"നാൻസിക്കൊച്ചിന് ചോദിക്കാനും, പറയാനും ആരുമില്ലെന്ന് വെച്ച്, ഇതങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ല. സുജാതയോട് ചോദിച്ചിട്ടുതന്നെ ബാക്കിക്കാര്യം." ഔസേപ്പച്ചൻ രോഷത്തോടെ പറഞ്ഞു.
"എന്നാ ധൈര്യമാ അവൾക്ക്.. ചന്ദ്രനെപ്പോലെത്തന്നെ അവളുമൊരു തൻ്റേടിയാണ്. അതുകൊണ്ടാണല്ലോ ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ആരോടും ചോദിക്കാതെ അവളാ മരംവിറ്റത്.''
സേവ്യർ പറഞ്ഞു.
"ഈ തടി വാങ്ങിയതാരാണാവോ? അയാൾക്കീ നാട്ടിൽനടന്ന കഥകളൊന്നും അറിയില്ലേ?" ജോസുകുട്ടി ചോദിച്ചു.
''ഇവിടെങ്ങും ഉള്ളയാളല്ലെടാ ഊവ്വേ.. നിലമ്പൂര്ന്നോ, വയനാട്ടീന്നോ വന്ന കച്ചവടക്കാരനാണ്.''
''ആരായാലും നമുക്കിത് തടയണം! തടഞ്ഞേ പറ്റൂ. എന്നാലേ നമ്മുടെ തോമസുകുട്ടിയുടെ ആത്മാവിന് നീതി കിട്ടൂ.''
കുഞ്ഞേട്ടൻ പറഞ്ഞു.
"ആ സുജാതപ്പെണ്ണിനെ ഈ നാട്ടീന്നേ ഓടിക്കണം. ഔസേപ്പച്ചാ നീയാ മെമ്പർഷാജിയെയൊന്നു വിളിക്ക്. നമുക്കീ വിവരം നാൻസിയെ അറിയിക്കണം. ഇന്നുതന്നെ അവളെക്കൊണ്ട് സ്റ്റേഷനിലൊരു പരാതിയും കൊടുപ്പിക്കണം. നമുക്ക് നാൻസിയുടെ വീട്ടിലേയ്ക്ക് പോകാം." കൈക്കാരൻ കൊച്ചേട്ടൻ പറഞ്ഞു.
മംഗലംകുന്നിലെ ഈട്ടിമരം ആരോ വാങ്ങിയെന്ന വാർത്ത ഒരു ഞെട്ടലോടെയാണ് ഗ്രാമവാസികൾ ശ്രവിച്ചത്! മംഗലംകുന്നിൻ്റെ താഴ്‌വാരത്തോ, പരിസരപ്രദേശത്തോ ഇതുപോലൊരു മരം വേറെയില്ല!
അതു മാത്രമല്ല, ഏറെ ഒച്ചപ്പാടും, കലഹവും, ആ മരംമൂലം ഉണ്ടായി. ഒടുവിൽ തോമസുകുട്ടിയുടെ ജീവനും നഷ്ടമായി. രണ്ടു കുടുംബങ്ങൾ അനാഥമാവുകയും ചെയ്തു.
കുട്ടിക്കാലം മുതലുള്ള സൗഹൃദമായിരുന്നു തോമസുകുട്ടിയും, ചന്ദ്രനും തമ്മിൽ. ഒരേ ക്ലാസിൽപഠിച്ച് ഒരേ പാത്രത്തിൽ നിന്നുണ്ട് വളർന്നുവന്നവർ. പന്ത്രണ്ടുവർഷം മുൻപാണവർ മേലുകാവിൽനിന്നും ജോലിതേടി മംഗലംകുന്നിലെത്തിയത്. വന്നകാലംമുതൽക്കേ അവറാച്ചൻ മുതലാളിയുടെ തോട്ടത്തിലെ ടാപ്പിംഗ് ജോലിക്കാരായിരുന്നു ഇരുവരും. ടാപ്പിംഗ് കഴിഞ്ഞുള്ള നേരങ്ങളിൽ കൃഷിപ്പണികളും, മറ്റുജോലികളുമവർ ഉൽസാഹപൂർവ്വം ചെയ്തിരുന്നു. കൃഷിസ്ഥലം പാട്ടത്തിനെടുത്ത് വാഴയും, പച്ചക്കറികളും കൃഷിചെയ്ത് നല്ല ലാഭമുണ്ടാക്കി. അധ്വാനശാലികളായ ആ ചെറുപ്പക്കാരെ നാട്ടുകാർക്കൊക്കെ ഇഷ്ടമായിരുന്നു.
