മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

in hospital

പട്ടണത്തിൽ അത്യാധുനിക സൗകര്യമുള്ള പഞ്ചനക്ഷത്ര ഹോട്ടലിനെ അനുസ്മരിക്കുന്ന ഹോസ്പിറ്റൽ മുറിയിലുള്ള കട്ടിലിനരികിലേക്ക് കസേര ചേർത്ത് വെച്ച് അതിൽ ഇരുന്നുകൊണ്ട് ആദിത്യൻ മരണശയ്യയിൽ കിടക്കുന്ന തന്റെ പ്രിയതമയെ നനവാർന്ന കണ്ണുകളോടെ നോക്കി.

അവസാന നിമിഷത്തിൽ അയാൾക്ക് അവളുടെ കൈകൾ കയ്യിലെടുത്തു തന്റെ കൈക്കുള്ളിൽ വെച്ച്കൊണ്ട്, തന്റെ ഉള്ളിലെ നൊമ്പരം മുഴുവൻ അവളെ അറിയിക്കണമെന്നും, അതിനേക്കാൾ ഉപരി തന്റെ ഉള്ളിൽ ഒരു കോണിൽ മരവിച്ചു കിടക്കുന്ന സ്നേഹം മുഴുവൻ അവൾ യാത്രയാവുന്നതിനു മുമ്പേ അയാൾക്ക് അവളെ അറിയിക്കണമെന്നുമുണ്ടായിരുന്നു. എന്നിട്ടും അയാൾ ഒന്നിനും മുതിർന്നില്ല. കാരണം തന്റെ പ്രിയപ്പെട്ട ഭാര്യയുടെ വിരൽ തുമ്പുപോലും തൊടാൻ അയാൾക്ക് ഭയമായിരുന്നു.

"മോളേ... വർഷേ.... " അയാൾ അവളെ അലിവോടെ തൊട്ടു വിളിച്ചു. പതിവിനു വിപരീതമായി വർഷ കണ്ണ് തുറക്കുന്നത് കണ്ട് അയാൾ അത്ഭുതം കൂറി. ഓക്സിജൻന്റെ സഹായം ഉണ്ടായിട്ടും ശ്വാസമെടുക്കാൻ വർഷ പ്രയാസപെടുന്നത് സഹിക്കുവാൻ കഴിയുമായിരുന്നില്ല.

അവസാനമായി നിന്റെ നെറ്റിയിൽ എനിക്കൊരു സ്നേഹസമ്മാനം തരണമെന്നുണ്ട്. അതും പറഞ്ഞു അയാൾ അവളിൽ നിന്നുള്ള സ്നേഹം മുഴുവൻ തന്റെ ചുണ്ടുകൾ കൊണ്ട്, അയാളുടെ ശരീരത്തിലേക്ക് ആവാഹിച്ചു എടുത്തു. ആ നിർവൃതിയിൽ അവളുടെ ചേതനയറ്റ കൈകൾക്ക് ജീവൻ വെക്കുകയും, അയാളുടെ കൈകൾ അവൾ കൈ ക്കുള്ളിൽ ആക്കുകയും ചെയ്തു. പിന്നീട് എപ്പോഴോ അയാൾ അറിയുന്നുണ്ടായിരുന്നു, അവളുടെ ശരീരത്തിന്റെ തണുപ്പ് തന്റെ ശരീരത്തിലേക്ക് വ്യാപിച്ചതായും. ആ പ്രാണൻ അവളിൽ നിന്ന് കൂട് വിട്ട് തന്റെ പ്രാണനിൽ പ്രവേശിച്ചതായും.

മരണ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് അച്ഛനും, അമ്മയും, ബന്ധുക്കളുമൊക്കെ അപ്പോഴും അയാളെ കുറ്റപെടുത്തുന്നത് പോലെ നോക്കുകയാണ് ഉണ്ടായത്.വർഷയുടെ ബന്ധുക്കൾ ഒഴിച്ച് ബാക്കി ആരും വർഷയെ കുറിച്ചോർത്തു കരഞ്ഞില്ല എന്ന സത്യം അയാൾ അറിഞ്ഞു.

