അടിവാരത്ത് കാണുന്ന പച്ചചായമടിച്ച തകര മേൽക്കൂരയുള്ള കമ്പനി കെട്ടിടത്തിലേക്ക് മലയുടെ അരികിലൂടെയാണ് വഴി. പ്രഭാതത്തിൽ എസ്റ്റേറ്റ് റോഡിലൂടെ സൈക്കിളിൽ പോകുന്ന വർക്കിയുടെ പതിവു യാത്ര തേയിലത്തോട്ടത്തിൽ കൊളുന്തു നുള്ളുന്ന പെണ്ണുങ്ങൾ കൊതിയോടെയാണ് നോക്കുന്നത്.
മലയാളത്താന്മാരെ തമിഴത്തികൾ ആരാധനയോടെയാണ് കാണുന്നത്. വർക്കിയുടേത് പൗരുഷം തുടിക്കുന്ന ഒരു മുഖമാണ്. പഴുതാര മീശയും വീതുള്ളി കൃതാവുമാണ് ആകർഷകം. വല്ലാത്ത ദേഷ്യക്കാരനാണ് -ആരാണെന്നൊന്നും നോക്കാതെ നല്ല തെറി വിളിച്ചുകളയും!
വെള്ളക്കാരായ 'തൊറ' മാര് ബുള്ളറ്റ് മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുന്നതുപോലെ, വർക്കി സ്വന്തം സൈക്കിളിലാണ് ജോലിക്ക് പോകുന്നത്. മറ്റ് മരപ്പണിക്കാരൊക്കെ നടക്കുകയാണ്. അടിവാരത്തെ തകര ഷീറ്റിട്ട കാർപെന്റർ ഷെഡ്ഡിനടുത്തുള്ള കാൻറീനു മുമ്പിൽ മഴയും വെയിലും കൊള്ളാതെ അയാൾ സൈക്കിൾ ഒതുക്കി വയ്ക്കും.
വർക്കിയുടെ തലവട്ടം കാണുമ്പോൾ തന്നെ കാൻറീൻകാരൻ പളനി കടുപ്പത്തിലൊരു ചായയെടുത്തുകഴിയും. കോട്ടൂരി കാന്റീനിലെ പതിവ് ചുമരിൽ തൂക്കി വർക്കി ചായ വാങ്ങി കുടിക്കും .കടുപ്പവും മധുരവും നോക്കി ഗ്ലാസ് വൃത്തിയായി തുടച്ച് ചായ കയ്യിൽ കൊടുത്ത് പളനി പരിഭ്രമത്തോടെ വർക്കിയുടെ മുഖത്തേക്ക്നോക്കി ഒരു നിമിഷം നിൽക്കും. വർക്കിയുടെ മുഖത്തെ ചെറുചലനങ്ങളിൽ നിന്നും അയാളുടെ സംതൃപ്തി അളന്നെടുക്കുകയാണ് പളനി .
"ചൂടേയില്ല.. അവൻറെയൊരു വാട്ട വെള്ളം.." അവസാനത്തെ കവിൾ ചായ ഇറക്കിയിട്ട് ഇങ്ങനെ എന്തെങ്കിലും ഒരു ഭള്ള് പറഞ്ഞിട്ടേ വർക്കി പണിസ്ഥലത്തേക്ക് പോകാറുള്ളൂ. പളനി അതു പക്ഷേ കാര്യമാക്കാറില്ല.
ഷെഢിൽ ദ്രുതഗതിയിൽ പണികൾ നടക്കുന്നുണ്ടാവും .ജനാലകൾ കട്ടിളക്കാലുകൾ കമ്പനിയുടെ അറിയിപ്പ് പലകകൾ.. അങ്ങനെ പലതും .പെയിൻറിങ്, വാർണിഷിങ്ങ് മറ്റൊരു വശത്ത്. അരയിഞ്ച്, കാലിഞ്ച് കനത്തിൽ പലകകൾ കീറിയെടുക്കുന്ന ഈർച്ച വാളിന്റെ ശബ്ദം..! എല്ലായിടത്തും വർക്കിയുടെ a href="http://കണ്ണെത്തും.എല്ലാത്തിനും">കണ്ണെത്തും.എല്ലാത്തിനും</a> വര്‍ക്കിക്ക് അ"ിപ്രായവും ഉണ്ട് .എല്ലാ കാര്യങ്ങളിലും തൻറെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരിക്കും !