തൻ്റെ റബ്ബർതോട്ടത്തിനൊടു ചേർന്നുകിടന്ന ഒരേക്കർ തരിശുഭൂമി അവറാച്ചൻമുതലാളി അവർക്കു നൽകി. അവർ കാടുവെട്ടിത്തെളിച്ച്, തെങ്ങും, കുരുമുളകും, വാഴയും കൃഷി ചെയ്തു. ജൈവസംമ്പുഷ്ടമായ ഭൂമി നല്ല വിളവു നൽകി. സ്ഥലം രണ്ടായി ഭാഗിയ്ക്കവേ കൃത്യം മധ്യഭാഗത്തായുള്ള ഈട്ടിമരം അതിരുകളില്ലാത്ത സ്നേഹത്തിൻ്റെ പ്രതിഫലനമെന്നോളം ഈ മരം എനിക്ക് വേണ്ട നീ എടുത്തോളൂ എന്ന് തോമസ്കുട്ടിയും, എനിക്ക് വേണ്ട ഇത് നിനക്കിരിക്കട്ടെ എന്ന് ചന്ദ്രനും പറഞ്ഞു. ഒടുവിൽ
രണ്ടുപേരുംകൂടി ഒരു ഒത്തുതീർപ്പിലെത്തി. മരം രണ്ടാൾക്കും ഒരുപോലെ അവകാശപ്പെട്ടത്! മരം എന്നുവിറ്റാലും രണ്ടാൾക്കും ഒരുപോലെ പണം വീതിച്ചെടുക്കാമെന്നവർ തീരുമാനിച്ചു. ഈട്ടിമരത്തിൻ്റെ ഇരുവശങ്ങളിലുമായി രണ്ടു കൊച്ചുവീടുകൾ ഉയർന്നു.
ചന്ദ്രനാണ് ആദ്യം വിവാഹിതനായത്. ഭാര്യ സുജാത. തോമസുകുട്ടി ഒരു അനാഥപ്പെൺകുട്ടിയെയാണ് വിവാഹം കഴിച്ചത്. അവരുടെ സൗഹൃദം ഭാര്യമാരും പിന്തുടർന്നു. സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും, സാഹോദര്യത്തിന്റെയും വിശാലമായ ലോകത്ത് അതിർത്തിക്കല്ലുകൾ ഇല്ലായിരുന്നു. വർഷങ്ങൾ പലതും കടന്നുപോയി.
ചന്ദ്രന് രണ്ടു പെൺകുട്ടികളാണ്. എട്ടും, ഏഴും വയസുപ്രായം.
തോമസുകുട്ടിയുടെ മക്കൾ അഞ്ചു വയസുകാരായ ഇരട്ട ആൺകുട്ടികളാണ്.
ഇതിനിടെ സുജാത ചന്ദ്രനോട് പറഞ്ഞു തുടങ്ങി.
''ചന്ദ്രേട്ടാ..ഈട്ടിമരം നമുക്ക് സ്വന്തമാക്കണം. വളർന്നുവരുന്നത് രണ്ടു പെൺകുട്ടികളാണ്.
"സുജാതേ.. ഞങ്ങൾക്കു രണ്ടു പേർക്കും ആ മരത്തിൽ തുല്യ അവകാശമാണ്.''
