ഷൊര്‍ണൂരില്‍ ബസ്സിറങ്ങി കൊളപ്പുള്ളിയിലേക്ക് ഓട്ടോയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ അവളുടെ മനസ്സും സഞ്ചരിക്കുവാന്‍ തുടങ്ങി.
സുമേഷേട്ടന് എത്ര നല്ലവനായിരുന്നു. അന്ന് ഗള്‍ഫ് മോഹം തലക്കടിച്ചു കയറിയില്ലായിരുന്നെങ്കില്‍ താനിന്ന് സുമേഷേട്ടന്റെ ഭാര്യയായിരുന്നേനെ. സുമേഷേട്ടന് പി എസ് സി പരീക്ഷയെഴുതി റിസള്‍ട്ടിനായി കാത്തിരിക്കുന്ന നേരത്താണ് തനിക്ക് ഒരു ഗള്‍ഫുകാരന്റെ വിവാഹാലോചന വരുന്നത്. ജോലിയൊന്നും ഇല്ലാതെ തെക്കുവടക്കു നടക്കുന്ന സുമേഷേട്ടനുമായി വിവാഹബന്ധത്തിന് വീട്ടുകാര്‍ക്ക് താല്പര്യമില്ലായിരുന്നു. തനിക്കും ഗള്ഫുകാരന് എന്നു കേട്ടപ്പോള്‍ കൗതുകമായി. കൈനിറയെ പണവുമായി സുഖലോലുപതയില്‍ കഴിയുന്ന ഗള്‍ഫുകാരെ എത്ര കണ്ടിരിക്കുന്നു. പലപ്പോഴും അങ്ങനെ ആയിത്തീരുന്നതിന് ആഗ്രഹം തോന്നിയിട്ടുണ്ട്. അതിനാല്‍ സുമേഷേട്ടന്റെ വിവാഹാഭ്യര്‍ത്ഥന കേട്ടതായി നടിച്ചില്ല.
പിന്നീട് സുമേഷേട്ടനില് നിന്നും യാതൊരു വിശേഷങ്ങളും കേള്‍ക്കാതായി. ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്ന സുമേഷേട്ടന് തീരെ വിളിക്കാതായി. ചെറുപ്പത്തില്‍ ദല്‍ഹിയിലെ മിലിട്ടറി ക്വാര്‍ട്ടേഴ്സിന്റെ കളിമുറ്റങ്ങളില്‍ സഹവാസികളായ രണ്ടു നായക്മാരുടെ മക്കളായി കളിച്ചുവളര്‍ന്ന ആ കളിക്കൂട്ടുകാരന് നിശ്ശബ്ദനായതില് എന്തിനാണ് അത്ഭുതപ്പെടുന്നത്. താനും അദ്ദേഹത്തെ അപ്പാടെ മറന്നുകളഞ്ഞിരുന്നല്ലോ...
വിവാഹശേഷം പരിമിതമായ ലീവുമായി ഓടിനടക്കുന്ന ഗള്ഫുകാരന് ഭര്‍ത്താവിനോടൊത്ത് റെന്റ് എ കാറുമായി ഒഴുകിനടക്കുന്ന വേളയിലെപ്പഴോ സുമേഷേട്ടന് വീട്ടില്‍ വന്നിരുന്നു. നേരില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുപോലെത്തന്നെ വന്നസമയത്ത് താന്‍ വീട്ടില്‍ ഇല്ലായിരുന്നു. അത് ഭാഗ്യമായി. സുമേഷേട്ടന് നിയമനം കിട്ടിയ കാര്യം അറിയീക്കാനാണ് എത്തിയത്. സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് ട്രെയിനിയായി രാമവര്‍മ്മപുരത്ത് ക്യാമ്പില്‍ കഴിയുമ്പോഴാണ് ഒരു ഒഴിവുദിനംകണ്ടെത്തി വീട്ടിലേക്ക് വന്നത്.
''രമ്യ എന്നെ പരിപൂര്‍ണ്ണമായി മറന്നെന്നാണ് തോന്നുന്നത്. വിവാഹശേഷം ഒരിക്കല്‍പോലും എന്നെ വിളിച്ചിട്ടില്ല.''
സുമേഷേട്ടന് അമ്മയോട് പരിഭവം പറഞ്ഞു. അമ്മ തന്ത്രപൂര്‍വ്വം അതിന് മറുപടി നല്കി.
''അതുകൊണ്ടല്ല സുമേഷേ... എന്റെ കുട്ടി ഒരു നിമിഷംപോലും വെറുതെയിരുന്നിട്ടില്ല. ഓട്ടംതന്നെ ഓട്ടം. ഗള്‍ഫുകാരന്റെ ലീവ് തീരുന്നതിന് മുന്നേ പോകേണ്ടിടത്തെല്ലാം പോയിത്തീരണ്ടേ...''
''ശരി. എപ്പോഴെങ്കിലും ഓട്ടം തീര്‍ന്ന് വീട്ടിലെത്തുമ്പോള്‍ ഒന്നു വിളിക്കാന്‍ പറയണം. വിവാഹം മാത്രമല്ലല്ലോ ബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നത്. കുട്ടിക്കാലം മുതലുള്ള നല്ലൊരു ബന്ധത്തെ വെറുതേ എന്തിനാ ഇല്ലാതാക്കുന്നത്. എന്താവശ്യം വന്നാലും ഒപ്പം ഉണ്ടെന്ന് പറയണം. ഒന്നും പറയാന്‍ മടിക്കരുത് എന്ന് പ്രത്യേകം പറയണം.''
