ഈപ്പൻ ആശിച്ചു, മോഹിച്ചു തൻ്റെ ഇതുവരെയുള്ള സമ്പാദ്യമെല്ലാം കൂടി ഒപ്പിച്ചാണ് ഒരു വീടു വാങ്ങിയത്. വീടു വാങ്ങി താമസം തുടങ്ങിയ അന്നു മുതൽ അയൽവാസികൾക്കെല്ലാം തന്നോട് ഭയങ്കര ശത്രുതയാണന്ന് ഈപ്പനു തോന്നിത്തുടങ്ങി. അവരുടെയെല്ലാം നോട്ടത്തിലും സംസാരത്തിലുമെല്ലാം ശത്രുതാ മനോഭാവം ഉണ്ടോ എന്ന് ഈപ്പനു സംശയമായി. ഈപ്പൻ ക്രമേണ അവരിൽ നിന്നെല്ലാം അകന്നു. ഈപ്പൻ ചിന്തിച്ചു: ശത്രുക്കളെ വകവരുത്താൻ ആയുധങ്ങളുടെ മിനിമം ശേഖരമെങ്കിലും ഉണ്ടാകണം. ആയുധങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് ആത്മധൈര്യവും കൂടും.
പിന്നെ ഒന്നും ചിന്തിച്ചില്ല, ഈപ്പൻ തൻ്റെ ശമ്പളത്തിൻ്റെ നല്ലൊരു ഭാഗം ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കാൻ തുടങ്ങി. പല ദിവസവും വീട്ടിൽ പട്ടിണിയായി. ഭാര്യയും, മക്കളും ഈപ്പനുമായി പിണങ്ങി അവരുടെ വീട്ടിൽ പോയി.
ഭാര്യയും മക്കളും പിണങ്ങിപ്പോയി കഴിഞ്ഞപ്പോൾ ഈപ്പൻ ചിന്തിച്ചു. ശത്രുക്കളെ ഇല്ലാതാക്കുന്നതിനേക്കാൾ എളുപ്പം ശത്രുത ഇല്ലാതാക്കുന്നതാണ്. ശത്രുത ഇല്ലാതാകണമെങ്കിൽ ആദ്യം ആയുധങ്ങൾ ഉപേക്ഷിക്കണം.
വാങ്ങിക്കൂട്ടിയ ആയുധങ്ങൾ ഉപേക്ഷിക്കാനായി ഈപ്പൻ ഒരു സഞ്ചിയുമായി പോകുമ്പോൾ വഴിയിൽ വെച്ച് പോലീസ് പിടിച്ചു. ഇത്രയധികം ആയുധങ്ങൾ സഞ്ചിയിൽ കൊണ്ടു നടക്കുന്നവൻ ആരാണ്? തീർച്ചയായും ഒരു തീ വ്രവാദി അല്ലെങ്കിൽ ഒരു ഭീകരവാദി.രണ്ടായാലും ഈപ്പൻ ജയിലിലായി.
ജയിലിൽ വെച്ച് കഞ്ചാവു കേസിൽ പിടിയിലായ ഒരു തമിഴനെ കണ്ടുമുട്ടി. അങ്ങനെ ഈപ്പൻ കഞ്ചാവിനും അടിമയായി. കഞ്ചാവു ബീഡിയിൽ ആനന്ദം കണ്ടെത്തിയ ഈപ്പൻ, പല ദിവസങ്ങളിലും സമനില തെറ്റിയ മാതിരി സംസാരിക്കാൻ തുടങ്ങി. സംസാരത്തിലെ പൊരുത്തക്കേടുകൾ മനസ്സിലാക്കിയ ജയിൽ അധികൃതർ ഈപ്പനു ജാമ്യം നൽകി ആശുപത്രിയിലാക്കി.
കഞ്ചാവിൽ നിന്നു മാറി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്ന ഈപ്പൻ., ആശുപത്രിക്കിടക്കയിൽ വെച്ച് ആലോചിച്ചു "അവസാനിപ്പിക്കുവാൻ കഴിയാത്ത ഒരു വിരോധവുമില്ല. "എന്തായാലും ഇനി ആരുമായും ശത്രുതയ്ക്ക് പോകുന്നില്ല."
ഈപ്പൻ്റെ മാനസികനില പൂർണ്ണമായും പഴയ രീതിയിൽ ആയപ്പോൾ, തൻ്റെ നിരപരാധിത്തം കോടതിയിൽ ബോധിപ്പിച്ചു. ഈപ്പൻ്റെ സത്യാവസ്ഥ മനസ്സിലാക്കിയ കോടതി, ഈപ്പനെ വെറുതെ വിട്ടു. ജയിൽ മോചിതനായി പുറത്തേക്കു വന്ന ഈപ്പനെ സ്വീകരിക്കാനായി, പൂച്ചെണ്ടും പൂമാലയുമായി കാത്തു നിന്നത്, പിണങ്ങിപ്പോയ ഭാര്യയും, തൻ്റെ ശത്രുക്കളെന്നു കരുതിയ അയൽക്കാരും.