പെട്ടെന്നാണ് വർക്കിക്ക് ഓർമ്മ വന്നത്: മേൽപ്പിരട്ടിലെ ഒരു ലയത്തിൽ ഒരു കതക് വച്ചു കൊടുക്കാനുണ്ട്. ചീനിത്തായ് വന്ന് രണ്ടുമൂന്ന് വട്ടം പറഞ്ഞു കഴിഞ്ഞതാണ്. "..വയസ്സുക്ക് വന്ത പൊണ്ണിറുക്ക്.. അതുതാമ്പാ.." അവരുടെ നിസ്സഹായത വർക്കിക്ക് മനസ്സിലാകും ,വർക്കിക്ക് താഴെ മൂന്നും പെണ്ണുങ്ങളാണ്.
പെങ്ങന്മാരെ വർക്കിക്ക് ജീവനാണ് .ഏറ്റവും ഇളയവൾ ഫിലോമിനയ്ക്ക് മാത്രമേ അയാളോട് കൊഞ്ചാൻ സ്വാതന്ത്ര്യമുള്ളൂ. മറ്റ് രണ്ടുപേരും പെറ്റമ്മയെക്കാൾ ഒരു പടി മേലെയാണ്. ഒരുത്തി കുളിക്കാൻ പാകത്തിന് ചൂടുവെള്ളം അനത്തിയാൽ, മറ്റവൾ ചൂടാറാതെ കഞ്ഞി വിളമ്പി വയ്ക്കും. ഇവരെ നാടറിയെ കെട്ടിച്ചുവിടാൻ അയാൾ വളരെ അധികം സ്വപ്നങ്ങൾ കാണുന്നുണ്ട് .
കതകിന് വേണ്ടി ഒരുക്കിയ പലകകളും പിറകിൽ വച്ച് കെട്ടി പണിയായുധങ്ങളും ആണിയും പശയുമെല്ലാം സഞ്ചിയിലാക്കി സൈക്കിളിൽഅയാൾ ചീനിത്തായുടെ ലയത്തിലേക്ക് പുറപ്പെട്ടു.
ലയത്തിന് താഴെ മരപ്പാലത്തിനരുകിൽ വണ്ടി ഒതുക്കിവച്ച് അഴുക്ക്ചാലിന് സമാന്തരമായി പണിത പടിക്കെട്ടുകൾ കടന്ന് അയാൾ ചീനിത്തായുടെ മുറിയിലേക്ക് നടന്നു. ലയത്തിന്റെ പിൻവശത്തുനിന്നൊഴുകുന്ന, പാത്രങ്ങൾ കഴുകിയ അഴുക്കുവെള്ളവും, മുറ്റത്തെ പൈപ്പിൻ ചുവട്ടിൽ അലക്കി ഊരിപ്പിഴിയുന്ന വെള്ളവും മറ്റെന്തല്ലാമൊക്കയോ കൂടിക്കലർന്ന് ഓടവെള്ളം ചീഞ്ഞ നാറ്റത്തോടെ ഒഴുകി പടികടന്ന് പുൽത്തടിയിൽ ചേരുന്നു.