അതിനുശേഷം പലപ്പോഴും വിളിച്ചു. വിളിച്ചപ്പോഴെല്ലാം സുമേഷേട്ടന് വിഷമങ്ങള്‍ പറഞ്ഞു. മനസ്സില്‍ ആഗ്രഹിച്ചുനടന്നിട്ട് നടക്കാതെപ്പോയതിലുള്ള വിഷമങ്ങള്‍. എങ്കിലും ഇപ്പോഴും കാത്തിരിക്കുകയാണ് എന്ന് പറഞ്ഞു. മനസ്സില്‍ ഓര്‍ത്തു ഈ സുമേഷിന്റെ ഒരു കാര്യം. ട്രെയിനിങ്ങ് കഴിഞ്ഞ് പാസ്സിങ്ങ് ഔട്ട് പരേട് നടക്കുന്നതിന്റെ തലേന്ന് സുമേഷേട്ടന് വീണ്ടും വിളിച്ചു.
''രമ്യ, നാളെ എന്റെ പാസ്സിങ്ങ്ഔട്ട് പരേഡാണ്. നിന്റെ വീടിന്റെ അടുത്താണല്ലോ ഗ്രൗണ്ട്. നിനക്ക് വരാന്‍ കഴിയുമെങ്കില്‍ വരണം.''
സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യാന്‍ പോകുന്ന സുമേഷേട്ടനെക്കുറിച്ചോര്ത്തപ്പോള് മനസ്സില്‍ വല്ലാത്ത കുറ്റബോധം തോന്നി. എന്തിനാണ് താനൊരു ഗള്‍ഫുകാരന്റെ ഭാര്യയാകാന്‍ തീരുമാനിച്ചത്. പഴയ കളിക്കൂട്ടുകാരന്റെ ഇഷ്ടത്തിനുമുന്നില്‍ അന്ന് നോ പറഞ്ഞത് മോശമായിപോയി. പാസ്സിങ്ങ്ഔട്ട് പരേഡിന് പോകാന്‍ യാതൊരുവിധ മനസ്സുമില്ലായിരുന്നു. ഭര്‍ത്താവിനോട് എന്താണ് പറയുക. ഇനിയും കളിക്കൂട്ടുകാരനെ മറക്കാറായില്ലേ എന്നു ചോദിച്ചാല്‍ എന്താണ് മറുപടി പറയുക. ഒരു വര്‍ഷത്തിനുള്ളില്‍ ഗള്‍ഫിലേക്ക് യാത്ര പോകാന്‍ തയ്യാറെടുക്കുന്ന മനസ്സില്‍ മറ്റൊന്നിനും സ്ഥാനമില്ലായിരുന്നു. അതിനാല്‍ അങ്ങനെയൊരു യാത്ര വേണ്ടെന്നു വെച്ചു. മാത്രവുമല്ല പാസ്സിങ്ങ്ഔട്ട് പരേഡ് ദിനത്തിന്റെ അന്നുത്തന്നെയാണ് വിവാഹത്തിനും വിരുന്നുകള്‍ക്കും ശേഷമുള്ള കൊണ്ടാക്കല്‍ ചടങ്ങ്. അതിനായി വീട്ടില്‍ ഏറെ തയ്യാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വലിയമ്മാവനേയും അമ്മായിയേയുമാണ് അതിനുവേണ്ടി ഏര്‍പ്പാടാക്കിയിരിക്കുന്നത്. അവര്‍ തലേന്നുത്തന്നെ അതിനായി തയ്യാറായി വീട്ടിലെത്തി. വിവാഹവുമായിബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് സമാപനമാകുകയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ വിരുന്നുകാരിയായി പലവട്ടം പോയിട്ടുള്ളതല്ലാതെ വിവാഹശേഷം അവിടെ താമസിക്കുന്നതിന് ആദ്യമായി പോകുകയാണ്. വിവാഹശേഷം മിക്ക ദിവസവും അദ്ദേഹം ഇവിടെത്തന്നെയായിരുന്നു. പലപല യാത്രകളും പോകുന്നതിന് ഇവിടെയായിരുന്നു സൗകര്യം. അതിനാല്‍ വിവാഹശേഷം മിക്ക ദിവസവും ഇവിടെ തന്നെയായിരുന്നു. സ്വന്തം വീട്ടിലായിരുന്നതിനാല്‍ അമ്മായിയമ്മയുടെ പെരുമാറ്റങ്ങളോ അമ്മാവന്റെ സ്വഭാവവിശേഷങ്ങളോ ഒന്നും അറിയാന്‍ കഴിഞ്ഞിരുന്നില്ല.
എല്ലാ ഓട്ടങ്ങളും തിരക്കുകളും കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു. ഇനി നമുക്ക് എന്റെ വീട്ടില്‍ പോകാം. തിരിച്ചുപോകുന്നതിനുമുമ്പ് കുറച്ചുദിവസമെങ്കിലും അച്ഛന്റേയും അമ്മയുടേയും കൂടെ താമസിക്കണ്ടെ...
