മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"ആമീ, നീയെന്താണ് ഇങ്ങനെ ഇരിക്കുന്നത്... വീട്ടിൽ പോകുന്നില്ലേ? എല്ലാവരും പോയിക്കഴിഞ്ഞല്ലോ... ഇനിയും പത്തുദിവസം കഴിഞ്ഞ് തിരിച്ചുവന്നാൽ മതിയല്ലോ."

കാൽമുട്ടുകളിൽ തല ചേർത്ത് സങ്കടപ്പെട്ടിരിക്കുന്ന ആമിയുടെ പുറത്ത് തട്ടിക്കൊണ്ട് സുനിതടീച്ചർ ചോദിച്ചു.

"ഇല്ല ടീച്ചർ, ഞാൻ പോകുന്നില്ല. ഞാൻ ഇവിടെത്തന്നെ കഴിഞ്ഞോളാം."

"വീട്ടിൽ അച്ഛനും അമ്മയുമൊക്കെ നിന്നെ പ്രതീക്ഷിച്ച് കാത്തിരിക്കുകയല്ലേ?"

"ആ വീട്ടിലേക്ക് പോകാൻ എന്നിക്ക് ഒട്ടും ഇഷ്ടമല്ല ടീച്ചർ... അച്ഛനും അമ്മയും തമ്മിൽ എന്നും വഴക്കാണ്.  എന്റെ അച്ചമ്മയ്ക്ക് മാത്രമേ എന്നോട് സ്നേഹമുണ്ടായിരുന്നുള്ളൂ... പക്ഷേ...."

"എന്നിട്ട് അച്ചമ്മയ്ക്ക് എന്തുപറ്റി?"

"രണ്ടു മാസം മുൻപ് മരിച്ചുപോയി. ആ വീടിപ്പോൾ എനിക്കൊരു നരകമാണ്."

"അവരാരും നിന്നെ വിളിച്ച് സംസാരിക്കാറില്ലേ?"

"അച്ഛന് അതിനൊന്നും സമയമില്ല... അമ്മ വിളിക്കാറുണ്ട്. അമ്മയ്ക്കും അച്ഛനെ പേടിയാണ്... എന്നെയോർത്ത് അമ്മയുടെ ഉള്ളിലെന്നും തീയാണ്."

"നീ വിചാരിക്കുന്നതുപോലെയൊന്നും ആയിരിക്കില്ല കാര്യങ്ങൾ, ഏതായാലും കുട്ടി ഇപ്പോൾ വീട്ടിൽ പോകൂ... അവരല്ലെങ്കിൽ നിന്നെക്കാണാതെ വിഷമിക്കും..."

"ഇവിടെ താമസിക്കുന്നത് കൊണ്ട് ടീച്ചറിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?"

"നാളെ മുതൽ ഹോസ്റ്റൽ അടച്ചിടും. ജോലിക്കാരാരും ഇവിടെ ഉണ്ടാവില്ല."

"ആരും കാണില്ലേ?"

"ഇല്ല, നാളത്തോടു കൂടി എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോകും. ഞാനും  രാവിലെ പോകാനിരിക്കുകയാണ്."

"ടീച്ചറിന്റെ വീട്ടിലേക്ക് ഞാനും കൂടി വന്നോട്ടേ?"

"വന്നോളൂ... പക്ഷേ, എന്റെ വീട്ടിലെ അന്തരീക്ഷ മൊന്നും കുട്ടിക്കിഷ്ടപ്പെടില്ല."

"അതെന്താണ് ടീച്ചർ?"

"അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല..."

"വെറും രണ്ട് ദിവസം മതി, അത് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പൊക്കോളാം."

"രണ്ട് ദിവസം കഴിയുമ്പോൾ എന്താണ് വിശേഷം?

"അയാളൊരു ബിസിനസ്സ് ടൂറിന് പോകുമെന്ന് അമ്മ പറഞ്ഞിരുന്നു."