എല്ലാവരും പടി ഇറങ്ങി പോയപ്പോ ആദിക്ക് അല്പം ആശ്വാസം തോന്നി.എകാന്തതയെ അയാൾ പ്രണയിച്ചു തുടങ്ങിയിരുന്നു. ഓർമകൾ ഓരോന്നും അയാളുടെ ഉള്ളിൽ നിന്നും പതുക്കെ തലകാട്ടാൻ തുടങ്ങിയപ്പോ, അയാൾ തന്റെ ഭാരം മുഴുവൻ അവിടെ ഡൈനിംഗ് ഹാളിലുള്ള ഊഞ്ഞാലിലേക്ക് ഇറക്കി വെച്ച് കണ്ണുകൾ പതുക്കെ അടച്ചു.

ഉള്ളിന്റെ ഉള്ളിൽ എറിഞ്ഞടങ്ങാതെ എപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്ന കനലുകളിൽ നിന്ന് മുക്തി നേടാൻ കഴിയൂല എന്ന സത്യം വലിയൊരു വടുവായി അവളിൽ അവശേഷിച്ചിരുന്നു എങ്കിലും, ഓർമകളുടെ കാൽപാടുകൾ മറവികൊണ്ട് മൂടാൻ കഴിയുമെന്ന വിശ്വാസത്തിൽ ആയിരുന്നു 'ആദിത്യനെ' വർഷ വരാനായി സ്വീകരിച്ചത്.

ഹൃദയത്തിന്റെ വിദൂരയിലുടനീളം തരിശുഭൂമി നീണ്ടു നിവർന്നു കിടന്നിരുന്നെങ്കിലും , പിന്നെയെപ്പോഴോ, മറു അറ്റത്തുനിന്ന് പച്ചപ്പിന്റെ തലവെട്ടം കാണാൻ തുടങ്ങിയപ്പോ, ആദിത്യൻ എന്ന ആദിയിലേക്ക്, വർഷ ലയിച്ചിറങ്ങും എന്നാണ് കരുതിയത്. എന്നാൽ അയാളുടെ സ്പർശനത്തിൽ തീകനലിൽ ചവിട്ടിയത് പോലെ വർഷ ഞെട്ടി പിടയുകയാണ് ഉണ്ടായത്.ഈ പതിവ് തുടർന്നു എങ്കിലും, ജ്വല്ലറി ഉടമയും, പ്ലാന്ററും കൂടിയായ ആദിത്യന്റെ ലോകം വർഷയിൽ മാത്രം ഒതുങ്ങി കൂടുകയാണ് ഉണ്ടായത്. വിവാഹം കഴിഞ്ഞ് പിന്നീടുള്ള നാളുകൾ ആദി, വർഷയെ നന്നായൊന്ന് പഠിക്കാൻ തുടങ്ങി. ഒട്ടും പ്രസരിപ്പോ, സന്തോഷമോ, ഇല്ലാതെ ഒരുപനിനീർ പൂവ് വാടിയത് പോലെയുള്ള ഭാവത്തിൽ!എപ്പോഴും ശൂന്യതയിലേക്ക് കണ്ണും നട്ട് എന്തോ ചിന്തിച്ചിരിക്കുന്നു. അമ്മയും, സിസ്റ്റേഴ്സ്മൊക്കെ ഈ കാര്യങ്ങൾ ആദിയുടെ ശ്രദ്ധയിൽ കൊണ്ടു വെന്നെങ്കിലും, അത്ര കാര്യമായി എടുക്കാതെ അയാൾ പറഞ്ഞു.

"അത് പെട്ടെന്ന് ഒരു സ്ഥലത്ത് നിന്ന് വേറൊരുയിടത്തിലേക്ക് പറിച്ചു നട്ടത് പോലെയല്ലേ അമ്മേ....നമ്മളെയൊക്കെ ഒരു മുൻ പരിചയവുമില്ലാത്ത 'വർഷ' നമ്മുടെ ഇടയിലേക്ക് കയറി വന്നത്. സാവധാനം നിങ്ങളുമൊക്കെയായി മിങ്കിൾ ആവുമ്പോൾ ശരിയാവും."

"അല്ല മോനെ...നിന്റെ അടുത്ത്‌ഒക്കെ എങ്ങിനെയാ...? അമ്മ ഒരല്പം ആധിയോടെ ചോദിച്ചു."

"എന്റെയടുത്ത് ഒരു കുഴപ്പവും ഇല്ല." അയാൾ അമ്മ ചോദിച്ചത് ഇഷ്‌ടപ്പെടാതെ അല്പം കുപിതനായി പറഞ്ഞു.