വളരെ ആഘോഷമായാണ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടാക്കിയത്. ഹയര്‍പര്‍ച്ചേഴ്സ് ഷോറൂമില്‍ നിന്നും വാങ്ങിയ റഫ്രിജറേറ്ററും വലിയ ടിവിയും അലമാരയും പലഹാരങ്ങളുമായി അമ്മാവനും അമ്മായിയുമാണ് കൊണ്ടുചെന്നാക്കാന്‍ വന്നത്. മൂന്നു മണിയോടെ അവിടെയെത്തി. കുറേ ആളുകള്‍ സ്വീകരിക്കാനെന്നോണം അവിടെ കാത്തുനിന്നിരുന്നു. അവരെല്ലാം ഞങ്ങളുടെ വരവും കണ്ട് വായ് പൊളിച്ചു നിന്നു. ഏതോ മുന്തിയ കാറ്ററിങ്ങ് ഗ്രൂപ്പില്‍ നിന്നും ഓര്‍ഡര്‍ ചെയ്തു വരുത്തിയ വിഭവസമൃദ്ധമായ ഭക്ഷണസാമഗ്രികളുമായി അവര്‍ ഞങ്ങളെ സല്കരിച്ചു. അയല്‍ക്കാരും ബന്ധുക്കളുമായ അനേകം സ്ത്രീകള്‍ അവിടെ ഒത്തുകൂടിയിരുന്നു. ചിലര്‍ അണിഞ്ഞിരുന്ന പൊന്നിന്റെ കണക്കാണ് നോക്കിയതെങ്കില്‍ മറ്റുചിലര്‍ കൊണ്ടുവന്ന വീട്ടുസാമഗ്രികളുടെ കണക്കാണെടുത്തത്. വേറെ ചിലര്‍ ഹാളില്‍ ഇറക്കിവെച്ചിരുന്ന പലഹാരപ്പെട്ടികളെക്കുറിച്ചായിരുന്നു അന്വേഷണം. വന്നവരില്‍ ചിലരുടെ സംഭാഷണങ്ങള്‍ തന്നെ സുഖിപ്പിക്കുകതന്നെ ചെയ്തു.
''രവിയുടെ ഭാഗ്യമാണ്. അല്ലെങ്കില്‍ അവനിത്രയും സുന്ദരിയായ വിദ്യാഭ്യാസമുള്ള പെണ്ണിനെ കിട്ട്വോ?''
തന്റെ സൗന്ദര്യത്തിലും പി ജി വരെ പഠിച്ചതിലും അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്. രവിയേട്ടന് വെറും പത്താംക്ലാസ്സാണ്. ഗള്‍ഫില്‍ ഡ്രൈവറായി ഏതോ കമ്പനിയില്‍ ജോലി ചെയ്യുന്നു. തുറമുഖനഗരത്തില്‍ നിന്നും പച്ചക്കറികളും പലച്ചരക്കുകളും മറ്റു ചെറുപട്ടണങ്ങളില്‍ എത്തിക്കലായിരുന്നു ജോലി. കൈ നിറയെ പണം ശമ്പളമായി കിട്ടുന്നുണ്ടെന്നാണ് പറഞ്ഞത്. ഗള്‍ഫിലാകുമ്പോള്‍ ഏതു ജോലി ചെയ്താലെന്താ... നാട്ടില്‍ ആരും കാണാനും അറിയാനും പോകുന്നില്ലല്ലോ... പണമാണെങ്കില്‍ കൈ നിറയെ കിട്ടുന്നെങ്കില്‍ അതല്ലേ അവിടത്തെ വലിയകാര്യം.
അന്നത്തെ പാര്‍ട്ടിയെല്ലാം തീര്‍ന്നപ്പോള്‍ അമ്മാവനും അമ്മായിയും തിരിച്ചുപോകാന്‍ തയ്യാറായി. നാളെ പോകാം എന്ന് രവിയേട്ടന്റെ അച്ഛനും അമ്മയും കുറേ നിര്‍ബ്ബന്ധിച്ചുനോക്കി. അവര്‍ സമ്മതിച്ചില്ല. അവരതിന് കാരണമായി പലതും പറയുന്നുണ്ടായിരുന്നു. അവസാനം അവരും പോയിക്കഴിഞ്ഞപ്പോള്‍ പതുക്കെ കിടപ്പുമുറിയിലേക്ക് പോയി. നല്ല വൃത്തിയുള്ള ഒരു ചെറിയ ഓടു വീടായിരുന്നു രവ്യേട്ടന്റെ വീട്. വലിപ്പമില്ലാത്ത ചെറിയ മുറിയില്‍ കയറിയപ്പോള്‍ ശ്വാസം മുട്ടുന്നതുപോലെ തോന്നി.