"ശരി, എങ്കിൽ പോന്നോളൂ.... നാളെ രാവിലെ ഏഴുമണിക്ക് തന്നെ പോകണം കേട്ടോ..."

"ശരി ടീച്ചർ... ഞാൻ റെഡിയായിരിക്കാം."

"കുട്ടിയുടെ അച്ഛന്റെ നമ്പർ നിനക്കറിയാമോ?"

"ഇല്ല, അമ്മയുടെ നമ്പർ എന്റെ കയ്യിലുണ്ട്."

"എങ്കിൽ തരൂ... രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടേ നീ ചെല്ലുകയുള്ളൂ എന്ന് വിളിച്ച്പറയാം."

"ഉം...."

ഡയറിയിൽ നിന്നും അമ്മയുടെ മൊബൈൽ നമ്പർ എഴുതി അവൾ ടീച്ചറിന് കൊടുത്തു.

"ഹലോ..."

"ആമിയുടെ അമ്മയല്ലേ?" 

"അതേ... ആരാണ് സംസാരിക്കുന്നത്?"

"ഹോസ്റ്റലിൽ നിന്നും അവളുടെ ടീച്ചറാണ്."

"എന്താണ് ടീച്ചർ കാര്യം, അവൾ പുറപ്പെട്ടില്ലേ?"

"അവളിന്ന് വരുന്നില്ലെന്ന് അറിയിക്കാനാണ് വിളിച്ചത്."

"അതെന്താണ്, നാളെ മുതൽ വെക്കേഷൻ അല്ലേ?"

"അതേ, പക്ഷേ അവൾക്ക് അങ്ങോട്ട് വരാൻ താല്പര്യമില്ലെന്നാണ് പറയുന്നത്."

ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം അവർ പറഞ്ഞു...

"മോളോടൊന്ന് സംസാരിക്കാൻ പറ്റുമോ?"

"ശരി, ഞാൻ കൊടുക്കാം..."

"ഹലോ.."

"മോളേ... നീ വീട്ടിലേക്ക് വരണം, ഇപ്രാവശ്യം ഒരു പ്രശ്നവുമുണ്ടാവാതെ ഞാൻ നോക്കിക്കോളാം... ഈ അമ്മയ്ക്ക് നീ മാത്രമേയുള്ളൂ..."

"ആ വീട്ടിൽ താമസിക്കാൻ എനിക്ക് പേടിയാണമ്മാ... ഞാൻ വരുന്നില്ല...അയാൾ പോയിട്ട് വന്നോളാം."

കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവൾ ഫോൺ കട്ട് ചെയ്തു.

സ്നേഹത്തിന് വേണ്ടി ദാഹിക്കുന്ന അവളുടെ മനസ്സിൽ അമ്മയുടെ ഭർത്താവിനോടുള്ള വെറുപ്പിന്റെ കനലുകൾ പുകഞ്ഞുകൊണ്ടിരുന്നു.

രാവിലെ ഏഴുമണിക്ക് തന്നെ അവർ ഹോസ്റ്റലിൽ നിന്നും ഒരു ഓട്ടോയിൽ കയറി ബസ്സ്സ്റ്റാൻഡിലേക്ക് പോയി. കുറേ നേരം കാത്തുനിന്നിട്ടാണ് നാട്ടിലേക്കുള്ള ബസ്സ് കിട്ടിയത്.

സൈഡ് സീറ്റിലിരുന്ന് പുറത്തെ കാഴ്ചകളിൽ മുഴുകിയിരിക്കുന്ന ആമിയോട് ടീച്ചർ ചോദിച്ചു.

"മോളെന്താണ് ആലോചിക്കുന്നത്?"

"ഒന്നുമില്ല ടീച്ചർ.."

"എന്റെ വീട്ടിലോട്ടാണ് വരുന്നതെന്ന് മോളുടെ അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്."

"ഉം... ടീച്ചറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്?"

"എന്റെ ഭർത്താവും പിന്നെ അമ്മായിയമ്മയും."

"അവരൊക്കെ നല്ല ആൾക്കാരാണോ?"

