mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കുറച്ചു ദിവസങ്ങളായി ഊർമിള ശ്രദ്ധിക്കുന്നു. താഴത്തെ വീട്ടിലെ പെൺകുട്ടിയെ പുറത്തൊന്നും കാണുന്നതേയില്ല. ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ ആകെ ഒരു ആശ്വാസം എന്ന് പറയുന്നത്, ബാൽക്കണിയിലിരുന്നു താഴെയുള്ള വീട്ടില

കുട്ടികളുടെ കളികൾ കാണലാണ്. ഏഴാം നിലയിലെ ഈ ഫ്ലാറ്റിൽ ഒറ്റക്കിരുന്ന് പിന്നെ വേറെ എന്തു ചെയ്യാനാണ്. ഊർമിള വീണ്ടും ആലോചിച്ചു, എന്നാലും, ആ കുട്ടിയെന്താ പുറത്തൊന്നും വരാത്തത്? ബാൽക്കണിയിലൂടെ നോക്കിയാൽ കാണുന്നത് കായൽ ആണ്. അഷ്ടമുടിക്കായലിന്റെ ചെറിയൊരു ഭാഗം.. ഊർമിള ഇവിടെ വന്നിട്ട് ഒരു വർഷം ആകുന്നു. ഭർത്താവ് അനീഷ് ചന്ദ്രൻ, ബാങ്കിലാണ് ജോലിചെയ്യുന്നത്.

ഓരോ രണ്ടു വർഷം കൂടുമ്പോഴും ട്രാൻസ്ഫർ വരും. അങ്ങനങ്ങനെ ഓരോരോ സ്ഥലത്ത് ആയിരിക്കും താമസം. കല്യാണം കഴിഞ്ഞ്, ആറു വർഷത്തിനിടയിൽ ഇത് മൂന്നാമത്തെ സ്ഥലമാണ്. ആദ്യനാളുകളിൽ, ചെന്നൈയിൽ ആയിരുന്നു. അവിടെ ഒരു വീടിന്റെ മുകൾ നിലയിലായിരുന്നു താമസം. താഴത്തെ നിലയിൽ, വീടിന്റെ ഉടമസ്ഥയും കോളേജ് പ്രൊഫസറുമായ സുമിത്ര അക്ക, അവരൊറ്റക്കാണ്‌ താമസം. ഏകദേശം 45 വയസ് വരും, കല്യാണം കഴിച്ചിട്ടില്ല. ആകെ അവരുടെ വീട്ടിൽ വരുന്ന ഒരേ ഒരാൾ അവരെ സഹായിക്കാൻ വരുന്ന ഒരു തമിഴ് സ്ത്രീ ആണ്. ഭയങ്കര ഗൗരവക്കാരിയാണ് സുമിത്ര അക്ക. കണ്ടാൽ തന്നെ കോളേജ് പ്രൊഫസ്സറിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. എങ്കിലും ഊർമിളയോട് വല്യ ഇഷ്ടം ആയിരുന്നു.

ചെന്നൈയിലെ ചൂടായിരുന്നു ഊർമ്മിളയെ അലട്ടിയ പ്രധാന വിഷയം. ബോണക്കാട് ജനിച്ചു വളർന്ന അവൾക്ക് ചൂട് ഒരുപാടു ബുദ്ധിമുട്ട് ഉണ്ടാക്കി. മുടി കൊഴിച്ചിൽ കാരണം, അവൾ സങ്കടപ്പെട്ടു. എന്നാലും, മത്സരിച്ചു മുടിയിഴകൾ കൊഴിഞ്ഞു കൊണ്ടിരുന്നു. എങ്ങനെ എങ്കിലും നാട്ടിലെത്തിയാൽ മതിയെന്നാരുന്നു അന്നൊക്കെ ചിന്ത.