''അങ്ങനെ ഒരിടത്തും എഴുതി വച്ചിട്ടില്ലല്ലോ?'' സുജാത ചൊടിച്ചു.
സുജാതയുടെ ഉപദേശം കൊണ്ട് ചന്ദ്രനും തോന്നിത്തുടങ്ങി. ഈട്ടിത്തടിയുടെ അവകാശി താനാണെന്ന്. അതിനായി ചന്ദ്രൻ പറമ്പിലെ അതിർത്തിക്കല്ലുകൾ അല്പം മാറ്റികുഴിച്ചിട്ട് ഈട്ടിമരം തൻ്റെ പറമ്പിലാക്കി.
ഇതുകണ്ട തോമസുകുട്ടി ചന്ദ്രനോട് സംസാരിച്ചെങ്കിലും അയാളത് വകവെച്ചില്ല. ഇത്രകാലവും അതിരില്ലാത്ത ലോകംപോലെ വിശാലമായിരുന്ന സൗഹൃദത്തിലും അകൽച്ചയുടെ അതിർത്തിക്കല്ലുകൾ സ്ഥാപിക്കപ്പെട്ടു.
ജോലിക്ക്ശേഷം വല്ലപ്പോഴും അല്പം മദ്യപിക്കുന്ന സ്വഭാവം രണ്ടാൾക്കുമുണ്ടായിരുന്നു. ആറുമാസംമുൻപ് ജോലികഴിഞ്ഞ് വരുംവഴി രണ്ടാളും നന്നായിമദ്യപിച്ചിരുന്നു. സംസാരത്തിനൊടുവിൽ വിഷയം ഈട്ടിമരത്തിലെത്തി. രണ്ടാളും തമ്മിലുള്ള സംസാരം അവസാനം തർക്കത്തിലും, ഉന്തിലും,തള്ളിലുമെത്തി. പെട്ടന്ന് ക്ഷുഭിതനായ ചന്ദ്രൻ കത്തിയെടുത്ത് തോമസുകുട്ടിയെ കുത്തി. ആശുപത്രിയിലെത്തും മുൻപേതന്നെ തോമസുകുട്ടി ഈ ലോകത്തോട് വിടപറഞ്ഞു. ചന്ദ്രൻ ജയിലിലുമായി. അതോടെ രണ്ടു കുടുംബങ്ങളും അനാഥമായി.
നാൻസിയ്ക്ക് കോൺവെൻ്റ് സിസ്റ്റേഴ്സും, മാതൃവേദി അംഗങ്ങളും, വിൻസൻ്റെ ഡിപോൾ സംഘടനയും സഹായഹസ്തവുമായി വന്നു. അവറാച്ചൻ മുതലാളിയുടെ തോട്ടത്തിൽ സുജാത ജോലിയ്ക്കു ചേർന്നെങ്കിലും എല്ലാവർക്കും അവളോട് ദേഷ്യമായിരുന്നു.
അലക്കിയ തുണികൾ അഴയിൽ വിരിക്കുകയായിരുന്നു നാൻസി. മുറ്റത്തു കളിക്കുകയാരുന്ന മക്കളാണ് ആരെക്കെയോ വരുന്നുണ്ടെന്ന് നാൻസിയോട് പറഞ്ഞത്.
"നാൻസീ.. നീയറിഞ്ഞോ, ആ സുജാതപ്പെണ്ണ് ഈട്ടിത്തടി ആർക്കോ വിറ്റൂന്ന്. ഇന്നുതന്നെ നമുക്കൊരു പരാതി കൊടുക്കണം. നീയൊന്ന് ഒപ്പിട്ടു തന്നാൽ മതി. ബാക്കിയൊക്കെ ഞങ്ങളേറ്റു. ഞങ്ങളുണ്ട് നിൻ്റെ കൂടെ. ആ പെണ്ണിനെ ഈ നാട്ടീന്നേ ഓടിക്കണം." കൊച്ചേട്ടൻ ഒറ്റശ്വാസത്തിൽ പറഞ്ഞു.
