ഒരു ഉൾനാടൻ ഗ്രാമപ്രദേശത്തെ ടാർ റോഡു സൈഡിൽ പഴകി ദ്രവിച്ച ഒരു മാടക്കട. അതിന് എതിർവശത്തായി വിദേശമലയാളിയുടെ ഒരു രണ്ടുനില വീട്. അവിടെ താമസക്കാർ ആരും ഇല്ല. എല്ലാവരും വിദേശത്താണ്. നാലുവശവും മതിലും കെട്ടി ഗേറ്റും വെച്ച് പൂട്ടിയിട്ടിരിക്കുകയാണ്.
അവിടെ ആർക്കും പ്രവേശനമില്ല. വല്ലപ്പോഴും നോട്ടക്കാരൻ വന്ന് വീടും പരിസരവും വൃത്തിയാക്കി ഇട്ടതിനു ശേഷം തിരിച്ചു പോകും. എതിർവശത്തെ മാടക്കടയാണെങ്കിൽ വൈകിട്ട് ഏഴുമണിയാകുമ്പോൾ അടയ്ക്കും. പിന്നെ ആ പ്രദേശം മുഴുവനും ഇരുട്ട് വീണ് വിജനമാണ്.
ഒരു ദിവസം രാത്രിയിൽ തടിക്കച്ചവടക്കാരനായ രവി അല്പം മദ്യപാനമൊക്കെ കഴിഞ്ഞ് വലിയ വീടിൻ്റെ പടിക്കൽ എത്തിയപ്പോൾ "ഒരു ചുമന്ന വെട്ടം" വീടിൻ്റെ ഭിത്തിയിൽ തെളിഞ്ഞു നിൽക്കുന്നതു കണ്ടു. ഇഷ്ടൻ വെട്ടത്തെ നോക്കി അസഭ്യം പറയാൻ തുടങ്ങി. അസഭ്യം പറയുന്നതിനനുസരിച്ച് വെട്ടം താഴേയ്ക്ക് ഇറങ്ങി വരുവാൻ തുടങ്ങി. ഭയന്നു വിറച്ച രവി അലറിക്കൊണ്ട് ഓടി. ഓട്ടത്തിനിടയിൽ അരയിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി താഴെ വീണ് പൊട്ടി. മദ്യം പോയതിൻ്റെ സങ്കടവും പേടിയും എല്ലാം കൂടിയായപ്പോൾ അയാൾ ഒരിടത്ത് തളർന്നിരുന്നു.
പിറ്റേ ദിവസം ഇരുട്ടു വീണപ്പോൾ നാട്ടിലെ ധൈര്യശാലിയായ തൻ്റെ കൂട്ടുകാരൻ സോമൻപിള്ളയെ കൂട്ടി രവി വന്നു. മാടക്കട അടച്ച് കടക്കാരൻ പോയപ്പോൾ അതാ! വീടിൻ്റെ ഭിത്തിയിൽ ചുമന്ന വെട്ടം തെളിയുന്നു. പേടിച്ചു വിറച്ച രണ്ടുപേരും ഉച്ചത്തിൽ ചീത്ത പറയാൻ തുടങ്ങി. വെട്ടം ഇറങ്ങി വന്ന് അവരുടെ അടുത്തു വരെയായി. ധൈര്യശാലിയായ സോമൻ പിള്ളയും രവിയും ഓടി രക്ഷപെട്ടു.
ചുമന്ന വെട്ടത്തിൻ്റെ കഥ നാട്ടിൽ പാട്ടായി. പലവിധ നിറം പിടിപ്പിച്ച കഥകളും വരാൻ തുടങ്ങി. 'പണ്ട് ആരോ, ആ വീടിരിക്കുന്ന സ്ഥലത്ത് തൂങ്ങി മരിച്ചിരുന്നു. ആ വ്യക്തിയുടെ ആത്മാവ് മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതാണ് വെട്ടത്തിൻ്റെ രൂപത്തിൽ." എന്ന് ജനങ്ങൾ വിധിയെഴുതി.
ഓരോ ദിവസവും വെട്ടം കാണാൻ ആളുകൾ കൂട്ടത്തോടെ എത്തിക്കൊണ്ടിരുന്നു. വെട്ടം ഭിത്തിയിൽ നിന്നും ഇറങ്ങി റോഡിലേക്ക് നീങ്ങുന്നതനുസരിച്ച് ആൾക്കാരുടെ ഭയവും കൂടിക്കൊണ്ടിരുന്നു. ചില സമയങ്ങളിൽ ആൾക്കാരുടെ ഇടയിലേക്ക് വെട്ടം വന്നു കൊണ്ടിരുന്നു. വെട്ടം കാണാൻ വന്ന രണ്ട് കാരണവന്മാർ ഒരു തീരുമാനമെടുത്തു.
"ഒരു ജ്യോത്സ്യനെ കണ്ട് പ്രശ്നം വെപ്പിക്കാം".
അവരുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അവസാനം പ്രഗൽഭനായ ഒരു ജോതിഷി വന്ന് പ്രശ്നം വെച്ചു. അയാൾ വിധിയെഴുതി-
"വർഷങ്ങൾക്ക് മുൻപ് വിഷം കഴിച്ച് മരിച്ച ഗർഭിണിയായ ഒരു സ്ത്രീയുടെ ആത്മാവ് മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതാണ്. അവൾ അപകടകാരിയാണ്.
അവൾ പല രൂപത്തിലും വരാം.ഇവിടെ വെട്ടത്തിൻ്റെ രൂപത്തിൽ വന്നു എന്നു മാത്രം. അവളെ ഇവിടെ നിന്നും അകറ്റിയില്ലെങ്കിൽ പല അനർത്ഥങ്ങളും സംഭവിക്കും. പലരുടെയും 'മരണം വരെ നടക്കാം. അതു കൊണ്ട് ഇതിനെ എത്രയും പെട്ടെന്ന് കാഞ്ഞിരപ്പലകയിൽ തറയ്ക്കാം ."
പിറ്റേ ദിവസം സന്ധ്യ കഴിഞ്ഞപ്പോൾ ജ്യോത്സ്യൻ മാടക്കടയുടെ ബഞ്ചിൽ വന്നിരുന്നു.കട അടച്ച് കടക്കാരൻ പോയിക്കഴിഞ്ഞപ്പോൾ അതാ! ചുവന്ന വെട്ടം വീടിൻ്റെ ഭിത്തിയിൽ തെളിഞ്ഞു നിൽക്കുന്നു. ജോതിഷി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി. മന്ത്രങ്ങൾ ചൊല്ലുന്നതിനനുസരിച്ച് വെട്ടം താഴേയ്ക്ക് ഇറങ്ങി വന്നു കൊണ്ടിരുന്നു. മന്ത്രം ചൊല്ലൽ അവസാനഭാഗത്തേക്ക് എത്താറായപ്പോൾ വെട്ടം നേരെ വന്ന് അയാളുടെ മുഖത്തു വന്നു നിന്നു. പേടിച്ചു വിറച്ച ജോതിഷി ധൈര്യം വീണ്ടെടുത്ത് ആൾക്കാരെ അടുത്ത് വിളിച്ച് പറഞ്ഞു.
"ഇത് ഉപായക്കളിയിലൊന്നും മാറില്ല. കടുത്ത പ്രയോഗം തന്നെ വേണ്ടി വരും. കുറച്ച് പണച്ചെലവുണ്ട്. നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഞാൻ മാറ്റിത്തരാം'. മാറ്റിയില്ലെങ്കിൽ ഇതു വഴി നടക്കുന്നവരെയെല്ലാം ബാധിക്കും."
ജനങ്ങൾ പരസ്പ്പരം നോക്കി.അല്ലെങ്കിൽ തന്നെ കുറച്ചു ദിവസങ്ങളായിട്ട് ആരും പണിക്കു പോകുന്നില്ല. കാരണം രാത്രി തിരിച്ചു വരേണ്ടത് ഇതുവഴിയാണല്ലോ ?
എന്നാൽ ചുവന്ന വെട്ടം വരാനുള്ള കാരണം ആരും അന്വേഷിച്ചില്ല.എല്ലാവരും ജ്യോത്സ്യൻ്റ പുറകെ പോയി.
സംഭവം ഇതായിരുന്നു.
എല്ലാ ദിവസവും രണ്ടു ചെറുപ്പക്കാർ വൈകിട്ട് മാടക്കടയുടെ ബെഞ്ചിൽ വന്നിരിക്കും. അവരുടെ കൈയിൽ ഒരു ലേസർ ലൈറ്റും ഉണ്ടാകും. ഗ്രാമപ്രദേശമായതിനാൽ ലേസർ ലൈറ്റ് കണ്ടിട്ടുള്ളവർ തീരെ കുറവാണ്. മിക്ക ദിവസങ്ങളിലും രാത്രിയിൽ നടന്നു പോകുന്നവരെ ലൈറ്റ് തെളിച്ച് പേടിപ്പിക്കുന്നത് ഇവരുടെ ഒരു വിനോദമാണ്. ഇവർ ചെയ്യുന്ന കുസൃതികൾ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനൊപ്പം അവരുടെ ദു:ഖത്തിൽ പങ്കുചേരുകയും ചെയ്യും.
ഇപ്പോഴും രാത്രി കാലങ്ങളിൽ ചുവന്ന വെട്ടം രണ്ടുനില വീടിൻ്റെ ഭിത്തിയിൽ തെളിഞ്ഞു നിൽക്കുന്നതു കാണാം. അന്നു പോയ ജ്യോത്സ്യൻ പിന്നീട് ഒരിക്കലും ആ ഗ്രാമത്തിൽ വന്നിട്ടില്ല.