നേരം പുലരാൻ തുടങ്ങുന്നതേയുള്ളു. കൂട്ടിൽ കിടന്ന് പുള്ളിപ്പൂവൻ വിളിച്ചുകൂവി. പതിവുപോലെ വാസന്തി എഴുന്നേറ്റു. മുടിവാരിക്കെട്ടി...
'സമുദ്ര വസനേ ദേവീ,
പർവ്വത സ്തന മണ്ഡലേ...'
എന്നു തുടങ്ങുന്ന ശ്ലോകം ചൊല്ലി ഭൂമിയെ തൊട്ടു നിറുകയിൽ വെച്ചു.
ഓർമ്മ വച്ച നാൾ മുതൽ തുടങ്ങിയ പതിവാണ്. മുത്തശ്ശി പഠിപ്പിച്ചു തന്ന അനേകം ശ്ലോകങ്ങളിൽ ഒന്ന്! ആ ഓർമ്മയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു.
നാൽപ്പത് വർഷങ്ങൾക്കു മുൻപ്,ഒരു നിലാവുള്ള രാത്രിയിൽ...വീട്ടിലെ പണിക്കാരൻ, നാരായണേട്ടന്റെ മകനും, അച്ഛന്റെ ഡ്രൈവറുമായിരുന്ന ഹരിദാസ് എന്ന ഹരിയേട്ടന്റെ കൂടെ ആരും അറിയാതെ ഒളിച്ചു പോയപ്പോൾ... കേവലം പതിനെട്ടു വയസ്സു മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു.
പ്രേമം തലയ്ക്കു പിടിച്ചപ്പോൾ മറ്റെല്ലാം മറന്നു. മാടമ്പി വീട്ടിലെ.. പെൺകുട്ടി! വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചവൾ.
നാട്ടു പ്രമാണിയും ഉഗ്രപ്രതാപിയുമായിരുന്ന അച്ചന്റെ സ്ഥാനമാനങ്ങളോ... അച്ഛനുണ്ടാകാവുന്ന അപമാനമോ ഒന്നും ചിന്തിച്ചില്ല. ഹരിയേട്ടനോടുള്ള ആരാധന അത്ര വലുതായിരുന്നു.
നാട്ടിലെ അമ്പലത്തിലെ ഉത്സവങ്ങൾക്കും,ക്ലബ്ബിന്റെ വാർഷികത്തിനുമൊക്കെ, ഹരിയേട്ടൻ ആലപിക്കാറുള്ള ശ്രുതി മധുരമായ ഗാനങ്ങളാണ് തന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്.
'സുറുമയെഴുതിയ മിഴികളേ...
പ്രണയമധുര തേൻ തുളുമ്പും സൂര്യകാന്തി പ്പൂക്കളേ...'
എന്ന ഗാനമായിരുന്നു തനിക്കേറെ ഇഷ്ടം
സാക്ഷാൽ ഗാനഗന്ധർവ്വൻ യേശുദാസിനെക്കാളും നന്നായി പാടുന്നത് ഹരിയേട്ടനാണ്, എന്ന് എല്ലാവരും പ്രകീർത്തിക്കുമ്പോൾ പുളകമണിഞ്ഞിരുന്നത് തന്റെ മനസ്സാണ്.
തങ്ങൾക്കിടയിൽ പൂത്തു തളിർത്ത പ്രണയത്തിന്റെ കഥ ആരും അറിഞ്ഞില്ല. അന്ന് ഹരിയേട്ടന് ഇരുപത്തിനാലു വയസ്സാണ്. തനിക്ക് പതിനെട്ടും.
പഠനം പൂർത്തിയാകുന്നതിനു മുൻപേ തന്നെ...തന്റെ വിവാഹം നടത്താനുള്ള, അച്ഛന്റെ ആലോചനയാണ് തങ്ങളെ രായ്ക്ക് രാമാനം ഒളിച്ചോടാൻ പ്രേരിപ്പിച്ചത്.
അണിഞ്ഞിരുന്നആഭരണങ്ങളും ഉടുത്തിരുന്ന വസ്ത്രവുമൊഴികെ... വീട്ടിൽ നിന്നും ഒന്നും എടുത്തിരുന്നില്ല.
ഹരിയേട്ടന്റെ കൈ പിടിച്ച്, ആ സുരക്ഷിതത്വത്തിൽ വിശ്വാസമർപ്പിച്ചു തുടങ്ങിയ ജീവിത യാത്ര.
ആ യാത്ര ചെന്നെത്തിയത് ഇടുക്കിയിലെ ഒരുമലയോര ഗ്രാമത്തിലായിരുന്നു. ഹരിയേട്ടന്റെ ഒപ്പം പഠിച്ചിരുന്ന...
ഹരിയേട്ടന്റെ ആത്മസുഹൃത്ത് വിജയനാഥന്റെ വീട്ടിലാണ് ആദ്യം അഭയം തേടിയത്.
അവിടെ വച്ച് വിവാഹം രജിസ്റ്റർ ചെയ്തു.കൃഷ്ണന്റെ അമ്പലത്തിൽ വെച്ച് താലികെട്ടി. വിജയനാഥന്റെ സഹായത്താൽ ഒരു ചെറിയ വാടകവീട്സംഘടിപ്പിച്ചു.
ഹരിയേട്ടന്റെ കൈവശമുണ്ടായിരുന്ന കുറച്ച് പണം തീരുന്നതിനു മുൻപേ തന്നെ, നാട്ടിലെ ബസ് മുതലാളിയായ ബാലൻ പിള്ളയുടെ ബസിലെ ഡ്രൈവറായി ഹരിയേട്ടന് ജോലി കിട്ടി. പിന്നെ സാവധാനം ഇരുപതു സെന്റ് സ്ഥലവും ഈ വീടും വാങ്ങി.
തനിക്ക് ഒരു കുറവും വരുത്താതെയാണ് ഹരിയേട്ടൻ സംരക്ഷിച്ചത്. ഇന്നുവരെ...തങ്ങൾക്കിടയിലെ സ്നേഹം വർധിച്ചിട്ടേയുള്ളു.
പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു മോനുണ്ടായത്. അവനിന്ന് മുതലാളിയുടെ ഓഫീസിലെ ക്ലർക്ക് ആണ്.
നാട്ടിൽ നിന്നും പോന്നിട്ടു ആറു വർഷങ്ങൾക്ക് ശേഷം അച്ഛന് സുഖമില്ലാതെ ആശുപത്രിയിൽ ആയപ്പോൾ... ഹരിയേട്ടനോടൊപ്പം അച്ഛനെ കാണാൻ പോയിരുന്നു. എന്നാൽ അച്ഛനോ... കൂടെയുണ്ടായിരുന്ന അമ്മയോ നേരെപോലും നോക്കിയില്ല. ഒന്നും മിണ്ടിയുമില്ല.
മൂന്നു സഹോദരന്മാരും വിവാഹിതരായി. ഒന്നിനും ഒരേ ഒരു മകളായ തന്നെ അറിയിച്ചില്ല.
ഹരിയേട്ടന്റെ കുടുംബം അച്ഛനെ ഭയന്ന്... അവിടെയുണ്ടായിരുന്ന സ്ഥലം വിറ്റു കിട്ടിയ പണം കൊണ്ട് അനിയന്റെ ഭാര്യവീടിനടുത്തു സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കുന്നു.
ആലോചനകൾക്കിടയിൽ തന്നെ ചായയ്ക്ക്വെ വെള്ളംവെച്ചു. അരിയടുപ്പത്തിട്ടു.ചായ തയ്യാറായപ്പോഴേക്കും ഹരിയേട്ടൻ എഴുന്നേറ്റു വന്നു...എന്നും അങ്ങനെയാണ്.
ജോലിക്കുപോകുന്നതിനു മുൻപ്, ഹരിയേട്ടൻ എല്ലാ ജോലികളിലും സഹായിക്കും.
ഹരിയേട്ടനെപ്പോലെ തന്നെയാണ് തങ്ങളുടെ ഒറ്റ മോനായ ഹരിറാം എന്ന രാമുവും. രാവിലെ എഴുന്നേൽക്കാൻ മടിയാണെങ്കിലും ഒരു ചായ കൊണ്ടു പോയി കൊടുത്തു കഴിഞ്ഞാൽ പിന്നെ അവൻ ഉഷാറാകും.
അവനും അടുക്കളയിൽ സഹായിക്കാനെത്തും. ഹരിയേട്ടന് ചായ കൊടുത്തു. രാമുവിനുള്ള ചായയുമായി വാസന്തി അവന്റെ മുറിയിലേക്ക് നടന്നു.
കതകിൽ തട്ടി വിളിക്കാൻ കൈ ഉയർത്തിയപ്പോഴാണ് കണ്ടത്, പതിവില്ലാതെ അവന്റെ മുറി അകത്തു നിന്നും പൂട്ടിയിട്ടില്ല.
ചായയുമായി അകത്തു കയറി നോക്കി. ഇല്ല അവിടെയെങ്ങും അവനില്ല.ബാത്റൂമിലായിരിക്കു മെന്നോർത്ത് തിരിച്ചു അടുക്കളയിലേക്ക് പോയി.
അവിടെ ഹരിയേട്ടൻ തേങ്ങ ചിരവുന്ന തിരക്കിലാണ്.
"എന്താ അവനിന്ന് ചായ വേണ്ടേ?"ഹരിയേട്ടൻ ചോദിച്ചു.അവൻ മുറിയിലില്ല എന്നു പറഞ്ഞു.
കുറേനേരം കഴിഞ്ഞു. രാമുവിനെ കണ്ടില്ല. ഇവനിതെവിടെപ്പോയി?
ഹരിയേട്ടനോടൊപ്പം അവന്റെ മുറിയിലേക്ക് പോയി.അവിടെ അവന്റെ മേശപ്പുറത്ത് ചുവന്ന കവറിലിട്ടു വെച്ചിരുന്ന കത്ത് ഹരിയേട്ടൻ തുറന്നു.
രണ്ടുപേരും ചേർന്നാണ് കത്ത് വായിച്ചത്.അതിൽ ഇങ്ങനെ എഴുതിയിരുന്നു.
"പ്രിയപ്പെട്ട അച്ഛാ, അമ്മേ,അമ്മ എനിക്ക് ചായയുമായി വരുമ്പോൾ കാണുമെന്നു അറിയാവുന്നതു കൊണ്ടാണ് ഈ കത്തെഴുതുന്നത്.
നിങ്ങൾ എത്രയും വേഗം അത്യാവശ്യം സാധനങ്ങളും പായ്ക്ക് ചെയ്ത് റെഡി ആയി നിൽക്കണം.
ആറര മണിയാകുമ്പോൾ എന്റെ ഫ്രണ്ട് രാജേഷ് കാറുമായി വരും. ഞാൻ അമ്മയുടെ നാട്ടിൽ... കൊല്ലത്തു ബസ് സ്റ്റാൻഡിൽ കാത്തു നിൽക്കും.എന്റെ കൂടെ ബാലൻ മുതലാളിയുടെ മകൾ സുനയനയുമുണ്ട്. ഞങ്ങൾ വളരെ നാളുകളായി ഇഷ്ടത്തിലാണ്.
ഇപ്പോൾ മുതലാളി അവൾക്ക് കല്യാണം നിശ്ചയിക്കാൻ പോകുന്നു.അതുകൊണ്ട് ഞങ്ങൾ ഇന്നലെ രാത്രി അവിടുന്ന് ഇങ്ങോട്ടു പൊന്നു.
രാവിലെ മുതലാളിയുടെ വീട്ടുകാർ വിവരം അറിയുന്നതിന് മുൻപ്...നിങ്ങൾ അവിടെ നിന്നും രക്ഷപ്പെടണം. ഞങ്ങൾ അമ്മയുടെ തറവാടായ
മാടമ്പി വീട്ടിൽവെളുപ്പിനെത്തും!
അമ്മയുടെ ഇളയ സഹോദരൻ... എന്റെ മനുവങ്കിൾ ഞങ്ങളെയും കാത്ത് ബസ് സ്റ്റാൻഡിൽ നിൽക്കാമെന്നു പറഞ്ഞിട്ടുണ്ട്.
ഞാൻ കുറച്ചു നാൾ മുൻപ് തറവാട്ടിൽ പോയിരുന്നു. അന്ന് അപ്പൂപ്പനും അമ്മൂമ്മയും എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.ആർക്കും ഇപ്പോൾ വാശിയും വൈരാഗ്യവുമൊന്നും ഇല്ലമ്മേ.
എല്ലാക്കാര്യങ്ങളും ഞാൻ അപ്പൂപ്പനോടും തറവാട്ടിൽ താമസിക്കുന്ന മനുവങ്കിളിനോടും പറഞ്ഞു.
ബാലൻ മൊതലാളിയല്ല ആരുവന്നാലും ഒന്നും പേടിക്കണ്ട എന്ന് അപ്പൂപ്പനും മനുവങ്കിളും വാക്ക് തന്നു. അമ്മയോടിപ്പോൾ ആർക്കും ദേഷ്യമൊന്നുമില്ല കേട്ടോ.
അച്ഛനെ അപ്പൂപ്പന് ഇപ്പോഴും വലിയ ഇഷ്ടമാണ്. നിന്റെ അച്ഛനെപ്പോലെ ഒരു വിശ്വസ്ഥനെ അപ്പൂപ്പൻ ഇതുവരെ കണ്ടിട്ടില്ല.'എന്നും പറഞ്ഞു.
അമ്മയുടെ കാര്യം പറഞ്ഞു അമ്മൂമ്മ കരഞ്ഞു. അപ്പൂപ്പന് എൺപത്തിമൂന്നും, അമ്മൂമ്മയ്ക്കു എഴുപത്തിയെട്ടുംവയസ്സായി! ഇനിയെത്ര നാൾ!
അമ്മയ്ക്ക് നല്ല ഒരു വീതം സ്വത്തും അപ്പൂപ്പൻ മാറ്റി വച്ചിട്ടുണ്ട്. നിങ്ങൾ എത്രയും വേഗം അവിടുന്ന് ഇറങ്ങണം.
ഇതായിരുന്നു കത്തിലെ ഉള്ളടക്കം.
പൊട്ടിക്കരഞ്ഞുകൊണ്ട് ഹരിയേട്ടനെ നോക്കി.ആ കണ്ണുകളും നിറഞ്ഞിരിക്കുന്നു.
ആറരക്കു തന്നെ രാജേഷ് കാറുമായി എത്തി. അത്യാവശ്യം സാധനങ്ങളും ബാഗുകളിൽ എടുത്ത് കാറിൽ കയറി. കാലം തിരിച്ചു നടക്കുന്നു