mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

kjh

1. അന്വേഷണം 

ഞാൻ അച്ഛനെ അന്വേഷിച്ച് ഇറങ്ങിയത് വളരെ പണ്ടാണ്. അച്ഛൻ ദൈവത്തെ തേടി ഇറങ്ങിയതാണ് എന്നുമാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ഒരറ്റത്തുനിന്ന് ആരാധനാലയങ്ങൾ അരിച്ചുപെറുക്കി നടന്നു. ശ്രമം വൃധാവിലായില്ല. ഹരിദ്വാരത്തിൽ നിന്ന് ആളിനെ കിട്ടി.

അതിനുശേഷം ഒരു ഇടവേള..

ഇടവേള കഴിഞ്ഞപ്പോൾ എനിക്ക് കൂട്ടിനൊരു പെണ്ണു വേണം എന്നൊരു തോന്നൽ. ആ തോന്നൽ ശക്തമായപ്പോൾ അതിൻറെ അന്വേഷണമായി. അപ്പോഴാണ് തനിക്ക് ഒരു ജോലി ഇല്ല എന്നത് വലിയൊരു കുറവാണെന്ന് മനസ്സിലായത്. എന്നാൽ ജോലി അന്വേഷിച്ചിട്ടുമതി പെണ്ണ് എന്ന് തീരുമാനിക്കുകയായിരുന്നു. അതിനും ഫലമുണ്ടായി. അന്വേഷണത്തിനൊടുവിൽ ചെറുതെങ്കിലും ഒരു ജോലി തരപ്പെട്ടു. തുടർന്ന് അന്വേഷിക്കേണ്ടി വന്നില്ല. ഒരു പെണ്ണ് ഇങ്ങോട്ടുവന്ന് കൂട്ടുകൂടുകയായിരുന്നു. 

വീണ്ടും ഒരു ഇടവേള..

ഇപ്പോൾ ഞാൻ വീണ്ടും അന്വേഷണത്തിലാണ്. എന്നെത്തന്നെ അന്വേഷിച്ചു നടക്കുന്നു. പക്ഷേ ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താനാവുന്നില്ല. 

എന്തൊരു കഷ്ടമാണെന്ന് നോക്കണേ.. ഇത് കഴിഞ്ഞിട്ട് വേണം അച്ഛനെപോലെ ദൈവത്തെ അന്വേഷിച്ചിറങ്ങാൻ.

2. തണുപ്പ് 

തണുപ്പ് എനിക്കിഷ്ടമായിരുന്നു. മഴയെയും മഞ്ഞിനെയും കാറ്റിനെയും ഞാൻ കാത്തിരുന്നതും അവയ്ക്കെല്ലാം തണുപ്പുണ്ട് എന്നതുകൊണ്ടാണ് .തണുപ്പിൽ പുതച്ച് ഇരിക്കുക എന്തു രസമാണ്! യാത്രകളിലും ശീതദേശങ്ങൾ ആയിരുന്നു എന്നെ ഏറെ ആകർഷിച്ചത്. 

പക്ഷേ - 

ഇന്നലത്തെ അനുഭവം വ്യത്യസ്തമായിരുന്നു. 

അമ്മയുടെ ഇടറിയ ഒച്ച കേട്ടാണ് അച്ഛൻറെ മുറിയിലേക്ക് ഓടിച്ചെന്നത്. അച്ഛൻറെ നെറ്റിയിലും നെഞ്ചിലും കൈവച്ചപ്പോൾ വല്ലാത്ത തണുപ്പ്. പിന്നെ ആ തണുപ്പ് ഒരു മരവിപ്പായി കൈകളിലൂടെ ഉള്ളിലേക്ക് പടർന്നു. തണുപ്പിൻറ്റെ ആ മരവിപ്പ് ഇപ്പോഴും മാറുന്നില്ല.

3. റോക്കറ്റ് 

ചാരം മൂടി കിടന്ന കനൽ വീണ്ടും ചുവന്നു കത്തി തുടങ്ങി.എനിക്ക് ജീവൻ വയ്ക്കാൻ അതിൽനിന്ന് ഒരു തീപ്പൊരി തന്നെ ധാരാളമായിരുന്നു. പക്ഷേ ആ ഊർജ്ജത്താൽ ആകാശത്തേക്ക് കുതിക്കണം എന്ന് എനിക്ക് അപ്പോൾ തോന്നിയില്ല. ഭൂമിയുടെ അന്തരീക്ഷത്തിൽ തന്നെ കറങ്ങിപ്പറക്കുകയാണ് വേണ്ടത്.എനിക്ക് ചിലത് ചെയ്യാനുള്ളത് ഇവിടെയാണ്. 

എന്തെല്ലാം ഇല്ലാവചനങ്ങളാണ് പറഞ്ഞും എഴുതിയും ഉണ്ടാക്കിയത്. എന്നെ വിദേശിക്ക് വിറ്റ് വില വാങ്ങി എന്നുപോലും കഥ മെനഞ്ഞില്ലേ?  രാഷ്ട്രീയ പാർട്ടികളിലെ ഗ്രൂപ്പുകളിക്കാർ, മാധ്യമ സിൻഡിക്കേറ്റ് ബാങ്കിലെ തൽപര കക്ഷികൾ,പോലീസ് സേനയിലെ തന്ത്രപ്രധാനികൾ,ആജ്ഞാനുവർത്തികൾ, ഇവരെല്ലാമുണ്ട് അക്കൂട്ടത്തിൽ.അങ്ങനെ പറഞ്ഞവരെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് എൻ്റെ ഇപ്പോഴത്തെ സഞ്ചാരം. ആ ചൂടേറ്റ് അവർക്ക് പൊള്ളിത്തുടങ്ങിയെന്നു തോന്നുന്നു.

അതാ -പൊള്ളലേറ്റവർ പേടിച്ച് പരക്കം പായാൻ തുടങ്ങി. ആരെ ശരണം പ്രാപിക്കണം എന്നറിയാതെ അവർ… പണ്ടു നമ്പിയവരെ ഇനി നമ്പാൻ പറ്റുമെന്ന് തോന്നുന്നില്ല. മറ്റാര്? മറ്റാരാണ് ആശ്രയം? നാരായണാ - നാരായണാ - നീ തന്നെ തുണ.  നാരായണ നാരായണ നാരായണ… ഇപ്പോൾ നിങ്ങളുടെ ഉള്ളിൽ ഉയരുന്ന ചോദ്യം ഞാൻ കാണുന്നുണ്ട്. റോക്കറ്റും വിശ്വാസവും തമ്മിൽ എന്തു ബന്ധം എന്നല്ലേ? വിക്ഷേപിക്കുമ്പോൾ തേങ്ങയുടയ്ക്കുന്നതിലും പ്രാർത്ഥിക്കുന്നതിലും എതിരഭിപ്രായം ഉള്ളവരുണ്ടാകാം.പക്ഷേ ഇത് അങ്ങനെയല്ല. എനിക്ക് നീതി കിട്ടണം.അതിനു വേണ്ടി ഏതറ്റം വരെയും ഞാൻ പോകും.

കണ്ടില്ലേ -നാമജപത്തിനൊടുവിൽ അതാ നാരായണൻ  പ്രത്യക്ഷനാകുന്നു. പക്ഷേ പുഞ്ചിരി വിരിയുന്ന മുഖമല്ല. അവതാരമൂർത്തിയായി കോപാവേശത്തോടെ നാരായണൻ.. ശത്രുസംഹാരം കഴിഞ്ഞേ അടങ്ങൂ എന്ന ഭാവം…ഇനി പ്രതീക്ഷയ്ക്കു വകയുണ്ട്.നിലം പതിക്കുന്നതിന് മുൻപ് നീതി കിട്ടുമെന്ന് വിശ്വാസത്തോടെ ഞാൻ കറങ്ങി പറന്നുകൊണ്ടേയിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