(O.F. പൈലി)
മരണഭീതിയലയടിക്കുന്നു,മന്നിൽ
മന്ത്രധ്വനികൾ മുഴങ്ങിടുന്നു.
ഉപബോധമനസ്സിൻ ഉള്ളറകളിൽ
ഉരുകിയൊലിക്കുന്നു ഉഷ്ണക്കാറ്റുകൾ;
ഉദ്വേഗങ്ങൾക്കു നടുവിലുണരുന്നു
ഉദ്യമങ്ങൾതൻ തേർവാഴ്ചകൾ.
ഹൃദയതാളം നിലയ്ക്കുമീയിരുളിൽ
രുധിരദാഹത്തിൻ പടയോട്ടങ്ങൾ,
സ്വപ്നമുണരുന്ന യൗവ്വനങ്ങളിൽ,
തപ്തമാകുന്ന നീർക്കണങ്ങൾ;
താരാട്ടുപാടാൻ കഴിയാതെയമ്മമാർ
താളിയോലകൾ തിരഞ്ഞിടുന്നു.
താളമേളങ്ങൾ ക്ഷയിക്കുന്ന കാഴ്ചകൾ
താവഴിയാകെ പടർന്നിടുന്നു.
മൃത്യുവിൽ നിന്നും തലനാരിഴയ്ക്കു
രക്ഷനേടുന്ന മർത്ത്യഗണങ്ങൾ;
രാഗാർദ്രമാകുമീ സായന്തനങ്ങളിൽ
കരിനിഴൽ പൊഴിയുന്ന ശ്യാമമേഘം.