"സ്വാതന്ത്ര്യവും സമാധാനവും ഇല്ലാത്ത ഒരു വീട്... സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് എപ്പോഴും വഴക്കാണ്."

"ജീവിതത്തിൽ കരയാത്ത പെണ്ണുങ്ങൾ ആരുമുണ്ടാവില്ല, അല്ലേ ടീച്ചർ?"

"ശരിയാണ് കുട്ടീ.... കരയാനായി മാത്രം ജനിച്ചവർ!"

"ടീച്ചറിന്റെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായിക്കാണും?"

"നാലുവർഷം കഴിഞ്ഞു. ഗൾഫിലായിരുന്ന ഭർത്താവ് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയിട്ട് രണ്ടുവർഷമായി. ഇപ്പോൾ പ്രത്യേകിച്ച് ജോലിയൊന്നുമില്ല..."

"അപ്പോൾ ടീച്ചറിന്റെ ശമ്പളം കൊണ്ടാണോ എല്ലാവരും ജീവിക്കുന്നത്..."

"കെട്ടിച്ചുവിട്ട പെങ്ങളും ഭർത്താവിനോട് വഴക്കുണ്ടാക്കി ഇപ്പോൾ വീട്ടിൽ വന്ന് നിൽക്കുകയാണ്."

"ടീച്ചറിന് അമ്മയും അച്ഛനുമൊക്കെയില്ലേ?"

"ഉണ്ട്, കൂലിപ്പണി ചെയ്താണ് അവരെന്നെ വളർത്തിയതും പഠിപ്പിച്ചതും. ഉണ്ടായിരുന്ന പറമ്പിന്റെ പകുതിയും വിറ്റ് എന്റെ കല്യാണവും നടത്തി. അവരുടെ ചിലവുകൾക്കായി മാസം തോറും അല്പം പൈസ അയച്ചു കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല. ആവശ്യങ്ങളുടെ കണക്ക് പറഞ്ഞ് മുഴുവനും ഭർത്താവ് വാങ്ങിച്ചെടുക്കും. അടുത്ത കാലത്തായി കള്ളുകുടിയും തുടങ്ങിയിട്ടുണ്ട്."

"ടീച്ചറിന് വേറെയെവിടെയെങ്കിലും പോയി താമസിച്ചുകൂടേ? ഞാനാണെങ്കിൽ എന്നേ പോകുമായിരുന്നു..."

"സാധിക്കില്ല മോളേ... ഒരു ഭാര്യയായിപ്പോയില്ലേ? പെണ്ണിന് സ്വാതന്ത്ര്യം നിഷേധിക്കുന്ന സമൂഹമാണ്. തീരെ നിവൃത്തിയില്ലാതെ വന്നാൽ ഒരു ദിവസം പോകണം."

"ടീച്ചറോടൊപ്പം എന്നെക്കണ്ടാൽ അവരെന്താവും വിചാരിക്കുക?"

"അതുകൊണ്ടാണ് നിന്നെ ഇങ്ങോട്ട് കൊണ്ടുവരാൻ ഞാൻ ഭയപ്പെട്ടത്. എന്റെ ഭർത്താവ് ഒരാഴ്ചയായി എവിടെയോ പോയിരിക്കുകയാണ്, രണ്ടു ദിവസങ്ങൾ കഴിഞ്ഞേ മടങ്ങിവരികയുള്ളൂ. ആ ഒരു ധൈര്യത്തിലാണ് കുട്ടിയെ ഞാനിങ്ങോട്ട് കൊണ്ടുവന്നത്."

"എങ്കിൽ നമുക്ക് ടീച്ചറിന്റെ സ്വന്തം വീട്ടിൽ പോകാമായിരുന്നു."

"അവിടെ നമുക്ക് നാളെ പോകാം..."

"ഓ. കെ."

മുറ്റത്ത് വന്ന് നിന്ന ഓട്ടോയിൽ നിന്നും പതിനഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയോടൊപ്പം ഇറങ്ങിവരുന്ന മരുമകളെ കണ്ട് അമ്മായിയമ്മ നെറ്റിചുളിച്ചു...

