മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"അട്യേനിന്ന് ഉച്ച്യാമ്പ്ലക്ക് പോണമ്പ്രാട്ട്യേ...കുടീല് പെണ്ണ് ഒറ്റക്കാ..."    മുറ്റത്തെ ഒതുക്ക് കല്ലിനപ്പുറം നിൽക്കുന്ന കണ്ടങ്കുട്ടി തന്റെ സ്വതവേ വളഞ്ഞ നടു അൽപം കൂടി വളച്ചു.   "നെനക്ക് തോന്നുമ്പോ വരാനും പോവാനും ഇതെന്താ സർക്കാരാപ്പീസാ നായേ.. ആ തെക്കേത്തൊടി മാന്താൻ തൊടങ്ങീട്ട് രണ്ടീസായില്ലെ...  ഇന്നത് തീർത്തില്ലെങ്കിലാ. ങ്‌ഹാ..."   

ഉമ്മറ വാതിൽക്കൽ ചെറ്യമ്പ്രാന്റെ ചുവന്നു തുടുത്ത മുഖം തെളിഞ്ഞതും വല്ല്യമ്പ്രാട്ടി കൂനിക്കൂടി നടന്ന് അകായിലേക്ക് മറഞ്ഞു. മുറ്റത്ത് നിന്ന് നോക്കുമ്പോൾ  അകായിലെപ്പോഴും ഇരുട്ടാണ്. ആ ഇരുട്ടിന് തന്റെ നിറമാണെന്ന് കണ്ടങ്കുട്ടിക്ക് തോന്നാറുണ്ട്.   "ചെറ്യമ്പ്രാ..."    അയാളുടെ തൊണ്ടയിൽ നിന്നും ഞെങ്ങിഞ്ഞെരുങ്ങി പുറത്ത് ചാടിയ വിളി ചീറിപ്പാഞ്ഞകലുന്ന കറുത്ത കാറിന്റെ ഇരമ്പലിൽ ചതഞ്ഞരഞ്ഞു.   തെക്കേത്തൊടിയെന്ന രണ്ടേക്കർ പറമ്പിന്റെ ഒരറ്റത്ത് കണ്ടങ്കുട്ടി കൈക്കോട്ടുമായി നിന്നു. വർഷങ്ങളായി കേസിൽ പെട്ട് കിടന്ന പറമ്പിൽ, കാവ് നിൽക്കുന്നിടത്ത്, ചെറ്യമ്പ്രാന് ക്ഷേത്രം പണിയാമെന്ന് കോടതി വിധിച്ചത് കഴിഞ്ഞാഴ്ച്ചയാണ്.  മനുഷ്യ സ്പർശമേൽക്കാതെ കാടു മൂടിക്കിടന്ന് ഉറച്ചു പോയ മണ്ണ് കണ്ടങ്കുട്ടിയുടെ പാറ പോലെ ഉറച്ച മെയ്യിനും മനസ്സിനും വഴങ്ങിത്തുടങ്ങിയതാണ്. എന്നാൽ പറമ്പ് മുഴുവനായും തെളിച്ചെടുക്കാൻ ഒരാഴ്ച്ചയെങ്കിലും വേണം. ചെറ്യമ്പ്രാനുമതറിയാവുന്നതാണ്. എന്നിട്ടാണിങ്ങനെ ചീത്ത പറയുന്നത്. വേഗത്തിൽ ഉയർന്ന് താഴുന്ന കൈക്കോട്ട് മണ്ണിൽ വിള്ളലുകൾ തീർത്തു.   ഉച്ചവെയിൽ ഉച്ചിയിലെത്തി നിൽക്കുന്നു. മാളുവിനെ ഊണ് നൽകി ഉറക്കി കിടത്തി പന്ത്രണ്ടരയുടെ ബസ് പിടിക്കാനായി ചീരു ഇറങ്ങിക്കാണും. മാളു ഉണരുമ്പോഴേക്കും താനെത്തും എന്ന ഒറ്റ ഉറപ്പിലാണ് ചീരു പോകുന്നതെന്ന് അയാൾക്കറിയാം.   കണ്ടങ്കുട്ടിയുടേയും ചീരുവിന്റേയും മൂത്ത മകളുടെ മകളാണ് മാളു. അമ്മ മരിച്ചപ്പോൾ ബുദ്ധിസ്ഥിരതയില്ലാത്ത മാളുവിനെ  ഉപേക്ഷിച്ചാണ് അച്ഛൻ രണ്ടാങ്കെട്ടിനൊപ്പം പൊറുതി തുടങ്ങിയത്. അന്ന് തൊട്ടവളുടെ താമസം മുത്തനും മുത്തിക്കുമൊപ്പമാണ്.    