മിലിറ്ററി സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്ത അച്ഛനേയും അച്ഛനോടൊപ്പം പല നഗരങ്ങളില്‍ ചുറ്റിനടന്ന് ജീവിച്ച അമ്മയേയും ഇവിടത്തെ സാധാരണക്കാരായ അച്ഛനേയും അമ്മയേയും ചേര്‍ത്ത് താരതമ്യം ചെയ്യാന്‍ ഒരിക്കലും സാധിക്കുമായിരുന്നില്ല. തന്റെ സ്ഥാനം ഇവിടെ വളരെ ഉയര്‍ന്നതാണെന്ന ബോധം അഭിമാനമുണ്ടാക്കി. ഭയഭക്തിബഹുമാനത്തോടെയുള്ള അമ്മായച്ഛന്റെ പെരുമാറ്റം കുറച്ചുകഴിഞ്ഞപ്പോള്‍ വെറുപ്പ് തോന്നാന്‍ തുടങ്ങി. താന്‍ അദ്ദേഹത്തിന്റെ മകന്റെ ഭാര്യയല്ലേ... പിന്നെയെന്തിനാണ് തന്നോട് ഇത്രയും വിധേയത്വം. അത് മനസ്സില്‍ അതൃപ്തിയുണ്ടാക്കാതിരുന്നില്ല. തന്റെ നിലവാരത്തിനും സൗകര്യത്തിനുമനുസരിച്ച് നില്ക്കാന് ഇവിടെ ആരും യോഗ്യരല്ലെന്ന് മനസ്സ് കണക്കുകൂട്ടി. എങ്കിലും ഒരു വര്‍ഷമല്ലേ നാട്ടില്‍ നില്‍ക്കേണ്ടി വരികയുള്ളൂ അതുതന്നെ ബി എഡ് പഠനത്തിന്റെ കാര്യം പറഞ്ഞ് സ്വന്തം വീട്ടില്‍ നില്ക്കാലോ എന്നായിരുന്നു ചിന്ത. അത് വലിയൊരു ആശ്വാസം കൊണ്ടുവന്നു. സാംസ്കാരികമായി നിലവാരം വളരെ താഴ്ന്ന ഒരു കുടുംബത്തിലേക്കാണ് താന്‍ വന്നു കയറിയിരിക്കുന്നത് എന്ന ചിന്ത പ്രയാസങ്ങള്‍ തീര്‍ക്കുന്നുണ്ടായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയിക്കൊള്ളാമെന്ന വാഗ്ദാനം മാത്രമാണ് ഈ വിവാഹം മനസ്സിനെ സന്തോഷിപ്പിച്ചത്. വിദേശത്ത് പോയി ജീവിക്കണം. സാധ്യമാവുമെങ്കില്‍ അവിടെ ജോലിയും കണ്ടെത്താനാകണം.
ഇവിടെ എത്തിയപ്പോള്‍ മുതല്‍ പ്രത്യേകം ശ്രദ്ധയില്‍പെട്ടത് ഒരു കാര്യമായിരുന്നു. വീട്ടിലെയും അടുക്കളയിലെയും കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് അമ്മായിയമ്മയാണ്. ഒരു പെങ്ങള് ഉള്ളതിനെ അവിടെയൊന്നും കണ്ടില്ല. അന്വേഷിച്ചപ്പോള്‍ അമ്മ പറഞ്ഞു.
''മോള്‍ക്ക് അടുത്ത ആഴ്ച പരീക്ഷയാണ്. അവളെ ശല്യം ചെയ്യണ്ടാന്ന് വിചാരിച്ചു. അവള് അപ്പുറത്തെ മുറിയിലിരുന്ന് പഠിക്കുകയാണ്.''
അതെന്ത്പഠിപ്പാണ് എന്ന് മനസ്സില്‍ മന്ത്രിച്ചു. പുതിയതായി ഒരാള്‍ വീട്ടില്‍ വന്നിട്ട് അതൊന്നും വകവെക്കാതെ, ഒന്ന് പരിചയപ്പടാനെങ്കിലും പുറത്തുവരാതെയുള്ള പഠിപ്പ്, അതെന്തുപഠിപ്പാണ്. അതിന്റെ നീരസം രവിയേട്ടനോട് പ്രകടിപ്പിക്കുകയും ചെയ്തു. പരിമിതമായ വീടിന്റെ അവസ്ഥകളെ ചൂണ്ടിക്കാണിച്ചപ്പോള്‍ രവിയേട്ടന് പറഞ്ഞു.
''പെങ്ങളുടെ കല്യാണം കഴിയട്ടേ... എന്നീട്ട് നമുക്ക് വീട് പുതുക്കി പണിയാം. വീടുപണിപോലെത്തന്നെ ഒരു വലിയ ചിലവല്ലേ വിവാഹവും.''
''അതും രവിയേട്ടന് ചിലവാക്കണോ... അച്ഛന്റെ കയ്യിലൊന്നും നീക്കിയിരുപ്പുണ്ടാവില്ലേ...''
''നിത്യവരുമാനമില്ലാത്തവര്ക്ക് എന്തുനീക്കിയിരുപ്പ്. നിന്റെ അച്ഛന്റെ കയ്യിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകളെക്കുറിച്ചും മാസവും കിട്ടിക്കൊണ്ടിരിക്കുന്ന പെന്‍ഷനുകളെക്കുറിച്ചും മാത്രം ചിന്തിക്കുന്നതുകൊണ്ടാവാം നിനക്കിങ്ങനെയെല്ലാം തോന്നുന്നത്.''
''അപ്പോള്‍ നിങ്ങളുടെ വരുമാനം മാത്രമാണോ ഈ വീടിന്റെ വരുമാനം?''
''അതുമാത്രമല്ല, അച്ഛന്റെയും അമ്മയുടെയും വരുമാനം കൂടിയുണ്ട്. അവരിപ്പോഴും നന്നായി അദ്ധ്വാനിക്കുന്നവരാണ്.''
''ഒരാളുടെ വരുമാനംകൊണ്ട് ഇന്ന് കാലത്ത് എന്താകാനാണ്?''
''അതേ, വീട്ടുചിലവിനുള്ളതെല്ലാം ഇവരുണ്ടാക്കുന്നുണ്ട്.''
''നമുക്ക് ഈ വീട് ശരിയാവില്ല. പുതിയൊരു വീടു വെക്കണം.''
''അതേ, വീട്, വാഹനം, നല്ല വരുമാനം, മക്കള്‍... എല്ലാം വേണം.''