എന്നാൽ ആദി അറിയുന്നുണ്ടായിരുന്നു, ഒരു കൊച്ചു കുഞ്ഞിന്റെ മുഖഭാവവും, കുസൃതികണ്ണുകളുള്ള വർഷയെ എന്തൊക്കെയോ അലട്ടുന്നുണ്ട് എന്ന്, രാത്രി വർഷക്ക് ഉറക്കകുറവും കൂടി ആയപ്പോ, എല്ലാം തീർച്ചയായി. പകൽ ഉറക്കച്ചടവോടെയായതിനാൽ വീട്ടുജോലിയുടെ ഭാരംകണ്ടില്ലെന്ന് നടിച്ച ആദിയുടെ വീട്ടുകാർക്ക് വർഷയോട് നീരസം ഉണ്ടായത് കാരണം, ഭാര്യ ഒരു മാനസികരോഗിയാണെന്നും, വീട്ടിൽ കൊണ്ടുവിടാനും നിർബന്ധിച്ചപ്പോ, ആദി ഒന്നും ആലോചിക്കാതെ,തന്റെ ഭാര്യയും കൊണ്ട് വീട് മാറി താമസിച്ചു. കാരണം അയാൾക്ക് അവൾ തന്റെ ജീവനേക്കാൾ പ്രിയപ്പെട്ടത് ആയിരുന്നു!

ഒരു രാത്രി ആദി, തന്റെ ഭാര്യ വർഷയോട് ചോദിച്ചു.

"എനിക്ക് ഒരു കാര്യം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. നിനക്കെന്നെ ഇഷ്‌ടമില്ലേ...?"

വർഷ തേങ്ങി കരഞ്ഞു കൊണ്ട് അതിനു മറുപടി പറഞ്ഞു.

"ആദിയേട്ടനെ ഞാൻ വളരെയേറെ സ്നേഹിക്കുന്നുണ്ട്, അത് കാരണം, എനിക്ക് നിങ്ങളെ ചതിക്കാനും വയ്യ."

"ചതിക്കുകയോ? നീ എന്താണ് പറയുന്നത്.എന്താണെങ്കിലും തുറന്നു പറയൂ.. നമുക്ക് പരിഹാരം ഉണ്ടാക്കാം..."ആദി അവളുടെ കൈ എടുത്തു തന്റെ ഇരു കൈക്കുള്ളിൽ വെച്ചപ്പോൾ അവൾ ഞെട്ടലോടെ തന്റെ കൈ വലിച്ചു. 

അവളുടെ കണ്ണുകളിൽ അപ്പോൾ അയാൾ കണ്ടു.ആഴക്കടൽ തിരയിളകി ആർത്തു വരുന്നതായും, പിന്നീട് അത് ശാന്തമാകുന്നതും. ഓർമകളുടെ നീരുറവകൾ പതിയെ പെയ്തിറങ്ങിയപ്പോ, ഉഷ്ണകാറ്റ് ഏറ്റത് പോലെ അയാൾ വെന്തുരുകി.തന്റെ ഭാര്യയുടെ അന്തരംഗത്തിനുള്ളിൽ നിന്ന് ഉതിർന്ന വാക്കുകളുടെ അല അയാളിൽ ഒരു നൊമ്പരം മുള പൊട്ടിയെങ്കിലും, നിശ്കളങ്ക ചാലിച്ചെഴുതിയ അവളുടെ മിഴികളിലെ നനവ് അയാളിൽ അലിവുണ്ടാക്കി.

ഡിഗ്രി കഴിഞ്ഞ് തുടർന്ന് പഠിക്കാനുള്ള സാധ്യത അനുവദിക്കാതെയുള്ള വർഷയുടെ പഠനത്തെ ചൊല്ലിയുള്ള തർക്കം വന്നത്, അച്ഛൻ ഹാർട്ട്‌ അറ്റാക്ക് വന്നതിനു ശേഷമാണ്. അച്ഛൻ 'ഗോവിന്ദൻ 'ജീവിതത്തിലേക്ക് മടങ്ങി വന്നപ്പോൾ ഒറ്റ മോൾ വർഷയുടെ വിവാഹകാര്യം, അമ്മ കാർത്തിയാനിയോടും, മകൻ നന്ദനോടും അയാൾക്ക് പറയാതിരിക്കാൻ ആയില്ല. കൊണ്ട് പിടിച്ച വിവാഹലോചന അങ്ങിനെ നടന്നു.

ഒരു ദിവസം കൂട്ടുകാരി 'ആതില'യുടെ വീട്ടിൽ എത്തിയ വർഷ കൊച്ചു വർത്തമാനം പറഞ്ഞിരിന്നു സമയം പോയി.

"മോളേ... സമയം ഒത്തിരി ആയല്ലോ. വീട്ടിൽ വിളിച്ചു പറയൂ...അമ്മയോട്, നാളെ പോകാം നിനക്ക്. അല്ലെങ്കിൽ ആതിലയുടെ ഉപ്പ വരട്ടെ. നിന്നെ വീട്ടിൽ എത്തിക്കാം."ആതിലയുടെ ഉമ്മ വർഷയോട് സ്നേഹത്തോടെ പറഞ്ഞു.

"വേണ്ട,ഉമ്മച്ചി... അത്ര സന്ധ്യയൊന്നും ആയിട്ടില്ലല്ലോ. പുറത്തിറങ്ങിയാൽ വല്ല ഔട്ടോ മറ്റോ കിട്ടും."അതും പറഞ്ഞു വർഷ അവരുടെ വീട്ടിൽ നിന്ന് ഇറങ്ങി.

കുറച്ചു നടന്നപ്പോൾ വർഷയുടെ അരികെ ഒരു ബൈക്ക് വന്നു നിന്നു. എന്നിട്ട് ചോദിച്ചു.

"എങ്ങോട്ടാ... പോകുന്നത്, തനിച്ചേ ഉള്ളൂ..."

സാധാരണ വർഷ ഇങ്ങനത്തെ കേസിനൊന്നും, മറുപടി കൊടുക്കാറില്ല. എന്നാൽ അയാളുടെ ശബ്‌ദം ഒരു കാന്തിക ശക്തിപോലെ തന്റെ കണ്ണുകളിൽ കൊത്തി വലിച്ചത് പോലെ, തോന്നിയ അവൾ മറുപടി പറഞ്ഞു.

"കവലയിലേക്ക്, അവിടെ നിന്ന് ഒരു ഔട്ടോ പിടിച്ചു വീട്ടിലേക്ക് പോകണം."

"എന്നാൽ കയറിക്കോളൂ... ഞാൻ കവലയിൽ എത്തിക്കാം..."

വർഷ ഒന്നും ചിന്തിച്ചില്ല, അയാളുടെ പുറകിൽ കയറിയിരുന്നു.

ഒരു പുരുഷന്റെ ചൂട് തന്റെ ശരീരമാ കമാനം ഷോക്കേൽപ്പിച്ചത് അവൾ അറിഞ്ഞിരുന്നു. അതിന്റെ ലഹരിയിൽ മതിമറന്ന് അയാളോട് ഒന്നും കൂടെ ചേർന്നിരിക്കുമ്പോൾ ആണ്, എങ്ങിനെയെന്ന് അറിയൂല റോഡിന്റെ ഇടതു വശത്തേക്ക് ബൈക്ക് മറിഞ്ഞത്. ചീറിപാഞ്ഞു വരുന്ന കാറിന്റെ അടിയിലേക്ക് അയാൾ!പിന്നെ ഒന്നും ഓർമയുണ്ടായില്ല. വീഴ്ച്ചയുടെ ആഘാതത്തിൽ അവളുടെ തലയും, ദേഹവും മരവിച്ചിരുന്നത് വകവെക്കാതെ അവൾ റോഡിലേക്ക് ഇറങ്ങി, സഹായത്തിനു വേണ്ടി കേണു. അവസാനം ഒരു ഔട്ടോ ഡ്രൈവറുടെ സൻമനസ്സാൽ ഹോസ്പിറ്റലിലേക്ക്.അയാൾ ആരാണെന്നോ, എന്താണെന്നോ അറിയില്ല. ഡോക്ടെഴ്സും, സിസ്റ്റഴ്സും, വേവലാതി പിടിച്ചു അങ്ങോട്ടും, ഇങ്ങോട്ടും, ഓടുന്നത് കാണാമായിരുന്നു. അവസാനം ഐ സി യു ടെ വാതിലുകൾ തുറന്നു കൊണ്ട് ഒരു ബ്രദർ പുറത്തിറങ്ങി. പെട്ടെന്ന് ഓപ്പറേഷൻ വേണ്ടി വരും. ഇതിന്റെയിടയിൽ ഒരു മിറക്കിബിൾ സംഭവിച്ചിരിക്കുന്നു. അയാൾ കണ്ണ് തുറന്നു ഒരു വർഷയെ അന്വേഷിക്കുന്നുണ്ട്, കുട്ടിയാണെങ്കിൽ പോന്നോളൂ...