എസ്റ്റേറ്റിലെ മിക്കവാറും എല്ലാ ലയങ്ങളും ഈ വിധം വൃത്തിഹീനമായി കിടക്കുകയാണ്. വീടിൻറെ പടിക്കെട്ടിലേക്ക് കാലെടുത്തു വെച്ചതും കേട്ടത് ഒരു അലർച്ചയായിരുന്നു.-പെൺശബ്ദം ! വെയിലിൽ നിന്ന് പെട്ടെന്ന് അകത്തേക്ക് കയറിയതുകൊണ്ട് ഇരുട്ടിൽ വർക്കി ഒന്നും കണ്ടില്ല .അപ്പനും അമ്മയും കൊളുന്തെടുക്കാൻ പോയ നേരത്ത് ലയത്തിലെങ്ങും ആരുമില്ലാത്ത സമയത്ത് ഒരാൺപിറന്നോൻ കടന്നുവരുമെന്ന പ്രതീക്ഷയില്ലാതെ ഇറയത്തിരുന്ന് കുളിക്കുകയായിരുന്നു 'വല്ലി' -ചീനിതായുടെ മകൾ!
ചികിതയായി വല്ലാതെ വിടർന്ന കണ്ണുകൾ! പിണച്ചുവച്ച കൈകൾക്കിടയിലൂടെ നനഞ്ഞു തിളങ്ങുന്ന മേനി. അവളോടി അകത്തുകയറി. വർക്കി ആരോടെന്നില്ലാതെ മൂനാല് ചീത്ത വിളിച്ചു .മുറ്റത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും അഞ്ചാറ് ചാല് നടന്നു. പിന്നെ അകത്തു കയറി അളന്നു.. പലക മുറിച്ചു.. വേഗത്തിൽ വാതിലിന്റെ പണി തുടങ്ങി.
അവിടെമാകെ 'ലൈഫ് ബോയ്' സോപ്പിന്റെ മണമായിരുന്നു. "..അപ്പാ സൊല്ലിയിറുന്താറ്..." കുറേനേരം കഴിഞ്ഞപ്പോൾ അകത്തെ ഇരുട്ടിൽ നിന്നും അവൾ ചിണുങ്ങി. അവളുടെ കാൽപ്പെരുമാറ്റം ഇടയ്ക്കെല്ലാം കേട്ടെങ്കിലും വർക്കി അതൊന്നും ശ്രദ്ധിക്കാതെ തന്റെ പണി തുടർന്നു.
വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ പതിവു തെറ്റിക്കാതെ മംഗളം വാരിക വർക്കി വാങ്ങി .പട്ടണത്തിൽ നിന്നും വളരെ കുറച്ച് കോപ്പികളെ എസ്റ്റേറ്റിലേക്ക് എത്താറുള്ളൂ. വാരികയ്ക്കായി പെങ്ങന്മാർ കാത്തിരിക്കുന്നുണ്ടാവും .അല്പം വൈകിയാലും പുറംലോകത്തെ വർത്തമാനങ്ങളെല്ലാം എസ്റ്റേറ്റുകാർ അറിയാതിരിക്കില്ല. പത്രം വായിക്കുന്നവർ കുറവാണ്.
മൂത്ത പെങ്ങൾ ബേബിക്ക് ഒരാലോചന വന്നിട്ടുണ്ടെന്ന് അമ്മ അയാളെ അറിയിച്ചു. ചൂടുവെള്ളത്തിൽ കുളിച്ച് വൃത്തിയായി, കയ്യിലും കാലിലും എണ്ണ പുരട്ടി അടുപ്പിനരികത്ത് ഒരു സ്റ്റൂളിട്ട് കാലുയർത്തി വെച്ച് വർക്കി തീകായുകയായിരുന്നു. പെങ്ങന്മാരെല്ലാം മംഗളം വാരികയിൽ തല പൂഴ്ത്തി കഴിഞ്ഞിരുന്നു. പ്രധാന ചർച്ചകളെല്ലാം അടുക്കളയിൽ വച്ചായിരിക്കും. എസ്റ്റേറ്റ് ലയത്തിലെ ഒരു കുടുംബത്തിന് അടുക്കളയും പ്രധാനമുറിയും നിന്ന് തിരിയാൻ ഇടമില്ലാത്ത ഒരു ചെറു ഇറയവും മാത്രമാണുള്ളത്.