"സുജാതയുടെ ഇളയകുട്ടി ചിന്നുമോൾക്ക് കരൾരോഗമാണ്."
നാൻസി പറഞ്ഞു.
"ഇത് ദൈവം കൊടുത്ത ശിക്ഷ തന്നെ. പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെ, ഇപ്പോൾ കൂടെക്കൂടെ."
സേവ്യർ സന്തോഷത്തോടെ പറഞ്ഞു.
"അയ്യോ അങ്ങനെപറയല്ലേ ചേട്ടാ.. ചിന്നു മോള് എന്ത് തെറ്റ് ചെയ്തു? ആ മോള് രക്ഷപ്പെടണമെങ്കിൽ ഒരു ഓപ്പറേഷൻ വേണം. അതിന് എട്ടു ലക്ഷംരൂപ ചിലവുവരും. സുജാതയെ സഹായിക്കാൻ ആരുമില്ലാത്തതിനാൽ ഞാനാണ് അവളോട് പറഞ്ഞത് തടിവിറ്റ് കുഞ്ഞിൻ്റെ ഓപ്പറേഷൻ നടത്താൻ."
"നീയെന്തു പണിയാ നാൻസീ കാണിച്ചത്. നിനക്ക് അവകാശപ്പെട്ട തടി നീയെന്തിനാ അവളോട് വിൽക്കാൻ പറഞ്ഞത്?''
കുഞ്ഞേട്ടൻ രോഷം മറച്ചു വെച്ചില്ല.
"നമ്മെ ദ്രോഹിക്കുന്നവരോട് ക്ഷമിക്കാനല്ലേ യേശു പറഞ്ഞിരിക്കുന്നത്. സുജാതയും, മക്കളും എന്നോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. കരൾ മാറ്റിവച്ചാൽ മാത്രമേ ആ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനാവൂ. ക്രിസ്ത്യാനികളായ നാമല്ലേ മറ്റുള്ളവർക്ക് മാതൃക കാട്ടേണ്ടത്. ദയവായി ആ കുഞ്ഞിനോട് ആരും വൈരാഗ്യമൊന്നും കാണിക്കരുത്. അവളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ആ മരം വിൽക്കാൻ സഹായിക്കണം.''
നാൻസി കൂപ്പുകരങ്ങളോടെ പറഞ്ഞു. അവളുടെവാക്കുകൾ അവിടെക്കൂടിയിരുന്ന ചിലരുടെയൊക്കെ ഹൃദയത്തെ സ്പർശിച്ചു. അവർ മാറിനിന്ന് എന്തൊക്കെയോ സംസാരിച്ചശേഷം നാൻസിയോട് പറഞ്ഞു.
"നീ പറഞ്ഞതുകൊണ്ട് ആ കുഞ്ഞിൻ്റെ ചികിത്സയ്ക്കുവേണ്ട പണം ഞങ്ങൾ പിരിവെടുത്ത് കൊടുത്തോളാം. നീയാ തടി ആർക്കും കൊടുക്കേണ്ടാ. അത് ഇനിയെന്നും നിനക്കും, മക്കൾക്കും മാത്രം അവകാശപ്പെട്ടതാണ്."
"ആ മരമോ, അതിൻ്റെ വിലയോ എനിക്കും, മക്കൾക്കും വേണ്ട. എൻ്റെ ഇച്ചായൻ്റ ജീവൻ നഷ്ടപ്പെടാൻ കാരണം ആ മരമാണ്. ആ മരംകൊണ്ടുതന്നെ ചിന്നുമോളുടെ ജീവൻ രക്ഷപ്പെട്ടാൽ ഏറെ സന്തോഷിക്കുക എൻ്റെ ഇച്ചായൻ്റെ ആത്മാവായിരിക്കും. എനിക്കതു മാത്രം മതി."
നാൻസി നിറഞ്ഞൊഴുകിയ മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു.