mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അതിരാവിലെത്തന്നെ അമ്മയുടെ കണ്ണീരു പോലെ മഴ പെയ്യുന്നുണ്ടായിരുന്നു. മഴക്കൊപ്പമുള്ള കുളിർന്ന ഇളങ്കാറ്റിൽ ഈറ വെള്ളം ചിലപ്പോഴൊക്കെ ഇറയത്ത് വന്നു തൂവി. അതും നോക്കി അസ്വസ്ഥമായ  മനസ്സോടെ ഡ്രൈവർ അയ്യപ്പനെ

കാത്തിരിക്കുമ്പോൾ വീടിനകത്തെ  ഉൾമുറിയിൽ അമ്മ പോകാനൊരുങ്ങുകയായിരുന്നു. 

ഈശ്വരാ!  എന്തൊരു മഹാപാപത്തിനാണ് ഞാൻ ഒരുങ്ങുന്നത്?ഏതു പാപനാശത്തിൽ മുങ്ങിയാലാണ് എനിക്കിതിൽ നിന്നും മുക്തി ലഭിക്കുക? ഉത്തരമില്ലാതെ ചോദ്യങ്ങൾ അരയാലോളം വളർന്നു തിടം വച്ചു. എവിടെക്കാണ് പോകുന്നതെന്ന് അമ്മക്കറിയാം. പ്രശ്നങ്ങൾക്കൊടുവിൽ  അമ്മ തന്നെ എടുത്ത തീരുമാനമെന്ന്  ചോദിക്കുന്നവരോട് പറയാം  എങ്കിലും .                          

ഞാൻ ജോലി കഴിഞ്ഞു വീട്ടിലെത്താൻ  വൈകിയാൽ അമ്മക്ക് ആധിയാണ്. പരസ്പര ബന്ധമില്ലാതെ ചിലതൊക്കെ പറയും. ഫോൺ വിളിച്ചു കൊണ്ടേ ഇരിക്കും. പണ്ടൊരുനാൾ ഒരു പെരുമഴക്കാലത്ത് സ്കൂളിൽ അകപ്പെട്ട് വീട്ടിൽ വരാൻ വൈകി. ഒടുവിൽ വീട്ടിലെത്തിയപ്പോൾ നെറ്റിയിൽ തുരുതുരെ ചുംബിച്ച് കണ്ണീർ വാർത്ത അമ്മയുടെ ഓർമ്മ. അന്ന്  അമ്മയുടെ ഉത്കണ്ഠയും സ്നേഹതീവ്രതയും  ഞാൻ  അറിഞ്ഞതാണ്. അയൽപക്കത്തൊക്കെ  വിവരം അറിയിച്ച് വീട്ടിൽ അന്നേരം വലിയ ബഹളമായിരുന്നു..

'നിങ്ങൾക്കെന്തെങ്കിലും അറിയണോ.? ഞാനും കുട്ടികളുമാണ് ദിവസം മുഴുവൻ ഈ ഭ്രാന്തിയുടെ കൂടെ... രണ്ടിലൊന്ന് എനിക്കിന്നറിയണം'

അവൾ ക്രൂദ്ധയായി.

ഭ്രാന്തിയാണെത്ര! എന്റെ അമ്മ. എന്തിനോടും അല്പം വൈകാരികമായി അമ്മ പ്രതികരിക്കും. അത് പ്രിയപ്പെട്ടവരുടെതാകുമ്പോൾ പ്രത്യകിച്ചും. അതല്ലാതെ യാതൊരു മാനസിക പ്രയാസവും അമ്മക്കില്ല. ഒരു കാര്യത്തിനും പരസഹായം വേണ്ട. ആരേയും ഒന്നിനും ബുദ്ധിമുട്ടിക്കാറും  ഇല്ല. ആ അമ്മയെയാണ് ഇവൾ!

മൂളിപ്പറന്ന കൈത്തലം കവിളിലമർന്നപ്പോഴും നിശ്ചയദാർഢ്യത്തിന്റെ മഹാമേരുവായി അവൾ നിന്നു.  ഒടുവിൽ എന്റെ നിഷേധത്തിന്റെ  പ്രതികരണമായി  തിരിഞ്ഞു നോക്കാതെ അവൾ പടിയിറങ്ങിപ്പോയി. ഒപ്പം  കുട്ടികളും. എല്ലാം അമ്മ അറിയുന്നുണ്ടായിരുന്നു. വീട്ടിലെ പ്രശ്നങ്ങളുടെയെല്ലാം ഹേതു താനാണെന്ന തിരിച്ചറിവ് അമ്മ മനസ്സിനെ പൊള്ളിച്ചു. ഒടുവിൽ അമ്മ തന്നെ തന്റെ തീരുമാനം പറഞ്ഞു..പോകണം.

