മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

 
Sreekumar
നേരത്തേ നേരം വെളുക്കുമെന്നും
നേരെയുറങ്ങുവാൻ നേരമില്ല
കാലത്തേ ഏറ്റമ്മ ദോശ ചുട്ടു
ചട്ട്ണിയാകുവാൻ നേരമാവും
 
പട്ടിണിയാകുവാൻ വയ്യെന്റമ്മോ
കട്ടനും കൂട്ടി ഞാൻ ദോശ തിന്നൂ
പുസ്തകം സഞ്ചിയും പേനയെല്ലാം
തപ്പിയെടുക്കേണമിപ്പോൾ തന്നെ
 
പല്ലെത്രനേരമായ്  തേയ്ക്കുന്നു ഞാൻ
കക്കൂസ്സിൽപോകുവാനെത്ര നേരം
ഇപ്പോൾ കുളിക്കുവാൻ നേരമില്ല
വയ്യിട്ടു വന്നിട്ട് തോട്ടിൽ മുങ്ങാം
 
കുപ്പായമെ ങ്ങെന്റെ നിക്കറെങ്ങ്
നല്ല ചെരുപ്പേതോ പട്ടി കപ്പി
ഇന്നിനി ഒന്നിനും നേരമില്ല
പള്ളു ക്കൂടത്തിലെ ബെല്ല് കേട്ടൂ
 
പോണവഴിക്കെല്ലാം ചങ്ങായ്ക്കൂട്ടം
കല്ലേറ് കൊള്ളാനോ പട്ടിക്കൂട്ടം
ചൂണ്ടയിട്ടോണ്ടോരു കുഞ്ഞിക്കൂനൻ
തോട്ടുവക്കത്തൊരു വെള്ളക്കൊറ്റി
 
ചാണകം കണ്ടാൽ ചവിട്ടീടല്ലേ
നാണക്കേടല്ലിനി തല്ലും കെ കിട്ടും
ഒറ്റമൈനെക്കണ്ടാൽ ചുറ്റും നോക്കും
മറ്റേ മൈനെക്കണ്ടാൽ ദുഃഖം തീരും
 
ഉത്തരം തെറ്റിയാൽ തോലുപൊട്ടും
ഉത്തരം ചോദിച്ചാൽ ശ്ലേറ്റും ചൊല്ലും
എന്തൊക്കെയാണെന്റെ പുസ്തകത്തിൽ
വേണ്ടാത്ത ചോദ്യത്തിനുത്തരങ്ങൾ
 
തോട്ടിലെ വെള്ളത്തിൽ പുള്ളിപ്പള്ള
പാടത്തെ പുന്നെല്ലിൽ പച്ചത്തത്ത
പാതയിൽ കുണ്ടിലീകുണ്ടൻ മാക്രി
തക്കവും നോക്കിയീ ചേരക്കുഞ്ഞും
 
ആകെ നനയ്ക്കാനീ കാലവർഷം
ആകെയുള്ളീക്കുട പണ്ടേ കീറി
ഒന്നല്ല രണ്ടല്ല മൂന്നാളല്ല
എല്ലാർക്കും കേറാനീപ്പൊട്ടക്കുട
 
ഗൃഹപാഠം ചെയ്തവർ വന്നിട്ടില്ല
കണ്ടെഴുതാനിനി നേരമില്ല
മാഷിന്റെ കയ്യിലെ ചൂരൽക്കമ്പ്
ഓർക്കുമ്പോഴേയ്ക്ക് ഞാൻ മുള്ളിപ്പോയീ
 
ബെല്ലടിച്ചിട്ടെത്ര നേരമായി
ഒന്നാമൻ മാഷിനെ കാണാനില്ല
ആദ്യത്തെ ക്ലാസും പകുതി പോയി
ഇപ്പോഴെങ്ങാൻ ചെന്നാൽ തല്ലും കൊള്ളും
 
മുറ്റത്തെ പ്ലാവിന്റെ ചോട്ടിൽ നിന്നാൽ
ആരുമേ കാണാതെ നേരം കൊല്ലാം
ആദ്യത്തെ പീരീഡ്‌ പോയിക്കിട്ടി
ബെല്ലടിച്ചപ്പോഴേ ഉള്ളിൽക്കേറി
 
എന്തെല്ലാം കാര്യങ്ങൾ കേട്ടറിയാൻ
ഷാനൂന്റെ മുത്തപ്പൻ തൂങ്ങിച്ചത്തു
മിന്നേടെ വീട്ടിലെ പൂച്ച പെറ്റൂ
സാറാമ്മ ടീച്ചറും ട്രാൻസ്ഫറായി
 
കാര്യങ്ങൾ കേട്ടതും ബെല്ലടിച്ചു
ചോറുണ്ടു വായും കഴുകി വന്നു
വയ്യാത്ത കാലുമായ് പന്തുതട്ടി
മർമാണി വന്നെന്റെ കാൽ തിരുമ്മി
 
ഉച്ചയ്ക്ക് വേറൊരു മാഷ് വന്നൂ
ഭൂമീടേം ചന്ദ്രന്റേം കാര്യം ചൊല്ലീ
പിന്നിലെ ബെഞ്ചിലെ പത്രക്കാരോ
ഭാമേടെം ചന്ദ്രന്റേം വാർത്ത ചൊല്ലീ
 
ക്ലാസുകൾ തീർന്നെന്ന് ബെല്ലു  ചൊല്ലീ
പുസ്തക സഞ്ചി ഞാൻ തോളിലേറ്റി
ഇന്നത്തെ കാര്യങ്ങളങ്ങിനെ പോയ്
നാളത്തെ കാര്യവും വേറെയല്ല
 
വീട്ടിലേക്കെന്തിന് വേഗം പോണം
എങ്ങിനെയെങ്കിലും നേരം പോണം
അമ്പലമുറ്റത്ത് പീപ്പിൾസ് ക്ളബ്ബിൻ
വോളീ ബോൾ മത്സരം കണ്ടുനില്ക്കാം
 
അച്ഛനുമേട്ടനും അവിടെയുണ്ട്
സ്വാമി വലിക്കുന്നോരമ്മാവനും
വേലിക്കുമപ്പുറം പന്തുപോയാൽ
അപ്പോഴേ ഞാനൊരു താരമാവൂ
 
വയ്യിട്ടു പോകേണമമ്പലത്തിൽ
തോറ്റം പാട്ടുണ്ടെന്നു മുത്തി ചൊല്ലീ
ഒക്കെയും തീരുമ്പോൾ കട്ടച്ചോറും
പായസോം ചേർന്നുള്ളൊരൂണും കിട്ടും
 
അത്രയും നേരം ഞാനെന്തു ചെയ്യും
അമ്പലമുറ്റത്തും കൂട്ടരുണ്ടേ
കൂരിരുട്ടത്തീക്കളികളിക്കാം
തോറ്റാലും വീണാലും കൂട്ടച്ചിരി
 
വീട്ടിലൊന്നെത്തിയാൽ ചക്ക തിന്നാം
റേഡിയോ പാടുന്ന പാട്ടു  കേൾക്കാം
മണ്ണെണ്ണ നാറുന്നൊരുൾമുറിയിൽ
മുത്തശ്ശി ചൊല്ലുന്നതെല്ലാം കേൾക്കാം
 
എട്ടുമണിക്കാണുറക്കമിന്നും
പത്തു മണിക്കൂറും ഞാനുറങ്ങും
മട്ടുപ്പാവുള്ളൊരു വീടും കാറും
ഇന്നുമെൻ സ്വപ്നത്തിൽ കണ്ടീടണേ

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