mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

റംലത്ത് ആണ് ഈ മരിച്ചു കിടക്കുന്നത്..! ഒരു നട്ടുച്ചയിലാണ് റംലത്തിന്റെ വിയോഗവാർത്ത എന്നെത്തേടി എത്തിയത്‌. അവളുടെ ചാരനിറം പൂണ്ട മയ്യിത്തിന്റെ തലക്കൽ അവളുടെ ഉമ്മയും വാപ്പയും

ഇരുന്നിരുന്നു. റംലത്ത് അവർക്ക് അമരത്വം നേടിക്കൊടുത്തിട്ടാണ് ഈ നീണ്ടു നിവർന്നു കിടക്കുന്നത്‌ എന്നെനിക്ക് തോന്നി.

ഞാൻ കഫൻ പുടവമാറ്റി അവളുടെ കയ്യും പിടിച്ചു കുന്നിറങ്ങി ഞങ്ങളുടെ മൂന്നാം ക്ളാസ്സിലെത്തി.
തോണിയുടെയും, ചാഞ്ഞു നിൽക്കുന്ന തെങ്ങിന്റെയും പടമുള്ള മലയാള പാഠ വലി തുറന്ന് ഞാനും റംലത്തും ചിത്രങ്ങൾ നോക്കി. അവൾ കടലാസിൽ പൊതിഞ്ഞു കൊണ്ട് വന്ന അസർമുല്ലയും മല്ലികപ്പൂവും പുറത്തെടുത്തു. അതു വെച്ച് ഉരസി ഞങ്ങൾ ചിത്രങ്ങൾക്ക് നിറം കൊടുക്കാൻ തുടങ്ങി. കടുക്കപ്പൂവിന്റെയും,കടലാസ് പൂവിന്റെയും നിറം ഞങ്ങൾക്ക് ഇഷ്ടമാണെങ്കിലും,അതു കൊണ്ട് നിറം കൊടുക്കാൻ കഴിയുകയില്ല. നിറങ്ങൾ ചിത്രങ്ങൾക്ക് പുറത്തേക്ക് പടർന്നു. പുറത്ത് മഴ ചന്നം പിന്നം ചാറുന്നു. ഞങ്ങൾ നിറം കൊടുക്ക്ന്നതിനൊപ്പം പാട്ടു പാടി..
"ചിത്രപതംഗമേ, നിന്നെകണ്ടെൻ
ചിത്തം തുടിച്ചുയരുന്നു..
വാർമഴവില്ലിന്റെ സത്താൽ തന്നെ..നിൻമെയ് ചമച്ചു..
ആനന്ദത്തിന്റെ രസത്താൽതന്നെ,
മാനസം തീർത്തതിൽ വെച്ചു..,
എൻ മണിക്കുട്ടനു വാഴാനൊരു,നന്മലർ തോട്ടവും നല്കീ.."

പൂമ്പാറ്റച്ചിറകുകളിൽ, മഞ്ഞയും ചുവപ്പും നിറങ്ങൾ പൂശി ഞങ്ങൾ.

"നാളെ ന്റെ താത്താന്റെ കുട്ടിടെ കാതു കുത്താണ്.അതു കൊണ്ട് നാളെ ഞാൻ വരൂല്ല.. "
അവൾ പറഞ്ഞു. ഞാൻ മുറ്റത്തേക്ക് നോക്കി. തെളിവെയിലിൽ മഴനൂലുകൾ. കുറുക്കന്റെ കല്യാണം! മഴചാർത്തിലൂടെ ബൂക് കൊണ്ട് മറപിടിച്ചുകൊണ്ടു അയ്യപ്പൻ സാറ് വന്നു. എല്ലാരും നിശബ്ദരായി.കാരണം മാഷുടെ കയ്യിൽ ഒരു മുട്ടൻവടി ഉണ്ടായിരുന്നു. എല്ലാവരും അടങ്ങിയൊതുങ്ങി ഇരുന്നു.

"പല്ലു തേക്കാത്തവർ ആരൊക്കെ..?"
മാഷ് ചോദിച്ചു. 
"എല്ലാരുടെ പല്ലും കാണിച്ചേ.." നാവു കൊണ്ടും,തട്ടത്തിൻറെ
തുമ്പു കൊണ്ടും ഓരോരുത്തരും പല്ല് വൃത്തിയാക്കാൻ തുടങ്ങി.

"ചെരുപ്പ് ഇടാത്തവർ ആരൊക്കെ.?"
കുട്ടികളുടെ ഇടയിലൂടെ നടന്ന് അയ്യപ്പൻ സാർ ചെരുപ്പിടാത്തവരുടെ ചെവി പിടിച്ചുതിരിച്ചു.

"നഖം വെട്ടാത്തവർ ഉണ്ടോ..
കൈ നീട്ടിക്കേ.."
സാർ വടി വായുവിൽ ചുഴറ്റി..ചൂരലിന്റെ മൂളക്കം..!
ഒടുവിൽ ഓരോരുത്തരും ഭയന്നുകാത്തിരുന്ന ആ ചോദ്യം സാർ ചോദിച്ചു :

"ജട്ടി ഇടാത്തവർ ആരൊക്കെയാ..?"

സാർ വടികൊണ്ട് കുഞ്ഞു പാവാടകൾ പൊക്കാൻ ഒരുങ്ങുന്നു.
റംലത്തിന്റെ നെഞ്ചം പടപടാ മിടിച്ചത് ഞാൻ കേട്ടു.
അവൾ എന്റെ പിന്നിലേക്ക് നിന്നു..
പിന്നിലെ ബെഞ്ചിലും നിറയാൻ വെമ്പുന്ന കണ്ണുകൾ കണ്ടു. പെരുമ്പറ കൊട്ടുന്ന നെഞ്ചിന്റെ തുടികൾ മൂന്നാം ക്ളാസ്സിൽ നിറഞ്ഞു..!കവിഞ്ഞു..!!
റംലത്ത്എന്റെ കയ്യിൽ അവളുടെ തണുത്ത വിരലാലെ മുറുകെ പിടിച്ചു.
ഒന്നോ രണ്ടോ പിഞ്ചിയ കുഞ്ഞു പാവാടയും കുപ്പായവും മാത്രമുള്ളവർക്ക് അത് ഒരു ആര്ഭാടമായിരുന്നു..!
നിമിഷങ്ങൾ കൊഴിഞ്ഞു.കുഞ്ഞു ഹൃദയങ്ങൾ പെരുമ്പറ മുഴക്കി. പൊടുന്നനെ കുഞ്ഞാലൻ കാക്ക ബെല്ലടിച്ചു..!

ഹാവൂ..!സമാശ്വസത്തിന്റെ നെടുവീർപ്പുകൾ ക്ളാസ്സിൽ നിറഞ്ഞു..മാഷ് പോയിട്ടും കുട്ടികൾ മരം പോലെ ഇരുന്നു.

റംലത്ത് ആശ്വാസത്തോടെ ചിരിച്ചു.പിന്നെ എന്റെ തോളിൽ കയ്യിട്ടു. ഞങ്ങൾ
'ഇലകൾ പച്ച,പൂക്കൾ മഞ്ഞ ' കളിച്ചു. പിറ്റേന്ന് അവൾ വന്നില്ല. താത്താന്റെ കുട്ടിയുടെ കാതുകുത്ത്. പിറ്റേന്ന് റംലത്ത് ഉല്ലാസവതിയായ് വന്നു. അവൾ അന്ന് വിശിഷ്ട മായ ഒരു സാധനം കൊണ്ടു വന്നിരുന്നു.
താത്താന്റെ കുട്ടിക്ക് കാതിലിടാനുള്ള കുഞ്ഞിക്കമ്മൽ പൊതിഞ്ഞ് കൊണ്ട് വന്ന ചുവപ്പു വർണ്ണക്കടലാസ്..!
ഞങ്ങൾ ഇരുവരും അതുമായി ആഹ്ലാതിരേകത്തോടെ മലയാള പാഠവലിയിലെ ചിത്രങ്ങൾക്ക് നിറം പകർന്നു.
അപ്പോഴും ഞങ്ങൾ പാടി:

"എൻകുഞ്ഞുറങ്ങിക്കോൾ
കെൻകുഞ്ഞുറങ്ങിക്കൊൾ_
കെൻകുഞ്ഞുറങ്ങിക്കൊൾ
കെന്റെ തങ്കം.."
അമ്മയ്ക്കും കുഞ്ഞിനും, തൊട്ടിലിനും ഞങ്ങൾ വാടാമുല്ല നിറം കൊടുത്തു.
ബാക്കി വന്നത് ഞങ്ങൾ നഖത്തിലും,ചുണ്ടിലും ഒട്ടിച്ചു സിനിമാ നടികളെപ്പോലെ ക്ലാസ്മുറിയിലൂടെ നടന്നു. ഞങ്ങളോട് കൂട്ടില്ലാത്തവരും, ഗമക്കാരികളുമൊക്കെ വർണ്ണക്കടലാസ് ചോദിച്ചു വന്നു,
ചോദിച്ചു വന്നവർക്കൊക്കെ റംലത്ത് അതിൽനിന്നും തുണ്ടുകൾ പിച്ചിക്കൊടുത്തു.

