകൊണ്ടുമാത്രമാണ്. അല്ലെങ്കിൽ ഞാനവയെ ശ്വാസംമുട്ടലെന്നോ വിളർച്ചയെന്നോ പരിഭ്രമങ്ങളെന്നോ വിളിച്ചേനേ....!!
അല്ലെങ്കിൽ തന്നെ നിങ്ങളെപ്പോലെയുള്ള സാധാരണക്കാരുടെ നിർവ്വചനങ്ങളല്ല എനിക്കിപ്പോൾ എന്തിനുമുള്ളത്. കണ്ണിൽ ഒരു വെളുത്തപാട വന്നുനിറയുന്നതിനെയാണ് ഞാനിപ്പോൾ ഉറക്കമെന്നുപറയുന്നത്. ആ പാട വേദനയോടെ പിടഞ്ഞു വീഴുന്നതിന് ഉണർച്ചയെന്നും ശരീരം മുഴുവൻ ചൂഴ്ന്നുനിൽക്കുന്ന ഈ നീറ്റലിനെയാണ് ഞാൻ ജീവിതമെന്ന് വിളിക്കുന്നത്.
ചിലപ്പോൾ ആ നീറ്റൽ തന്നെ എനിക്ക് സംഗീതവുമാകുന്നു....
വർഷങ്ങൾക്കുമുമ്പ് ഇതൊക്കെതന്നെയായിരുന്നോ എന്റെ നിർവ്വചനങ്ങൾ? എല്ലാമെനിയ്ക്കോർമ്മിക്കാനാകുന്നില്ല. അല്ലെങ്കിലും ഈ കിടക്കയിൽ എന്റെ ശരീരം സ്പർശിച്ചയുടൻ ഞാൻ പലതും മറന്നുകഴിഞ്ഞു. ചിലപ്പോൾ നീണ്ടുനീണ്ടുപോകുന്ന ഈ നോവുകൾ എന്നെ ചിലത് ഓർമിപ്പിക്കുന്നുണ്ട്. പണ്ട് ഇതേ നോവിന് ഞാൻ പ്രണയമെന്നാണ് പറഞ്ഞിരുന്നത്.
ഓർത്തെടുക്കാനാവുന്നുണ്ടെനിക്ക്...
വരണ്ടമണ്ണിലേക്ക് ജലത്തുള്ളികൾ തെറിക്കുമ്പോൾ ചുരുണ്ടുകൂടുന്ന മണ്ണിന്റെ വിവരിക്കാനാകാത്തപോലെയുള്ള ഒരു നേർത്ത നീറ്റൽ.....
മനസ്സ് സംഗീതസാന്ദ്രമായ ഒരു ഗസൽരാത്രിയിൽ എന്റെ കൈകളുടെ സുരക്ഷിതത്വത്തിൽ നിന്നാരോ ഓടിമറഞ്ഞപോലൊരോർമ്മ എനിക്കുണ്ട്.
പാതി മറഞ്ഞൊരു മുഖവും സ്വല്പം കൂർത്ത നഖങ്ങളും.. ആ നഖങ്ങൾ പതിയെയെന്റെ കൈവിരലിലമരുമ്പോളായിരുന്നു എന്റെയുള്ളിൽ ആകാശങ്ങൾ പൊട്ടിമുളയ്ക്കാറുള്ളത്..
പിന്നീടെന്റെ ഓർമ്മകൾ മാഞ്ഞു പോകുന്നു...
സിറിഞ്ചുമായൊരു നേഴ്സോ സ്റ്റെതസ്കോപ്പുമായി ബിഥോവനോ കടന്നു വരുമ്പോൾ ഞാൻ പിന്നെയും സംഗീതത്തിലേയ്ക്ക് തിരിച്ചുവരുന്നു. നോവുകളിലേക്ക്, കൂടുതൽ കടുത്ത ആരോഹണാവരോഹണങ്ങളിലേക്ക്....
എന്റെ ഡോക്ടറൊരു അസാധാരണനാണ്. ഒരു ഭിഷ്വഗ്വരന്റെ കൈചലനങ്ങളല്ല അദ്ദേഹത്തിനുള്ളത്. പുറത്ത് പതിയെ തട്ടുന്ന കൈവിരലുകൾ.. ( ഞാനപ്പോൾ മനസ്സിൽ താളമിടുന്നു.... സരിഗമ....) വായുവിൽ കൈവിരലുകൾ ഉയർത്തിയും താഴ്ത്തിയും അദ്ദേഹമെന്നെ ശാന്തനാക്കുന്നു... ഞാൻ ശാന്തനാകുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.
അല്ലെങ്കിലും ഏത് സംഗീതജ്ഞനാണ് തന്റെ താളത്തെ അവിശ്വസിക്കുന്നത്? ഇന്നലെ ഞാൻ ശാന്തനായെന്നുള്ള ഉറപ്പിൽ അദ്ദേഹം എന്തൊക്കെയോ എന്നോട് പറഞ്ഞു. വാക്കുകളുടെ പരസ്പരബന്ധങ്ങളെല്ലാം കുറെയൊക്കെ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും എനിയ്ക്കെന്തൊക്കെയോ മനസ്സിലായി.. വൈകിയിട്ട് ഉലയാത്ത പട്ടുസാരിയും വാടാത്ത മുല്ലപൂക്കളുംചൂടി എന്റെ സുഹൃത്തിനോടൊപ്പം എന്റെ ഭാര്യ മുന്നിൽ വന്നു നിന്നപ്പോൾ തിരിയാത്ത അർത്ഥങ്ങൾ എനിക്ക് കൂടുതൽ വ്യക്തമായി. സ്വർണ്ണവളകൾ നിറഞ്ഞ കൈതണ്ടയിലിരുന്ന് എന്റെ മകൾ എന്നെനോക്കി അതേ ചിരി ചിരിച്ചു. നിങ്ങൾക്കറിയാമോ ,ചെരിഞ്ഞു നോക്കുന്ന ആ കുഞ്ഞുമുഖത്തിന് എന്റെ അതേ ഛായയാണ്. ...
അതിന് മുകളിലൂടെ എന്റെ സുഹൃത്തിന്റെ ശ്രദ്ധിച്ചൊരുക്കിയ വൃത്തിയുള്ള ചിരി. ഒരു നിമിഷം..... എന്റെയുള്ളിലെ സംഗീതക്കമ്പികളെല്ലാം ഒന്നിച്ചു പൊട്ടി...!!
സ്ക്രീനിലെ ആരോഹണാവരോഹണങ്ങൾ കൂടുതൽ വ്യക്തമായതിനാലാവാം നേഴ്സ് ഓടി വന്നത്. അവർ എന്തൊക്കെയോ ഉപകരണങ്ങൾ എന്റെ ദേഹത്തിൽ ഘടിപ്പിച്ചു കൊണ്ടിരുന്നു. ബോധാബോധങ്ങളുടെ താളക്രമത്തിൽ ഞാനും ഉലാത്തിക്കൊണ്ടിരുന്നു. പിന്നെ കുറച്ചു മണിക്കൂറുകൾക്കു ശേഷമോ ദിവസങ്ങൾക്കപ്പുറമോ ഞാനുണർന്നപ്പോൾ.... എല്ലാം പഴയതുപോലെ.. സ്ക്രീൻ , നേഴ്സ് , ബിഥോവൻ എല്ലാം......
സ്വപ്നങ്ങൾ ഉണർവിൽ കാണാത്തവയാണ്. ആ കാഴ്ചയെയും ഞാനൊരു സ്വപ്നമായാണ് തള്ളിക്കളഞ്ഞിരിക്കുന്നത്. പിന്നീടൊരിക്കലും എന്റെ ഭാര്യയോ കുഞ്ഞോ ആ സ്ഫടികജാലകത്തിലൂടെപോലും ഒരിക്കലും വന്ന് എത്തിനോക്കിയിട്ടില്ലെങ്കിലും... എങ്കിലും, അതൊരു സ്വപ്നം തന്നെയായിരുന്നു.
ഉറക്കത്തിന്റെ ഏത് വിനാഴികയിലും ആർക്കും സംഭവിക്കാവുന്നൊരു സ്വപ്നം !!