അങ്ങനെ ഇരിക്കുമ്പോൾ ആണ്, അനീഷിന് മഞ്ചേശ്വരത്തേക്ക് ട്രാൻസ്ഫർ വരുന്നത്. ഹോ, വടക്കേയറ്റമായാലും കുഴപ്പം ഇല്ല, സ്വന്തം നാടെന്നും പറഞ്ഞ് ഓടിച്ചാടി മഞ്ചേശ്വരത്ത് എത്തി. അവിടെ കിട്ടിയത് ഒരു ഒറ്റനില വീടായിരുന്നു. ചുറ്റുമതിലും ഗേറ്റും കാർ പോർച്ചും ഒക്കെയുള്ള ഒരു നല്ല വീട്.

ആ വീട് ഊർമ്മിളക്ക് ഇഷ്ടമായിരുന്നു. അനീഷ് പോയി കഴിഞ്ഞാൽ, അവൾ, സമയം പോക്കിനു വേണ്ടി ചെടികളൊക്കെ വച്ചു പിടിപ്പിച്ചു. ഇംഗ്ലീഷിലെ എൽ ആകൃതിയിലുള്ള സിറ്റ് ഔട്ടിന്റെ രണ്ടു വശത്തും അവൾ ചട്ടികൾ തൂക്കി, അതിൽ ഭംഗിയുള്ള ചെടികൾ നട്ടു പിടിപ്പിച്ചു. മുറ്റത്തൊക്കെ പല നിറങ്ങളിലുള്ള റോസാ ചെടികളും വച്ചു. ഇവിടെന്നു പോകേണ്ടി വരുമ്പോൾ, ഇതൊന്നും കൊണ്ടുപോകാൻ ആവില്ലെന്നും, വേണ്ടാത്ത പണി ഒന്നും ചെയ്യേണ്ടന്ന് അനീഷ് പറഞ്ഞെങ്കിലും, ഊർമ്മിളക്ക് ചെടികൾ പകൽ ഒരാശ്വാസം ആയിരുന്നു.. എത്രയെന്ന് വച്ചിട്ടാണ് ഒറ്റക്ക് ഇരിക്കുക.

അടുത്ത വീട്ടിലുള്ളവരുമായും നല്ല ബന്ധം ആയിരുന്നു അവൾക്ക്. സമയം ഉള്ള വൈകുന്നേരങ്ങളിൽ , അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ പോകാൻ അടുത്ത വീട്ടിലെ രാജി അവളെയും കൂട്ടുമായിരുന്നു. രണ്ടു പേരും വർത്താനമൊക്കെ ഒക്കെ പറഞ്ഞു നടന്നങ്ങനെ പോയിട്ടു വരും.

ആ സ്ഥലം ഊർമ്മിളക്ക് ഇഷ്ടം ആയിരുന്നു. അങ്ങനെ ഇഷ്ടപ്പെട്ടു വന്നപ്പോഴേക്കും, ദാ വന്നു, അടുത്ത ട്രാൻസ്ഫർ. കൊല്ലത്തേക്ക്. വീടും, ചെടികളും ക്ഷേത്രവും എല്ലാം വിട്ട്, രാജിയോടും അടുത്തുള്ളവരോടും യാത്ര പറഞ്ഞ്, കൊല്ലത്തേക്ക് തിരിച്ചു. ഇപ്പോ ഒരു വർഷം കഴിയുന്നു ഇവിടെ വന്നിട്ട്... വീട് അന്വേഷിച്ചിട്ട് കിട്ടിയില്ല, ഒടുവിൽ ഫ്ലാറ്റ് ആണ് തരപ്പെട്ടത്. അല്ലെങ്കിലും ഫ്ലാറ്റ് ആണ് നല്ലത് എന്ന അഭിപ്രായം ആയിരുന്നു അനീഷിന്. അത്യാവശ്യം സൗകര്യങ്ങൾ ഒക്കെയുള്ള രണ്ടു മുറികളും, ഹാളും ഒക്കെയുള്ള മനോഹരം ആയൊരു ഫ്ലാറ്റ്. ഊർമ്മിളക്ക് പക്ഷേ, ഫ്ലാറ്റ് അത്ര ഇഷ്ടായില്ല.കൂട്ടു കൂടാൻ ആരുമില്ലല്ലോ എന്നായിരുന്നു അവളുടെ വിഷമം.