വീടുമാറി താമസിച്ചതിനാലാകാം രാത്രിയില്‍ എപ്പഴോ ആണ് കണ്ണടഞ്ഞത്. അതിനാല്‍ ഉണരാനും വൈകി. ഉണര്‍ന്ന് മുറിയില്‍ നിന്നും പുറത്ത് വന്നപ്പോള്‍ അച്ഛന് ഒരു പഴയ കള്ളിമുണ്ടുടുത്ത് മുഷിഞ്ഞ ഒരു തോര്‍ത്തെടുത്ത് തലയില്‍ കെട്ടി കയ്യിലൊരു കയ്ക്കോട്ടുമായി എങ്ങോട്ടോ പോകാനൊരുങ്ങി നില്ക്കുന്നു. കണ്ടതും നല്ല അനുസരണയോടെ അടുത്തുവന്ന് പറഞ്ഞു.
''മോളെ ഞാന്‍ പോയിട്ടു വരാം.'' അതും പറഞ്ഞ് തോളില്‍ കൈക്കോട്ടുമായി പടിയിറങ്ങി പുറത്തേക്ക് നടന്നുപോയി. പാടത്ത് കൃഷി നോക്കാന്‍ പോകുന്നതായിരിക്കും എന്ന വിശ്വാസത്തോടെ അടുക്കളയിലേക്ക് നടന്നു. അവിടെ അമ്മ പുട്ടുണ്ടാക്കുന്ന തിരക്കിലായിരുന്നു. കണ്ടതും പറഞ്ഞു.
''മോളുവന്നിട്ട് ഇവിടെ ഒക്കെ ഒന്ന് പരിചയമാകുന്നതല്ലേ ഉള്ളൂ. അതിനാലാണ് ഞാന്‍ ഇന്ന് പോകുന്നില്ലെന്ന് തീരുമാനിച്ചത്.''
സ്വന്തം വയലില്‍പോയി കൃഷി നോക്കുന്നതിന് എപ്പോള്‍ വേണമെങ്കിലും പോയിക്കൂടെ... ഞാന്‍ വന്നതുകൊണ്ട് അതെന്തിനുവേണ്ടെന്നുവെക്കണം. അച്ഛനുമമ്മക്കും കൃഷിപ്പണിയാണ് എന്ന് എപ്പഴോ രവ്യേട്ടന് പറഞ്ഞതോര്‍ക്കുന്നു. അതുമനസ്സില്‍ ഓര്‍ത്തുകൊണ്ട് ചോദിച്ചു.
''എവിടെയാ അമ്മേ പാടം.''
''ഇവിടന്ന് കുറേ കിഴക്കോട്ട് പോകണം.''
''അച്ഛന് പോയത് അവിടേക്കാണോ?''
''അന്തോണ്യാപ്ലേടെ തെങ്ങുത്തോട്ടത്തില് കടമാന്താനും വളമിടാനുമാണ് അച്ഛന് പോയത്. എനിക്കും ഇന്ന് പണിയുണ്ടായിരുന്നു. ഇന്നെന്തായാലും പോകുന്നില്ലാന്ന് തീരുമാനിച്ചു. കല്യാണം അയേപ്പിന്നെ കുറേ നാളത്തെ പണി പോയേ...''
അതുകേട്ടപ്പോള്‍ മനസ്സില്‍ ഒരു ഇടിമിന്നലുണ്ടായി. വല്ലവരുടേയും തോട്ടത്തില്‍ കൂലിപ്പണിക്കായാണോ അച്ഛന് പോയത്? ഒരു കൂലിപ്പണിക്കാരന്റെ മകനാണോ രവ്യേട്ടന്. ഒരിക്കലും മനസ്സില്‍ അത് പൊരുത്തപ്പെട്ടില്ല. സാധാതൊഴിലാളിക്കുടുംബത്തിലേക്കാണോ എന്നെ കല്യാണം കഴിച്ചുകൊണ്ടുവന്നത്. സുമേഷേട്ടന്റെ വീട്ടിലായിരുന്നെങ്കില്‍ തന്റെ അച്ഛനെപ്പോലെ കേന്ദ്രസര്‍ക്കാര്‍ പെന്ഷന് വാങ്ങുന്ന അച്ഛന്. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്താന്‍ വീട്ടമ്മയായി അമ്മ. തന്റെ വീട്ടിലേതുപോലെയുള്ള എല്ലാ സാഹചര്യങ്ങളും അതേപ്പടിയുള്ളത് അവിടെയാണ്. ഏതു നിമിഷത്തിലാണാവോ ഈശ്വരാ, ഒരു ഗള്‍ഫുകാരനെ കെട്ടാന്‍ പൂതി തോന്നിയത്.
ഭര്‍ത്താവിനെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം മനസ്സ് വ്യാകുലമായി. അങ്ങേരുടെ വിയര്പ്പുനാറ്റത്തെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം ശര്‍ദ്ദിക്കാന്‍ വന്നു. ഒപ്പം പുച്ഛരസം മനസ്സില്‍ തികട്ടി വന്നു. 'കൂലിപ്പണിക്കാരന്റെ മകന്.' തന്റെ ഭര്‍ത്താവ് ഒരു കൂലിപ്പണിക്കാരന്റെ മകന്. എം എ ആംഗലേയസാഹിത്യം പഠിച്ച, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നായക് ദിവാകരന്റെ, മകള്‍ക്ക് കിട്ടിയിരിക്കുന്ന ഒരു ഗള്ഫുകാരന് ഭര്‍ത്താവ്. വര്‍ഷങ്ങളായി ഗള്‍ഫിലാണ് ജോലി എന്നുകേട്ടപ്പോള്‍ വലിയ ധനാഢ്യനായിരിക്കുമെന്നാണ് കരുതിയത്. ഇത് നിത്യവൃത്തിക്കുപോലും കൂലിപ്പണിക്കു പോകേണ്ട അവസ്ഥയുള്ള ഒരു ദരിദ്രകുടുംബത്തിലെ ദരിദ്രനായ ഗള്ഫുകാരന്. ഈശ്വരാ, ഏതു നശിച്ച നിമിഷത്തിലാണാവോ ഈ വിവാഹത്തിന് സമ്മതിക്കുവാന്‍ തോന്നിയത്. വീട്ടില്‍ എല്ലാവരോടും വെറുപ്പുതോന്നി. പുച്ഛംതോന്നി. വിദ്യാഭ്യാസവും സൗന്ദര്യവുമുള്ള നായക് ദിവാകരന്റെ മകള്‍ എവിടെ കിടക്കുന്നു. കൂലിപ്പണിക്കാരന് കുമാരന്റെ വിദ്യാഭ്യാസവും സംസ്കാരവുമില്ലാത്ത ജീവിക്കാന്‍വേണ്ടി ഡ്രൈവറായി ജോലി ചെയ്യുന്ന രവി എവിടെ കിടക്കുന്നു.