"നീ ഇന്നലെ വരുമെന്നല്ലേ പറഞ്ഞത്, ഏതാണീ കുട്ടി?"

"എന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ്. ഹോസ്റ്റലിലാണ് താമസിക്കുന്നതും. അവളുടെ വീട്ടിൽ ആരുമില്ലാത്തതുകൊണ്ട് ഞാനിങ്ങ് കൊണ്ടുപോരുന്നു. രണ്ടു ദിവസം ഇവിടെ കാണും."

"ഓഹോ...ഇനി അതിനും കൂടി വച്ചു വിളമ്പാനൊന്നും എന്നെക്കൊണ്ട് കഴിയില്ല..."

പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോയ അവരുടെ പിറകേ ചെന്ന സുനിത പറഞ്ഞു...

"അമ്മേ... അവൾ കേൾക്കെ ഇങ്ങനെയൊന്നും പറയരുതേ... അല്ലെങ്കിൽത്തന്നെ ആ കുട്ടിക്ക് ഒരുപാട് സങ്കടങ്ങളുണ്ട്."

"ഞാൻ പറയുന്നതിനാണോ കുറ്റം, എവിയെയോ ഉള്ള ഒരു കൊച്ചിനേയും വിളിച്ചോണ്ട് വന്നിരിക്കുന്നു..."

ഒരു പെണ്ണിനെ പ്രസവിച്ചിട്ടും കരുണയുടെ ഒരംശം പോലും അവരുടെ മനസ്സിലില്ലല്ലോ എന്നോർത്ത് സുനിത നൊമ്പരപ്പെട്ടു.

"ആമീ... കൈയും മുഖവും കഴുകിവന്നോളൂ... നമുക്ക് ഭക്ഷണം കഴിക്കാം."

"ശരി ടീച്ചർ..."

"കുട്ടിയുടെ വീട്ടിലെപ്പോലെയൊന്നും ഇല്ലെന്നറിയാം. എങ്കിലും ഉള്ളത് കഴിക്കാം."

"എനിക്കിതൊക്കെ മതി ടീച്ചർ..."

"എങ്കിൽ ഇരിക്കൂ...."

"ബാക്കിയുളളവരൊക്കെ കഴിച്ചതാണോ?"

"അമ്മ കഴിച്ചെന്നാണ് പറഞ്ഞത്. ചേച്ചി  ഇവിടെയില്ല, അമ്മാവന്റെ വീട്ടിലാണ്."

 ഊണ് കഴിച്ചശേഷം ആമിയേയും കൊണ്ട് സുനിത മുറിയിലേക്ക് പോയി.

"അല്പ നേരം കിടന്നോളൂ കുട്ടീ... യാത്ര ചെയ്ത് വന്നതല്ലേ?"

"ഉം... ടീച്ചറിന് ഇവിടെയുള്ള എല്ലാവരേയും പേടിയാണോ?"

"ഉം....ഇപ്പോൾ അല്പം സമാധാനമുണ്ടെന്ന് പറയാം. ചേട്ടൻ വന്നുകഴിഞ്ഞാൽപ്പിന്നെ അതുമുണ്ടാവില്ല."

"ടീച്ചറിന്റെ ഭർത്താവ് അത്രയ്ക്ക് മോശമാണോ?"

"ഭയങ്കര ദേഷ്യമാണ്. അതിന്റെ കൂടെ സംശയവും ഉണ്ട്. കയ്യിലുള്ള പൈസ മുഴുവനും വാങ്ങിച്ചെടുക്കും. കൊടുത്തില്ലെങ്കിൽ ഉപദ്രവിക്കുകയും ചെയ്യും."

"ഇതെല്ലാം സഹിച്ച് എന്തിനാണ് ടീച്ചറിവിടെ നിൽക്കുന്നത്? അയാൾ എത്തുന്നതിന് മുൻപ് നമുക്കിവിടെ നിന്നും പോകാം."