തേയില നുള്ളിയിടുന്ന കൂടയും, നിരപിടിക്കുന്ന മുളവടിയും, ദേഹത്ത് ചുറ്റുന്ന ചാക്കു തുണികളും, സോപ്പും ,ചകിരിയും എല്ലാം ഇറയത്താണ് വയ്ക്കുന്നത്. ഇറയത്തെ അഴയിൽ അലക്കിയ തുണികളും വിരിച്ചിട്ടുണ്ടാവും .പെണ്ണുങ്ങൾക്ക് വസ്ത്രം മാറാനാണ് കഷ്ടപ്പാട് .അടുക്കളയോട് ചേർന്നാണ് കുളിമുറി. അവിടെന്ന് ഇറങ്ങി പ്രധാനമുറി കടന്ന് ഇറയത്തിനരുകത്ത് സാരിയോ കടലാസോ കൊണ്ട് മറച്ച മറവിൽ നിന്ന് വേണം വസ്ത്രം മാറാൻ. അതിഥികൾ ആരെങ്കിലുമുണ്ടെങ്കിൽ അടുക്കളയിൽ നിന്ന് തന്നെ വസ്ത്രം മാറണം .
ജനാലയ്ക്കരുകിലാണ് വർക്കിയുടെ കട്ടിൽ. കട്ടിലെന്ന് പറയാനാവില്ല രണ്ട് പലക അടിച്ചതാണ്. അതിന് താഴെ പട്ടിക കഷണങ്ങളും ആണിപ്പെട്ടിയും പണിയായുധങ്ങളും സൂക്ഷിച്ചിരിക്കുന്നു. പഴയ തുണികൾ വിരിച്ച് അടുക്കി കാട്ടുകമ്പിളി വിരിച്ചിരിക്കുന്നു .പലകയ്ക്കും കമ്പിളിക്കുമിടയിൽ മംഗളം വാരിക തിരുകി വെച്ചിരുന്നതെടുത്ത് അയാൾ നിവർത്തി.കറുപ്പിലും വെളുപ്പിലുമായി ആലേഖനം ചെയ്ത ഒരു സുന്ദരിപ്പെണ്ണിൻറെ മുഖചിത്രം. ആകർഷകമായ വലിയ വിടർന്ന കണ്ണുകൾ!
പെട്ടെന്ന് അയാൾക്ക് വേറെ രണ്ട് കണ്ണുകൾ ഓർമ്മവന്നു. തലമുടിയിൽ നിന്നും വെള്ളം ഇറ്റിറ്റു വീണ് കുതിർന്ന മുഖം. അയാൾക്ക് വല്ലാത്തൊരു ഉൾപ്പുളകം തോന്നി. വർക്കിക്ക് വാരിക വായിക്കാൻ കഴിഞ്ഞില്ല. അടുക്കളയിൽ വച്ച് അമ്മ സംസാരിച്ച കുടുംബ കാര്യങ്ങളൊക്കെ അയാൾ മറന്നു. മുട്ടത്തു വർക്കിയുടെ നോവലുകളിലെ നായകൻമാരിലൊരാളെപ്പോലെ പൂത്തുലഞ്ഞ് അയാളന്നുറങ്ങിപ്പോയി.
തോപ്പുംപടിയിൽ നിന്നും ചെറുക്കനും കൂട്ടരും പെണ്ണുകാണാൻ വീട്ടിലെത്തി. അച്ചപ്പവും അവലോസുണ്ടയും ഡൈമൺ വെട്ടിയതും പിഞ്ഞാണങ്ങളിൽ ടീപോയ്ക്ക് മുകളിൽ നിരന്നു. കൊച്ചിക്കാര് അന്തം വിട്ടുപോകുന്ന ഏലയ്ക്കാ മണക്കുന്ന ചൂട് ചായ അടുക്കളയിൽ തയ്യാറാകുന്നു. പെണ്ണുങ്ങളെല്ലാം അടുക്കളയിൽ അടങ്ങിയൊതുങ്ങി നിൽപ്പാണ്.
