കുറേ കാലമായി അപ്പു ഉറുമ്പുകൾക്ക് പിന്നാലെയായിരുന്നു. ഈ ഉറുമ്പുകൾ എങ്ങനെയാ ചുമരിക്കൂടി പിടിച്ചു കേറുന്നത്?, ഈ ഉറുമ്പുകൾക്ക് ശബ്ദമുണ്ടാകുമോ?, ഈ ഉറുമ്പുകൾക്ക് ഭാര്യയും കുട്ടികളുമൊക്കെ ഉണ്ടാകുമോ? തുടങ്ങി നിരവധിയാണ് അവന്റെ സംശയങ്ങൾ.
എല്ലാ ദിവസവും രാവിലെ അമ്പലത്തിൽച്ചെന്ന് അവൻ കുറേ നേരം പ്രാർത്ഥിക്കും.
“എന്നെ ഒന്ന് ഉറുമ്പാക്കിമാറ്റണേ ദൈവമേ….എന്നെ ഒന്ന് ഉറുമ്പാക്കി മാറ്റണേ ദൈവമേ…”
കളിക്കൂട്ടുകാരെല്ലാം അവനെ കണക്കിന് പരിഹസിക്കും.
“ഓൻക്ക് ഉറുമ്പാകാണത്രേ!”
അതും പറഞ്ഞ് രാമു ചിരിക്കുമ്പോൾ ഉടനേ മൊയ്തീന്റെ വകയുള്ളത് തൊടങ്ങും.
“അന്റൊരു പൂതി, ഈ ലോകത്ത് വേറെന്തൊക്കെണ്ട് ആഗ്രഹിച്ചാനും സ്വപ്നം കാണാനും.”
രാവിലത്തെ കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയും എവിടേക്കോ പോകാൻ തയ്യാറായിരിക്കുകയായിരുന്നു.
“അപ്പൂ, ഞങ്ങള് മേമേടെ വീട്ടില്ക്കാ”
അമ്മ പറഞ്ഞു.
“എന്താ അവ്ടെ?”
“മേമേടെ അമ്മയ്ക്ക് സുഖല്ല്യ, ഞങ്ങള് പോയിട്ട് വേഗം വരാ, നീ വാതിലടച്ചിരുന്നോ”
ബൈക്കിൽ കയറുമ്പോൾ അമ്മ അവനോട് മയത്തിൽ പറഞ്ഞു. വാതിൽ ചാരി തന്റെ ചെറിയ പാവക്കുട്ടിയ്ക്കരികിലേക്ക് നടക്കുന്നതിനിടയിൽ സോഫയുടെ അരികിൽ നിന്നും കുറേ ഉറുമ്പുകൾ വരിവരിയായി വരുന്നത് അപ്പു കണ്ടു. അവൻ ഉടനേ കണ്ണടച്ചു.
“ദൈവമേ എന്നെ ഒന്ന് ഉറുമ്പാക്കണേ”
അപ്പു കണ്ണുതുറന്നതും ഞെട്ടിത്തരിച്ചു. അവൻ തന്റെ കൈകൾ ഉപയോഗിച്ച് മുഖത്തും കാലിലും സ്പർശിച്ചു.കണ്ണുകൾ,മൂക്ക്,വായ എല്ലാം മാറിയിരിക്കുന്നു. അവൻ ഉറുമ്പായി മാറിയിരിക്കുന്നു. അവൻ മുന്നോട്ടു തുറിച്ചുനോക്കി. ആ നിമിഷം അവനു മുന്നിൽ കുറെയേറെ ഉറുമ്പുകൾ വരിവരിയായി നീങ്ങുന്നു. എതിർദിശയിൽ നിന്നും വരുന്ന ഉറുമ്പുകൾ തന്റെ മുഖത്തു വന്ന് ഉരുമ്മുന്നു ശേഷം “മ്മാ” എന്നുച്ചത്തിൽ പറയുന്നു.
അവൻ ആനന്ദത്തിന്റെ നിബിഡവനങ്ങളിലേക്ക് നടന്നു കയറിയതുപോലെ തോന്നി.
പെട്ടന്ന് താൻ ഇരുട്ടിലേക്ക് പ്രവേശിച്ചതുപോലെ അവനു തോന്നി. തന്റെ കണ്ണുകളുടെ തീവ്രത കൂടിയതായി അവൻ തിരിച്ചറിഞ്ഞു. പെട്ടന്ന് നടത്തം നിന്നു.
“ഹേയ് നമ്മൾ ഇതെങ്ങോട്ടാ?”
അവൻ മുന്നിൽ നിന്നിരുന്ന ഉറുമ്പിനോട് ചോദിച്ചു.
“കബലാ സകാ മതേയ്?”
