അശോകൻ എങ്ങോട്ടെന്നില്ലാതെ നടന്നുകൊണ്ടേ ഇരുന്നു. ജീവിതം ആകെ വഴി മുട്ടിയ പോലെ. കുറച്ചു കഴിഞ്ഞാൽ എല്ലാം ശരിയാവും എന്ന പ്രതീക്ഷയും നശിച്ചിരിക്കുന്നു. കടബാധ്യതകൾ വൈറസ് പോലെ പെരുകി ക്കൊണ്ടിരിക്കുന്നു.കുടുംബവും ഭാവിയും ഇനിയെന്തെന്ന ഭാവത്തോടെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
ആത്മഹത്യ എന്ന ഒരു വാക്കിനോട് വല്ലാത്തൊരു അഭിനിവേശം. പല വഴികളും മനസ്സിൽ കിടന്നു കളിച്ചു. കയറും കായലും വിഷവും തീവണ്ടിയുമെല്ലാം തങ്ങളുടെ രണ്ടു കയ്യും നീട്ടി അയാളുടെ തീരുമാനങ്ങൾക്കായി കാതോർത്തിരുന്നു.
അശോകൻ പൊടുന്നനെ നടത്തം നിർത്തി. വഴി തീർന്നിരിക്കുന്നു. അടഞ്ഞുകിടക്കുന്ന പാത ഒരു നിമിത്തം പോലെ അവനിലെ സമ്മർദത്തെ ഇരട്ടിപ്പിച്ചു. ജീവിക്കാൻ കഴിയാത്ത തന്റെ മുന്നിലെ ഒരേ ഒരു വഴി അവൻ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു.
പെട്ടന്നാണ് അവന്റെ ഫോൺ റിംഗ് ചെയ്തത്. ഗൾഫിലുള്ള സുഹൃത്താണ്. "എടാ നീ എവിടെയാണ്? ഒരു വിസ കിട്ടിയിട്ടുണ്ട്. പെട്ടന്ന് പോരണം.അത് ശരിയായാൽ നിന്റെ എല്ലാ പ്രശ്നങ്ങളും തീരും.
പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. ഉള്ള കടത്തിന് പുറമേ ഗൾഫിന്റെ ഗ്യാരണ്ടിയിൽ കുറച്ചു കൂടെ കടം വാങ്ങി അവൻ എയർപോർട്ടിലെ ലോഞ്ചിൽ വിമാനവും കാത്തിരുന്നു. ജീവിക്കാനായി മറ്റൊരു ആത്മഹത്യക്ക് തയ്യാറായി.