അടുത്തുള്ള ഫ്ലാറ്റിൽ താമസിക്കുന്നവരൊക്കെ ജോലിയുള്ളവരാണ്. രാവിലെ പോയി വൈകുന്നേരമേ വരുകയുള്ളൂ. ആകെ അവളുടെ ഒരു സമാധാനം ബാൽക്കണി ആണ്. കിഴക്കേ വശത്താണ് ബാൽക്കണി.. അതുകൊണ്ടു തന്നെ വൈകുന്നേരം വെയിലടിക്കില്ല.

ജോലിയൊക്കെ തീർത്തിട്ട് ഊർമ്മിള ബാൽക്കണിയിലങ്ങനെ ഇരിക്കും. പുസ്തകവായനയാണ് പതിവ്.. അവിടെ അവൾ, അവൾക്കു കഴിയുന്ന പോലെ, ചെറിയ രീതിയിൽ കുഞ്ഞു കുഞ്ഞു ചട്ടികളിലായി, കുറേ മണിപ്ലാന്റ് ചെടികൾ വച്ചിട്ടുണ്ട്. അകത്തു ചിലയിടത്തു ലക്കി ബാംബൂവും വച്ചിട്ടുണ്ട്. ഇത്രേ ഉള്ളൂ ഇളം മഞ്ഞ പെയിന്റ് അടിച്ച ആ ഫ്ളാറ്റിൽ ആകെയുള്ള പച്ചപ്പ്.

അതുകൊണ്ട് തൃപ്തി വരാതാകുമ്പോൾ ആണ് ബാൽക്കണിയിൽ നിന്നു താഴേക്ക് നോക്കി ഊർമിള സംതൃപ്തി അടയുന്നത്. കായലിൽ നോക്കി നിൽക്കാൻ നല്ല രസമാണ്. ഒരു ചെറിയ കോളനി പോലുള്ള സ്ഥലം ആണ് കായലിനപ്പുറത്ത്.. ഫ്ലാറ്റിന്റെ ഭാഗത്ത് കായലിനധികം വീതി ഇല്ലാത്തതു കൊണ്ടു തന്നെ, അടുത്തുള്ള വീടുകളിൽ നടക്കുന്നതൊക്കെ നല്ലതു പോലെ കാണാം. അതിൽ റോസ് പെയിന്റ് അടിച്ച ഓടിട്ട ഒരു വീട്ടിൽ രണ്ടു കുട്ടികളുണ്ട്. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. ആ പെൺകുട്ടിയെ ഊർമ്മിളക്ക് വല്യ ഇഷ്ടം ആണ്. അവളെ കാണുമ്പോൾ തന്റെ കുട്ടിക്കാലം ആണ് ഊർമിളക്ക് മനസ്സിൽ എത്തുന്നത്. പുള്ളിപ്പാവാടകളിട്ട അവളിൽ ഒരു കൊച്ചു ഊർമ്മിളയെ കാണാൻ അവളുടെ മനസ്സ് ആഗ്രഹിച്ചു... ഇടയ്ക്കു ആ കുട്ടി താഴെ നിന്നു കൈ വീശി കാണിക്കും. ഊർമിള തിരിച്ചും. സ്കൂളിൽ പോകേണ്ടാത്തതു കൊണ്ട് എപ്പോഴും കളി തന്നെയാണവരുടെ പണി. അടുത്തുള്ള ചെറിയ കുറച്ചു കുട്ടികളുമുണ്ട്...

പക്ഷേ, ഇപ്പോൾ മൂന്നു ദിവസം ആയി പുള്ളിപ്പാവാടക്കാരിയെ മാത്രം കാണുന്നില്ല. അവൾ മാത്രം എവിടെപ്പോയി. അവളുടെ അനിയൻ, കൂട്ടുകാരും ഒത്തു കായൽ തീരത്തു ഇരുന്നു കളിക്കുന്നുണ്ട്. അവളിനി വല്ല ബന്ധു വീട്ടിലും വിരുന്നു പോയിക്കാണുമോ. ഊർമിള തല പുകച്ചു. ഇതു പണ്ടേയുള്ള ശീലമാണ്. ഒരാവശ്യവും ഇല്ലാത്ത കാര്യത്തിന് വേണ്ടിയുള്ള ഈ ആവലാതി.

രാത്രിയിൽ അനീഷ് വരാൻ വൈകി. അതുവരെ ചാനൽ മാറ്റി സമയം നീക്കി അവൾ. കുറച്ചു നേരം സ്വന്തം വീട്ടിലും അനീഷിന്റെ വീട്ടിലും വിളിച്ചു സംസാരിച്ചു. അനീഷ് വന്നതിനു ശേഷം, കുളിച്ചു വന്നു ഭക്ഷണം കഴിക്കുന്നതിനിടെ, ഊർമിള അനീഷിനോട്, ആ പെൺകുട്ടിയെ പറ്റി പറഞ്ഞു. അവളെവിടെ പോയിക്കാണുമെന്നു അനീഷിനോട് അവൾ ചോദിച്ചു. അന്തം വിട്ട് ഊർമ്മിളയെ ഒന്ന് നോക്കിയ ശേഷം, "തന്റെ വട്ടിന് ഇപ്പോഴും ഒരു കുറവൊന്നുമില്ലല്ലോടോ" എന്ന് പറഞ്ഞ് അനീഷ് കളിയാക്കി ചിരിച്ചു...

രാത്രിയിൽ അനീഷിന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നുറങ്ങാൻ ശ്രമിക്കുമ്പോഴും അവൾ, ആ പെൺകുട്ടിയെ പറ്റി ഓർത്തു.

പിറ്റേ ദിവസവും രാവിലെ തന്നെ ഊർമിള ബാൽക്കണിയിൽ നിന്നു നോക്കി. പാവാടക്കാരിയെ കണ്ടില്ല. രാവിലെയുള്ള പതിവ് ജോലിയൊക്കെ കഴിഞ്ഞ അവൾ ബാൽക്കണിയിൽ ഇരുന്ന് ഓരോരോ ചിന്തകളിൽ മുഴുകി. കഴിഞ്ഞ മാസം തൃക്കാർത്തികയുടെ അന്ന്, താൻ ഈ ബാൽക്കണിയിൽ മെഴുകുതിരി നിറയെ കത്തിച്ചു വച്ചത്, താഴെയുള്ള വീടുകളിൽ കുട്ടികൾ ഓടി നടന്നു വിളക്ക് കത്തിച്ചത്, പാവാടക്കാരി തന്നെ നോക്കി അന്ന് കൈ വീശി കാണിച്ചത് ഒക്കെ അവളോർത്തു. ഇന്ന് നാലു ദിവസം ആയി. എന്നാലും ആ കുട്ടി ഇതെവിടെ പോയി.

അടുത്ത ദിവസം രാവിലെ അവൾ ബാൽക്കണിയിലേക്ക് പോയില്ല. ജോലികളൊക്കെ തീർത്തു, വെറുതെ ടീവിയും കണ്ടിരുന്നു. ഒക്കെ പഴയ സിനിമകളാണ്. എല്ലാം കണ്ട സിനിമകളാണ്. ചാനൽ മാറ്റി മാറ്റി ഇരിക്കുമ്പോൾ, പെട്ടന്ന് വിന്ദുജാ മേനോൻ കണ്ണിലുടക്കി. പവിത്രം സിനിമ. എട്ടച്ചന്റെ കുഞ്ഞി പെങ്ങൾക്ക് വയസറിയിച്ച സീൻ ആണ്. വയറുവേദന വന്ന അവൾ വയറ്റിലിങ്ങനെ പൊത്തി പിടിക്കുന്നുണ്ട്. പിന്നീട് കാണിക്കുന്നത്, കുളത്തിലാരോ സിന്ദൂരം കലക്കിയതാണ്. സുധീഷ് വന്നിട്ട്, എന്താ എന്നൊക്കെ ചോദിക്കുന്നുണ്ട്.