മനസ്സ് പുകയാന്‍ തുടങ്ങി. ഇത് മുന്നോട്ടു പോകുമെന്ന് തോന്നുന്നില്ല. അതുവരെ സ്നേഹത്തോടെ മനസ്സില്‍ കൊണ്ടുനടന്ന രവ്യേട്ടന്റെ മുഖം വികൃതമായി. വെറുപ്പ് മനസ്സില്‍ അലയടിക്കുവാന്‍ തുടങ്ങി. ജീവിതകാലം മുഴുവന്‍ കഴിയേണ്ടത് അദ്ദേഹത്തോടൊപ്പമാണ് എന്ന ചിന്ത മനസ്സിനെ തളര്‍ത്തി. പിന്നെ ഒന്നും സംസാരിക്കാനായില്ല. അമ്മ എന്തൊക്കെയോ സ്നേഹത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു. ഒന്നിനും ശരിയായി പ്രതികരിച്ചില്ല. അടുക്കളയില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ അമ്മ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു.
''ഈ കുട്ടിക്കിത് എന്തുപറ്റി?''
അന്നത്തെ ദിവസം മുഴുവനും രവ്യേട്ടനും ഇതുതന്നെയാണ് തിരക്കിയത്.
''നിനക്കിത് എന്തുപറ്റി?''
ഒന്നും പറഞ്ഞില്ല. ആരേയും ഒന്നും ബോധ്യപ്പെടുത്താന്‍ നിന്നില്ല. താനാണ് കെണിയില്‍ വീണത്. ഇതില്‍ നിന്ന് പുറത്തുകടക്കണം. ആദ്യമായി എല്ലാവരോടും എല്ലാത്തിനോടും നിസ്സഹകരിക്കുവാന്‍ തുടങ്ങി. വീട്ടില്‍ പോകണമെന്ന് വാശി പിടിക്കുവാന്‍ തുടങ്ങി. പലപ്പോഴും അനുജത്തി സ്നേഹം നടിച്ച് അടുത്തുവന്നു. അവരേയും അവഗണിച്ചു. ഒരാഴ്ചകൂടി കഴിഞ്ഞാല്‍ രവ്യേട്ടന് ഗള്‍ഫില്‍ തിരിച്ചുപോകും. അതിനുശേഷം ഇവിടെ താന്‍ ഒരിക്കലും നില്ക്കാന് ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ ആ ഒരാഴ്ചകൂടി ഇവിടെ നില്ക്കാന് മനസ്സ് സമ്മതിക്കുന്നില്ല.
മനസ്സ് പല ആവൃത്തി സുമേഷിനെപ്പറ്റി ചിന്തിച്ചു. എന്താവശ്യത്തിനും വിളിക്കാമെന്ന വാക്കുകള്‍ ഓര്‍ത്തു. താനിപ്പോഴും കാത്തിരിക്കുകയാണ് എന്ന വാക്കുകള്‍ മനസ്സിനെ തരളിതകമാക്കി. സുമേഷേട്ടന് ഇനിയും തന്നെ സ്വീകരിക്കുമോ... എങ്കില്‍ ഈ ബന്ധം വേണ്ടെന്ന് വെച്ചായാലും സുമേഷിന്റെ അടുത്ത് പോകണം. മനസ്സ് ദൃഢപ്പെടുത്തി.
രാത്രി ഭക്ഷണമൊന്നും കഴിച്ചില്ല. ആരോടും ഒന്നും പറയാതെ പ്രതിഷേധവുമായി നടന്നു. ഇല്ല ഇനി ഇവിടെ കഴിയാന്‍ പ്രയാസമാണ്. എത്രയും പെട്ടെന്ന് ഈ ബന്ധം വിടുതല്‍ ചെയ്യണം. രവിയേട്ടന് പലതവണ പലതും ചോദിച്ചു. ഒന്നിനും മറുപടി നല്‍കിയില്ല. പകരം ഒരൊറ്റ കാര്യത്തിന് വാശി പിടിച്ചു.
''എനിക്ക് വീട്ടില്‍ പോകണം.''
''ഒരാഴ്ചകൂടി കഴിഞ്ഞാല്‍ വീട്ടില്‍പോയി നില്ക്കാലോ...''
''അതൊന്നും പറ്റില്ല. നാളെ രാവിലെത്തന്നെ പോകണം.''
''ശരി. നേരം വെളുക്കട്ടെ.''