വർഷ ഞെട്ടലോടെ ബ്രദറിന്റെ പുറകെ നടന്നു.

ഉള്ളിലേക്ക് കടന്നപ്പോൾ കട്ടിലിൽ കിടത്തിരുന്ന അയാളുടെ രൂപം കണ്ട വർഷ ഞെട്ടിത്തരിച്ചുപോയി.ഡോക്ടർമാർ അയാളുടെ ചുറ്റിലും നിന്നു തിടുക്കം പൂണ്ട് രക്തത്തിൽ കുതിർന്ന ആ ശരീരം എങ്ങനെയൊക്കെയോ പണിയുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാൻ ശേഷിയില്ലാതെ അയാൾ ജീവഛവമായി കിടക്കുന്നത് കണ്ട്, ബോധരഹിതമായി വീണുപോകും എന്ന് ഭയന്നു വർഷ തിരിഞ്ഞു നടന്നു.

അപ്പോൾ പുറകിൽ നിന്ന് അവൾ അത് കേട്ടു. നേർത്ത ആ സ്വരം "വർഷ... വർഷ.."

അവൾ തിരിഞ്ഞു നടന്നു അയാളുടെ അടുത്തെത്തി. അയാളുടെ മുഖത്തേക്ക് നോക്കി.

"വർഷേ... എനിക്ക് അവസാനായി ഒരു ആഗ്രഹം ഉണ്ട്. അത് കുട്ടി സാധിച്ചു തരണം. എന്റെ  നെറ്റിയിൽ അവസാനമായി നിന്റെ ചുണ്ടികളിലൂടെ ഒരു മുദ്ര ചാർത്താനുണ്ട്. സ്വർഗത്തിൽ പോകുമ്പോൾ നിന്റെ മണവാട്ടിയായി എനിക്ക് അറിയപെടണം, കാരണം ഞാൻ നിന്നെ അത്ര മാത്രം സ്നേഹിച്ചിരുന്നു. "ഗുഹക്കുള്ളിൽ നിന്ന് സംസാരിക്കുന്നത് പോലെയുള്ള അയാളുടെ ചിലമ്പിച്ച ശബ്‌ദം കേട്ട് വർഷ ഞെട്ടിത്തരിച്ചു പോയി. എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നറിയാതെ ഉലയുന്ന വേളയിൽ അവൾ അയാളുടെ നെറ്റിയിൽ ഒരു സ്നേഹമുദ്രകൊടുത്തു. അയാളുടെ ഒടിഞ്ഞു തൂങ്ങിയ കൈകൾ എടുത്തു കൊണ്ട് തന്റെ കൈക്കുള്ളിൽ ചേർത്ത് വെച്ചു. അയാളുടെ പ്രാണൻ അപ്പോൾ അയാളിൽ നിന്ന് വിട ചൊല്ലിയിരുന്നു.

പിന്നീട് രണ്ട് വർഷം കഴിഞ്ഞായിരുന്നു, ആദിയുമായ വിവാഹം, അതും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി.എന്നാൽ വർഷ വൈദ്യശാസ്ത്രത്തിനു പോലും കണ്ടു പിടിക്കാൻ കഴിയാത്ത അസുഖത്തിന്റെ പിടിയിലേക്ക് മെല്ലെ, മെല്ലെ വഴുതി പോയിരുന്നു. അവളുടെ മരണം ശേഷം ഒരു ഭ്രാന്തനെ പോലെ ആദി അലറി കരഞ്ഞു. പിന്നീട് ഉറക്കമില്ലാത്ത ഓരോ രാവിലും അല്പം മനശാന്തിക്ക് വേണ്ടി അയാൾ തന്നെ ഒരു ഉത്തരം കണ്ടു പിടിച്ചു. ഒരു പക്ഷെ ഒരു നിമിഷം മാത്രം പരിചയമുള്ളതാണെങ്കിലും, തന്റെ പ്രാണൻ പകുത്ത് നൽകിയ ആ ചെറുപ്പകാരന്റെ കൂടെ വർഷ വേറൊരു ലോകത്തിൽ ഉല്ലാസവതിയായി ജീവിക്കുകയായിരിക്കാം എന്ന തിരിച്ചറിവ് ആദിയുടെ മനോ വേദനക്ക് അല്പം ശമനം തോന്നി.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