ജനലിന്റെ വിടവിലൂടെ ഫിലോമിനയാണ് ചെറുക്കനെ ആദ്യം ഒളിഞ്ഞു നോക്കിയത്. "...കൊച്ചേ ചെക്കൻ കറുത്തതാണല്ലാ..." അവൾ അലമുറയിട്ടു. ഫിലോമിനയുടെ വായ് പൊത്തി അവളെ തള്ളി മാറ്റി സെലീന പിന്നെ ഒളിഞ്ഞു നോക്കി "..നേരാ, പൊക്കമുണ്ട്. പക്ഷേ ചെറിയ കഷണ്ടിയുണ്ട് അല്ലേ ഫിലോ.."?
"കറുത്ത ചെറുക്കനെ എനിക്ക് വേണ്ട.." ബേബി ഉടനെ കരയാൻ തുടങ്ങി.
"..അമ്മച്ചീ.. പൂപോലത്തെ എൻറെ ചേച്ചീനെ ആ കറുമ്പനേം കൊണ്ട് കെട്ടിക്കാൻ ഞാൻ സമ്മതിക്കൂലാട്ടോ..." ഫിലോമിന വ്യക്തമാക്കി.
ശരിയാണ്, ബേബി റോസാപ്പൂ പോലെ സുന്ദരിയാണ്. രൂപ ഭംഗിയുള്ള മെലിഞ്ഞ ശരീരം. ഈ പെണ്ണുങ്ങൾക്കെല്ലാം കല്യാണത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും മറ്റുമൊക്കെ നൂറു നൂറ് കനവുകളുണ്ട്. യാഥാർത്ഥ്യം അങ്ങനെയൊന്നും ആയിരിക്കില്ലായെന്ന് വർക്കിയുടെ അമ്മയ്ക്ക് അറിയാം. അവർ പെൺമക്കളെ ശാസിച്ചു. പക്ഷേ ഫിലോമിന കണ്ണീരൊലിപ്പിച്ച് മൂക്കും പിഴിഞ്ഞ് ഉടക്കി തന്നെ നിൽക്കുകയാണ്.
പെണ്ണ് ചായത്തട്ടും കൊണ്ട് പുറത്തേക്ക് വരാൻ വൈകുന്നതു കണ്ട് വർക്കി അടുക്കളയിലേക്ക് കയറി. പെണ്ണുങ്ങളുടെ എല്ലാം കവിളും മൂക്കും റോസാപ്പൂ പോലെ ചുവന്നിരിക്കുന്നത് കണ്ട് അയാളൊന്ന് അന്ധാളിച്ചു.
"എന്താ..? എന്തുപറ്റി.."? വർക്കി ശബ്ദം താഴ്ത്തി ചോദിച്ചു.
"ഉണക്ക ചുള്ളിക്കമ്പ് പോലുള്ള ആ വയസ്സൻ കഷണ്ടിയെ എൻറെ ചേച്ചിയെ കൊണ്ട് കെട്ടിക്കാൻ ഞാൻ സമ്മതിക്കുകേല.." ഫിലോമിനയുടെ ശബ്ദം സങ്കടം കൊണ്ട് ഇടറി. വർക്കിക്ക് കാര്യം പെട്ടെന്ന് മനസ്സിലായി. അയാളിലെ കാരണവരുണർന്നു. "കൊച്ചിയിലെ പേരുകേട്ട മരപ്പണിക്കാരനാ... ഇരുപത്തെട്ട് വയസ്സേയുള്ളൂ.. മുടി പോയത് അയാളുടെ കുഴപ്പമാണോ..? എടീ ബേബി കൊച്ചേ പെട്ടെന്ന് ചായയെടുത്തോണ്ട് പുറത്തേക്ക് വാ... ചിണുങ്ങല് നിർത്തിക്കോ ഫിലോ.. വെറുതേ എന്നെ കൊണ്ട് വീതുള്ളി എടുപ്പിക്കരുത്..."