പാടത്തും പാടം നികന്ന പറമ്പിലും കണ്ടങ്കുട്ടിക്ക് ഒപ്പത്തിനൊപ്പം നിന്ന് പണിയെടുക്കുന്ന ഉശിരുള്ള പണിക്കാരിയായിരുന്നു ചീരു. എന്നാൽ മാളു വന്നതോടെ ചീരു പാടത്തേയും പറമ്പിലേയും പണിയുപേക്ഷിച്ച്  ചുറ്റുമുള്ള വലിയ വീടുകിൽ പുറമ്പണിക്ക് പോയിത്തുടങ്ങി.  പോവുമ്പോൾ മാളുവിനേയും ഒപ്പം കൂട്ടും. എന്നാൽ പ്രായം മറന്ന് മാളുവിന്റെ ശരീരം വളർന്ന് തുടങ്ങിയപ്പോൾ, അവളെ വീട്ടിലടച്ചു വളർത്തുകയല്ലാതെ ആ വൃദ്ധർക്ക് വേറെ വഴിയില്ലായിരുന്നു. അങ്ങനെ കുട്ടയും പായയും മെടഞ്ഞ് ചീരു കുടിയിൽ തന്നെ ഒതുങ്ങിക്കൂടി.   ആദ്യമായാണ് ചീരു മാളുവിനെ വിട്ട് എങ്ങോട്ടെങ്കിലും പോകുന്നത്. അതും തീരെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്. ഇളയ മകളെ പ്രസവത്തിനായി ആശുപത്രീലാക്കിയെന്ന് ഇന്ന് പുലർച്ചെയാണ് അയലത്തെ മാപ്ലാര്ടവിടെ ഫോൺ വന്നത്. പോകാതിരിക്കാനാവില്ലല്ലോ. മാളുവിനെ കൊണ്ട് പോകാനുമാവില്ല. ഒടുക്കം കണ്ടങ്കുട്ടിയെ എല്ലാം പറഞ്ഞേൽപ്പിച്ച് മനസ്സില്ലാമനസ്സോടെയാണ് ചീരു പോകാൻ തീരുമാനിച്ചത്.    താനെത്തുന്നത് വരെ കുടിയിൽ മാളു തനിച്ചാണെന്ന ചിന്ത അയാളെ വല്ലാതെ അസ്വസ്ഥനാക്കി. അവൾക്കരികിലേക്ക് ഓടിച്ചെല്ലാൻ മനസ്സു വെമ്പുമ്പോഴും കാലുകൾ അനങ്ങാൻ കൂട്ടാക്കുന്നില്ല.  എതോ ചങ്ങലയാൽ ബന്ധിക്കപ്പെട്ടത് പോലെ. അയാൾക്ക് വല്ലാത്ത ദാഹം തോന്നി. പറമ്പിന്റെ കിഴക്കേ മൂലയിലുള്ള വെട്ടുകിണറ്റിലെ വെള്ളം എത്ര കോരിക്കുടിച്ചിട്ടും അയാളുടെ ദാഹം ശമിച്ചില്ല.    "അടിമച്ചങ്ങല പൊട്ടിച്ചെറിയുക" എന്ന മുദ്രാവാക്യവുമായി പകലു മുഴുവൻ കൊടി പിടിച്ചു നടന്ന്, അന്തിക്ക്  കെട്ട്യോൾക്കും കുട്ട്യോൾക്കുമൊപ്പം പട്ടിണി കിടക്കുന്ന തന്റെ സഹോദരൻ കോരനോട് അയാൾക്കെന്നും പുച്ഛമായിരുന്നു. ചങ്ങലക്കിട്ടാലും തീറ്റ തരുന്നവന്റെ മുന്നിൽ വാലാട്ടി നിൽക്കാൻ നായക്കു പറ്റുമെങ്കിൽ മനുഷ്യനെന്തു കൊണ്ടായിക്കൂടാ എന്നാണയാളുടെ ചിന്ത. വഴി നടക്കാനും പെണ്ണുങ്ങൾക്ക് മാറ് മറക്കാനുമൊക്കെയുള്ള അനുവാദം കമ്യുണിസ്റ്റുകാർ പറയുമ്പോലെ കൊടി പിടിച്ച് നേടിയതല്ലെന്നും രാജ്യം ഭരിക്കുന്ന എതോ നമ്പൂതിരിപ്പാട് പതിച്ചു നൽകിയതാണെന്നും അയാൾ വിശ്വസിച്ചു പോന്നു.   