"എവിടേക്ക് പോകാനാണ്? എവിടെപ്പോയാലും അയാൾ തേടിപ്പിടിച്ച് വരും. ഒരു ദിവസം പോലും എന്റെ വീട്ടിൽ താമസിക്കാൻ വിടില്ല... പലതവണ ജോലി ചെയ്യുന്ന സ്കൂളിലും താമസിക്കുന്ന ഹോസ്റ്റലിലും വന്ന് ശല്യം ചെയ്തിട്ടുണ്ട്."

"അയാൾ വരുന്നതിന് മുൻപ് എനിക്ക് പോകണം ടീച്ചർ... കേട്ടിട്ട് പേടിയാവുന്നു. എന്റെ അച്ഛനും അമ്മയെ അടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്."

"കുട്ടിയെ ഉപദ്രവിക്കുമോ?"

"പറയുന്നതനുസരിച്ചില്ലെങ്കിൽ അടിക്കും. അയാൾ ശരിക്കും എന്റെ അച്ഛനല്ല... എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് എന്റെ അച്ഛൻ മരിച്ചത്. അതൊരു ആക്സിഡന്റ് ആയിരുന്നു. എനിക്ക് രണ്ട് വയസ്സുള്ളപ്പോൾ അമ്മ വീണ്ടും വിവാഹിതയായി. അച്ഛന്റെ കമ്പനിയിലെ മാനേജരായിരുന്നു അയാൾ. 

സ്നേഹവും വാത്സല്യവും ആവോളം പകർന്ന് തന്നാണ് എന്നെ വളർത്തിയത്. കാലക്രമേണ അയാളുടെ കഴുകൻകണ്ണുകൾ എന്നിലേക്ക് നീണ്ടപ്പോഴാണ് അമ്മ എന്നെ ഹോസ്റ്റലിലാക്കിയത്. അയാളിൽ നിന്നും എന്നെ അകറ്റിയതിന് അമ്മയെ ഒരുപാട് ഉപദ്രവിച്ചെന്നാണറിഞ്ഞത്... 

കഴിഞ്ഞ വർഷം വരെ എല്ലാ വെക്കേഷനുകളും അച്ചമ്മയുടെ കൂടെയാണ് ചിലവഴിച്ചിരുന്നുത്. അച്ചമ്മ കിടപ്പിലായ ശേഷം ഞാൻ വീട്ടിൽ പോയിരുന്നെങ്കിലും ഭയത്തോടെയാണ് ദിവസങ്ങൾ തള്ളിനീക്കിയത്."

മനസ്സിൽ ഉറഞ്ഞുകൂടിയ സങ്കടക്കുന്നുകൾ മഞ്ഞുമഴകളായി പെയ്തിറങ്ങി.

"അയാളിൽ നിന്നും മോശമായ പെരുമാറ്റങ്ങൾ എന്തെങ്കിലും കുട്ടിക്ക് ഉണ്ടായിട്ടുണ്ടോ?"

"ഒന്നിനും ഞാനവസരം കൊടുത്തിരുന്നില്ല...അയാളുടെ മുന്നിൽ ചെന്നുപെടാതെ ഒഴിഞ്ഞുമാറിയാണ് ഞാൻ നടന്നിരുന്നത്. കഴിഞ്ഞ ഓണാവധിയുടെ സമയത്ത് ഒരു ദിവസം അമ്മയേയും കൊണ്ട് പുറത്തുപോയിരുന്ന ആൾ ഒറ്റയ്ക്ക് വീട്ടിൽ തിരിച്ചെത്തി. 

ടി വി യിൽ ഒരു സിനിമ കണ്ടുകൊണ്ടിരുന്ന എന്റെ അരികിൽ വന്നിരുന്നിട്ട് മോളേയെന്ന് വിളിച്ചുകൊണ്ട് അയാളെന്നെ കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മവച്ചു. കുതറിമാറാൻ ശ്രമിച്ചപ്പോൾ ബലമായി കോരിയെടുത്ത്  കട്ടിലിൽ കൊണ്ടുപോയി കിടത്തി. മൽപ്പിടിത്തത്തിനൊടുവിൽ പഴക്കൊട്ടയിലിരുന്ന കത്തിയെടുത്ത് ഞാനയാളെ കുത്തിയിട്ട് മുറിയിൽ നിന്നും ഇറങ്ങിയോടി."