പെണ്ണു കണ്ടു. വന്നവർ മടങ്ങി. ബേബി കട്ടിലിൽ കമിഴ്ന്ന് കിടന്ന് കരഞ്ഞു .ഫിലോമിന ബേബിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. വർക്കിയും അമ്മയും തുടർന്നുള്ള കാര്യങ്ങളെപ്പറ്റി ഗൗരവത്തോടെ ചർച്ച ചെയ്തുകൊണ്ടേയിരുന്നു. രാത്രി പുറത്ത് ജനാല ചില്ലുകളിൽ മഞ്ഞുതുള്ളികൾ പതുക്കെ പതുക്കെ രൂപപ്പെടുവാൻ തുടങ്ങി. ഭാരം കൂടിയപ്പോൾ മഞ്ഞുതുള്ളികൾ ചാലുകളായി താഴേക്ക് ഒഴുകിയിറങ്ങി. തേയിലക്കാടുകൾ മഞ്ഞു പുതച്ച് ഉറക്കമായിരിക്കുന്നു ...
പതിവുപോലെ സൈക്കിൾ ഒതുക്കി വച്ച് കാന്റീനിലേക്ക് കയറിച്ചെന്നതാണ് വർക്കി. കൈക്കുമ്പിളിൽ കരിപ്പെട്ടിച്ചക്കരയും അഞ്ചാറ് തക്കാളി പഴങ്ങളും വാങ്ങി വന്ന ഒരു പെൺകുട്ടി അയാൾക്കു മുമ്പിൽ ഒരു നിമിഷം ചൂളി നിന്നു. പിന്നെ ഒന്ന് പുഞ്ചിരിച്ച് ലജ്ജാ വിവശയായി അവൾ ഓടിക്കളഞ്ഞു. തൻറെ മുമ്പിൽ നനഞ്ഞു നിന്ന പെണ്ണ്. ചീനിത്തായുടെ മകൾ !-വല്ലി. മുഖത്ത് പൗഢർ പൂശിയിരിക്കുന്നു. വില്ലു പോലുള്ള പുരികങ്ങൾ, കണ്ണെഴുതി കറുപ്പിച്ചിരിക്കുന്നു. എന്തൊരു ചന്തം! ചാന്ത് സിന്ദൂരത്തിന്റെ ഗന്ധം അവിടെമാകെ പ്രസരിപ്പിച്ചിരിക്കുന്നു- അവൾ! പളനിക്ക് ചായ ഗ്ലാസ് തിരികെ കൊടുത്തപ്പോൾ വർക്കി അന്ന് അയാളെ ഭള്ളൊന്നും പറഞ്ഞില്ല .
അന്നയാൾക്ക് ജോലിയിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഉച്ചകഴിഞ്ഞപ്പോൾ രണ്ടുമൂന്ന് മരക്കഷണങ്ങളും പണിയായുധങ്ങളും സൈക്കിളിൽ തൂക്കി വർക്കി ചീനിത്തായുടെ ലയത്തിലേക്ക് ഓടിച്ച് പോയി. ലയത്തിന് താഴെ മരപ്പാലത്തിനടുത്ത് അയാൾ സൈക്കിൾ നിർത്തി .പാലത്തിൻറെ അറ്റകുറ്റപ്പണികൾ ചെയ്യുവാൻ പോകുകയാണെന്ന ഭാവം!