കണ്ടങ്കുട്ടിക്ക് എങ്ങനേയും മാളുവിനടുത്ത് എത്തണം . അനങ്ങുമ്പോൾ കാലിൽ നിന്നുയരുന്ന ചങ്ങലക്കിലുക്കം അയാളുടെ ചിന്തകളേയും വിശ്വാസങ്ങളേയും മാറ്റി മറിച്ചു. തന്റെ ശമിക്കാൻ കൂട്ടാക്കാത്ത ദാഹം സ്വാതന്ത്ര്യത്തിനായുള്ളതായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷത്തിൽ കൈയ്യിൽ നിന്നും വഴുതിപ്പോയ കൈക്കോട്ട് അയാളുടെ ഇടം കാലിലെ തള്ള വിരൽ അറുത്തെടുത്തു. തെക്കേത്തൊടിയിൽ നിന്നും കുടിയിലേക്കുള്ള ദൂരം അയാൾ തന്റെ രക്തത്താൽ അടയാളപ്പെടുത്തി.   വേലിക്കലെത്തിയ അയാളുടെ കിതക്കുന്ന നോട്ടം ചെന്ന് തറച്ചത് കുടിയുടെ വാതിൽക്കൽ തെളിഞ്ഞ ചെറ്യമ്പ്രാന്റെ വിളറി വെളുത്ത മുഖത്താണ്.       "പെണ്ണിന്റെ നെലോളി കേട്ടിട്ട് കേറീതാ ഞാൻ. ഒരുത്തൻ ആ മാപ്ലാര്ടെ മതില് ചാടി പോണത് കണ്ടു."      ചെറ്യെമ്പ്രാൻ മുറ്റത്തേക്കിറങ്ങി കണ്ടങ്കുട്ടിക്കരികിലെത്തി.    "എന്താടാ... നെനക്ക് ഞാമ്പറഞ്ഞത് വിശ്വാസായില്ലേ?"      "ഓമ്പ്രാ..."    കത്തി ജ്വലിക്കുന്ന തീക്കണ്ണുകൾ മണ്ണിലാഴ്ന്നു പോയി.   അകത്ത് തറയിൽ മാളു നൂൽബന്ധമില്ലാതെ ചോരയൊലിപ്പിച്ച്  കിടക്കുന്നു. പോവുമ്പോൾ ചെറ്യമ്പ്രാൻ തിരുകിക്കൊടുത്ത നോട്ടുകൾ അയാളുടെ കൈവെള്ളയിലിരുന്ന് പൊള്ളി. അയാളിൽ നിന്നുയർന്ന ആർത്തനാദം ചതച്ചരച്ചു കൊണ്ട് ആ കറുത്ത കാർ ഇരമ്പിയകന്നു.    

തീച്ചാമുണ്ഡിയുടെ വരവറിയിച്ചു കൊണ്ട് വാദ്യഘോഷം മുറുകി. ആർപ്പ് വിളിയോടെ തെയ്യക്കോലം പ്രവേശിക്കുന്നു. ഒപ്പം, കുരുത്തോലയാൽ പൊതിഞ്ഞ ഉടലിനെ ചുറ്റിപ്പിടിച്ച കയറുമായി  രണ്ടാളുകൾ ഇരുവശത്തും. മുറ്റത്തിന് നടുവിൽ കൂട്ടിയിട്ട തീക്കൂനക്ക് ചുറ്റും തെയ്യം വലം വെക്കുന്നു. ഇടക്ക് അതിലേക്കെടുത്ത് ചാടുമ്പോൾ ഒപ്പമുള്ളവർ കയറിനാൽ  വലിച്ച് പുറത്തേക്കിടുന്നു. ചുറ്റുമുള്ളവർ ചിതറി തെറിച്ച കനലുകൾ കൂനയിലേക്ക് പെറുക്കിക്കൂട്ടുന്നു. പൊയ്ക്കണ്ണിന്റെ സൂചിപ്പഴുതിലൂടെ ആൾക്കൂട്ടത്തെ ഉഴിയുന്ന നോട്ടം, കാണികൾക്ക് മുന്നിലായി മരക്കസേരയിരിക്കുന്ന ചെറ്യമ്പ്രാന്റെ ചുവന്ന് തുടുത്ത മുഖത്ത് തറക്കുന്നു. തള്ളവിരലില്ലാത്ത ഇടംകാൽ നിലത്താഞ്ഞ് ചവിട്ടി തെയ്യം കൂകിയാർക്കുന്നു. വാദ്യമേളം മുറുകുന്നു. ചുറ്റിപ്പിടിച്ച കയറുകൾ പൊട്ടിച്ച് തീക്കൂനയിലേക്ക് ഓടിക്കയറുന്ന തീച്ചാമുണ്ഡിയുടെ കറുത്ത കൈക്കും കുരുത്തോല ദേഹത്തിനുമിടയിൽ ചെറ്യമ്പ്രാന്റെ വെളുത്ത കഴുത്ത് ഞെരിഞ്ഞമർന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