പിന്നെ ഒന്നും പറഞ്ഞില്ല. കുറേ സ്നേഹം നടിച്ച് രവിയേട്ടന് വന്നു. തിരിച്ച് വെറുപ്പ് പ്രകടിപ്പിച്ച് തിരിഞ്ഞു കിടന്നു. മനസ്സില്‍ സുമേഷ് വളര്ന്നുവളരാന് തുടങ്ങിയിരുന്നു.
നേരം വെളുത്ത് എന്നത്തേതുംപോലെ അച്ഛന് കൈക്കോട്ടും തോര്‍ത്തുമുണ്ടും ചുറ്റി പടി കടന്ന് പുറത്തേക്ക്പോയി. അതിനുപുറകേ വീട്ടിലേക്ക് യാത്രയായി ഇറങ്ങി. അതുകണ്ട് അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു.
രവ്യേ... അവളെ വീടുവരെ കൊണ്ടു ചെന്നാക്കടാ...''
''അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അവള് എല്ലാം തികഞ്ഞവളല്ലേ... അവള്‍ക്കറിയാം എല്ലാം. അവള് പോവ്വേ, വര്യേ എന്താന്ന്ച്ചാ ചെയ്യട്ടെ...'' അതിനദ്ദേഹം മറുപടി പറഞ്ഞു.
''എന്താ മോളെ തനിച്ച് പോന്നത്. രവി എവിടെ?''
വീടിന്റെ പൂമുഖത്ത് തന്നെ അച്ഛന് ഇരിക്കുന്നുണ്ടായിരുന്നു. തന്റെ വരവുകണ്ടതും അദ്ദേഹം അന്വേഷിച്ചു. അതിന് മറുപടു പറയാനല്ല തോന്നിയത്. പൊട്ടിത്തെറിക്കുകയായിരുന്നു.
അച്ഛനതുകേട്ട് സ്തംബ്ധനായി നിന്നു. അവരോട് വീണ്ടുംവീണ്ടും തട്ടിക്കയറി.
''നിങ്ങള്‍ക്ക് ഞാനൊരു ശല്യമായിരുന്നെങ്കില്‍ പറഞ്ഞാല്‍ പോരായിരുന്നോ... ഇങ്ങനെ നടതള്ളണമായിരുന്നോ?''
''എന്താ അതിനുണ്ടായേ...''
''എനിക്കീ ബന്ധം വേണ്ട.''
''കല്യാണോം കഴിഞ്ഞ് ഇത്ര നാളായിട്ട് ഇനി വേണ്ടാന്നോ...''
അച്ഛന് സഹിക്കാനായില്ല. അദ്ദേഹം വഴക്കു പറയാന്‍ തുടങ്ങി.
''ഞാന്‍ ഇനി അങ്ങോട്ടു പോവില്ല.''
''അങ്ങനെ പറഞ്ഞാലെങ്ങന്യാ...''
''ഞാന്‍ സുമേഷിനെ വിളിച്ചിരുന്നു. അവനിപ്പഴും തയ്യാറാണ്. ഞാന്‍ അവന്റെ അടുത്തേക്ക് പോക്വാണ്.''
''അവനങ്ങനെ പറഞ്ഞോ?''
''എപ്പോള്‍ വേണമെങ്കിലും ചെല്ലാമെന്ന് വാക്കു തന്നിട്ടുണ്ട്.''
ഇത്തവണ അമ്മയാണ് സുമേഷിനെ വിളിച്ചത്. സുമേഷിനോട് കാര്യങ്ങള്‍ പറഞ്ഞു. അവന് തിരക്കി.
''രമ്യക്ക് എന്തുപറ്റി ആന്റി.''
''അവള്‍ക്ക് അവിടെ നില്ക്കാനാകുന്നില്ലത്രേ... അവളിങ്ങട് പോന്നു. നിന്റെ കൂടെ വരണംന്നാ അവള് പറയുന്നേ...''
''അതിനെന്താ എനിക്ക് നൂറുവട്ടം സമ്മതം. ആന്റീ, ഞാന്‍ അമ്മയോട് കൂടി ഒന്നു ചോദിക്കട്ടെ.''
പിന്നീട് വിളിക്കുമ്പോഴെല്ലാം ഫോണ്‍ ഔട്ട് ഓഫ് റെയ്ഞ്ച് ആയിരുന്നു. ഏതായാലും രവിയേട്ടന്റെ കൂടെ ജീവിക്കാന്‍ എനിക്കാവില്ല. ഇപ്പോഴും എന്നോട് പ്രണയം സൂക്ഷിക്കുന്ന സുമേഷേട്ടന് ഉണ്ടായത് നന്നായി. എന്നെ സ്വീകരിക്കുവാന്‍ സുമേഷേട്ടന് ഇപ്പഴും തയ്യാറാണെന്നും രവ്യേട്ടനോട് വെല്ലുവിളിച്ചുകൊണ്ടാണ് വീട്ടില്‍ നിന്ന് പോന്നത്. ഇനിയും കാത്തിരിക്കാനാവില്ല. സുമേഷേട്ടന്റെ വീട്ടിലേക്കു പോകുക തന്നെ. എത്രയോ തവണ അവിടെ പോയിട്ടുള്ളതാണ്. അമ്മയും അച്ഛനും എത്ര നല്ല മനുഷ്യരാണ്. രവ്യേട്ടന്റെ അച്ഛനെപ്പോലെ ഒരു കീറത്തുണിയുമുടുത്ത് കൈക്കോട്ടും തോളിലേന്തി നാട്ടുകാരുടെ പറമ്പുകളെല്ലാം കിളക്കാന്‍ പോകുന്ന വെറും കൂലിയല്ല സുമേഷേട്ടന്റെ അച്ഛന്. പട്ടാളച്ചിട്ടയില്‍ നിത്യവും വ്യായാമവും ചെയ്ത് ആരോഗ്യവും നോക്കി വീട്ടില്‍തന്നെ കാണും എപ്പോഴും. അമ്മയും അതുപോലെ വീട്ടുജോലികളും നോക്കി, വൃത്തിയായി വസ്ത്രം ധരിച്ച് നിറഞ്ഞ ചിരിയുമായി വീട്ടിലെപ്പോഴും കാണും. സുമേഷേട്ടന് ഉറപ്പു തന്നതിനാല്‍ ഇനിയും കാത്തിരിക്കാന്‍ മനസ്സുവന്നില്ല. നേരില്‍പോയി കാണുകതന്നെ. തനിച്ച് പോരുമ്പോള്‍ അമ്മ ചോദിച്ചു.