പണി കഴിഞ്ഞപ്പോൾ വർക്കി പടിക്കെട്ടുകൾ കയറി ലയത്തിന്റെ മുറ്റത്തെത്തി. ആറു മുറികളുള്ള ലയത്തിലെ എല്ലാവരും തോട്ടത്തിൽ പോയിരിക്കുകയാണ്. ഒരു കിളവി മാത്രം കാലു നീട്ടിയിരുന്ന് വെറ്റില ചവയ്ക്കുന്നുണ്ട്. ചീനിത്തായുടെ വീട്ടുമുറ്റത്ത് ആരെയും കാണുന്നില്ല. പിറകുവശത്ത് പടർന്ന് നിൽക്കുന്ന പീച്ച് മരത്തിൻറെ നിഴലിലേക്ക് അയാൾ നടന്നു. തുണി നനച്ചു വിരിച്ചുകൊണ്ടിരുന്ന വല്ലി നിനച്ചിരിക്കാതെ കയറിവന്ന വർക്കിയെ കണ്ട് ഞെട്ടി. പിന്നെ കയ്യിലെയും മുഖത്തെയും വെള്ളം കുടഞ്ഞു കളഞ്ഞ് അവൾ വീട്ടിലേക്ക് കയറിയൊളിച്ചു. പുറകെ വർക്കിയും വീട്ടിലേക്ക് കയറി. പീച്ച് മരത്തിലെ താഴ്ന്ന ശിഖരങ്ങളിൽ ചെറുകിളികൾ ചിലച്ച് കളിക്കുന്ന ശബ്ദം ചിതറി വീഴുന്നുണ്ടായിരുന്നു...
തോപ്പുംപടിയിൽ നിന്ന് വന്ന ആലോചന ഉറച്ചു. പള്ളിയിൽ മൂന്ന് വിളിച്ചു ചൊല്ലിയാൽ നോമ്പ് തുടങ്ങുന്നതിന് മുമ്പേ കല്യാണം നടത്താം. വർക്കി വലിയ ഉത്സാഹത്തിലായി. വീട്ടിലെ ആദ്യത്തെ കല്യാണമാണ്. വല്യപ്പന്മാരും ഇളയപ്പന്മാരും കുഞ്ഞുങ്ങളും പെണ്ണുങ്ങളും എല്ലാവരും വന്ന് വീട് നിറയും. അത്താഴമൂട്ടും സദ്യയും പാട്ടു കുർബാനയും പെരുന്നാളിന്റെ ആഘോഷമായിരിക്കും ഇനിയങ്ങോട്ട് ...
കല്യാണം വിളിക്കേണ്ടവരുടെ പേരുകൾ ഓർക്കുമ്പോളൊക്കെ അമ്മ വന്നു പറയും. അയാൾ ഒരു നോട്ടുപുസ്തകത്തിൽ അവയെല്ലാം കുറിച്ചിടും.
വെയിലേറ്റ് വിയർത്തു നിൽക്കുകയാണ്പ്രകൃതി പ്രക്രിതി. സൂര്യ പ്രകാശമേറ്റ് ഇലകളെല്ലാം സ്വർണ വർണ്ണമായിരിക്കുന്നു. രണ്ടുമൂന്ന് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഈ ഇലകൾ കരിഞ്ഞ് വീണു പോകുമായിരിക്കും!
വർക്കി ഇപ്പോൾ ചിലപ്പോൾ അയാളല്ലാതായി മാറുകയാണ്..! വീട്ടിൽ നിന്നിറങ്ങി പണിസ്ഥലത്ത് വന്ന് കഴിയുമ്പോഴാണ്- അയാളുടെ മനസ്സിൽ കറുത്തിരുണ്ട കാർമേഘങ്ങൾ ഉരുണ്ട് കൂടുന്നത് ...താനറിയാതെ തന്റെ കാലുകൾ അവളുടെ അടുത്തേക്ക് നടന്നടുക്കുകയാണ്..
പരിവേദനങ്ങളില്ലാതെ.. യാതൊന്നും പ്രതീക്ഷിക്കാതെ- അവൾ അയാളെ സ്വീകരിക്കുകയാണ്... ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളൊന്നുപോലും അവരുടെ ചിന്തയിലേക്ക് കടന്ന് വരുന്നതേയില്ല. വർക്കിയെ സ്നേഹിക്കുന്ന ചിലരെങ്കിലുമൊക്കെ കാര്യങ്ങൾ അറിഞ്ഞു തുടങ്ങി .