മറുപടി കേട്ട് അപ്പു ഉറുമ്പിന്റെ കണ്ണുകൾ കൂടുതൽ വിടർന്നു. അവൻ ഒന്നുമില്ലെന്ന മട്ടിൽ ചിരിച്ച ശേഷം കണ്ണുകൾ ചിമ്മി, അത്രയും നേരം മറുപടി പറഞ്ഞ ഉറുമ്പ് അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കണ്ണു തുറന്നപ്പോൾ ഒരാൾ എന്തോ പറയുന്നതുപോലെ അവനു തോന്നി.
“മിതി കലാ ചബ്ബനി സഹവ ബദിലദാ കപനി പസഹാ വദേർ.”
അതിന്റെ അർത്ഥം മനസ്സിലാകാതെ അവൻ പകച്ചുനിന്നു. ഉറുമ്പുകളെല്ലാം വരി മാറി ഒരു സാധനത്തിന്റെ ചുറ്റും കൂടിനിന്നു. അവൻ അതിലേക്ക് സൂക്ഷിച്ചുനോക്കി, അതൊരു വറ്റായിരുന്നു.
“കധാതാ”
എല്ലാവരും രണ്ടു കൈകളും ഉപയോഗിച്ച് വറ്റിനെ പിടിച്ചു. അപ്പുവിന് വലിയ ഭാരം തോന്നി, തന്റെ കൈകൾ കുഴയുന്നതുപോലെ തോന്നി. അവന്റെ മനസ്സു മുഴുവൻ അമ്മയുടേയും അച്ഛന്റേയും മുഖമായിരുന്നു. യാതൊരു സ്തോഭവുമില്ലാതെ അവൻ ഉറുമ്പിൻ കൂട്ടത്തിന്റെ കൂടെ നടന്നു.
“സതേ ഗാഥാ”
നേതാവിന്റെ കല്പനയിൽ അസംതൃപ്തരായിക്കൊണ്ട് പലരും പിറുപിറുക്കുന്നത് അവൻ കേട്ടു. അവൻ അവരുടെ കൂടെ പതിയെ നടന്നുകൊണ്ടിരുന്നു.
“അപ്പൂ, വാതിൽ ചാരീട്ടേള്ളൂ കുറ്റിയിട്ടിരിന്നില്ലേ!”
അവൻ വറ്റിൽ നിന്നും പിടിവിട്ട് അമ്മയുടെ നേരേ ഭയവിഹലനായി കൊണ്ടു നോക്കി.
“കധാതാ മതേയ്”
അടുത്തു നിന്നിരുന്ന ഉറുമ്പ് അവനോട് സ്വല്പം ദേഷ്യത്തോടുകൂടി പറഞ്ഞു.
“അപ്പൂ, ഈ ചെക്കനിത് എവിടെ പോയിക്കിടക്കാണാവോ!”
“അവനവന്റെ കൂട്ടുകാരുടെ അടുത്തേക്ക് പോയിട്ടുണ്ടാകും, അതിനു മുമ്പ് നീയീ ഉറുമ്പുകളെ ഒന്നടിച്ചു വാരി കളഞ്ഞാ, പോകുമ്പോ ഇവിടെണ്ട്”
ചൂലും മുറവുമായി അമ്മ വരുന്നതുകണ്ടപ്പോൾ അപ്പുഉറുമ്പിന്റെ കാലുകളും കൈകളും ഒരുപോലെ വിറച്ചു.
“തഡേ സവതീ”
ഉറുമ്പുകളും വറ്റും മുറത്തിൽ അകപ്പെട്ടു. അടുക്കളയുടെ പടിയിൽ നിന്നിറങ്ങാതെ അവൾ ഉറുമ്പുകളെ വീശിയെറിഞ്ഞു .
“അമ്മേ!”
അപ്പു വീണവേദന സ്വയം മറന്ന് ആശ്വാസത്തോടെ എണീറ്റു.
“നീയിതെവിടെന്നാ വന്ന് അപ്പൂ”
അമ്മ തെല്ല് ആശ്ചര്യത്തോടെ അവനെ നോക്കി .
“അതൊക്കെണ്ടമ്മേ, എനിക്കെന്താ കൊണ്ടുവന്നത്?”
അവൻ ചോദിച്ചു.
“ദാ ടേബിളിൽ ചോക്ലേറ്റ്”
ഉറുമ്പുകളെ ചവിട്ടാതെ വീട്ടിലേക്ക് കയറിയപ്പോൾ അവൻ ദൈവത്തെ ഒന്നു സ്തുതിച്ചു. “എന്നെ മനുഷ്യനാക്കി ജനിപ്പിച്ചതിൽ നന്ദി ദൈവമേ.”