''ഞാന്‍ നിനക്ക് കൂട്ട് വരണോ...''
ഞാന്‍ തനിച്ച് എത്രയോ ഇടങ്ങളില്‍ യാത്ര ചെയ്തിരിക്കുന്നു. എനിക്കെന്തിനാണ് കൂട്ട്. അതിനാല്‍ ഉടനെ മറുപടിയും നല്കി.
''അതിന്റെ ആവശ്യം എന്താണ്? ഞാന്‍ തനിച്ച് എത്രയോ സ്ഥലങ്ങള്‍ പോയിരിക്കുന്നു. അതിന്റെ ആവശ്യമുണ്ടോ...''
ഇറങ്ങി പുറപ്പെടുമ്പോള്‍ മനസ്സില്‍ നല്ല തെളിച്ചമുണ്ടായി. ആ തെളിച്ചം ഇപ്പോഴും അവിടെ മായാതെ നിലനില്‍ക്കുന്നുണ്ട്. ജീവിതത്തില്‍ പെട്ടുപോയ ഒരു കെണിയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തുകടന്നതിന്റെ സുഖം.
സുമേഷേട്ടന്റെ വീട്ടിലെത്തി ഓട്ടോക്കാരന് വാടക നല്കി. വീട്ടിലേക്കു നോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല. വരാന്തയില്‍ കയറി കോളിംഗ് ബെല്‍ അമര്‍ത്തി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അമ്മ വന്ന് വാതില്‍ തുറന്നു. അവര്‍ മുഖത്ത് ചിരി വരുത്താന്‍ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
''എന്താ പോന്നേ... അതും തനിച്ച്.''
''സുമേഷേട്ടനില്ലേ...''
''അവന് ജോലിക്കുപോയിരിക്കുകയാണ്.''
''സുമേഷേട്ടന് ഒന്നും പറഞ്ഞില്ലേ?''
''ഇല്ല. എന്താ കാര്യം.''
''ഞാനിങ്ങ് പോന്നു. ഞാനിനി സുമേഷേട്ടന്റെ കൂടെ കഴിയാന്‍ തീരുമാനിച്ചു.''
''അത് നീ തനിച്ചങ്ങട് തീരുമാനിച്ചാല്‍ മതിയോ?''
''എല്ലാം പറഞ്ഞതാണല്ലോ...''
''നാളെ അവനെവിട്ട് മറ്റൊരാളൂടെ പുറകെ നീ പോയാല്‍...''
''എന്താ അമ്മ ഇങ്ങനെ പറയുന്നേ...''
''പിന്നെ എങ്ങനെ പറയാനാണ്. അവന് ഇപ്പോള്‍ നല്ല ജോലിയുണ്ട്. മറ്റൊരുവന്റെ ഭാര്യയെ തട്ടികൊണ്ടുവന്ന് വിവാഹം കഴിക്കേണ്ട കഷ്ടപ്പാടൊന്നും അവനില്ല. പെണ്‍കൊച്ച് പോ... അടുത്ത ആഴ്ച അവനൊരു പെണ്ണിനെ കാണാന്‍ തയ്യാറായിയിക്കുകയാണ്. ഇഷ്ടപ്പെട്ടാല്‍ അടുത്തുതന്നെ കെട്ടിക്കണം.''
''അമ്മ... ''
''എന്ത് അമ്മ. നീ പോ... അവന്റെ നല്ല ഭാവിയെ തകര്‍ക്കാന്‍ നില്‍ക്കാതെ പോ... കല്യാണമാവുമ്പോള്‍ വിളിക്കാം. അപ്പോള്‍ വന്നാല്‍ മതി. പെങ്ങളുടെ സ്ഥാനത്ത് നിന്ന് കല്യാണം കൂടി പോകാം.''
പ്രതീക്ഷിച്ചതല്ല ഇതൊന്നും. അമ്മയെ ഇത്രയും പരുഷമായി ഒരിക്കലും കണ്ടിട്ടില്ല. സുമേഷേട്ടനെയോ അച്ഛനെയോ കാണാനായില്ല. അമ്മയുടെ വാക്കുകളും പെരുമാറ്റങ്ങളും കണ്ണില്‍ ഇരുട്ട് അലയടിച്ചു കയറ്റി. തിരിച്ചിറങ്ങുമ്പോള്‍ ലോകം തലകീഴായി മറിയുന്നപോലെ തോന്നി. വഴിയേതെന്ന്പോലും ശ്രദ്ധിക്കാതെ വെറുതേ ഇറങ്ങി നടന്നു. എവിടെയെങ്കിലും എത്തിപ്പെടാതിരിക്കില്ല.