ഊർമിള കുട്ടിക്കാലത്തേക്ക് മടങ്ങി പോയി. തന്റെ കുട്ടിക്കാലവും ഇതുപോലെയായിരുന്നല്ലോ എന്നോർത്ത് ചിരിച്ചു.അരപ്പാവാടയും ഇട്ട് ചാടി തുള്ളി നടന്ന സമയത്താണ് അപ്രതീക്ഷിതമായി വലിയ കുട്ടിയായത്. അതിന് ശേഷം നാലഞ്ചു ദിവസം വീട്ടിനകത്തു തന്നെ ഇരുത്തി. പിന്നെ, അര പാവാട മാറ്റി അമ്മ പട്ടുപാവാട ആക്കി. പട്ടിന്റ ബോർഡർ കണങ്കാല് വരെ ഉണ്ടാകും. പല നിറങ്ങളിൽ ഉള്ളത് ഉണ്ടായിരുന്നു. എങ്കിലും തനിക്കിഷ്ടം, മഞ്ഞയിൽ വയലറ്റ് ബോർഡർ ഉള്ള പാട്ടു പാവാടയായിരുന്നു. ഉടുപ്പിന്റെ കയ്യിലൊക്കെ നിറയെ പഫ് വച്ചു തയ്പ്പിച്ചത്.. അത് അച്ഛൻ കോട്ടയത്ത്‌ പോയപ്പോൾ വാങ്ങിക്കൊണ്ടു വന്നതായിരുന്നു.

ഓർമ്മകളിൽ നിന്നുണർന്ന ഊർമിള പെട്ടെന്ന്, താഴെ വീട്ടിലുള്ള പെൺകുട്ടിയെ ഓർത്തു. ഇനി അവൾക്ക്, ഇതു പോലെ വല്ലതും. ടിവി നിർത്താതെ തന്നെ വേഗത്തിൽ ഊർമിള ബാല്കണിയിലേക്ക് നടന്നു. അങ്ങോട്ടു കടക്കാനുള്ള, വശത്തേക്ക് നീക്കുന്ന വാതിൽ തള്ളി നീക്കി. താഴേക്കു നോക്കിയ ഊർമിള, ഞെട്ടിപ്പോയി.

റോസ് പെയിന്റ് അടിച്ച ആ വീടിന്റെ മുന്നിൽ, മുറ്റത്ത് മൂന്ന് വശത്തായി സാരി മറച്ചു ഇട്ടിരിക്കുന്നു. കുറച്ചു കുട്ടികൾ അവിടെ നിൽക്കുന്നുണ്ട്. കൂട്ടത്തിൽ അവൾ ഇല്ല. അടുത്തുള്ള കുറച്ചു ആൾക്കാർ അവിടെ തിണ്ണയിൽ ഇരിക്കുന്നുണ്ട്. ഈശ്വരാ, ആർക്കെങ്കിലും വല്ല ആപത്തും ഉണ്ടായോ. ആ കുട്ടിയെ കാണുന്നുമില്ലല്ലോ. ഊർമ്മിളയുടെ ഉള്ള് കാളി.

ആരോടാ ഒന്നു ചോദിക്കുക, ആരും ഇങ്ങോട്ട് നോക്കുന്നത് പോലുമില്ല. നോക്കിയാലും എങ്ങനെ ചോദിക്കാനാണ്. അവളാകെ പരിഭ്രമത്തിലായി. ഇതിപ്പോ ഈ നോട്ടമിങ്ങനെ നോക്കി നില്കാൻ തുടങ്ങീട്ട് നേരം എത്ര ആയി.. ഒരു വിവരവും അറിയുന്നില്ലല്ലോ. അവളുടെ മനസ്സ് സങ്കടപ്പെട്ടു.

നേരം കുറച്ചൂടെ കഴിഞ്ഞു. പെട്ടന്ന്, ആ വീടിനകത്തു നിന്ന് കുറച്ചു പെൺകുട്ടികൾ പുറത്തേക്ക് ഇറങ്ങി.. എല്ലാവരും നല്ല നല്ല ഉടുപ്പുകളൊക്കെ ഇട്ടിരിക്കുന്നു. പക്ഷേ അതിലൊന്നും പരിചയമുഖങ്ങളൊന്നുമില്ല. ഓരോ മുഖത്തിലും അവളാ പെൺകുട്ടിയെ തിരഞ്ഞു. പക്ഷേ കാണാൻ കഴിഞ്ഞില്ല.

എല്ലാവരും ഇറങ്ങി, മുറ്റത്തു നിന്നിട്ട് വീടിനകത്തേക്ക് നോക്കി നിന്നു. ഏറ്റവും ഒടുവിലായി അവളുടെ അമ്മ ഒരു കുട്ടിയെ കൈ പിടിച്ചു മുറ്റത്തെക്ക് കൊണ്ട് വന്ന് ഒരു കസേരയിൽ ഇരുത്തി. ഊർമിള സൂക്ഷിച്ചു നോക്കി, അതേ ഇതവൾ തന്നെ. പക്ഷേ, അവൾക്ക് ആകെയൊരു മാറ്റം.

മുട്ടിനൊപ്പം നിൽക്കുന്ന പുള്ളിപ്പാവാടയല്ല, പകരം കണങ്കാല് വരെയുള്ള ചുവന്ന പാട്ടുപാവാട ആണ് അവൾ ഇട്ടിരിക്കുന്നത്. മുടി നിറയെ പൂവും വച്ചിരിക്കുന്നു. നല്ല പോലെ അവളെ ഒരുക്കി സുന്ദരി കുട്ടി ആക്കിയിട്ടുണ്ട്. എല്ലാവരും എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷേ ഒന്നും കേൾക്കുന്നില്ലല്ലോ, ഊർമ്മിളക്ക് സങ്കടം വന്നെങ്കിലും, അവളെ കാണാൻ പറ്റിയതിൽ സന്തോഷം തോന്നി.

കുറച്ചു നേരം ഊർമിള ഇതൊക്കെ നോക്കി നിന്നു. പതിയെ അവളുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു. അപ്പൊ അതാണല്ലേ കുറുമ്പി പെണ്ണേ നാലഞ്ചു ദിവസം ആയിട്ട് പുറത്തേക്കു കാണാഞ്ഞത്. എന്തായാലും നിന്നെ കണ്ടപ്പോൾ എനിക്ക് ആശ്വാസം ആയി. തിരക്ക് ഒക്കെ ഒന്ന് മാറട്ടെ, എന്നിട്ട് അനീഷേട്ടനോട്‌ പറഞ്ഞിട്ട്, അവളെ ഒന്ന് കാണാൻ പോകണം. കുറച്ചു പലഹാരങ്ങളൊക്കെ മേടിക്കണം. ഒരുടുപ്പും വാങ്ങണം. പാട്ടുപാവാടയുടെ തുണി മതി, അളവിന് അവർ തയ്പ്പിച്ചോട്ടെ. നിറം, അത് മഞ്ഞ തന്നെ വേണം, അതും വയലറ്റ് ബോർഡർ ഉള്ളത്.

തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് ഒരു വിശേഷം ഉണ്ടായതുപോലെ, ഏറെ ആഹ്ലാദത്തോടെ, മനസ്സിൽ എല്ലാം തീരുമാനിച്ച ഊർമിള, അനീഷിനെ വിളിക്കാനായി മൊബൈൽ ഫോൺ കയ്യിലെടുത്തു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