അടുത്ത പീരിയഡ് കണക്കാണ്. കണക്ക്‌സാർ ലീവായിരുന്നു. അതാ..സ്റ്റാഫ് റൂമിൽ നിന്നും അയ്യപ്പൻ സർ ഞങ്ങളുടെ ക്ലാസ് ലക്ഷ്യമാക്കി വരുന്നു. എല്ലാവരുടെ കണ്ണിലും പേടി നിറഞ്ഞു.എല്ലാരും ശിലകളായി,ശ്വാസം പോലും വിടാത്ത കൽപ്രതിമകൾ.! ഇക്കുറി അയ്യപ്പൻ സാർ വന്നത് ചില ആക്ടിവിറ്റികളുമായിട്ടാണ്. കൈകൾ ഉയർത്താനും,താഴ്ത്താനും,ചാടാനും,തലയാട്ടാനുമൊക്കെ പറഞ്ഞു..ചിലരെയൊക്കെ സാർ ഇക്കിളിയിട്ടു!
പക്ഷെ ആരും ചിരിച്ചില്ല. കണ്ണുകളിൽ ഭയവും,പകപ്പും, പേറിയ യന്ത്രങ്ങളായി. കീ കൊടുത്താൽ അനുസരിക്കുന്ന യന്ത്രങ്ങൾ. നെഞ്ചിടിക്കുന്ന യന്ത്രങ്ങൾ, കണ്ണുകൾ ഒഴുകാൻ വെമ്പുന്ന യന്ത്രങ്ങൾ..!

ഒടുവിൽ എല്ലാവരോടും ഇരിക്കാൻ കല്പിച്ചു. കുട്ടികൾ ആശ്വാസത്തോടെ ഇരുന്നു.

"ഇനി എല്ലാവരും കാലുകൾ ആട്ടിക്കെ."

കുട്ടികൾ കാലുകളാട്ടാൻ തുടങ്ങി.

"പോരാ.. പോരാ.."

അന്തരീക്ഷം ഒരല്പം ഇളതായി.

റംലത്ത് മാത്രം കാലുകളാട്ടിയില്ല..!
അയ്യപ്പൻ സാർ റംലത്തിനടുത്തെത്തി.. "കാലുകൾ ആട്ടെഡീ.." സാർ ചുവന്ന കണ്ണുകളോടെ നോക്കി. റംലത്ത് നിഷേധർത്ഥത്തിൽ തലയാട്ടി. സാർ മേശക്കരികിൽ പോയി ചൂരലുമായി വന്നു.

"ആട്ടെഡീ.. കാൽ"

സാറിന്റെ ഒച്ചഉയർന്നു..
പേടിച്ചരണ്ടതെങ്കിലും അവൾ ഇല്ലെന്ന് തന്നെ തലയാട്ടി..!
മാഷോടുള്ള പേടിയേക്കാൾ മറ്റെന്തോ ഒന്ന് അവളെ പിന്തിരിപ്പിക്കുന്നുണ്ടെന്നു മനസ്സിലായി. അപ്പോഴേക്കും മാഷ് അവളെ ബെഞ്ചിൽ നിന്നും വലിച്ചു താഴെയിട്ടു. 
ഞാൻ കണ്ണുകൾ മുറുക്കെപ്പൂട്ടി.ചൂരലിന്റെ മൂളക്കവും,റംലത്തിന്റെ നിലവിളിയും മാത്രം..!

മാഷ് പോയി. റംലത്ത് എന്റടുത്തു തളർന്നിരുന്നു. എന്റെ തൊണ്ട അടച്ചു പോയിരുന്നു. അവൾ എന്റെ ചാരെയിരുന്നു തേങ്ങിക്കൊണ്ടിരുന്നു. ഓരോ എങ്ങലടിയിലും അവളുടെ മെലിഞ്ഞ മേനി ഇളകി കൊണ്ടിരുന്നു. 

"ഇജ്‌ജ്എന്താ റംലത്തെ കാലാട്ടാഞ്ഞെ."
ഞാൻ അലിവുള്ള ഒച്ചയിൽ അവളുടെ വിറക്കുന്ന കൈകളിൽ പിടിച്ചു ചോദിച്ചു. തേങ്ങലിനിടയിൽ വാക്കുകൾ തെറിച്ചു വീണു.. 
"കാലാട്ട്യാ, ഇമ്മീവാപ്പീം മരിച്ചോവും."


കാലം ജീവിതപ്പുസ്തകത്തിൽ പല നിറങ്ങളും വാരിതേച്ചു കടന്നുപോയി. ഉമ്മയും വാപ്പയും അവളുടെ മയ്യിത്തിന്റെ കാൽക്കൽ ഇരുന്ന് വിതുമ്പി. ഉമ്മാക്കും വാപ്പാക്കും ആയുർദൈർഘ്യത്തിന്റെ വരം നേടിക്കൊടുത്തിട്ട്, അവർ ചിരഞ്ജീവികളാവുമെന്നു വിശ്വസിച്ചു, അയ്യപ്പൻസാർ വരാത്തിടത്തേക്ക് ഓടിപ്പോയത് റംലത്താണ്, പറുദീസയിലെ പാഠവലിയിലെ ചിത്രങ്ങൾക്ക് നിറം കൊടുക്കാൻ, എന്നെക്കൂട്ടാതെ

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