പ്രകൃതി തെല്ലിടനേരം  വിശ്രാന്തി പൂണ്ടു നിന്നു. മഴ ശമിച്ചെങ്കിലും ചെറു പാറ്റലുകൾ അങ്ങിങ്ങ്   പൊടിഞ്ഞു കൊണ്ടിരുന്നു. അപ്പോഴേക്കും   അമ്മ  പോകാനൊരുങ്ങി  പെട്ടിയുമെടുത്ത് ഉമ്മറത്തിണ്ണയിൽ വന്നിരുന്നു. കുറ്റബോധം കൊണ്ട്  ആ മുഖത്ത് നോക്കാൻ വയ്യ. എപ്പോഴോ മിഴിമുന അമ്മയുടെ  മുഖത്ത് പതിഞ്ഞപ്പോൾ ആ  മുഖത്ത് നീരസമില്ല. പെയ്തൊഴിഞ്ഞ മഴയുടെ  ഘനീഭവിച്ച ശാന്തത മാത്രം.

അമ്മ പറഞ്ഞു


'ഉണ്ണീ, നാളെത്തന്നെ അവളേം കുട്ടികളേം കൂട്ടിക്കൊണ്ട് വരണം'

ഞാൻ തലയാട്ടി. പടിക്കെട്ടിനു പുറത്തെ പച്ചതഴച്ച പാടത്തിനപ്പുറം വിദൂരതയിലേക്ക് മിഴിനട്ട്‌ അമ്മ ഇരുന്നു.

ഇടക്കെപ്പോഴോ പറഞ്ഞു

'അയ്യപ്പൻ വന്നില്ലാലേ'

അപ്പോഴാണ് ഓർത്തത്  നേരം വൈകിയിരിക്കുന്നു. അയ്യപ്പനെ കാണുന്നുമില്ല. ഫോൺ ചെയ്തു നോക്കി ഒരനക്കവുമില്ല.

അമ്മ തുടർന്നു

' അയ്യപ്പൻ വരൂന്ന് തോന്നണില്ല നമുക്കിറങ്ങാം'

അമ്മ പെട്ടിയുമെടുത്ത് ഇറങ്ങിക്കഴിഞ്ഞു.. വഴിയോരത്ത് നിൽക്കവേ അമ്മ  വീട്ടിലേക്ക് തിരിഞ്ഞൊന്നു നോക്കി. അത്ര നേരം  അടക്കിപ്പിടിച്ചത്  കണ്ണീരായിറ്റുവീണു.

'അമ്മേ മുഖം തുടക്കൂ ആരെങ്കിലും"

ഞാൻ വിമ്മിഷ്ടത്തോടെ  പിറുപിറുത്തു.

അമ്മ നേര്യതിന്റെ തലപ്പു കൊണ്ട് കവിളു തുടച്ചു. അലോസരപ്പെടുത്തുന്ന, കുളിരുൾക്കൊണ്ട പൊടിഞ്ഞ മഴ അപ്പോഴും പെയ്തു കൊണ്ടിരുന്നു. അമ്മ നേര്യേതിന്റെ തലപ്പ് കൊണ്ട്  മകന്റെ തലയിൽ  മൂടി. എന്നിട്ടു പറഞ്ഞു.

'ഉണ്ണീ ഈ മഴ കൊണ്ടാൽ പനി വരും.' 

 അമ്മയുടെ മുഖത്ത് നോക്കാൻ കഴിയുന്നില്ല .ധൃതിയിൽ ആദ്യം വന്ന ഓട്ടോക്ക് കൈകാട്ടി. അമ്മയെ കൈ പിടിച്ച് കയറ്റി പിന്നെ താനും. പോകേണ്ട സ്ഥലം പറഞ്ഞു. പച്ച തഴച്ച പാടം കടന്ന്, ആളൊഴിഞ്ഞ കോൺക്രീറ്റ് വീടുകൾ പിന്നിട്ട്  അമ്മയുടെ അവസാനത്തെ  കൂടണയും  വരെ ഡ്രൈവർ നിസംഗതയോടെ  വണ്ടിയോടിച്ചു.