ദേഷ്യം വന്നിട്ട് ക്ലീറ്റസ് മേസ്തിരി അടിമുടി നിന്നങ്ങ് കത്തുകയായിരുന്നു. "നീ.. എന്തു കണ്ടിട്ടാ... ആ പാണ്ടി പെണ്ണിൻറെ പുറകെ നടക്കണേ..."? വർക്കിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് ക്ലീറ്റസ് മേസ്തിരി അലറി.. വർക്കി 'ഒരു കുലം മുടിച്ചു കളയും' എന്നതുപോലെ ആയിരുന്നു അയാളുടെ ആക്രോശം."... എന്തൊക്കെ പറഞ്ഞാലും ശരി... ഇന്നത്തോടെ ഈ ബന്ധം അവസാനിപ്പിച്ചേക്കണം..."
വർക്കി ക്ലീറ്റസിനോട് മറുപടിയൊന്നും പറഞ്ഞില്ല. ദേഷ്യപ്പെട്ടതുമില്ല. കെട്ടുപോയ ബുദ്ധി പതുക്കെ തെളിഞ്ഞു വരാൻ ക്ലീറ്റസിന്റെ ആ ശാസന സഹായിച്ചു എന്നുവേണം പറയാൻ. പെങ്ങളുടെ കല്യാണം നടക്കാൻ പോണ സമയമാണ്... രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലെ ബന്ധം വിജയിക്കാൻ പ്രയാസമാണ്.. ബുദ്ധിയിൽ സത്യങ്ങൾ.., വസ്തുതകൾ ..,അയാൾക്ക് തെളിഞ്ഞ് വന്നു ..
കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്ന് മടങ്ങുമ്പോഴാണ്, ക്ലീറ്റസിന്റെ പെണ്ണുമ്പിള്ള പറഞ്ഞ് വർക്കിയുടെ അമ്മ വിവരമറിഞ്ഞത്. 'തൻറെ മോൻ വർക്കി ഒരു പാവം പെണ്ണിനെ വഞ്ചിച്ചിരിക്കുന്നു.. വലയിൽ കുടുങ്ങാതെ വർക്കി രക്ഷപ്പെടുകയാണ്..'
വീട്ടിലെത്തിയ അമ്മ വർക്കിയെ അരികിൽ വിളിച്ചു. അനുസരണയോടെ അയാൾ അടുത്തു നിന്നു. നെരുപ്പോടില്‍ എരിഞ്ഞു കത്തുന്ന തീനാളങ്ങൾ അവരിരുവരുടെയും കവിളുകളിൽ പ്രതിഫലിച്ചു.
"മോനേ... നീ അവളെ ഉപേക്ഷിക്കരുത്.. നിനക്കും പെങ്ങന്മാരുണ്ട്.. എൻറെ മോൻ കാരണം ഒരു പെണ്ണിന്റെയും കണ്ണീര് വീഴരുത്.. അവളുടെ മാനത്തിന്റെ വില..- മുഴുമിപ്പിക്കുവാൻ വർക്കി സമ്മതിച്ചില്ല. അയാൾ അമ്മയുടെ മുൻപിൽ മുട്ടുകുത്തി. അയാളുടെ കണ്ണുനീർത്തുള്ളികൾ ആ അമ്മയുടെ പാദങ്ങൾ നനച്ചു.
ബേബി വിവാഹം കഴിഞ്ഞ് കൊച്ചിയിലേക്ക് പോയി.
വർക്കി- ഒരു രാജാവിനെപ്പോലെ ജീവിക്കാമായിരുന്ന ആ മനുഷ്യൻ.. തന്റെ അമ്മയ്ക്ക് കൊടുത്ത വാക്കിൻറെ പേരിൽ, ഗ്രാമചന്തയിൽ അയാൾകൊട്ടും ചേരാത്ത ആ സ്ത്രീയോടൊപ്പം.. ഒരു പരാജിതനെ പോലെ.. ഇടയ്ക്കൊക്കെ വരാറുണ്ട്..