മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

കമ്മാരൻ ഒരു ഓർമ്മപ്പെടുത്തലാണ്. നമ്മുടെ നാടിനെക്കുറിച്ച്, നേതാക്കന്മാരെക്കുറിച്ച്, ദേശങ്ങളെക്കുറിച്ച് നമ്മൾ കുഞ്ഞുന്നാൾ മുതൽ കേട്ടുപഠിച്ച ചരിത്രത്തെക്കുറിച്ച്. എല്ലാം പഴങ്കഥകൾ പോലെ ഓരോരുത്തരും തങ്ങൾ വായിച്ച പുസ്തകങ്ങൾക്കനുസരിച്ച് ഉരുവിടുകയും പുതിയ തലമുറയ്ക്ക് ഓതിക്കൊടുക്കുകയും ചെയ്യുന്നു.

സത്യത്തിൽ എന്താണ് നമ്മുടെ ചരിത്രം? നെപ്പോളിയൻ ബോണാപ്പാർട്ട് പറഞ്ഞതുപോലെ കൂടിയാലോചിച്ചുറപ്പിച്ച നുണകളുടെ കടലാസുകെട്ടുകളാണ് നമ്മുടെ ചരിത്രം. ഓരോരുത്തരും അവരവരുടെ കാര്യസാധ്യത്തിനും ഉയർച്ചക്കും വേണ്ടി  ഉണ്ടാക്കിയെടുത്ത കുറെ ചവറ്റു കൂമ്പാരങ്ങൾ. നമ്മളാകട്ടെ അതെല്ലാം വേദവാക്യം പോലെ പഠിച്ച് അടുത്ത തലമുറക്ക് ഓതിക്കൊടുക്കുന്നു. കോമാളികളും കൂട്ടികൊടുപ്പുകാരും ഭീരുക്കളുമെല്ലാം നമ്മുടെ വീരനായകന്മാരാവുന്നു. രാജ്യത്തിനുവേണ്ടി ജീവനും ജീവിതവും ഹോമിച്ച യഥാർത്ഥ പോരാളികളാവട്ടെ വെറും ആൾക്കൂട്ടം മാത്രമായി പോകുന്നു. കൂലികൊടുത്തു പാടിപ്പിക്കുന്ന അഭിനവ പാണന്മാരുടെ കഥകളിലെ നിഴലുകൾ മാത്രമാവുന്നു അവർ.

വെറും ഒറ്റുകാരനായ കമ്മാരൻ മുഖ്യമന്ത്രിയും, മാതൃരാജ്യത്തെ സ്വന്തം അമ്മയായി കണ്ട് ആ അമ്മയുടെ മാനം കാക്കാൻ മരണം വരിക്കാൻ വരെ തയ്യാറായി സമരഭൂമിയുടെ മുൻനിരയിൽ തന്നെ നിലയുറപ്പിച്ച ഒതേനൻ ഒറ്റുകാരനുമായത് വിധിയുടെ വിളയാട്ടം കൊണ്ടല്ല. അതിബുദ്ധിപരമായ ഒരു തിരക്കഥയുടെ സമ്മാനമായിരുന്നു അത്‌.

കമ്മാരൻ. സ്വന്തം പിതാവിനെ കൊന്ന കേളുനമ്പ്യാരോടും കുടുംബത്തോടുമുള്ള അടങ്ങാത്ത പകയായിരുന്നു കമ്മാരന്റെ ആകെയുള്ള കൈമുതൽ. പക്ഷേ അതേ കേളുവിന്റെയും കുടുംബത്തിന്റെയും ആശ്രിതനായി കൂടെയുള്ളതും ഇതേ കമ്മാരൻ തന്നെ.

കൈക്കരുത്തും മാനസികബലവുമില്ലാത്ത കമ്മാരനും ഉണ്ടായിരുന്നു ഒരുപാട് ആഗ്രഹങ്ങളും പ്രതികാരങ്ങളുമെല്ലാം. പക്ഷെ ഭീരുവായ കമ്മാരൻ അതെല്ലാം സ്വായത്തമാക്കാനായി ചെയ്യുന്നതോ നെറികെട്ട ഏഷണിയും ചാരപ്പണിയും. സ്വന്തം രാജ്യമോ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഒതേനനെപോലുളള ധീരന്മാരോ ഒന്നും കമ്മാരനെ സ്വാധീനിക്കുന്നില്ല. ശകുനിയെപ്പോലെ കുതന്ത്രങ്ങൾ മെനയുമ്പോൾ അതിൽ തന്റെ എതിരാളികളെയെല്ലാം ഒരു നൂലിലെന്നപോലെ കമ്മാരൻ കോർത്തെടുക്കുന്നു. ഉദ്ദേശിച്ചപോലെ എല്ലാം നടപ്പിലാക്കിയ കമ്മാരൻ രാജ്യം കണ്ട ഏറ്റവും നല്ല ഒരു രാജ്യസ്നേഹിയെ ഒറ്റി കൊടുത്ത് അവന്റെ പെണ്ണിനേയും സ്വന്തമാക്കുന്നു. വർഷങ്ങൾക്കു ശേഷം പോരാട്ടവീര്യമെല്ലാം നശിച്ചു ബ്രിട്ടീഷുകാരാൽ ജീവച്ഛവമാക്കപ്പെട്ട ആ ധീരയോദ്ധാവിനെ കുത്തിമലർത്തുമ്പോഴും കമ്മാരന് കുറ്റബോധം ലവലേശമില്ലായിരുന്നു. എന്നിട്ടും കാലവും കുറേ അധികാരമോഹികളും കൂടി കമ്മാരനെ ഒരു സ്വാതന്ത്ര്യസമര  നായകനാക്കി. അതിനുവേണ്ടി ചരിത്രപുസ്തകങ്ങൾ മാറ്റിയെഴുതി. യഥാർത്ഥ പോരാളികളെ മണ്ണിനടിയിൽ ഭദ്രമായി തളച്ചിട്ടു. പക്ഷെ കമ്മാരൻ, ചുമച്ചു ചുമച്ചു മരണത്തെ കാത്തിരുന്ന ആ തൊണ്ണൂറ്റാറുകാരൻ അധികാരത്തിന്റെ വെള്ളിവെളിച്ചത്തിൽ വീണ്ടും പഴയ കമ്മാരനായി മാറി. മരണത്തെ മാടി വിളിക്കുന്ന ചുമ അപ്രത്യക്ഷമായി.

പക്ഷെ തന്നെ ഇന്നത്തെ താനാക്കിയ ആ സംവിധായകന്റെ ഒറ്റചോദ്യത്തിന് മുന്നിൽ അയാളുടെ ചുമ വീണ്ടും പ്രത്യക്ഷമായി. വീണ്ടും ആ പഴയ കമ്മാരനിലെത്തിപ്പോയി കമ്മാരൻ. പക്ഷേ അവിടെയും നിമിഷ നേരംകൊണ്ടു കമ്മാരൻ തിരിച്ചു മുഖ്യമന്ത്രിയായി. എല്ലാം വിഴുങ്ങിയ ആധുനിക ചരിത്ര നായകൻ.

ഒരൊറ്റ ചോദ്യം മാത്രം ബാക്കി. നാം പഠിച്ചതും നമ്മുടെ മക്കൾ ഇപ്പോൾ പഠിക്കുന്നതുമായ ചരിത്രം ആരുടേതാണ്? കമ്മാരന്റേതോ അതോ ഒതേനന്റേതോ?   

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