സ്വാമിജി സൗമ്യതയോടെ സ്വീകരിച്ചു. എന്നിട്ട് പറഞ്ഞു

‘നോക്കൂ.  വീട് വിട്ടു വന്നു  എന്ന തോന്നലു വേണ്ട. ഇതു നിങ്ങളുടെ വീടുതന്നെയാണ്. നിങ്ങളെപ്പോലെ ഒരു പാട് പേരുണ്ടിവിടെ.ചിട്ടയായ ജീവിതമാണിവിടെ തുടർന്നു പോകുന്നത്. പുലർകാലത്ത് പ്രാർത്ഥന,യോഗ, സമയത്ത് പോഷകാഹാരം ,മാനസികമായ ഉൻമേഷത്തിനുള്ള പ്രോഗ്രാമുകൾ, എല്ലാ ആഴ്ചയിലും മെഡിക്കൽ ചെക്കപ്പുകൾ . പിന്നെ മകനും കുടുംബത്തിനും എപ്പോൾ വേണമെങ്കിലും  വന്നു കാണാം.ഒന്നറിയിക്കുക അതു മാത്രം..മതി.

അതു മതി ധാരാളം. ചെക്കെഴുതി ഒപ്പിട്ട്  ആശ്വാസത്തോടെ സ്വാമിയെ ഏൽപ്പിച്ചു. സ്വാമി ബെല്ലടിച്ചപ്പോൾ വന്ന പ്രായമായ സ്ത്രീയുടെ കൂടെ അമ്മയെയും കൂട്ടി അമ്മയ്ക്കായി അനുവദിച്ച മുറിയിലേക്കു പോയി. നല്ല വൃത്തിയുള്ള മുറി. ടി.വി, വെളുത്ത കിടക്ക വിരികൾ, ഇളം മഞ്ഞ നിറമുള്ള  കർട്ടനുകൾ. നല്ല സൗകര്യങ്ങളുണ്ട്. അമ്മക്കിവിടെ സുഖമാവും. തീർച്ച.അമ്മയുടെ ട്രങ്ക് പെട്ടി സ്ത്രീയെ ഏൽപ്പിച്ചു. വിതുമ്പാനൊരുങ്ങുന്ന മുഖം പ്രസന്നമാക്കാൻ ശ്രമിക്കുന്ന അമ്മ. അമ്മയോട് യാത്ര പറഞ്ഞു. കുറ്റബോധത്തിന്റെ പൊള്ളലേറ്റവിടെ ഏറെ നേരം നിൽക്കാൻ വയ്യ. വേഗം മുറി വിട്ട് പോകാനൊരുങ്ങി. സമയമുണ്ട്. ഇപ്പോൾ പുറപ്പെട്ടാൽ വൈകുന്നേരത്തോടെ അവളേയും കൂട്ടി വീടെത്താം. പെയ്തൊഴിഞ്ഞ് തീരാൻ വെമ്പുന്ന മഴമേഘങ്ങൾ ആകാശത്ത് ചിതറിയൊരുങ്ങി. കനത്ത മഴയുടെ സൂചകമായി  പ്രകൃതി രൗദ്രഭാവം കൈ കൊള്ളുകയായിരുന്നു. 

മകൻ , വിസ്തൃതമായ ആ ആലയത്തിന്റെ  പടിയിറങ്ങാൻ തുടങ്ങുമ്പോൾ അമ്മ ഓർക്കുകയായിരുന്നു. തന്നിൽ കുഞ്ഞുജീവൻ കുരുത്തെന്ന് അറിഞ്ഞ നാൾ…. .അന്നേ നിശ്ചയിച്ചു, മകനെന്ന്. രണ്ടുനാൾക്കകം വിറങ്ങലിച്ചു കൊണ്ടുവന്ന അവന്റെ അച്ഛൻ.എല്ലാം സഹിച്ചത്, ജീവിച്ചത് അവനു വേണ്ടി മാത്രം .പിന്നെ ജീവിതത്തിന് പ്രകാശമായി  വന്നു ചേർന്ന ഒരുണ്ണി . മുലക്കണ്ണിൽ  കുഞ്ഞിളംത്തൊണ്ണ് തുഴഞ്ഞപ്പോൾ അറിഞ്ഞ മാതൃത്വത്തിന്റെ നിർവൃതി.... എല്ലാം എല്ലാം അമ്മ അറിയുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