"അത് നന്നായി, മോൾക്ക് അത്രയും ധൈര്യമുണ്ടായിരുന്നല്ലോ...എന്നിട്ട് അയാൾക്കെന്തെങ്കിലും പറ്റിയോ?"

"കയ്യിലായിരുന്നു കുത്ത് കൊണ്ടത്. പന്ത്രണ്ട് തയ്യലുണ്ടായിരുന്നു. അയാൾ ആശുപത്രിയിൽ നിന്നും തിരിച്ചെത്തുന്നതിന് മുൻപ് ഞാൻ ഹോസ്റ്റലിലേക്ക് തിരിച്ചുപോയി. അതിന്റെ പകയും ദേഷ്യവും കൊണ്ട് നടക്കുകയാണിപ്പോൾ. ടീച്ചർ പറയൂ, ഞാനെങ്ങനെ ആ വീട്ടിലോട്ട് ചെയ്യും?"

"എന്തു വന്നാലും നേരിടാനുള്ള ധൈര്യം കുട്ടിക്കുണ്ടല്ലോ... ഒന്നും സംഭവിക്കില്ല... നാളെ എന്റെ ഭർത്താവ് വരുന്നതിന് മുൻപ് കുട്ടി ഇവിടെ നിന്നും പോയേ പറ്റൂ... അയാൾ വന്നു കഴിഞ്ഞാൽപ്പിന്നെ എന്ത് നടക്കുമെന്ന് എനിക്കറിയില്ല... കുട്ടിയുടെ അമ്മയോട് നാളെ രാവിലെ തന്നെ ഇവിടേക്ക് വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്."

"ഞാനിവിടെ നിന്നും പോകണമെങ്കിൽ ടീച്ചറും എന്നോടൊപ്പം വരണം. ടീച്ചറിനെ ഈ നരകത്തിൽ വിട്ടിട്ട് ഞാൻ പോവില്ല."

"അയ്യോ... മോളേ... എനിക്കിവിടം വിട്ട് എങ്ങോട്ടും പോകാൻ കഴിയില്ല..."

"എന്നാരു പറഞ്ഞു? മനസ്സ് വച്ചാൽ എല്ലാം സാധിക്കും. ഞാനൊരു കാര്യം പറയട്ടെ..."

"എന്താണ് കേൾക്കട്ടെ..."

"നാളെ അമ്മ വരുമ്പോൾ നമുക്ക് രണ്ടു പേർക്കും കൂടി ഇവിടെ നിന്നും പോകാം. അമ്മയേയും കൂട്ടി ദൂരെ എവിടെയെങ്കിലും പോയി താമസിക്കാം. സ്വത്തൊക്കെ ഇപ്പോഴും എന്റേയും അമ്മയുടേയും പേരിലാണ്. കേസ്സ് കൊടുത്താൽ എന്നായാലും എല്ലാം തിരിച്ചു കിട്ടും. അമ്മയ്ക്കും ടീച്ചറിനും ഡിവോർസിനും നോട്ടീസ് കൊടുക്കാം. ഭർത്താക്കന്മാരുടെ ഉപദ്രവങ്ങൾ സഹിച്ച് കഴിയുന്ന സ്ത്രീകളെയെല്ലാം അവരുടെ തടവറയിൽ നിന്നും  നമുക്ക് മോചിപ്പിക്കണം. നീതിയും സമത്വവും സ്വാതന്ത്ര്യവും എല്ലാ പെൺകുട്ടികൾക്കും കിട്ടാൻ വേണ്ടി നമുക്ക് പൊരുതണം ടീച്ചർ."

"കുട്ടി പറയുന്നതൊക്കെ ശരിയാണ്, എന്നാലും..."

"ഒരെന്നാലുമില്ല, ടീച്ചറിപ്പോൾത്തന്നെ അത്യാവശ്യം സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു വച്ചോളൂ..."

"കുട്ടിയുടെ അമ്മ ഇതൊക്കെ സമ്മതിക്കുമോ?"

"ഞാൻ പറഞ്ഞാൽ അമ്മ കേൾക്കുമെന്നുറപ്പാണ്."

"എന്നിട്ട് നമ്മൾ എവിടേക്ക് പോകും..."

"ദൂരെ ഏതെങ്കിലും സ്ഥലത്ത് പോകാം."

ആമി പറഞ്ഞതനുസരിച്ച് രാത്രിയിൽ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്തുവച്ചിട്ട് അവർ ഉറങ്ങാൻ കിടന്നു. മൊബൈലെടുത്ത് ആമിയുടെ അമ്മയെ വിളിച്ചിട്ട് സുനിത പറഞ്ഞു...

"ഹലോ..."

"ഹലോ ഞാൻ സുനിതയാണ്... നാളെ രാവിലെ തന്നെ വരുമല്ലോ അല്ലേ?"

"അതേ... എന്തുപറ്റി?"

"ഒന്നുമില്ല, ഞാൻ ആമിക്ക് കൊടുക്കാം. അവൾക്കെന്തോ സംസാരിക്കാനുണ്ട്."

"ശരി..."

ടീച്ചറിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങിയിട്ട് ആമി തന്റെ തീരുമാനങ്ങളെല്ലാം പറഞ്ഞുകേൾപ്പിച്ചു

ആമിയുടെ പ്ലാൻ കേട്ടുകഴിഞ്ഞ് ഒരു നിമിഷം സ്തബ്ധയായെങ്കിലും അതിലെ നന്മയുടെ അംശം തിരിച്ചറിഞ്ഞ അവർ ഭർത്താവറിയാതെ രാവിലെ തന്നെ വീട്ടിൽ നിന്നും തിരിക്കാൻ തീരുമാനിച്ചു. ആവശ്യമുള്ള സാധനങ്ങളോടൊപ്പം കയ്യിലുണ്ടായിരുന്ന പണവും സ്വർണവും ചെക്കുകളും പ്രധാനപ്പെട്ട ഡോക്കുമെന്റ്സും എല്ലാമെടുത്ത് ഭദ്രമായി ബാഗിൽ വച്ചു...

'ശരിയാണ്, ആമി പറയുന്നതാണ് ശരി, അവളുടെ ഭാവിയ്ക്കു വേണ്ടിയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെട്ടേ മതിയാവു... പക്ഷേ... എവിടേക്ക് പോകും? ആർക്കും കണ്ടുപിടിക്കാനാവാത്ത ഒരു സ്ഥലത്തേക്ക് പോകണം... അതെവിടെയാണ്? തന്റെ ക്ലാസ്സ്മേറ്റായിരുന്ന മേരി, ഇപ്പോൾ ഒരു മഠത്തിലെ മദർസുപ്പീരിയറാണ്. അവർ നടത്തുന്ന ഓർഫനേജിൽ പൈസ കൊടുക്കാനായി പല പ്രാവശ്യം അവിടെ പോയിട്ടുണ്ട്. അവിടം സേഫായിരിക്കും. അവർക്ക് സ്കൂളും മറ്റ് സ്ഥാപനങ്ങളുമൊക്കെയുണ്ട്. തൽക്കാലം അവിടേക്ക് പോകാം. അവരുടെ സഹായത്തോടെ ഒരു വക്കീലിനെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല...'

എല്ലാം ചിന്തിച്ചുറപ്പിച്ചുകൊണ്ട് നേരം വെളുക്കാൻ വേണ്ടി കാത്തിരുന്നു. അന്നുരാത്രിയിൽ ഭർത്താവ് വീട്ടിലില്ലാതിരുന്നതിനാൽ സകലതും സംയമനത്തോടെ ചെയ്യാൻ സാധിച്ചു. 

