പ്രണയ മഴനൂലുകൾ
മാനസ്സവിഹായസ്സിൽ കുളിരുകോരുമ്പോഴു -
മിരവിൽ മാഞ്ഞു പോകും
എങ്കിലും
അസ്തമിക്കാത്ത പകൽ
രാത്രിയെ സ്വപ്നം കാണും
ഇരവിനെ ഭയക്കാത്തൊരുപകലിനെ പെറ്റ സൂര്യൻ
ഇടമുറിയാതെ കണ്ണു തെളിച്ച്
രാഹുവിനെയും കേതുവിനേയും മറച്ച്
സപ്തർഷികളെ നിരത്തിയണിയണിയിൽ
നക്ഷത്രങ്ങളുടെ തെക്കൻ കുരിശ്ശിനാൽ -
ദിശയുടെ പേടിയെ തടഞ്ഞ് വഴിയൊരുക്കിയനർഘൻ !
ഇരുട്ടിന്റെ വായ്ത്തലകൾ രാകി -
വെളിച്ചത്തിൻ മിന്നൽ
ചരിത്രത്തിന്നിരുട്ടറകളിൽ തീ പിടിക്കുംകാലം !
അഗ്‌നി, ശുദ്ധിയാണ്
വെളിച്ചമാണ്
ഇരവിനെ ഭയക്കാത്തൊരു പകലിനെ പെറ്റ സൂര്യാ -
വെളിച്ചത്തിന്റെ സംഗീതം എനിക്കു
കേൾക്കാം !
ഇരുട്ടറകളിൽ തിളങ്ങുന്ന കിരീടവും
ചിലമ്പുന്ന ചെങ്കോലും കാണാം !
ക്ലാവുപിടിച്ച മനസ്സുകൾക്കതലങ്കാരമാകാം !
നൊന്തടർന്ന ചിന്തകൾക്കതന്തകനാകാം !
അറിവാണഗ്നിയെന്നറിയുന്നു, സൂര്യാ -
നിന്റെ നിറവിലാകാശമിരുളാതിക്കെ
നിണനിറമാർന്നെങ്കിലുമൊടുക്കവും
തുടക്കവും -
വരുംകാലവർണ്ണാഭ സൂചകം
ദേശാടനങ്ങൾ കഴിഞ്ഞെത്തും - വെളിച്ചത്തിനു,മീപറവക്കുമേതുദേശം?
എത്ര നിറഭേദങ്ങൾ,വെളിച്ചവും പക്ഷിയു-
മൊറ്റനിറമല്ല,ദേശവുമവതന്നെയെന്നാലു - മുറ്റവരാണവർ !
സൂര്യാ,നീയൊറ്റയല്ലൊരുകൂട്ടമാകുക !!