'ഞാൻ പോകുന്നു, എന്നെ അന്വേഷിക്കരുത്...' 

ഒരു വെള്ള പേപ്പറിൽ ഇത്രമാത്രം എഴുതി മേശപ്പുറത്ത് വച്ചിട്ട്, രാവിലെ നാലുമണിക്ക് തന്നെ വണ്ടിയിൽ കയറി ഓടിച്ചുപോയി.

ഗൂഗിൾ മാപ്പിലെ ലൊക്കേഷൻ നോക്കി ആറ് മണിക്ക് തന്നെ സുനിതയുടെ വീടിന് മുന്നിൽ എത്തി.

സുനിതയുടെ മൊബൈൽ വൈബ്രേറ്റ് ചെയ്ത യുടൻതന്നെ ആമിയേയും കൂട്ടി ശബ്ദമുണ്ടാക്കാതെ അവർ വീടിന് വെളിയിൽ കാത്തു കിടന്നിരുന്ന കാറിൽ കയറി.

ഹൃദയം പടപടാന്ന് അടിക്കുന്നത് സുനിത അറിയുന്നുണ്ടായിരുന്നു.

"സുനിതയുടെ വീട്ടിൽ ആരുമുണർന്നില്ലേ?"

ആമിയുടെ അമ്മ അന്വേഷിച്ചു.

"ഭർത്താവ് എവിടെയോ പോയിരിക്കുകയാണ്, ഇന്ന് രാത്രിയിൽ എത്തും. അമ്മായിഅമ്മ ഉണർന്നിട്ടില്ല..."

"അവരുണരുമ്പോൾ അന്വേഷിക്കില്ലേ?"

"ഞാൻ പോവുകയാണ്, എന്നെ അന്വേഷിക്കണ്ട' എന്നൊരു പേപ്പറിൽ എഴുതി വച്ചിട്ടുണ്ട്. ആരും അന്വേഷിച്ച് വരാനൊന്നും പോകുന്നില്ല. വേറൊരു കല്യാണം കഴിച്ച് അയാൾ സുഖമായി ജീവിക്കും."

"ഉം... വാസ്തവം."

"അമ്മേ...നമ്മൾ എങ്ങോട്ടാണ് പോകുന്നത്?"

"അറിയില്ല മോളേ... എല്ലാം നിന്റെ പ്ലാനല്ലേ, നീ പറയൂ..."

"അയ്യോ... എനിക്കറിയില്ല..."

"ശരി, തൽക്കാലം ഒരു സ്ഥലം ഞാൻ കണ്ടു വച്ചിട്ടുണ്ട്. ധൈര്യമായിട്ട് പോകാൻ പറ്റിയ ഒരിടം."

"ശരി, ഇനിയെല്ലാം അമ്മ പറയുന്നത് പോലെ..."

സാമാന്യം ഭേദപ്പെട്ട ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട് അവർ യാത്രതുടർന്നു. 

വിശാലമായ മതിലിനുള്ളിലെ കന്യാസ്ത്രീ മഠത്തിനുള്ളിലേക്ക് വണ്ടി തിരിച്ചപ്പോൾ ആമിയും ടീച്ചറും പരസ്പരം നോക്കി. യേശുദേവന്റേയും മാതാവിന്റേയും വലിയ പ്രതിമകൾ സ്ഥിതിചെയ്യുന്ന മനോഹരമായ പൂന്തോട്ടത്തിന് സമീപം ഒരു പള്ളിയും കാണപ്പെട്ടു.

"അമ്മേ.. ഇവിടെ എന്തിനാണ് വന്നത്?"

"തൽക്കാലം ഇവിടെയാണ് സേഫ്. ഇവിടുത്തെ മദർ സുപ്പീരിയർ എന്റെ ഫ്രണ്ടാണ്."

മദർ സുപ്പീരിയറിനെ കാത്ത് വിസിറ്റിങ് റൂമിലിരിക്കുമ്പോൾ മൂന്നുപേരുടേയും ഉള്ളിൽ പുതിയ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു..

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